X
    Categories: News

സുവര്‍ണം- പ്രതിഛായ

പൊതുപ്രവര്‍ത്തനം ചിലര്‍ക്ക് ജീവിതചര്യയാണ്. നാലാളെ സഹായിക്കുന്നതിലൂടെ കിട്ടുന്ന ഊര്‍ജം ഒന്നുവേറെതന്നെ. ആ വിഭാഗത്തിലാണ് മലയാളികളുടെ ഉമ്മന്‍ചാണ്ടിയും. ഇനീഷ്യലിന്റെയും പദവിയുടെയും അധികാരത്തിന്റെയും വിലാസമില്ലാതെ ആരാലും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം. കേരളീയ മനസ്സുകള്‍, അവരേതു രാഷ്ട്രീയക്കാരായാലും അസൂയയോടെയല്ലാതെ ഉമ്മന്‍ചാണ്ടിയെ നോക്കിക്കാണില്ല. കഠിനാധ്വാനവും സഹജീവിതല്‍പരതയുമാണ് കോണ്‍ഗ്രസുകാരുടെ ഒ.സിയും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞുമായ ഈ ആറടി ഏഴിഞ്ചുകാരന്റെ പ്രമാണം. അനാവശ്യമായ മസിലുപിടിത്തമില്ല. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ആ നിറചിരിയില്‍ അവരവര്‍ക്കിഷ്ടപ്പെട്ടത് കാണാമെന്ന് മാത്രം.

2004-2006ലും 2011-2016ലും മുഖ്യമന്ത്രി പദവി. രാഷ്ട്രീയ ഗുരു എ.കെ ആന്റണിയില്‍നിന്നാണ് 2004ല്‍ മുഖ്യമന്ത്രി പദവി ഏറ്റുവാങ്ങുന്നത്. പാര്‍ട്ടിയുടെ കനത്ത ലോക്‌സഭാപരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആന്റണിയുടെ രാജി. പിന്നെയാരാണ് ആ കസേരയിലേക്കെന്നതിന് മറിച്ചൊരു ചിന്തക്കും പ്രസക്തിയുണ്ടായില്ല. ആന്റണിയിലെ ‘എ’ ആണ്് കോണ്‍ഗ്രസിലെ എ വിഭാഗത്തിലെങ്കിലും ഗ്രൂപ്പിന്റെ വക്താവ് എന്നും ഉമ്മന്‍ചാണ്ടിതന്നെ. പാര്‍ട്ടി കഴിഞ്ഞേ പക്ഷേ ഉമ്മന്‍ചാണ്ടിക്ക് ഗ്രൂപ്പുള്ളൂ. സത്യക്രിസ്ത്യാനിയാണെങ്കിലും എല്ലാ ജാതിമത-ഉപവിഭാഗങ്ങളുമായും ഉമ്മന്‍ചാണ്ടിക്കുള്ള സ്വാധീനം അധികമാര്‍ക്കും കോണ്‍ഗ്രസിലിന്നില്ല. ആരുകയറിച്ചെന്ന് എന്ത് ആവശ്യമുന്നയിച്ചാലും പറ്റില്ലെന്ന് പറയുന്ന ശീലമേയില്ല. ട്രെയിനിലെ സഹയാത്രികരെപോലും ആവശ്യം ചോദിച്ചറിഞ്ഞ് സഹായിക്കുന്ന പ്രകൃതം. പൊതുജനം അതറിഞ്ഞത് മുഖ്യമന്ത്രി കാലത്തെ ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ്. ഭക്ഷണംപോലും കഴിക്കാതെ മണിക്കൂറുകള്‍ നിന്നനില്‍പില്‍ പാവപ്പെട്ടവരുടെയും വികലാംഗരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകണ്ട എഴുപതുകാരനായ മുഖ്യമന്ത്രിയെ ചെറുപ്പക്കാരായ എം.എല്‍.എമാരും ഉദ്യോഗസ്ഥരും ജനങ്ങളും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. 750 കോടി രൂപയുടെ സഹായധനമാണ് ആ ജനകീയ പരിപാടിയിലൂടെ പാവങ്ങള്‍ക്കായി വിതരണം ചെയത്. വെറുതെയല്ല, നീണ്ട 50 വര്‍ഷം ഒരേ നിയമസഭാമണ്ഡലത്തില്‍ നിന്ന് സാമാജികനായതും. കഴിഞ്ഞ സെപ്തംബര്‍ 17 ആയിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ഒ.സിയുടെ സുവര്‍ണ ജൂബിലിദിനം. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയാണ് ആ ഭാഗ്യമണ്ഡലം. ഇതുപോലെ മറ്റൊരാള്‍ പാലായില്‍നിന്നുള്ള അന്തരിച്ച കെ.എം മാണി മാത്രമാണ്. മണ്ഡലത്തിലെ ഓരോ കുടുംബത്തിന്റെയും പേരെടുത്ത് വിളിക്കാന്‍ അടുപ്പമുള്ള ജനകീയന്‍. തിരുവനന്തപുരത്തെ വസതിയുടെ പേര് പുതുപ്പള്ളിയായതും അതുകൊണ്ടാണ്. എല്ലാ ഞാറാഴ്ചയും പുതുപ്പള്ളിയിലെത്തിയാലേ ഉറക്കംവരൂ. ബസ്സിലാണെങ്കിലും അത് മുടക്കില്ല. 1970ലെ പ്രഥമ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 7,228 ആയിരുന്നെങ്കില്‍ 2011ലത് 33,255 ആയി. 2016ല്‍ 27,092ഉം.

കെ. കരുണാകരനാണ് ഉമ്മന്‍ചാണ്ടിയെ ഉയരത്തിലെത്തിച്ചതിലൊരു പങ്ക്. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും ഗ്രൂപ്പിസവും യുവാവായ ചാണ്ടിയെ കരുണാകരന്റെ എതിര്‍ സ്ഥാനത്താക്കുകയായിരുന്നു. അന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ മൂര്‍ധന്യം. ചാരക്കേസ് കാലത്ത് ഉരുളക്കുപ്പേരികള്‍ ഇരുഭാഗത്തുനിന്നും വന്നു. പാര്‍ട്ടിയിലെ പോലെ ഐക്യജനാധിപത്യ മുന്നണിയിലും സര്‍വസ്വീകാര്യനാണ് ഉമ്മന്‍ചാണ്ടി. തന്ത്രങ്ങള്‍ മെനയുന്നതില്‍ കേമനായതിനാല്‍ മുന്നണിയിലാകെ ഈ സാന്നിധ്യം അനിവാര്യം. സോളാര്‍ കേസുമായി പ്രതിപക്ഷം യു.ഡി.എഫ് സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടിയെ പ്രത്യേകിച്ചും സര്‍വസന്നാഹങ്ങളുമായി നേരിട്ടപ്പോഴായിരുന്നു ഭീഷണി തേടിയെത്തിയത്. പക്ഷേ മാധ്യമങ്ങളോടും എതിര്‍ രാഷ്ട്രീയക്കാരോടും മാന്യമായും പക്വതയോടെയുമുള്ള പെരുമാറ്റംകൊണ്ട് പുഷ്പം പോലെ അതെല്ലാം മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടതുസര്‍ക്കാര്‍ അന്വേഷിച്ചിട്ടും കേസ് കുമിളയായി.
2016 നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്നതോടെ രാഷ്ട്രീയ വനവാസത്തിലേക്ക് മാറിയെങ്കിലും രണ്ടടി മുന്നോട്ടുവെക്കാനായി ഒരടി പിന്നോട്ട് നീങ്ങിയതായാണ് പലരും കരുതിയത്. കോണ്‍ഗ്രസ് നേതൃത്വം 2018 ജൂണില്‍ ചാണ്ടിയെ പിടിച്ച് ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രപ്രദേശിന്റെ ചുമതല നല്‍കി. ഇടക്കാലത്ത് തൊണ്ടയ്ക്കുണ്ടായ തകരാര്‍ പരിഹരിച്ചുവരികയാണ്. മൊബൈല്‍ ഫോണും റിസ്റ്റ്‌വാച്ചും ഉപയോഗിക്കുന്നുണ്ടെങ്കിലും അതൊന്നും ആ ഖദറിനകത്ത് കാണില്ല. ആഭ്യന്തരം, ധനകാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1943 ഒക്ടോബര്‍ 31ന് കുമരകത്ത് ജനിച്ച ഉമ്മന്‍ചാണ്ടി സ്‌കൂള്‍ കാലത്ത് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1967-69ല്‍ അതിന്റെ സംസ്ഥാനഅധ്യക്ഷനും 1970ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി. സംസ്ഥാനത്താകെ ചുറ്റിനടന്ന് പാര്‍ട്ടിയെ വളര്‍ത്തി. ധനതത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദം. മറിയാമ്മയാണ് ഭാര്യ. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ചാണ്ടിഉമ്മന്‍, മരിയയും അച്ചുവും മക്കള്‍.

chandrika: