കവയത്രികള്‍മുമ്പും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ടെങ്കിലും ലൂയിഎലിസബത്ത് ഗ്ലൂക്കിനെ ആ ലോകപുരസ്‌കാരത്തിലേക്ക് എത്തിച്ചത് മറ്റാരും കൈവെക്കാത്ത അവരുടെ അനുപമമായ രചനാശൈലിതന്നെയാണ്. സ്ത്രീകള്‍ നിത്യവും കുടിച്ചുവറ്റിക്കുന്ന കണ്ണീര്‍ തടാകങ്ങളെക്കുറിച്ച് അത്ര ഗഹനമല്ലാത്ത, എന്നാല്‍ തികച്ചും അനുപമമായ സൗന്ദര്യത്തോടെ അവരെഴുതി. ഏഴു പതിറ്റാണ്ടു നീണ്ട ജീവിതത്തിന്റെ സായാഹ്നത്തിലാണ് 77-ാം വയസ്സില്‍, ഏവരും കൊതിക്കുന്ന ലോക സമ്മാനം ലൂയിഗ്ലൂക്കിനെ തേടിയെത്തിയിരിക്കുന്നത്. ഗ്ലൂക്കിന്റെ രചനാരീതിയെക്കുറിച്ച് നൊബേല്‍ സമ്മാനദാതാക്കളായ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്, വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന ഐന്ദ്രജാലികതയാണ് അവരുടെ കവിതകളിലെന്നാണ്. സ്‌നേഹമാണതിന്റെ കാമ്പ്. എങ്ങുനിന്നോ പെറുക്കിയെടുത്തുവെച്ച വെറും വാക്കുകളല്ല അവ. ഒരുതരം സര്‍ഗൈന്ദ്രജാലികതയാണത്. ആത്മാംശം തുളുമ്പുന്നവയാണവയധികവും. ദുരന്തങ്ങളും ആശകളും പ്രകൃതിയുമെല്ലാം അതില്‍ ഇതിവൃത്തമായി. ജീവിതത്തിന്റെ നെരിപ്പോടില്‍നിന്ന് സ്വാനുഭവങ്ങളിലൂടെ ചുട്ടെടുത്ത അക്ഷരങ്ങള്‍, സഹജീവികള്‍ക്കായി ഒട്ടും അനാവശ്യമില്ലാതെ പ്രയോഗിച്ച ലൂയിയെതേടി മറ്റൊരു ലോക പുരസ്‌കാരമായ പുലിറ്റ്‌സര്‍ പ്രൈസ് എത്തിയിട്ട് 27 വര്‍ഷമായി എന്നറിയുമ്പോഴാണ് അവരുടെ രചനാവൈശിഷ്ട്യം സഹൃദയലോകം കൂടുതല്‍ തിരിച്ചറിയുന്നത.് നന്നേ ചെറുപ്രായത്തില്‍ ആരംഭിച്ച വാക്കുകളോടുള്ള സല്ലാപം കടലാസിലേക്കെത്തിയത് അധികമാരും അറിഞ്ഞിരുന്നില്ല. കാഫ്കയിലായിരുന്നു മനോവ്യാപാരം. കുടുംബത്തിലെ വേദനകളും പരിദേവനങ്ങളും വാക്കുകളുടെ ചൂളമടികളായി കടലാസുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവയോരോന്നും മാസ്റ്റര്‍പീസുകളാകുകയായിരുന്നു. ചരിത്രത്തില്‍നിന്നും ഇതിഹാസങ്ങളില്‍നിന്നും മനുഷ്യരുടെ ഭയവിഹ്വലതകളില്‍നിന്നും ചിന്താധാരകള്‍ കടംവാങ്ങി സാഹിത്യലോകത്തിന് സമ്മാനിച്ചു. ആ കടം വീട്ടലാണ് ഈ പ്രായത്തിലെ സാഹിത്യനൊബേല്‍. 1968ലാണ് ആദിജാതന്‍ അഥവാ ഫസ്റ്റ്‌ബോണ്‍ എന്ന പ്രഥമകൃതി പ്രസിദ്ധീകരണത്തിനെത്തുന്നത്. നെരൂദയെപോലുള്ളവരുടെ കവിതകള്‍ കാവ്യഹൃദയങ്ങളെ താരാട്ടുന്ന കാലത്ത് അമേരിക്കയുടെ ഇട്ടാവട്ടത്തിലൊതുങ്ങിനിന്നു ലൂയിയുടെ പ്രഥമ കവിതാകൂട്ട്. പിന്നീടുള്ള 22 വര്‍ഷങ്ങളാണ് ലൂയിഗ്ലൂക്കിനെ യൂറോപ്പിലും മറ്റും ശ്രദ്ധേയയാക്കിയത്. അതിനകം നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 1992ല്‍ പ്രസിദ്ധീകരിച്ച ‘കാട്ടുകണ്ണുകള്‍’ വലിയ സഹൃദയ ശ്രദ്ധപിടിച്ചുപറ്റി. ഗദ്യ സാഹിത്യത്തിലും ഇതിനിടെ ലൂയി തന്റേതായ ഇടംപിടിച്ചു. ലൂയിയുടേതായി മൊത്തം 13 കവിതാസമാഹാരങ്ങളാണ് വായനാലോകം ഇതുവരെ വായിച്ച് നിര്‍വൃതിയടഞ്ഞത്. സത്യത്തില്‍ ഇത് ഒരു കവിക്ക് മാത്രമല്ല, സ്ത്രീ രചയിതാക്കള്‍ക്കുള്ള ലോകാംഗീകാരം കൂടിയാണ്.
പാരായണവേദികളായിരുന്നു പുസ്തകങ്ങളേക്കാള്‍ ഗ്ലൂക്കിന് പ്രിയം. ജനമനസ്സുകളിലേക്ക് നേരിട്ട് കടന്നുചെല്ലാമെന്ന് അവര്‍ അതിലൂടെ ആഗ്രഹിച്ചു. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് കമലാദാസായിരുന്നു 2003-2004ല്‍ രാജ്യത്തിന്റെ ആസ്ഥാനകവിയായിരുന്ന ലൂയി എലിസബത്ത് ഗ്ലൂക്ക് അമേരിക്കക്കാര്‍ക്ക്. 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും ലൂയിയെതേടിയെത്തി. ഏഴരക്കോടിരൂപ മതിക്കുന്ന നൊബേല്‍ സമ്മാനവുമായി വീട്ടിലെത്തുമ്പോള്‍ ലൂയിയെ കാത്തിരിക്കാനുള്ളത് പിരിഞ്ഞുപോയ രണ്ട് ഭര്‍ത്താക്കന്മാരുടെ ഓര്‍മയാണ്. ‘ഈ പണംകൊണ്ട് എനിക്ക് പുതിയൊരു വീട് വാങ്ങണം. എന്നെ സ്‌നേഹിക്കുന്നവരുമായി കൂടുതല്‍ സഹവസിക്കണം’ പുരസ്‌കാരനേട്ടത്തിന്‌ശേഷം അഭിമുഖത്തില്‍ ലൂയി പറഞ്ഞതിങ്ങനെ. തനിക്ക് സുഹൃത്തുക്കളേ വേണ്ടെന്നായിരുന്നു ഒരു കാലത്തെ ചിന്തയെന്നും അവരെല്ലാം എഴുത്തുകാരായതിനാലാണങ്ങനെ ചിന്തിച്ചതെന്നും പറയുന്ന ലൂയിയുടെ വാക്കുകളിലൂടെ കവിതാലോകത്തോടുള്ള അവരുടെ അടങ്ങാത്ത തൃഷ്ണയും അഭിവാഞ്ഛയും വ്യതിരിക്തതയും തൊട്ടറിയാനാകും. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊണ്ടുപോകുന്ന പതിനാറാമത്തെ വനിതയാണ് ലൂയിഗ്ലൂക്ക്. സാഹിത്യകവിതാലോകത്ത് വാഴുന്ന പുരുഷ പോരിമക്കുള്ള പ്രഹരംകൂടിയാണീ പുരസ്‌കാരം.
1943ല്‍ ന്യൂയോര്‍ക്കിലായിരുന്നു ജനനം. ജൂതരാണ് മാതാപിതാക്കള്‍. പിതാവിന്റേത് ഹംഗറിയില്‍നിന്നും മാതാവ് റഷ്യയില്‍നിന്നും കുടിയേറിയ കുടുംബം. പിതാവ് എഴുത്തുകാരനാകാന്‍ കൊതിച്ചെങ്കിലും ന്യൂയോര്‍ക്കില്‍ പലവ്യഞ്ജനവ്യാപാരത്തിലാണ് അവസാനിച്ചത്. പക്ഷേ രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ലൂയി എലിസബത്തിലൂടെ ആ സ്വപ്‌നം സാക്ഷാത്കൃതമായി. വാക്കുകളോടുള്ള ലൂയിയുടെ പ്രണയം തുടങ്ങുന്നത് 1968ലായിരുന്നു. രോഗത്തിലൂടെ സ്വയം നേരിട്ട ശാരീരികാവശതകളായിരുന്നു അതിന് തുടക്കം. കൂട്ടുകാരികള്‍ സല്ലപിച്ചും ഉല്‍സാഹിച്ചും കാംപസുകള്‍ കീഴടക്കുമ്പോള്‍ രോഗവുമായി മല്ലിടുകയായിരുന്നു യുവതിയായ ലൂയി. അതില്‍നിന്ന് ഉരുവംകൊണ്ട് വാക്കുകള്‍ ലോകമാസ്റ്റര്‍പീസുകളായി. അതുകൊണ്ടുതന്നെ ബിരുദംപോലും നേടാനാകാതെ കാംപസ്ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും കൊളംബിയ സര്‍വകലാശാലയില്‍നിന്ന് പഠനംതുടര്‍ന്നു. താമസിക്കുന്ന കേംബ്രിജിലെ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ് ലൂയിഗ്ലൂക്ക് ഇപ്പോള്‍. സ്വന്തം പരിശ്രമംകൊണ്ട് സഹൃദയ ലോകത്തെ കീഴടക്കിയ വനിതക്ക് കിട്ടുന്ന അര്‍ഹിക്കുന്ന അംഗീകാരംതന്നെയാണീ കോവിഡ് കാല നൊബേല്‍.