കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ് മഹല്‍ എന്ന് രവീന്ദ്രനാഥ ടാഗോര്‍. ഠാക്കൂര്‍ എന്ന വാക്കാണത്രെ ടാഗോര്‍ ആയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടുത്ത സാര്‍ധന മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്‍ കുടുംബാംഗമാണ്. പക്ഷെ രവീന്ദ്രനാഥ ടാഗോറിനെ അറിയണമെന്നില്ല. അദ്ദേഹം വൈദേശികമായ നോബേല്‍ സമ്മാനിതനായ കവിയല്ലേ. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് അപമാനമാണെന്ന് സോം പറയുന്നു. സോമിനെയും വിനയ് കത്യാരെയും പോലുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ ആരും അത്ഭുതം കൂറുകയില്ല തന്നെ. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ താജ്മഹല്‍ ഉണ്ട്. പക്ഷെ ഈ അനശ്വര സ്‌നേഹ സ്മാരകം ആതിഥ്യനാഥ് ഇറക്കിയ യു.പിയുടെ ടൂറിസ്റ്റ് പട്ടികയില്‍ ഇല്ലാതെ പോയി. അതേ കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് രണ്ടാം തവണയും എം.എല്‍.എയായ സംഗീത് സോമിന്റെ ചരിത്രബോധം വെളിപ്പെട്ടത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച മുഗള രാജാവാണിതിന്റെ സ്ഥാപകന്‍. സ്വന്തം അച്ഛനെ ജയിലിലടച്ച ഈ രാജാവ് ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചു. ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് അധികാരം ലഭിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. ആ ചരിത്രമെല്ലാം തിരുത്തുമെന്ന് സംഗീത് സോം ഉറപ്പുനല്‍കുന്നു. അച്ഛനെ ജയിലിലിട്ടയാളല്ല, ജയിലില്‍ കിടക്കേണ്ടിവന്നയാളാണ് ഷാജഹാന്‍ എന്ന് സംഗീത് സോമിനെ തിരുത്താന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച ചിലരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഒന്നേ മുക്കാല്‍ നൂറ്റാണ്ട് കാലം കാബൂളും പെഷവാറും ഖാണ്ഡഹാറുമൊക്കെ അടങ്ങുന്ന ഇന്ത്യ ഭരിച്ച മുഗളന്‍മാര്‍ എന്ത് സമീപനമാണ് ജനതയോട് സ്വീകരിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിന് മുമ്പില്‍ രാജ്യത്തെ തലയുയര്‍ത്തി നിര്‍ത്തുന്ന ചരിത്ര ശേഷിപ്പുകളിലധികവും ഈ കാലത്തിന്റെ സംഭാവനകളാണ്. ബാബര്‍ ചക്രവര്‍ത്തി ഇവിടെ ഭരണമുറപ്പിക്കുന്നത് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അവര്‍ പലരുമായും യുദ്ധം ചെയ്തു. പലരുമായും സന്ധി ചെയ്തു. ഇതൊന്നും മതത്തിന്റെ പേരിലായിരുന്നില്ലെന്ന് ചരിത്രം ഏതുവിധം വായനയിലും മനസ്സിലാകും. മുഗള ഭരണത്തിലെ പ്രധാന സ്ഥാനങ്ങളില്‍ ഹിന്ദുക്കളുണ്ടായിരുന്നു. പ്രത്യേകിച്ച് വീരശൂര പരാക്രമികളായ രജപുത്രര്‍. ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി സംഘ് പരിവാരം ഉയര്‍ത്തിക്കാട്ടുന്ന മറാത്ത നേതാവ് ശിവാജിയുടെ സൈന്യ നേതൃത്വത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ഭാര്യക്ക് സ്മാരകം പണിത അച്ഛന്‍ ഷാ ജഹാനെ ജയിലിലടച്ചത് ഔറംഗസീബാണ്.
സംഗീത് സോമിന്റെ പ്രസംഗം ഹിറ്റായതോടെ പരോക്ഷമായി തിരുത്താന്‍ യു.പി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മുതിര്‍ന്നത് താജ്മഹലിന്റെ ആഗോള തേജസ് കൊണ്ടാണ്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് താജ്മഹലിലാണല്ലോ. മൂന്നു വര്‍ഷത്തിനിടെ പ്രവേശന ടിക്കറ്റ് വരവ് മാത്രം 75 കോടിയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനം ആഗ്ര കോട്ടക്കും. സംഗീത് സോമിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട് പോലും. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നരേന്ദ്രമോദിയും സംസാരിച്ചു.
ബജ്‌റംഗ്ദള്‍ എന്ന തീവ്രവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ബി.ജെ.പി പാര്‍ലിമെന്റംഗവുമായ വിനയ് കത്യാര്‍ സംഗീത് സോമിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. ശിവക്ഷേത്രമായിരുന്നത്രെ താജ്മഹല്‍. നല്ല പേരും കത്യാര്‍ കണ്ടുവെച്ചിട്ടുണ്ട്. തേജോ മഹാലയ. ക്ഷേത്രം പൊളിച്ചുകളഞ്ഞ് അവിടെ സ്മാരകമുണ്ടാക്കി, അവിടെ ഭാര്യയെ അടക്കം ചെയ്തു. അതു കഴിഞ്ഞ് ഷാജഹാന്‍ ചക്രവര്‍ത്തിയും അവിടെ പോയി സമാധിയായി. ഇങ്ങനെയൊക്കെയാണ് വാസ്തവമെങ്കിലും താജ്മഹല്‍ സംരക്ഷിക്കണമെന്നതില്‍ വിനയ് കത്യാര്‍ക്ക് സംശയമില്ല. അത് കാണാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ വരുന്നുണ്ട്. നല്ല പണം കിട്ടുന്ന ഇടപാടാണ്. സംഗീത സോമന്‍ സാര്‍ധന മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നത്. ജന്മി കുടുംബാംഗമായ സോം ഇവിടെ ഹിന്ദു ഹൃദയ സാമ്രാട്ട്, മഹാ ഠാക്കൂര്‍, സംഘര്‍ഷ് വീര്‍ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്നയാളാണ്. 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസിലെ ഒന്നാം പ്രതിയായിരുന്നു. കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് വിഷ്ണു സഹായ് കമ്മീഷന്‍ കലാപത്തിന്റെ സൂത്രധാരരിലൊരാളായി കണ്ടത് സംഗീത് സോമിനെയാണ്. രണ്ട് ചെറുപ്പക്കാരെ കൊല ചെയ്യുന്നതിന്റെ വീഡിയോ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചാണ് കലാപം സൃഷ്ടിച്ചത്. അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ മാറിയതോടെ രക്ഷപ്പെട്ടു.
പശു സംരക്ഷകനായി വേഷം കെട്ടുന്ന സോം ഇന്ത്യയിലെ ബീഫ് കയറ്റുമതിയിലെ ഒന്നാമത്തെ കമ്പനിയായ അല്‍ദുവയുടെ ഡയരക്ടറാണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. അറബ് രാജ്യങ്ങളിലേക്കായിരുന്നു ഗോമാംസ കയറ്റുമതി. യോഗേഷ് രാവത്ത്, മൊയീന്‍ ഖുറൈശി എന്നിവര്‍കൂടി പങ്കാളികളായ ഈ സ്ഥാപനം ഹലാല്‍ ഇറച്ചി കയറ്റുമതിയിലൂടെ കോടികളാണ് സമ്പാദിച്ചത്. അലിഗഡില്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭൂമി വാങ്ങിക്കുകയും ചെയ്തു. ഗോമാംസ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയെന്ന വാര്‍ത്ത സോം ആദ്യം നിഷേധിച്ചെങ്കിലും മാധ്യമങ്ങള്‍ തെളിവുമായി എത്തിയപ്പോള്‍ താന്‍ അറിയാതെയാണ് ഡയരക്ടറാക്കിയതെന്ന് വിശദീകരിച്ചു. കമ്പനിയിലെ തന്റെ ഓഹരിയില്‍ 20000 രൂപയുടേത് വിറ്റതിന്റെ രേഖകളും മാധ്യമങ്ങളില്‍ പുറത്തുവന്നു.
- 7 years ago
chandrika