കെ. മൊയ്തീന്‍കോയ
സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്‍ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഇറാഖിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്‍ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്‍ ഭീഷണിയായി. എണ്ണ സമ്പന്നമായ ബസ്‌റ പ്രവിശ്യ കത്തിയെരിയുന്നു. പ്രവിശ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വയംഭരണ പ്രവിശ്യയായ ഖുര്‍ദ്ദിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. നാല് മാസം കഴിഞ്ഞെങ്കിലും ഇറാഖില്‍ ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണവും അനിശ്ചിതത്തില്‍ തന്നെ. അധിനിവേശകരായിരുന്ന അമേരിക്കയും ആശങ്കയിലാണ്.
ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മെയ് 12ന് ആയിരുന്നു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കടുത്ത അമേരിക്കന്‍ വിരുദ്ധനായ മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കുന്ന മുന്നണി 54 സീറ്റുകള്‍ നേടി മുന്നിലെത്തുകയാണുണ്ടായത്. ഇറാന്‍ അനുകൂല മുന്നണിയുടെ നേതാവ് ഹാദി അല്‍ അമീരിയുടെ ഫത്താഹ് മുന്നണി 48 സീറ്റുകള്‍ നേടി. അല്‍ബാദിക്ക് 42 സീറ്റുകള്‍ മാത്രം. 369 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം. മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി (25) ഖുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (25) തുടങ്ങിയവരും പ്രബലരാണ്. ഗവണ്‍മെന്റ് രൂപീകരണത്തിന് നിരവധി ശ്രമങ്ങള്‍ നടന്നു. മറിച്ചും തിരിച്ചും സഖ്യസാധ്യത പരിശോധിച്ചുവെങ്കിലും വിജയകരമായില്ല. ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണം അനിശ്ചിതത്തിലായി ഭരണ സ്തംഭനമുണ്ടായതിനെതുടര്‍ന്ന് പ്രാദേശിക സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതില്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന ബസ്‌റയിലെ കലാപമാണ് ഏറ്റവുമധികം ആശങ്ക ജനിപ്പിക്കുന്നത്. ബസ്‌റയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്ക, ഇറാന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്താണ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ തീരുമാനിച്ചതെങ്കിലും ഇതിന് പിന്നില്‍ അമേരിക്ക കുറ്റപ്പെടുത്തുന്നത് ഇറാനെയാണ്. അതേസമയം, ഇറാന്‍-ഇറാഖ് ബന്ധം തകര്‍ക്കാന്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്നുള്ള ഗൂഢനീക്കമാണ് ബസ്‌റയിലെ കലാപത്തിന് പിന്നിലെന്നാണ് ഇറാഖ് ഗവണ്‍മെന്റ് വൃത്തങ്ങളുടെ വിലയിരുത്തല്‍. എണ്ണ സമ്പന്ന തെക്കന്‍ ഇറാഖിലെ ഈ പ്രമുഖ നഗരത്തില്‍ ജൂലൈ മുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് വൈദ്യുതിയും വെള്ളവും ആവശ്യപ്പെട്ടാണ്. ഇറാഖിന്റെ എണ്ണ സമ്പത്തില്‍ 70 ശതമാനം ഇവിടെ നിന്നായിരുന്നിട്ടും പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. യുവാക്കളാണ് പ്രക്ഷോഭത്തിന് മുന്നില്‍. സഊദി കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാഖാണ്. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി അബാദി ബസ്‌റയിലെത്തി വൈദ്യുതി, കുടിവെള്ളം പദ്ധതികള്‍ക്ക് 300 കോടി ഡോളര്‍ അനുവദിച്ചുവെങ്കിലും ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അബാദിക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ചു. പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് സഹികെട്ട് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ബസ്‌റ പ്രക്ഷോഭം കൂടുതല്‍ രൂക്ഷവും വ്യാപകവുമാകാനുള്ള സാധ്യതയാണ്.
ഇറാഖിലെ അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അധിനിവേശ ശക്തികള്‍ സൃഷ്ടിച്ച ഖുര്‍ദ്ദിസ്ഥാന്‍ സ്വയംഭരണ പ്രവിശ്യയും സംഘര്‍ഷത്തിലേക്കാണ്. ഞായറാഴ്ച പ്രവിശ്യ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാട്രിയോട്രിക് യൂണിയന്‍ ഓഫ് ഖുര്‍ദ്ദിസ്ഥാന്‍ (പി.യു.കെ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അപകട സൂചനയാണ്. 111 അംഗ പാര്‍ലമെന്റ് സീറ്റുകള്‍ എതിരാളികളായ ഖുര്‍ദ്ദിസ്ഥാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും (കെ.ഡി.പി) സഖ്യകക്ഷികളും തൂത്തുവാരും. സായുധ പോരാളികള്‍ ഇരു പാര്‍ട്ടികള്‍ക്കും ഉണ്ട്. 1998 സെപ്തംബര്‍ 17-ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതാണ്. അധികാര പങ്കാളിത്തത്തിനുള്ളതാണ് ധാരണ. ഇറാഖ് ഭരണഘടന പ്രകാരം ഇറാഖ് പ്രസിഡണ്ട് സ്ഥാനം ഖുര്‍ദ്ദ് വംശജന് നീക്കിവെച്ചതാണ്. പി.യു.കെയിലെ ജലാല്‍ തലബാനിക്ക് സ്ഥാനം നല്‍കി. പ്രവിശ്യ പ്രസിഡണ്ട് സ്ഥാനം കെ.ഡി.പിയിലെ മസൂദ് ബര്‍സാനിക്കും ലഭിച്ചു. എന്നാല്‍ പോലും ഇരുപാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ പ്രത്യേകം പ്രത്യേകം മേഖലാ ഭരണകൂടവും നിലനില്‍ക്കുന്നു. ബര്‍സാനിയുടെ (കെ.ഡി.പി) തലസ്ഥാനം എര്‍ബില്‍. പി.യു.കെയുടെ ഭരണകേന്ദ്രം ‘സുലൈമാനിയ’. 2005-ല്‍ ഐക്യഭരണത്തിന് ധാരണയിലെത്തിയതാണെങ്കിലും പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടെയും സായുധ വിഭാഗം കരുത്തരാണിപ്പോള്‍. ഇതിന് കാരണം അമേരിക്കയുടെ നിലപാടാണ്. 1990-ല്‍ എ.കെ 47 തോക്കുകള്‍ മാത്രമുണ്ടായിരുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് ഐ.എസിനെ തകര്‍ക്കാന്‍ ടാങ്ക്, ജര്‍മ്മന്‍ നിര്‍മ്മിത ടാങ്ക് വിരുദ്ധ മിസൈല്‍ തുടങ്ങിയ വന്‍ ആയുധങ്ങള്‍ നല്‍കി. ഐ.എസിനെ തകര്‍ത്തുവെങ്കിലും ഇരുപക്ഷത്തേയും സായുധ ഗ്രൂപ്പുകള്‍ ശക്തരായി. പി.യു. കെ നേതാവും ഇറാഖി പ്രസിഡണ്ടുമായ തലബാനി കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തെ ശക്തനായ വലംകൈ നവാശിര്‍ മുസ്തഫ അഞ്ച് മാസം മുമ്പും വിടപറഞ്ഞതോടെ പി.യു.കെ ക്ഷീണിച്ചു. തലബാനിയുടെ മകന്‍ ബഫല്‍ തലബാനി നേതൃത്വത്തിലുണ്ടെങ്കിലും വലിയ ജനസമ്മതിയില്ല. പി.യു.കെ കേന്ദ്രങ്ങള്‍ കയ്യിലെടുക്കാന്‍ കെ.ഡി.പി ശ്രമം തുടങ്ങി. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ കെ.ഡി.പി ഇവിടെ മുന്നേറ്റം നടത്തും. ഇറാഖ് പ്രസിഡണ്ട് സ്ഥാനവും കെ.ഡി.പി തന്നെ കയ്യടക്കുന്നു. ഇറാഖ് പാര്‍ലമെന്റില്‍ കെ.ഡി.പിക്ക് 25 സീറ്റ് ലഭിച്ചിട്ടുണ്ട്. പി.യു.കെ വിട്ടുപോയവര്‍ ഇപ്പോള്‍ കെ.ഡി.പി മുന്നണിയിലാണ്. പ്രവിശ്യ പാര്‍ലമെന്റ് ഫലം പുറത്തുവരുന്നതോടെ, ഖുര്‍ദ്ദിസ്ഥാന്‍ കലാപഭൂമിയാകുമെന്നാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുടെ ഭയം. ഐ.എസിന് തിരിച്ചുവരവിന് സാഹചര്യം ഒരുക്കുകയായിരിക്കും തമ്മിലടിയുടെ ഫലം. ഖുര്‍ദ്ദിഷ് പാര്‍ട്ടികളുടെ തമ്മിലടിയില്‍ അമേരിക്ക അസ്വസ്ഥത പ്രകടിപ്പിച്ചുകഴിഞ്ഞു.
സദ്ദാം ഭരണത്തിന് ശേഷം മികച്ച ഭരണം വാഗ്ദാനം ചെയ്ത അധിനിവേശകരും ഒപ്പം ഒശാന പാടിയവരുമൊക്കെ അസ്വസ്ഥരും ആശങ്കാകുലരുമാണിപ്പോള്‍. ഇറാഖിന്റെ ഭാവിയെന്ത്? ഫെഡറല്‍ ഭരണത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം ഇറാഖിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കും. അത് മേഖലയുടെ ആകെ ഭിന്നതക്ക് കാരണമാവുമെന്നാണ് ലോക സമൂഹത്തിന്റെ ആശങ്ക.