X
    Categories: columns

ആലയിലൊരുങ്ങുന്ന വര്‍ഗീയ അജണ്ട

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കവെ പതിവുപോലെ നെറികെട്ട രാഷ്ട്രീയ വേണ്ടാതീനങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് സി.പി.എം. കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി അധികാരത്തിലിരുന്നിട്ടും സര്‍വമേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയുംമാത്രം നടപ്പിലാക്കിയവരുടെ പുതിയ മുഖമാണ് കഴിഞ്ഞദിവസം സി.പി.എമ്മിന്റെ സംസ്ഥാന നേതൃവൃന്ദം സ്വരുക്കൂട്ടിയെടുത്ത വര്‍ഗീയ അജണ്ടയിലൂടെ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതിക്കുംശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ ചില വര്‍ഗീയ പരാമര്‍ശങ്ങള്‍ പുറത്തുവന്നെങ്കിലും അതിനേക്കാള്‍ ഹീനമായ രാഷ്ട്രീയ തന്ത്രത്തിനാണ് സി.പി.എം ഇറങ്ങിപ്പുറപ്പെടുന്നതെന്നാണ് വിവരം.

കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തില്‍ പതിവിലധികംതവണ പ്രതിപക്ഷത്തെയും പ്രത്യേകിച്ച് മുസ്്‌ലിംലീഗിനെയും കടന്നാക്രമിക്കാന്‍ നടത്തിയ ശ്രമം ഇതിന്റെ തെളിവാണ്. കേരളത്തില്‍ എക്കാലത്തും ബി.ജെ.പിയെ എതിര്‍ത്തവരാണ് യു.ഡി.എഫും മുസ്‌ലിംലീഗും എന്നിരിക്കെ യു.ഡി.എഫ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന വിതണ്ഡവാദമാണ് കോടിയേരി ഉയര്‍ത്തിയത്. അതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് കഴിഞ്ഞ 20ന ്‌നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിനുള്ള മറുപടിയും.

കേരളത്തില്‍ സി.പി.എമ്മാണ് പ്രധാന ശത്രുവെന്നും ബി.ജെ.പി ഇവിടെ പ്രസക്തമല്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചത്. ഇതിനെ മുസ്‌ലിംലീഗ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നുപറഞ്ഞ് പ്രചരിപ്പിക്കുകയാണ് കോടിയേരി ചെയ്തത്. സത്യത്തില്‍ ബി.ജെ.പി എന്ന ചിരകാല വര്‍ഗീയകക്ഷിയെ മെയ്യുംമനവും കൊണ്ട് എതിര്‍ത്തവരില്‍ സി.പി.എമ്മിനേക്കാള്‍ പങ്ക് മുസ്‌ലിംലീഗിനും കോണ്‍ഗ്രസിനുമുണ്ട്. കടലില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ആര്‍.എസ്.എസ്സുകാരനെ വിശ്വസിക്കരുതെന്നുപറഞ്ഞ നേതാവാണ് മുന്‍മുഖ്യമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ മഹാനായ സി.എച്ച്. മുസ്‌ലിംലീഗിനെ ബി.ജെ.പിയുമായി കൂട്ടിക്കെട്ടിയാല്‍ മുസ്്്‌ലിംകളുടെ നാലു വോട്ട് പെട്ടിയിലെങ്ങാനും വീണുപോയാലോ എന്നാണ് കോടിയേരിയുടെയും സി.പി.എമ്മിന്റെയും വ്യാമോഹം. അത്രക്ക് രാഷ്ട്രീയ നിരക്ഷരരാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെന്ന് കോടിയേരി വിചാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെപോലൊരു രാഷ്ട്രീയ നേതാവിന് ഇനിയും കേരളത്തിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ മനസ്സിലായിട്ടില്ലെന്നേ പറയാനൊക്കൂ.

അതേസമയം മുസ്‌ലിംലീഗിനെതിരായ മറ്റൊരു ആരോപണം അവര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നുവെന്നാണ്. ഇത്തരത്തിലൊരു ആലോചനക്കുപോലും ഇനിയും സമയമുണ്ടെന്നിരിക്കെ എന്തിനാണ് ഇപ്പോള്‍ കോടിയേരി ന്യൂനപക്ഷ രാഷ്ട്രീയ ഐക്യത്തെക്കുറിച്ച് വാചാലനാകുന്നത്. ഏതെങ്കിലുംവിനാ നാലു വോട്ട് മുസ്‌ലിംകളില്‍നിന്നും ഇതിന്റെ പേരില്‍ കിട്ടുമോ എന്നതായിരിക്കാം നോട്ടം. ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയുമായി കേരളത്തില്‍ എത്രയോ കാലമായി കൂട്ടുകൂടുകയും അതിനെല്ലാം മതേരത്വത്തിന്റെ ആദര്‍ശപരിവേഷം നല്‍കുകയുംചെയ്ത പാര്‍ട്ടിയാണ് സി.പി.എം. ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി കൂടിയിരുന്ന് സഖ്യം രൂപീകരിച്ചവരാണ് ഇരു സംഘടനകളുടെയും തലപ്പത്ത് ഇന്നുമുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സീറ്റ് വെച്ചുമാറിയത് ഇന്നും അതേപോലെ നിലവിലുണ്ട്. മറ്റൊരു കക്ഷിയായി കോടിയേരി പറയുന്നത് എസ്.ഡി.പി.ഐയാണ്. ഇതെഴുതുമ്പോള്‍പോലും മലപ്പുറം ജില്ലയിലെ ഒരുപഞ്ചായത്തില്‍ ആ സംഘടനയുമായി കൂട്ടുചേര്‍ന്ന് ഭരിക്കുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇതെല്ലാം മറന്നുകൊണ്ടാണ് കോടിയേരി സംസാരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ജനങ്ങളെ കബളിപ്പിക്കുകയാണ് അദ്ദേഹവും അദ്ദേഹത്തിന്റെപാര്‍ട്ടിയും ചെയ്തുകൊണ്ടിരിക്കുന്നത്.

മുസ്‌ലിംലീഗും കോണ്‍ഗ്രസും മേല്‍പറഞ്ഞ രണ്ട് സംഘടനകളുമായി കൂട്ടുകൂടിയെന്നും അതുവഴി മുസ്‌ലിം വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണ് യു.ഡി.എഫെന്നും പറയുന്ന കോടിയേരിയുടെ ദുഷ്ടലാക്ക് ബി.ജെ.പി വോട്ടുകളിലാണെന്നറിയാനും പ്രയാസമില്ല. പിണറായി സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കമ്മീഷന്‍ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തുവരുന്നതിനെ ബി.ജെ.പിയുടെ വൈരനിര്യാതനബുദ്ധിയായി വിശേഷിപ്പിക്കുകയും അവരുമായി യു.ഡി.എഫ് കൂട്ടുകൂടുകയും ചെയ്യുന്നുവെന്ന് വരുത്തേണ്ടത് എല്ലാരംഗത്തും പരാജയപ്പെട്ട സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കച്ചിത്തുരുമ്പ് മാത്രമാണ്. ഇത് വിശ്വസിക്കാന്‍ ശുദ്ധാത്മാക്കളായ പാര്‍ട്ടി സഖാക്കളെ മാത്രമേ കിട്ടുകയുള്ളൂ. ഇന്ന് പരാതിപ്പെടുന്ന ബി.ജെ.പിയെ രാജ്യത്ത് രാക്ഷസരൂപം പ്രാപിപ്പിച്ചതിലൊരു പങ്ക് കോടിയേരിയുടെ പാര്‍ട്ടിക്കാണെന്നത് ചരിത്ര വസ്തുതമാത്രമാണ്.

രണ്ടു സീറ്റിലൊതുങ്ങിനിന്ന ഹിന്ദുത്വപാര്‍ട്ടിയെ അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരിലാണ് കൂടെക്കൂട്ടിയും കൂടെച്ചേര്‍ന്നും ഭരണം പങ്കിട്ട് വളര്‍ത്തി 80ലേക്ക് ഉയര്‍ത്തിയത്. ബി.ജെ.പി രാജ്യത്തെ ഏറ്റവും അപകടകാരിയാണെന്ന് സി.പി.എം പി.ബിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ രേഖകള്‍ ഇന്നും സമൂഹമധ്യേ തുറന്നുകിടന്നിട്ടും അതെല്ലാം തരാതരംപോലെ അട്ടത്തുവെച്ച് അധികാരത്തിനുവേണ്ടി ചായമേശ രാഷ്ട്രീയം കളിച്ചവരാണ് കോടിയേരിയുടെയും പിണറായിയുടെയും പാര്‍ട്ടി. കേരളത്തിലിരുന്ന് രാജ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കുന്ന തിരക്കില്‍ അവര്‍ വായില്‍തോന്നിയതെന്തും കോതക്ക് പാട്ടുപോലെ വിളിച്ചുപറയുന്നത് ജനം തൊണ്ടതൊടാതെ വിഴുങ്ങുമെന്ന് ധരിച്ചാല്‍ മൂഢസ്വര്‍ഗത്തില്‍നിന്ന് ഇനിയും സി.പി.എം നേതൃത്വം രക്ഷപ്പെട്ടിട്ടില്ലെന്നേ ധരിക്കാനാകൂ. പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടും കേരളത്തിലെ ഏക ബി.ജെ.പി നഗരസഭയെ പുറത്താക്കാന്‍ തയ്യാറാകാത്ത സി.പി.എമ്മിന് വര്‍ഗീയതക്കെതിരെ സംസാരിക്കാന്‍ യാതൊരവകാശവുമില്ല. തരാതരംപോലെ വര്‍ഗീയ രാഷ്ട്രീയം കളിച്ച് അധികാരത്തിന്റെ അപ്പക്കഷണം നുണഞ്ഞവര്‍ക്ക് മുസ്്‌ലിംലീഗിനെതിരായി ഉദിച്ച പുതിയ ബുദ്ധി എത്രയുംപെട്ടെന്ന് അടുപ്പത്തുനിന്ന് ഇറക്കിവെച്ചോളൂ എന്നേ പറയാനുള്ളൂ.

 

Test User: