ചന്ദ്രനിലേക്ക് ചന്ദ്രയാന്‍-2 പേടകം അയക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷകസംഘടന (ഐ.എസ്.ആര്‍.ഒ) നിര്‍വഹിച്ച സാഹസിക ദൗത്യത്തിന് ലോകമെങ്ങുമുള്ള ശാസ്ത്ര സമൂഹവും സാധാരണ മനുഷ്യരും ഒരുപോലെ പിന്തുണയും അഭിനന്ദനവും ചൊരിയുകയാണിപ്പോള്‍. ചന്ദ്രനിലേക്ക് സ്വന്തമായി നിരീക്ഷണ സംവിധാനത്തെ അയച്ച് വിജയത്തിനടുത്തെത്തിയ ലോകത്തെ നാലാമത്തെ രാജ്യമാണ് നാം. കഴിഞ്ഞ ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന്് വിക്ഷേപിക്കപ്പെട്ട ബാഹുബലി എന്ന റോക്കറ്റ് ചാന്ദ്രഗവേഷണത്തിനുള്ള ചരിത്ര മുഹൂര്‍ത്തമാണ് ലോകത്തിന് സമ്മാനിച്ചത്. നിര്‍ഭാഗ്യവശാല്‍ പേടകത്തിലെ പരീക്ഷണോപകരണം വഹിച്ച ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ പ്രതീക്ഷിച്ചമാതിരി ചെന്നിറങ്ങാന്‍ കഴിഞ്ഞില്ല.
ശനിയാഴ്ചത്തെ അനിശ്ചിതാവസ്ഥ മാറ്റിക്കൊണ്ട് പിറ്റേന്ന് പുറത്തുവന്ന വിവരങ്ങള്‍ ചന്ദ്രയാന്‍ പദ്ധതിയില്‍ നമ്മുടെ പ്രതീക്ഷയേറ്റുന്നതായിരിക്കുന്നു. ചന്ദ്രനെചുറ്റുന്ന ഓര്‍ബിറ്ററിലെ ക്യാമറയില്‍നിന്ന് തെര്‍മല്‍ ചിത്രങ്ങള്‍ അയച്ചതും അതനുസരിച്ച് ലാന്‍ഡറിന്റെ ഭാഗങ്ങള്‍ കാണാന്‍ കഴിഞ്ഞതും ആശ്വാസകരമാണ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും തന്മൂലം അത് തകര്‍ന്നിരിക്കാമെന്നുമുള്ള നിഗമനങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. ചിത്രത്തിലെ വിശകലമനസരിച്ച് ലാന്‍ഡറിന് തകരാറൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഇടിച്ചിറങ്ങിയപ്പോള്‍ അതിലെ വാര്‍ത്താവിനിമയസംവിധാനം തകരാറായതായിരിക്കാമെന്നാണ് നിഗമനം.
വരുന്ന 12 ദിവസത്തേക്കുകൂടി ലാന്‍ഡറും അതിനകത്തെ വിക്രം എന്ന റോവറും പ്രവര്‍ത്തിക്കും. അതനുസരിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ അത് ലോകത്തിനുതന്നെ വലിയ മുതല്‍കൂട്ടാകും. കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറിന് മൃദുപതനം നടത്തേണ്ടിയിരുന്നതെങ്കിലും അതൊഴികെ ബാക്കിയെല്ലാം പദ്ധതിയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതിന് പ്രയത്‌നിച്ച ബഹിരാകാശസ്ഥാപനത്തിലെ ചെയര്‍മാന്‍ കെ. ശിവന്‍ ഉള്‍പെടെയുള്ളവരോട് രാജ്യം അഹമഹമികയാ കടപ്പെട്ടിരിക്കുന്നു. അതിന് അപരിമേയമായ അഭിനന്ദനമാണ് അമേരിക്കയുടെ ‘നാസ’യില്‍ നിന്നടക്കം അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന വിവരങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.
980കോടി രൂപ (14 കോടി ഡോളര്‍) ചെലവഴിച്ചാണ് ഐ.എസ്.ആര്‍.ഒ ചാന്ദ്രവിക്ഷേപണപദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. ഒരുമാസവും 14 ദിവസവും പിന്നിട്ട് സെപ്തംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ പരീക്ഷണോപകരണം ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അത് സാധ്യമാകാതെ പോകുകയായിരുന്നുവെന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചത്. ജൂലൈ 14നാണ് ആദ്യം വിക്ഷേപണം നിശ്ചയിച്ച് രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് അടക്കമുള്ളവര്‍ ഇതിനായി വിക്ഷേപണ കേന്ദ്രത്തിലെത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായ തകരാര്‍ കാരണം വിക്ഷേപണം ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ജൂലൈ 22ന് അയച്ച വിക്ഷേപണത്തിന്റെ നാലു ഘട്ടവും പ്രതീക്ഷിച്ച രീതിയില്‍ വിജയകരമായി നടന്ന ശേഷമാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. വിജയത്തിന്് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നേരിട്ടെത്തിയിരുന്നുവെന്നതുതന്നെ രാജ്യം എത്ര വലിയ പ്രധാന്യമാണ് ചന്ദ്രയാന്‍ പദ്ധതിക്ക് നല്‍കിയതെന്നതിന് തെളിവായി. മൃദുപതനം സംഭവിക്കാതിരുന്നതോടെ അങ്കലാപ്പിലും കടുത്ത നിരാശയിലുമായ ബഹിരാകാശ ശാസ്ത്ര സമൂഹത്തെയും പദ്ധതിയുടെ കാര്യകര്‍ത്താക്കളെയും അഭിനന്ദിക്കാനും വാക്കുകള്‍കൊണ്ട് ആത്മവിശ്വാസം തിരികെപകരാനും രാഷ്ട്ര തന്ത്രജ്ഞന്റെ ഗരിമയോടെയാണ് മോദി ഇടപെട്ടത്. പദ്ധതി പരാജയമാണെന്ന ആദ്യ വിലയിരുത്തല്‍ മാറ്റി തിരിച്ചുവന്ന് കേന്ദ്രത്തിലെ ശാസ്ത്ര സമൂഹത്തിന് ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹംതയ്യാറായി.
മാത്രമല്ല, പൊട്ടിക്കരയുന്ന ചെയര്‍മാന്‍ കെ. ശിവനെ മാറോടണച്ച് സാന്ത്വനം നല്‍കാനും മോദി തയ്യാറായി. ഒരു രാഷ്ട്രനേതാവില്‍നിന്ന് പ്രതീക്ഷിച്ചതുതന്നെയാണിത്. അതേസമയം രാജ്യത്തെ റോക്കറ്റ്മാനെന്ന് ഇതിനകം വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെ മനോവികാരത്തെ മറ്റുപലരും അദ്ദേഹത്തിന്റെ ശാസ്ത്രപൂര്‍വികരോട് ഉപമിക്കുന്നതും കണ്ടു. ഒരു ശാസ്ത്രജ്ഞന്‍ എന്തിനാണ് മുമ്പെങ്ങുമില്ലാത്തവിധം പ്രധാനമന്ത്രിയോട് ഇത്രയും വൈകാരികത പ്രകടിപ്പിച്ചതെന്ന ചോദ്യമാണത്.
എന്തൊക്കെ പറഞ്ഞാലും ഇന്ത്യയെപോലൊരു രാജ്യം നേടിയ ചാന്ദ്രദൗത്യത്തിലെ 95 ശതമാനംവിജയം (ഐ.എസ്.ആര്‍.ഒ ഭാഷയില്‍) എന്തുകൊണ്ടും നമുക്ക് അഭിമാനിക്കാവുന്നതുതന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്ക, റഷ്യ, ചൈന എന്നീ വന്‍ ശക്തിരാഷ്ട്രങ്ങള്‍ മാത്രമാണ് മുമ്പ് ദക്ഷിണ ധ്രുവത്തില്‍ ചാന്ദ്രപര്യവേക്ഷണം വിജയകരമായി നടത്തിയിട്ടുള്ളതെന്നത് നോക്കുമ്പോള്‍ ഇപ്പോഴത്തെ വിജയം 130 കോടി ജനതക്കും ഇവിടുത്തെ ശാസ്ത്ര സമൂഹത്തിനും തരുന്ന മാനസികോര്‍ജം ചെറുതല്ല. ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ ഇറങ്ങുക, അതും തീരെ ചെലവുകുറഞ്ഞ്, സോഫ്റ്റ്‌ലാന്‍ഡിംഗിലൂടെ എന്നത് വലിയ വെല്ലുവിളിതന്നെയാണ്.
ഭാവിയില്‍ നീല്‍ആംസ്‌ട്രോങിനെപോലൊരു മനുഷ്യനെ അയക്കുകയാണ് ഇന്ത്യയുടെ സ്വപ്‌നം. ചന്ദ്രയാന്‍ രണ്ടിന്റെ ഏതാണ്ടെല്ലാഘടകങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതാണ് ചെലവുകുറയാന്‍ കാരണം. അതിനുതക്ക സാങ്കേതിക നൈപുണ്യം കൈവരിക്കാന്‍ ഇന്ത്യക്കായിരിക്കുന്നുവെന്നതും ചില്ലറയല്ല. പ്രത്യേകിച്ചും ബ്രിട്ടന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ് പോലെ ഇന്ത്യയേക്കാള്‍ കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങള്‍ ബഹിരാകാശ ഗവേഷണത്തില്‍ നമ്മുടെ അടുത്തെത്താത്ത പരിതസ്ഥിതിയില്‍. അറുപതു ശതമാനം ജനത ഗ്രാമീണരായ ഒരു രാജ്യത്തിന് ഇത്തരം ചെലവുകള്‍ അനിവാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാകാം.
സര്‍വരംഗത്തും ഒരുപോലെ വികസിക്കുന്നതിലൂടെ മാത്രമേ ഏതൊരു സമൂഹവും മുന്നോട്ടുപോയെന്ന പറയാനാകൂ എന്ന വാക്യമാണ് ഇപ്പോള്‍ നാമോര്‍ക്കേണ്ടത്. അതിലേക്കാകട്ടെ നമ്മുടെ പരിശ്രമങ്ങള്‍. ഏതെങ്കിലും തരത്തില്‍ ശാസ്ത്ര സമൂഹത്തെ കുറ്റപ്പെടുത്തുന്നതിനോ അതിദേശീയതയുടെ പേരില്‍ അവരെ അമിതമായി പ്രകീര്‍ത്തിക്കുന്നതിനോ ഈ ഘട്ടം വിനിയോഗിക്കപ്പെടരുത്. രാഷ്ട്രപൂര്‍വസൂരികള്‍ ഭരണഘടന ഉദ്‌ബോധിപ്പിക്കുന്ന ശാസ്ത്രബോധത്തോടെ ചിന്തിക്കുകയും കഠിനമായി പ്രയത്‌നിക്കുകയും ചെയ്തതിന്റെ ഫലമാണീ നേട്ടങ്ങളെന്ന് എല്ലാവര്‍ക്കും സാഭിമാനം സ്്മരിക്കാം.