റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട് പെടുന്നതിനിടെ ഫ്രഞ്ച് മുന്‍ പസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് നടത്തിയ വെളിപ്പെടുത്തല്‍ ബി.ജെ.പി സര്‍ക്കാറിന്റെ മേല്‍ ഇടിത്തീയായി വര്‍ഷിച്ചിരിക്കുകയാണ്. തന്റെ നിലപാടില്‍ നിന്ന് ഒലാന്ദ് പിന്നീട് പിറകോട്ട് പോയെങ്കിലും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമാണ്, കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ഒലാന്ദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ട ഉടനെയുണ്ടായ പുതിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യം ഉറപ്പാണ്.
റഫാല്‍ ഇടപാട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സി.എ.ജി. യെ കണ്ടത്. സംഭവത്തില്‍ വേഗത്തിലുള്ള ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യമാണ് സംഘം സി.എ.ജിക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റിംഗ് നടത്തുമെന്ന് സി.എ.ജി അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ജെ.പി.സി അന്വേഷണത്തോട് മുഖം തിരിക്കുന്നത് മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ നിന്നു തന്നെ ഇടപാടിലെ ദുരൂഹതകള്‍ വ്യക്തമാണ്. പാര്‍ലമെന്റില്‍ നിന്ന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതിലെ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയ പ്രതിരോധമന്ത്രി പുറത്തുനിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തന്റെ ഉത്തരാവാദിത്തിനു പുറത്തുള്ള കാര്യങ്ങളില്‍ പോലും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ നോക്കുകുത്തികളാക്കി പ്രസ്താവനകളിറക്കുന്ന പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് അമ്പരപ്പിക്കുന്ന മൗനവുമാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണ് ഇടപാടെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണ്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാര്‍, പ്രതിരോധ സെക്രട്ടറി, വിദഗ്ധര്‍ തുടങ്ങിയവരെ അറിയിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്നതുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കൊന്നും മറുപടിനല്‍കാന്‍ പ്രധാന മന്ത്രിക്കോ മന്ത്രിസഭാ അംഗങ്ങള്‍ക്കോ സാധിക്കുന്നില്ല. ഇടപാടില്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്‌തെന്ന അതിഗുരുതരമായ ആരോപണം മുന്‍ പ്രതിരോധമന്ത്രി കൂടിയായ എ.കെ. ആന്റണി ഉന്നയിച്ചിരുന്നു.
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യാ ഗവണ്‍മെന്റ് റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെക്കുന്നത്. 18 യുദ്ധ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കാനും 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുത്തനുണര്‍വ് പ്രവചിക്കപ്പെട്ട മികവുറ്റ ഒരു കരാറായാണ് അക്കാലത്ത് ഇത് വിശേഷിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് വരികയും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതോടെ കരാര്‍ അപ്പാടെ തകിടം മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തോടെ കരാര്‍ പുനപരിശോധിക്കപ്പെടുകയും രാജ്യത്തിന് കനത്ത നഷ്ടം വരുത്തിവെക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്തു.
വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി ചുരുങ്ങി എന്നുമാത്രമല്ല നിര്‍മാണ ചുമതലയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി റിലയന്‍സ് എയ്‌റോ സ്‌പെയ്‌സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്ലിനെ മാറ്റി പകരം സ്ഥാപിച്ച കമ്പനിയുടെ യോഗ്യതകള്‍ പരിശോധിക്കുമ്പോഴാണ് ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ ഗൗരവം വ്യക്തമാകുന്നത്. റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് മോദി കരാറില്‍ ഒപ്പുവെക്കുമ്പോള്‍ പത്തുദിവസം മാത്രമായിരുന്നു പ്രായം. മാത്രവുമല്ല ഇതിനു മുമ്പ് ഏതെങ്കിലും രീതിയിലുള്ള ആയുധങ്ങള്‍ കമ്പനി നിര്‍മിച്ചതിന് ഒരു തെളിവുമില്ല. 570 കോടി രൂപക്ക് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ധാരണയിലെത്തിയ വിമാനത്തിന് മോടി സര്‍ക്കാര്‍ വിലയിട്ടതാകട്ടെ 1670 കോടി രൂപയും. ഇതുവഴി മാത്രം 41000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. ചുരുക്കത്തില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതി വ്യക്തമാണ്. ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് നേരെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമെല്ലാം സ്വീകരിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം ഇതിന് ആഴം കൂട്ടുകയും ചെയ്യുന്നു.
അതിരൂക്ഷമായ വിമര്‍ശന ശരങ്ങളാണ് പ്രധാനമന്ത്രിക്കു നേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എയ്തു വിട്ടിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സുവ്യക്തമായി സ്ഥാപിക്കപ്പെട്ടതായി അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുകയുണ്ടായി. ഒലാന്ദ് പറഞ്ഞത് സത്യമാണെങ്കില്‍ പ്രധാനമന്ത്രി അത് ഏറ്റുപറയണമെന്നും അല്ലെങ്കില്‍ ഒലാന്ദ് നുണ പറയുകയാണെന്ന് അദ്ദേഹം തിരുത്തണമെന്നും രണ്ടിലൊന്ന് മോദി വ്യക്തമാക്കിയേ തീരൂ; രാഹുല്‍ പറയുകയുണ്ടായി. എന്നാല്‍ നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം ഭഞ്ജിക്കുന്നില്ലെന്ന് മാത്രമല്ല മറ്റുപല വിഷയങ്ങളിലൂടെയും ശ്രദ്ധ തിരിക്കാനുള്ള വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുകയുമാണ്. മുത്തലാഖ് ഓര്‍ഡിനന്‍സും രാമക്ഷേത്ര നിര്‍മാണവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
- 6 years ago
chandrika
Categories:
Video Stories