X
    Categories: News

തിരുത്തല്‍-പ്രതിഛായ

‘കോണ്‍ഗ്രസിന് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന വലിയ ആവശ്യം താല്‍കാലികാധ്യക്ഷ സോണിയാജി അംഗീകരിച്ചു. ഞങ്ങളുടെ മറ്റാവശ്യങ്ങള്‍ പുതിയ അധ്യക്ഷന് മുന്നില്‍വെക്കും..ആരും കോണ്‍ഗ്രസ് വിടാന്‍പോകുന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യമാണ് ഞങ്ങള്‍ ഉപയോഗിച്ചത്’. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതിയംഗവും ഹരിയാനയുടെ ചുമതലയുമുള്ള രാജ്യസഭാംഗം ഗുലാംനബി ആസാദ് സെപ്തംബര്‍ ഒന്നിനാണ് ഈ വാക്കുകള്‍ തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചത്.

23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സോണിയാഗാന്ധിക്ക് എഴുതിയ കത്താണ് പോസ്റ്റിനാധാരം. കത്ത് പുറത്തുവന്നതിനുപിന്നില്‍ ചിലനേതാക്കള്‍ തന്നെയാണെന്ന ആരോപണം ഉയര്‍ന്നു. സോണിയാഗാന്ധി ആസ്പത്രിയിലായിരിക്കെയാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്ന വിമര്‍ശനവും. ഏതായാലും കത്തിനെച്ചൊല്ലി ആഗസ്ത് 24ന് സോണിയ വിളിച്ച പ്രവര്‍ത്തകസമിതി യോഗം പുന:സംഘടനാവാദികളുടെ ആവശ്യം അംഗീകരിച്ചെങ്കിലും മൂന്നാഴ്ചക്കുശേഷം കഥയിങ്ങനെ: ഗുലാം നബി ആസാദില്‍ നിന്ന് ജനറല്‍സെക്രട്ടറി പദവിയും ഹരിയാനയുടെ ചുമതലയും തെറിച്ചു. സെപ്തംബര്‍ 11ന് വൈകീട്ട് എ.ഐ.സി.സി പുറത്തിറക്കിയ അറിയിപ്പില്‍ ഗുലാംനബിക്ക് പുറമെ മുന്‍ ലോക്‌സഭാകക്ഷിനേതാവ് മല്ലികാര്‍ജുനഗാര്‍ഗെ, മോട്ടിലാല്‍വോറ, അംബികസോണി, ആശാകുമാരി, ഗൗരവ് ഗോഗോയ്, അനുരാഗ് സിംഗ് തുടങ്ങിയവരെയും പ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ സോണിയയെ സഹായിക്കുന്നതിനുള്ള സമിതിയില്‍ അംബിക സോണിയുണ്ടായിട്ടും ഗുലാമില്ല. കോണ്‍ഗ്രസിലെ കൊട്ടാര വിപ്ലവത്തിന് രഹസ്യമായി നേതൃത്വം കൊടുത്തവരില്‍ പ്രമുഖന്‍ ഗുലാംനബി ആസാദാണ്. പ്രായം കൂടുമ്പോഴാണ് ഗുലാമിലെ വിപ്ലവകാരി ഉണരുന്നതെന്നു തോന്നുന്നു. അതിന്റെ പരോക്ഷ ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആനന്ദ്ശര്‍മ, ജിതിന്‍പ്രസാദ, മുകുള്‍വാസ്‌നിക് എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തക സമിതിയംഗത്വം റദ്ദായിട്ടുമില്ല. ഫലത്തില്‍ ഗുലാം നബിയെ സോണിയ ഉന്നംവെച്ചിരിക്കുന്നുവെന്നു കരുതാം. താനുന്നയിച്ച ആവശ്യം അധ്യക്ഷ അംഗീകരിച്ചിരിക്കുന്നുവെന്ന് ആശ്വസിക്കുമ്പോള്‍തന്നെ അധികം കളിക്കേണ്ട എന്ന മുന്നറിയിപ്പും ഗുലാമിന് ഈ പുന:സംഘടനയിലുണ്ട്. പാര്‍ട്ടിയെ തിരുത്താന്‍ശ്രമിച്ച് സ്വയം തിരുത്തപ്പെട്ട പ്രതീതി.

കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്. അധ്യക്ഷ പദവി തിരിച്ച്ഏറ്റെടുക്കാന്‍ താനില്ലെന്ന് രാഹുല്‍ഗാന്ധി ശഠിച്ചതും സോണിയ തുടരാന്‍ കാരണമായി. ഗുലാമാദികളുടെ തിരഞ്ഞെടുപ്പ് ആവശ്യം ഇനി എന്നു നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ജന സ്വാധീനമില്ലാത്ത നേതാക്കളാണ് നോമിനേഷനിലൂടെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതെന്ന ആരോപണമാണ് ഗുലാംനബിയടക്കം ഉന്നയിക്കുന്നത്. ഇപ്പറയുന്നവരിലെത്രപേര്‍ എത്ര പൊതുതിരഞ്ഞെടുപ്പില്‍ നേരിട്ട് ജനപ്രതിനിധിയായിട്ടുണ്ടെന്ന ചോദ്യമാണ് എതിരാളികള്‍ ഉന്നയിക്കുന്നത്. ഗുലാംനബിക്ക് പിന്തുണയുമായി കപില്‍സിബലിനെയും ശശിതരൂരിനെയും പോലുള്ള ബുദ്ധിജീവികളുണ്ടെങ്കിലും തിരുത്തല്‍വാദികളുടെ തലപ്പത്ത് മറ്റാരേക്കാളുമുള്ളത് നബിതന്നെയാണ് എന്നതാണ് കത്തെഴുത്തിനെ ശ്രദ്ധേയമാക്കിയത്.

ജന്മംകൊണ്ട് കശ്മീര്‍ മുസല്‍മാനായ ഗുലാംനബിക്ക് പാര്‍ട്ടിയിലെ മറ്റാരേക്കാളും പാരമ്പര്യവും കൂറും അവകാശപ്പെടാനാകും. പാര്‍ട്ടി നേതൃത്വത്തിലെ വിളിപ്പേര് നബി. കശ്മീര്‍ താഴ്‌വരയിറങ്ങിവന്ന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെയും അധികാരത്തിന്റെയും കുഞ്ചികസ്ഥാനങ്ങളില്‍ കയറിയിരുന്നിട്ട് നാലുപതിറ്റാണ്ടിലേറെയായി. എന്നും നെഹ്‌റു കുടുംബത്തോട് ഒട്ടിനിന്ന വഴക്കം. ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിനെ പച്ചപിടിപ്പിച്ചവരില്‍ മുഖ്യനാണെങ്കിലും ഫറൂഖ് അബ്ദുല്ലയുടെയും മുഫ്തിമാരുടെയും ബി.ജെ.പിയുടെയും തള്ളലില്‍ കോണ്‍ഗ്രസിനും ഗുലാമിനും പിടിച്ചുനില്‍ക്കാനായില്ല. 2005ല്‍ മുഖ്യമന്ത്രിയായെങ്കിലും സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിന്‍വലിച്ചതോടെ മൂന്നാം വര്‍ഷം രാജിവെച്ച് ഡല്‍ഹിയിലേക്ക്തന്നെ തിരിച്ചെത്തി. ആരോഗ്യം, കുടുംബക്ഷേമം, പാര്‍ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ കൈകാര്യംചെയ്യാനായി. മറ്റു പലരെയുംപോലെ ഒരുകാലത്തും കോണ്‍ഗ്രസ് വിട്ടുപോയില്ല.

രാജ ഭരണകാലത്ത് ജമ്മുകശ്മീരിലെ ഭലേസയിലെ സോട്ടിയില്‍ 1949 മാര്‍ച്ച് ഏഴിനായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജമ്മുവിലെ ജി.ജി.എം കോളജില്‍നിന്ന് സയന്‍സില്‍ ബിരുദമെടുത്തു. 1972ല്‍ ജന്തുശാസ്ത്രത്തില്‍ പി.ജിയും. തൊട്ടടുത്ത വര്‍ഷം ഭലേസ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി.1980ല്‍ വശീം ലോക്‌സഭാമണ്ഡലത്തില്‍നിന്ന് ആദ്യമായും അവസാനമായും ജനപ്രതിനിധിയായി. 82ല്‍ ആദ്യമായി കേന്ദ്ര സഹമന്ത്രി. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ തന്റെ മുസ്‌ലിം ഐഡന്റിറ്റി ഭാരമാകുന്നുവെന്ന് പരാതിപ്പെടാറുള്ള ഗുലാമിന്റെ പാര്‍ലമെന്റിലെ പ്രസംഗവും പ്രകടനവും എന്നും പിന്നാക്ക-ന്യൂനപക്ഷ മതേതരാശയത്തിന് വേണ്ടിയാണ്. 2005ലെ ചെറിയ ഇടവേളയൊഴിച്ചാല്‍ 1996മുതല്‍ രാജ്യസഭാംഗം. രാജ്യസഭാപ്രതിപക്ഷ നേതാവാണിപ്പോള്‍. മെലിഞ്ഞുനീണ്ട ശരീരത്തിന് എന്നും കൂട്ട് ചാരനിറത്തിലുള്ള സ്യൂട്ട്. വിവാദങ്ങളില്‍ അത്യപൂര്‍വമായേ ആ പേരുകാണൂ. ഷമീംദേവാണ് ഭാര്യ. സദ്ദാമും സോഫിയയും മക്കള്‍.

 

chandrika: