വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്‍ വിജയരാഘവന്‍. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്‍ കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്‍ ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്‍ മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമിപ്പോള്‍ പിടിപ്പത് പണിയാണ്. സ്വര്‍ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാ കണ്‍വീനര്‍ സഖാവ് വക പൂഴിക്കടകന്‍ വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്‍ പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്‌നം വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന്‍ മൂപ്പര്‍ പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന്‍ കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്‍. കട്ട പാര്‍ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്‍ എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.
ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്‍വീനര്‍ സഖാവ് ഒരിക്കല്‍കൂടി നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്‍ കോഴക്കേസില്‍ സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്‍വീനറുടെ തുറന്നുപറച്ചില്‍. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടാണെങ്കില്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന്‍ ജോസ്‌മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്‍വീനറുടെ ബാധ്യത നിര്‍വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്‍ നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്‍ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്‍ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്‍ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്‍ കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്‍ ചേര്‍ന്ന ്‌നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ… എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്‍മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്‍ കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന്‍ സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്‍. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്‍ട്ടി പലതവണ താക്കീത് നല്‍കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്‍.
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന്‍ മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്‍ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്‍ വഹിച്ചു. 1989ല്‍ വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്‌സഭയിലെത്തിയത്. 2014ല്‍ കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്‍) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്‌സഭയില്‍ കയറാനായില്ല. 1998ല്‍ ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്‍ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ അധ്യക്ഷനാണ്. പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്‍ശം നടത്തിയതിന് കേസെടുക്കാതെ പാര്‍ട്ടിയും സര്‍ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്‍മാര്‍ അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്‍ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര്‍ പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്‍ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്‍ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്‍ വേറെ വഴിയുമില്ല. എന്തുചെയ്യാന്‍, സഹിക്കേന്നേ. ഭാര്യ തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് ലക്ചറര്‍ പ്രൊഫ. ആര്‍. ബിന്ദു. ഏക മകന്‍ വക്കീല്‍ഭാഗം പഠിക്കുന്നു.