‘ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്ത് ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ പശുവിനെ കൊടുക്കും. അവ പ്രസവിച്ച കിടാവിനെ ഗ്രാമീണന്‍ മറ്റൊരാള്‍ക്ക് നല്‍കണം. ഇങ്ങനെ എല്ലാവര്‍ക്കും പശുവിനെ കിട്ടുന്ന ശൃംഖലയാണ് അവരുടെ ലക്ഷ്യം. ഇവിടെയാകട്ടെ, പശു എന്നുകേട്ടാല്‍ രാജ്യത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടേ എന്ന് പറഞ്ഞ് ചിലര്‍ വിലപിക്കും!’ ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിര്‍വഹിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈപ്രസ്താവന നടത്തിയത്. ‘ഓം’ എന്നു കേട്ടാലും രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയാണെന്ന് ചിലര്‍ വിലപിക്കുമെന്നും മോദി പറഞ്ഞു. ‘രാധേ, രാധേ.. ‘എന്നു തുടങ്ങുന്ന ഹൈന്ദവ ഭക്തിഗാനശകലം ആലപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി വ്യാഴാഴ്ച തന്റെ പ്രസ്തുത പ്രസംഗം ആരംഭിച്ചതുതന്നെ.
നരേന്ദ്രമോദിയെ പോലൊരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. പശുവിന്റെ പേരില്‍ നിരവധിയാളുകള്‍ തെരുവുകളില്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുന്ന രാജ്യത്താണ് പ്രധാനമന്ത്രി ഈയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.ഇന്ത്യയുടെ പാരമ്പര്യം മതേതരമല്ലെന്നും ഹിന്ദുത്വമാണെന്നും വാദിക്കുകയും അത് തിരിച്ചുപിടിക്കാന്‍ പെടാപാട് പെടുകയും ചെയ്യുന്നൊരു പ്രസ്ഥാനത്തിന്റെ വക്താവാണ് നരേന്ദ്രദാമോദര്‍ദാസ് മോദി. ജീവിതത്തിന്റെ നല്ലൊരുപങ്കും അതിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുവന്നതിനെ അതുകൊണ്ട് അസ്വാഭാവികമായി കാണേണ്ടതില്ല. പശുവിന്റെപേരില്‍ മുസ്‌ലിംകളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലചെയ്തപ്പോള്‍ അവരോട് ‘തന്നെ വെടിവെക്കുന്നതാണ് അതിലും ഭേദം’ എന്നു പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് എന്തുകൊണ്ട് ഇപ്പോള്‍ ആ കൊലപാതകികള്‍ക്കെതിരെ സമാനമായ പ്രസ്താവന നടത്താന്‍ കഴിയാതെപോയെന്നതാണ് ചോദ്യം.
പശുവിനെ ആരാധ്യമൃഗമായാണ് ഹിന്ദുക്കള്‍ പൊതുവില്‍ കാണുന്നതും പരിപാലിക്കുന്നതും. അതുകൊണ്ട് പശു സ്വാഭാവികമായും ആര്‍.എസ്.എസ്സിന്റെകൂടി വീരമൃഗമായതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ദക്ഷിണേന്ത്യക്കാരെയും വിശിഷ്യാ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളവും അത്തരമൊരു പരിവേഷം പശുവില്‍ ചാര്‍ത്തപ്പെടുന്നില്ല. മുമ്പുതന്നെ ഗാന്ധിജിയടക്കം പശുവിനെ കൊല്ലുന്നതിനെതിരെ പ്രതികരിച്ചത് അതുമൂലമാണ്. പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനനിയമം നിലവില്‍വന്നത് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ഈ നിലപാട് മൂലമായിരുന്നു. എന്നാല്‍ വാജ്‌പേയി കാലത്തൊന്നുമില്ലാത്ത രീതിയിലാണ് മോദിയുടെ കാലത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ദു:സ്ഥിതി ഉണ്ടായത്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനകം രാജ്യത്ത് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതോളംവരും. നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം മാത്രം പത്തോളം പേര്‍ പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. 2015ല്‍ യു.പിയിലെ ദാദ്രിയില്‍ ആര്‍.എസ്.എസ്സുകാര്‍ മധ്യവയസ്‌കനെ കൊന്നത് പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചായിരുന്നു.
രാജസ്ഥാനില്‍ പഹ്‌ലൂഖാനെയടക്കം നിരവധിപേര്‍ പശുക്കച്ചവടം നടത്തുന്നുവെന്നാരോപിച്ച് നടുറോട്ടിലിട്ട് തല്ലിക്കൊന്നു. ഈ സമയങ്ങളിലൊന്നും പ്രധാനമന്ത്രിയോ ആര്‍.എസ്.എസ്സിന്റെ ഏതെങ്കിലും വക്താക്കളോ ഇതിനെതിരെ പ്രതികരിച്ചില്ല. ലോകമനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വരെ രൂക്ഷമായി രംഗത്തുവന്നു. അടുത്ത കാലത്താണ് ഹിന്ദുത്വ തീവ്രവാദികള്‍ കൂട്ടംചേര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ടുകൂടി മുസ്‌ലിംകളെ അടിച്ചുകൊല്ലാന്‍ തുടങ്ങിയത്. സത്യത്തില്‍ ഈ മത പ്രതീകങ്ങളെയൊക്കെ നിന്ദിക്കുന്നത് ആരാണ്? പശുവെന്നും ‘ഓം’ എന്നും ‘ജയ്ശ്രീറാ’മെന്നുമൊക്കെ കേട്ട് വടിവാളുകളുമായി ഇറങ്ങുന്നത് മത ന്യൂനപക്ഷങ്ങളും മതേതരവാദികളുമാണോ. കഴിഞ്ഞവര്‍ഷം യു.പിയിലെ ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഢം കണ്ടുവെന്ന് പറഞ്ഞാണ് പാവപ്പെട്ട ജനതയെ ഇളക്കിവിട്ട് മുസ്്‌ലിംകളെയും പൊലീസിനെയും ക്രൂരമായി ആക്രമിച്ചതും ദാദ്രി കേസില്‍ പ്രതികളെ അറസ്റ്റുചെയ്ത പൊലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചുകൊന്നതും. ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും അയിത്തത്തിന്റെയും നൂറ്റാണ്ടിലേക്ക് രാജ്യത്തെ വലിച്ചുകൊണ്ടുപോകുന്നത് സ്വന്തം ആളുകള്‍ തന്നെയല്ലേ എന്ന് മോദിയും കൂട്ടരും സ്വയം ചോദിക്കണം.
ഏതൊരു ദേശത്തിനും അതിന്റേതായ പ്രാദേശികവും മതപരവുമായ സാംസ്‌കാരികത ഉണ്ടാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അധികാരത്തിനും തന്നിഷ്ടത്തിനുംവേണ്ടി അതിനെ വക്രീകരിക്കുന്നതാണ് ആ സംസ്‌കാരം നേരിടുന്ന കടുത്ത വെല്ലുവിളി. ഏതൊരു മതത്തെസംബന്ധിച്ചും ഇത് ബാധകമാണ്. ജൂത മതത്തിന്റെ കാര്യത്തില്‍ ഇസ്രാഈലിലെ തീവ്ര വലതുപക്ഷവും ഹിന്ദുമതത്തിന്റെ കാര്യത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നൂറ്റാണ്ടിനുമുമ്പേ ഇവരത് തുടങ്ങിവെച്ചതാണെങ്കിലും അധികാരോരഹണത്തിന്റെ ഈയടത്ത കാലത്താണ് അത് പ്രാവര്‍ത്തികമാക്കാന്‍ തീവ്ര ശ്രമമുണ്ടാവുന്നത്. മോദിയുടെ പ്രസ്താവനയിലും ആ പുളിച്ചുതികട്ടലാണുള്ളത്.
ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്ത് മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഗോരഖ്പൂര്‍ ക്ഷേത്ര പുരോഹിതനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് പുണ്യ കേന്ദ്രമായ വരാണസിയില്‍ പരിവാരസമേതം ഹൈന്ദവാനുഷ്ഠാന ചടങ്ങുകള്‍ നടത്തിയത് ഒരു മതേതര ജനാധിപത്യ രാജ്യത്തെ രാഷ്ട്രനേതാക്കള്‍ക്ക് യോജിച്ചതായിരുന്നോ. ഭൂരിപക്ഷ വോട്ടു ബാങ്കിനെ തൃപ്തിപ്പെടാനുള്ള അടവുകളല്ലേ ഇതെന്ന് ധരിച്ചവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ഗുജറാത്ത് മുഖ്യമന്ത്രിപദവി മുതല്‍ ഇതുവരെയും മുസ്‌ലിംകളുടെ മത ചിഹ്നങ്ങളിലൊന്നായ തൊപ്പി ധരിക്കാന്‍ അബദ്ധത്തില്‍പോലും മോദി കൂട്ടാക്കാത്തതും ഈ മാനസികാവസ്ഥ കാരണമാണ്. അപ്പോള്‍ മോദിയുടെ ‘പശു, ഓം’ -പ്രേമങ്ങള്‍ വോട്ടു തട്ടാനുള്ള കപട നാടകമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിയുള്ളവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ഇതിലൂടെ രാജ്യത്ത് പരോക്ഷമായെങ്കിലും വര്‍ഗീയതക്കും കലാപത്തിനും കൊലപാതകങ്ങള്‍ക്കുമുള്ള ലൈസന്‍സാണ് ഹിന്ദുത്വ വാദികള്‍ക്ക് ലഭിക്കുന്നതെന്നത് പ്രധാനമന്ത്രിയുംകൂട്ടരും തിരിച്ചറിഞ്ഞേ തീരൂ.