X

നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതീക്ഷാ നിര്‍ഭരം

ഏകീകൃത സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നില്ലെന്നുമുള്ള കേന്ദ്ര നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെ തയ്യാറാക്കിയ 185 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്ത് നടപ്പാക്കേണ്ട നിയമ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ല എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു നിയമ കമ്മീഷന്റെ ഈ നിലപാട്. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാറിന്റെ ഏക സിവില്‍കോഡ് നീക്കങ്ങളെക്കൂടി തള്ളിപ്പറയുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നത്.
അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ എക്കാലത്തെയും തുറുപ്പ് ചീട്ടാണ് ഏക സിവില്‍കോഡ്. തെരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തിക്കപ്പെടുന്ന ഹൈന്ദവ വികാരങ്ങളില്‍ പ്രഥമഗണനീയമായാണ് ഫാസിസ്റ്റുകള്‍ ഈ വിഷയത്തെ കണ്ടിരുന്നത്. മോദി തരംഗം എന്ന് വിലയിരുത്തപ്പെട്ട 2014 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിയുടെ പ്രധാന അജണ്ട ഇതായിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അവരോധിക്കപ്പെട്ട ഒരു ഭരണ കൂടത്തിന്റെ, തങ്ങള്‍ അധികാരത്തിലേറാന്‍ സ്വീകരിച്ച തെറ്റായ സമീപനത്തെ മറച്ചുവെക്കാനുള്ള ദയനീയ ശ്രമം മാത്രമായിരുന്നു മോദി ഇഫക്ട്. ഭരണം ആരംഭിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ ഇഫ്ക്ട് കേവലമൊരു ബൂമറാങ്ങ് മാത്രമായിരുന്നുവെന്ന് തെളിയിക്കപ്പെടുകയുകയുമുണ്ടായി. മോദി ഭരണം നാള്‍ക്കുനാള്‍ വഷളാവുകയും സഖ്യകക്ഷികളില്‍ നിന്ന് മാത്രമല്ല ബി.ജെ.പിയില്‍ നിന്ന് തന്നെയും അസ്വസ്തതകള്‍ പ്രകടമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ അവസരത്തില്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘ്പരിവാരങ്ങള്‍ കണ്ടുവെച്ച കച്ചിത്തുരുമ്പുകളില്‍ ഒന്നായിരുന്നു ഏക സിവില്‍കോഡ്. എന്നാല്‍ പണ്ടേപോലെ ഇതിനെ ഉപയോഗപ്പെടുത്താന്‍ കമ്മീഷന്‍ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
ഏകീകൃത സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നുമില്ലെന്നും അതേസമയം വ്യക്തി നിയമങ്ങളിലും കുടുംബ നിയമങ്ങളിലും ചില ഭേദഗതികള്‍ കൊണ്ടു വരേണ്ടതുണ്ടെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹ പ്രായം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വിവാഹ മോചനം നിയന്ത്രിക്കുന്നതിനും ശൈശവ വിവാഹം തടയുന്നതിനും നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
രാജ്യത്തെയോ, സര്‍ക്കാറിനേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്ന നിയമ കമ്മീഷന്റെ കണ്ടെത്തലും ബി.ജെ.പി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. അക്രമത്തിലൂടെയോ, നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകൂവെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തേയോ, ഏതെങ്കിലും ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാവില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈക്കൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പും ശേഷവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഇതു സംബന്ധിച്ച വിദഗ്ധാഭിപ്രായ രേഖയില്‍ കമ്മീഷന്‍ പറയുന്നു. സര്‍ക്കാറിന്റെ നിലപാടുകളോടൊ, അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയേയും രാജ്യദ്രോഹിയായി മുദ്രകുത്താനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഏതെങ്കിലും പ്രവൃത്തിയുടേയോ പരാമര്‍ശത്തിന്റേയോ ഉദ്ദേശ്യം സായുധ നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹമായി വിലയിരുത്താനാവൂവെന്ന് വ്യക്തമാക്കിയ കമ്മീഷന്‍, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെതിരെ കേസെടുത്ത നടപടി ഉദാഹരിച്ചിട്ടുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലുവില കല്‍പ്പിക്കുകയും ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹക്കുറ്റമായി കാണുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് വന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് പ്രമുഖ ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേരിയ, ഗൗതം നവലക്ക, സുധ ഭരദ്വാജ്, തെലുങ്ക് കവി വരവര റാവു എന്നിവരെ അറസ്റ്റു ചെയ്തത്. ഈ പശ്ചാത്തലത്തില്‍ കമ്മീഷന്റെ നിഗമനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രത്യക്ഷമായി തന്നെ വിരല്‍ ചൂണ്ടുന്നുണ്ട്.
മുനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ദളിത് നേതാക്കളുടേയും അറസ്റ്റില്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാക്കപ്പെടുകയുണ്ടായി. അറസ്റ്റു ചെയ്ത ആരുടേയും ട്രാന്‍സിറ്റ് റിമാന്റ് അനുവദിക്കരുതെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്തംബര്‍ ആറുവരെ മുഴുവന്‍ പേരെയും ജയിലില്‍ അടക്കരുതെന്നും വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രാന്‍സിറ്റ് റിമാന്റ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് അറസ്റ്റിലായവര്‍ അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ചരിത്രകാരി റൊമീലാ ഥാപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേ വിഷയത്തില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനോടും മഹാരാഷ്ട്ര സര്‍ക്കാറിനോടും സുപ്രീംകോടതി വിശദീകരണം തേടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് ആണെന്നും സുരക്ഷാ വാല്‍വ് നിഷേധിച്ചാല്‍ പൊട്ടിത്തെറിയായിരിക്കും ഫലമെന്നും കോടതി മഹാരാഷ്ട്ര പൊലീസിനോട് പറഞ്ഞു.
ചുരുക്കത്തില്‍ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ വിമര്‍ശനവുമെല്ലാം രാജ്യത്തെ ജനങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും അസംതൃപ്തരാണ് എന്നതാണ് തെളിയിക്കുന്നത്. നഗ്‌നമായ ഭരണഘടനാ ലംഘനങ്ങള്‍ നടക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് ഉത്തരാവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇതുവഴി വിളിച്ചുപറയുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ തുടരാമെന്ന വ്യാമോഹത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്തരം ഇടപെടലുകളിലൂടെ കേന്ദ്രസര്‍ക്കാറിന് ലഭിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ഭാവിക്കാവട്ടെ ഇത് വര്‍ധിച്ച ആത്മവിശ്വാസവും പകരുന്നു.

chandrika: