X

മഹാരാഷ്ട്ര മാതൃകയാകുമോ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തുടരുന്ന നാടകം ഏതുവിധത്തില്‍ പര്യവസാനിക്കുമെന്ന് പറയാറായിട്ടില്ല. തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തി ജനവിധി തേടിയ രണ്ട് കക്ഷികള്‍ അധികാരത്തെച്ചൊല്ലി കലഹിച്ച് നില്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് അപരിചതമല്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുതുമയുള്ളതാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനയില്‍ ഇനിയും അംഗത്വമെടുത്തില്ലാത്ത ഹിന്ദുത്വ അനുകൂല സംഘടനയായ ശിവസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പല നിലയില്‍ മുന്നേറിയ ശേഷമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് ഇരുപാര്‍ട്ടികളും എത്തിയത്. കഴിഞ്ഞ തവണ സ്വന്തം ശക്തി തെളിയിക്കാന്‍ ഒറ്റതിരിഞ്ഞ് പോരാടിയ ശേഷം തെരഞ്ഞെടുപ്പനന്തരമാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. കാവല്‍ മന്ത്രിസഭയുടെ ഭാഗമായി ഇപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട് ഇരുകൂട്ടരും.
മുംബൈയാണ് ശിവസേനയുടെ തട്ടകം. അതിന് പുറത്ത് മഹാരാഷ്ട്രയുടെ പൊതുവികാരമായി മാറാന്‍ ശിവസേനക്ക് കഴിയാത്തതാണ് ബി.ജെ.പിക്ക് തുണയാകുന്നത്. പ്രാദേശിക വാദത്തിലൂന്നി മുംബൈയില്‍ സ്വാധീനമുറപ്പിച്ച ശിവസേന രാഷ്ട്രീയാധികാരത്തിലേക്കെത്തിയത് പക്ഷേ ബി.ജെ.പി തുണയിലാണ്. ബി.ജെ.പിയും ശിവസേനയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വൈകാരികതയും വര്‍ഗീയ അജണ്ടകളുമാണ് ഇരുപാര്‍ട്ടികളുടേയും മുതല്‍ക്കൂട്ട്. ചില കാര്യങ്ങളില്‍ മാത്രമാണ് ഇവര്‍ക്കിടയില്‍ മൂപ്പിളമ തര്‍ക്കമുള്ളത്.
ഒരേ ആശയത്തില്‍ ജീവിക്കുന്ന രണ്ട് പാര്‍ട്ടികള്‍ പരസ്പരം നടത്തിയ ഏറ്റുമുട്ടലുകളും വിസ്‌ഫോടനങ്ങളും താണ്ടിയാണ് ഫട്‌നാവിസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ശിവസേനക്ക് മേല്‍ അധീശത്വമുറപ്പിക്കാനുള്ള ഒളിപ്പോരുകളിലെല്ലാം ബി.ജെ.പിയാണ് വിജയിയായത്. ഇത്തവണ കീഴടങ്ങില്ലെന്ന ശിവസേനയുടെ വാശിയാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാലാവധി ഇനി ഒരുനാള്‍ മാത്രമാണ് ശേഷിക്കുന്നത്. മുഖ്യമന്ത്രിപദമടക്കം അധികാരം പപ്പാതി പങ്കിടണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോയി ശിവസേന ഒത്തുതീര്‍പ്പിനില്ലെന്ന ഉദ്ധവ് താക്കറെയുടെ ഉഗ്രശാസനക്ക് ഇനി 24 മണിക്കൂര്‍ കൂടി ആയുസുണ്ടാകുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയ അധികാരം പങ്കിടലിനുള്ള 50:50 ഫോര്‍മുലയാണ് ശിവസേന മേധാവി ഉദ്ദവ് താക്കറെ മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നല്‍കാമെങ്കില്‍ മാത്രം തന്നെ വിളിച്ചാല്‍ മതിയെന്നാണ് ഉദ്ധവ് താക്കറെ ബി.ജെ.പിക്ക് താക്കീത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയെ കള്ളനാക്കിയിരിക്കുകയാണ് ബി.ജെ.പി. ഇങ്ങനെയൊരു ധാരണ ഇല്ലെന്നാണ് ബി.ജെ.പി വാദം. എന്തായാലും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഒത്തുതീര്‍ക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണമെന്ന യാഥാര്‍ത്ഥ്യമാണ് മുന്നിലുള്ളത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര എടുത്തെറിയപ്പെടും. ഇത് ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പെട്ടെന്നൊരു തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ് ശിവസേനക്ക് മാത്രമല്ല, ബി.ജെ.പിക്കുമില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും നടത്തിയ മുന്നേറ്റം ചെറുതായിരുന്നില്ല. ജയിക്കാനായി മത്സരിച്ചിരുന്നെങ്കില്‍ അധികാരത്തിലേക്ക് നടന്നുകയാറാനാകുമായിരുന്നു കോണ്‍ഗ്രസ്-ബി.ജെ.പി സംഖ്യത്തിന്. പെട്ടെന്നൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ അത് സംഭവിച്ചുകൂടായ്കയുമില്ല. അതിന് ബി.ജെ.പിയോ, ശിവസേനയോ കളമൊരുക്കുമെന്ന് കരുതാനാകില്ല.
ഇതൊന്നുമല്ല മഹാരാഷ്ട്രയിലെ അധികാര തര്‍ക്കം ദേശീയ ശ്രദ്ധയിലേക്കെത്താന്‍ കാരണം. സ്വന്തം മുന്നണിയിലെ പാര്‍ട്ടിയെ പിളര്‍ത്തി അധികാരത്തില്‍ എത്താനുള്ള ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയ പ്രയോഗമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ശിവസേന എം.എല്‍.എമാരെ കോടികള്‍ വിലയിട്ട് സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം കര്‍ണാടകത്തിലെന്ന പോലെ മഹാരാഷ്ട്രയില്‍ വിജയിക്കില്ലെന്നാണ് സൂചന. കര്‍ണാടകത്തില്‍ പയറ്റിയ റിസോര്‍ട്ട് രാഷ്ട്രീയത്തെ അതേപടി മഹാരാഷ്ട്രയിലേക്ക് പറിച്ചുനടാനുള്ള ബി.ജെ.പി തന്ത്രത്തെ ശിവസേന അതേനാണയത്തില്‍ തിരിച്ചടിക്കുന്നതാണ് ഇതിന് ഒരു കാരണം. ശിവസേനയുടെ രാഷ്ട്രീയ ശൈലിയാണ് ബി.ജെ.പിയുടെ കുതിരക്കച്ചവടം പെട്ടെന്ന് വിജയം കാണാതിരിക്കാനുള്ള കാരണത്തില്‍ മറ്റൊന്ന്. സ്വന്തം എം.എല്‍.എമാര്‍ ബി.ജെ.പിയുടെ വലയില്‍ വീഴാതിരിക്കാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. നിമയസഭാ കക്ഷി യോഗത്തില്‍ ഉദ്ധവ് താക്കറെ എം.എല്‍.എമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ബി.ജെ.പിയുടെ രാഷ്ട്രീയ ശൈലീമാറ്റം പ്രകടമാണ്. ഏതുവിധത്തിലും അധികാരത്തിലെത്തുകയെന്ന ഏക ലക്ഷ്യത്തിലേക്ക് ബി.ജെ.പി മാറുന്നത് ജനാധിപത്യ ഇന്ത്യയെ ആകുലപ്പെടുത്തുന്നുണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനകീയാധികാരത്തെയും പൗരാവകാശത്തേയും പണം കൊണ്ട് വിലക്കുവാങ്ങുന്ന ബി.ജെ.പി ശൈലി ജനാധിപത്യത്തിലുള്ള പൗരന്മാരുടെ വിശ്വാസത്തെ കെടുത്തും. ബി.ജെ.പി അതാഗ്രഹിക്കുന്ന മട്ടിലാണ് മുന്നോട്ടു പോകുന്നത്. ജനാധിപത്യത്തെ പ്രഹസനമാക്കി തങ്ങളുടെ ഫാസിസ്റ്റ് അജണ്ടക്ക് സ്വീകാര്യത നേടുകയെന്ന തന്ത്രം കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമ മതാത്മക രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തിലേക്ക് ചെക്കേറി ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുംവിധം ഗൂഢാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ് അവര്‍. ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ സൃഷ്ടിക്കുന്ന കറുത്ത പാടുകള്‍ ആ പാര്‍ട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതിലൊന്നും തങ്ങള്‍ ആശങ്കപ്പെടുന്നില്ലെന്ന സന്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ വിലക്കെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചെങ്കിലും ജനകീയ കോടതിയില്‍ അവര്‍ക്ക് തോറ്റമ്പേണ്ടി വന്ന ചരിത്രം ഇനിയെങ്കിലും ബി.ജെ.പി വിസ്മരിക്കരുത്. താല്‍ക്കാലിക വിജയങ്ങളേക്കാള്‍ തിളക്കമുള്ളതാണ് ജനാധിപത്യ മൂല്യങ്ങളെന്നും ജനങ്ങള്‍ അതിന്റെ കാവല്‍ക്കാരായി ഉണര്‍ന്നിരിക്കുന്നുണ്ടെന്നുമുള്ള ബോധ്യം മഹാരാഷ്ട്രയില്‍ നിന്ന് ബി.ജെ.പിക്ക് പഠിക്കാനായാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്. അവിശുദ്ധ കൂട്ടുകെട്ടിനുള്ള ശിവസേനയുടെ ക്ഷണം നിരസിച്ച എന്‍.സി.പിയും ശരത് പവാറും രാഷ്ട്രീയ ശരിയെ വീണ്ടും അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മതേതരപാര്‍ട്ടികള്‍ കൈക്കൊള്ളണമെന്ന് ആശിച്ച നിലപാടുമായി മതേതര പക്ഷത്ത് ഉറച്ചുനില്‍ക്കാനുള്ള എന്‍.സി.പിയുടെ തീരൂമാനം മതേതര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയത്തെ ശിവസേനക്ക് അതിജയിക്കാനായാല്‍ അത് ജനാധിപത്യത്തിന്റേയും വിജയമാകും.

chandrika: