ഗോവയില്‍ ജനം വോട്ട് ചെയ്തത് ബി.ജെ.പിയുടെ ഭരണത്തിനെതിരായാണ്. അവര്‍ക്ക് അതില്‍ നിന്ന് മോചനം കിട്ടിയില്ല. രാഷ്ട്രീയത്തിലായാലും പ്രൊഫഷനലിസം എല്ലാ പോരായ്മകളെയും തീര്‍ക്കുമെന്ന് തെളിയിക്കുകയാണ് മനോഹര്‍ പരീക്കറിന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയില്‍ നിന്ന് വീണ്ടും ഗോവമുഖ്യമന്ത്രിപദത്തിലേക്കുള്ള മാറ്റം. പരീക്കര്‍ ആഗ്രഹിച്ചതുമതാണ്. ഗോവയിലെ ബി.ജെ.പി നിരീക്ഷകന്‍ നിതിന്‍ ഗഡ്കരി ആ ഓപറേഷനെ പറ്റി ഒരു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയുണ്ടായി. 40 അംഗ സഭയില്‍ 13 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി ഇപ്പോള്‍ ഗോവ ഭരിക്കുകയാണ്. തീരുമാനങ്ങള്‍ അതിവേഗം എടുക്കാനുള്ള കഴിവാണ് ബി.ജെ.പിയെ ഭരണം നിലനിര്‍ത്താന്‍ സഹായിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായതോടെ തന്നെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുമായി ബന്ധപ്പെട്ട് അതിവേഗം ബഹുദൂരം കാര്യങ്ങള്‍ നീക്കി. അങ്ങനെയാണ് കേന്ദ്ര മന്ത്രിയെ മുഖ്യമന്ത്രിയാക്കി വിമാനത്തിലിറക്കി ഭരണം പിടിച്ചത്. 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ആ തീരുമാനം എടുക്കാനുള്ള കഴിവു കേടിന്റെ പേരില്‍ നേതൃത്വത്തെ പഴിക്കുന്നു. പ്രതിഷേധിച്ച് ഒരു അംഗം രാജി വെക്കുകയും ചെയ്തു. സ്ഥലം ഗോവയാണ്. നാലു ബി.ജെ.പിക്കാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് പരീക്കര്‍ക്ക് തന്നെ മുമ്പ് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്ന ഗോവ. ബി.ജെ.പിയെ വെല്ലുവിളിച്ച മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മുമ്മൂന്ന് അംഗങ്ങളുടെയും യു.പി.എയുടെ ഭാഗമായ എന്‍.സി.പിയുടെ ഒരംഗത്തിന്റെയും മൂന്നു സര്‍വതന്ത്ര സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെ അധികാരത്തിലേറാന്‍ പരീക്കര്‍ക്ക് കഴിഞ്ഞെങ്കിലും അല്‍പം കാത്തിരുന്നാല്‍ അവസരം വരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
2012ല്‍ ഗോവന്‍ ജനത പരീക്കറിന് വോട്ട് ചെയ്യുകയും അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തതാണ്. നരേന്ദ്രമോദി കേന്ദ്രത്തിലെത്തിയപ്പോള്‍ പ്രതിരോധ വകുപ്പ് ഭരിക്കാന്‍ പരീക്കറിനെ പനാജിയില്‍ നിന്ന് വിളിപ്പിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും കൂറുമാറ്റത്തിനും കുപ്രസിദ്ധമായ ഗോവയില്‍ നിന്ന് പാര്‍ട്ടിയെ ഒരു തരത്തില്‍ രക്ഷിച്ചെടുക്കുകയായിരുന്നു മോദി. ലക്ഷ്മികാന്ത് പര്‍സേകര്‍ക്ക് മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്ത് ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ പരീക്കര്‍ പക്ഷെ എല്ലാ ആഴ്ചയും പനാജിയിലെത്തുമായിരുന്നു. അത് ഡല്‍ഹിയില്‍ വര്‍ത്തമാനവുമായി. ഇങ്ങനെയുമുണ്ടോ ഒരു കുടുംബ സ്‌നേഹം. അതും ഭാര്യയെ എന്നോ ഉപേക്ഷിച്ച പ്രധാനമന്ത്രിയുടെ നാട്ടിലും പാര്‍ട്ടിയിലും. പരീക്കറുടെ കുടുംബ സ്‌നേഹം പ്രസിദ്ധമാണ്. ഭാര്യ മേധ വളരെ നേരത്തെ അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് രണ്ട് ആണ്‍മക്കളുടെയും കാര്യങ്ങള്‍ അച്ഛന്‍ നേരിട്ടാണ് നോക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്വന്തം വീട്ടിലായിരുന്നു താമസം. മക്കളോടൊപ്പം ചെലവിടാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
മുംബൈ ഐ.ഐ.ടിയില്‍ നിന്ന് മെറ്റലര്‍ജിയില്‍ എഞ്ചിനീയറിങ് ബിരുദം നേടിയ മനോഹര്‍ ഗോപാലകൃഷ്ണപ്രഭു പരീക്കര്‍ സ്വയമ്പന്‍ ആര്‍.എസ്.എസുകാരനാണ്. തന്റെ ചിട്ടയും രാജ്യസ്‌നേഹവും മനുഷ്യസ്‌നേഹവുമെല്ലാം സംഘത്തില്‍ നിന്ന് വന്നു ചേര്‍ന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംഘ് ചാലക് ആയി ഉയര്‍ന്നിരുന്നു. പിന്നീട് സംഘത്തിന്റെ മുഖ്യ ശിക്ഷക് വരെയായി. 1994ല്‍ ആദ്യം എം.എല്‍.എയാവുമ്പോള്‍ വയസ്സ് 39. അപ്പോള്‍ തന്നെ പ്രതിക്ഷ നേതാവായി. 2000ല്‍ വീണ്ടും പനാജിയില്‍ നിന്ന് നിയമസഭയിലെത്തുമ്പോള്‍ മുഖ്യമന്ത്രിക്കസേര കാത്തു കിടന്നു. 2002ല്‍ പരീക്കറുടെ നേതൃത്വത്തില്‍ ഭരണം തുടരാന്‍ ജനവിധി കിട്ടിയെങ്കിലും കാലാവധി തീരുന്നതിന് മുമ്പ് 2005ല്‍ നാലു ബി.ജെ.പിക്കാര്‍ കൂറുമാറി. കോണ്‍ഗ്രസിലെ പ്രതാപ് സിങ് റാണെ മുഖ്യമന്ത്രിയായി വന്നു. 2007ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനായിരുന്നു ജയം. ദിഗംബര്‍ കാമത്ത് മുഖ്യമന്ത്രിയായി.
2014ല്‍ മോദിയുടെ മന്ത്രിസഭയില്‍ പ്രതിരോധച്ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു. പിന്നെയാണ് പരീക്കര്‍ ഗോവയില്‍ നിന്ന് പോന്നത്. അദ്ദേഹത്തിന് രാജ്യസഭാ പ്രവേശനം സാധ്യമാക്കിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആഗസ്റ്റ ഹെലിക്കോപ്റ്റര്‍ ഇടപാടെടുത്തിട്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാമോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പനാജിയില്‍ നിന്ന് വിളി വരുന്നത്. പരീക്കറില്ലെങ്കില്‍ ഗോവയില്‍ ബി.ജെ.പിയുടെ സര്‍ക്കാറില്ലെന്ന്. വൈദ്യന്‍ കല്‍പിച്ച പാല്‍ മോന്തും പോലെയാണ് പരീക്കറിപ്പോള്‍ പനാജിയില്‍ പറന്നെത്തിയതെങ്കിലും അദ്ദേഹം ആഗ്രഹിച്ചതാണെന്നാണ് വിമര്‍ശകരും അടുപ്പക്കാരും ഒരു പോലെ പറയുന്നത്.
മുഖ്യമന്ത്രിയായിരിക്കെ രണ്ടു വിദേശ യാത്രകള്‍ പരീക്കറിനെ പ്രതിരോധത്തിലാക്കിയതാണ്. മാലിന്യ പരിപാലനം പഠിക്കാനായി ജനപ്രതിനിധികളുടെ ഒരു സംഘത്തെ യൂറോപ്യന്‍ രാജ്യങ്ങളിലയച്ചതാണ് ഇതിലൊന്ന്. ഇതിന് ആകെ ചെലവായത് ഒരു കോടി രൂപ മാത്രം. രണ്ടാമത്തേത് ബ്രസീലിലേക്ക് ലോക കപ്പ് ഫുട്‌ബോള്‍ കാണാന്‍ ജനപ്രതിനിധി സംഘത്തെ അയച്ചതായിരുന്നു. അതിന് 89 ലക്ഷം രൂപയേ ചെലവായുള്ളൂ. 2004ല്‍ അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേള തുടങ്ങിയത് പരീക്കറാണ്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അന്താരാഷ്ട്ര മേളയുടെ സ്ഥിരം വേദിയായി ഗോവ മാറി. 2012ല്‍ സി.എന്‍.എന്‍.- ഐ.ബി.എന്‍ മികച്ച നേതാവായി തെരഞ്ഞെടുത്തത് പരീക്കറിനെയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ടു പേര്‍ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയിലുണ്ട്. അതിലൊരാളുടെ മകനാണ് നിയമസഭാംഗത്വം രാജി വെച്ചത്. ബി.ജെ.പിയിലും മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് നിയമസഭാംഗമായിട്ടുണ്ട്. കാത്തിരിക്കുക. ഇത് ഗോവയാണ്.
- 8 years ago
chandrika
Categories:
Video Stories