ടി.എച്ച് ദാരിമി
ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്‍ മുതല്‍ കുടങ്ങള്‍ വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്‍ കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്‍ കിടന്നുപിടയുന്ന കേരളത്തില്‍ പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്‍ ഒരു വലിയ വീട് ശ്രദ്ധയില്‍പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള ആ മാളികയുടെ വാതില്‍ക്കലാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടാങ്കുകളും ഡ്രമ്മുകളും നിരത്തിവെച്ചിരിക്കുന്നത്. അവിടെ എത്തിയപ്പോള്‍ അതിനെ കുറിച്ചൊന്ന് ചോദിച്ചറിയണം എന്ന താല്‍പര്യം. ഒരുപാട് അംഗങ്ങളുള്ളതോ അല്ലെങ്കില്‍ ഒരുപാട് വെള്ളം വേണ്ട ഏതെങ്കിലും രോഗികളുള്ളതോ ആയ വീടാണോ എന്നൊക്കെയറിയാന്‍ വേണ്ടി മാത്രം.
ചോദിച്ചറിഞ്ഞപ്പോള്‍, ഒരു കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും മാത്രം ജീവിക്കുന്ന വീടാണത് എന്ന് മനസിലായി. വീട്ടിലെ അംഗങ്ങളേക്കാള്‍ അധികം വരുന്ന വേലക്കാരില്ലായിരുന്നുവെങ്കില്‍ ആ വീട്ടിലെ പല മുറികളും ജനസാന്നിധ്യം അറിയുകതന്നെയില്ല. ഇത്രയും ചെറിയ വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ കണ്ട പാത്രങ്ങളൊക്കെയും നിരത്തിവെച്ചിരിക്കുന്നത്. സമീപത്തുള്ളവര്‍ ദിവസവും ഇരുനൂറ് രൂപ മുതല്‍ നാനൂറ് രൂപക്ക് വരെ വെള്ളം വാങ്ങുമ്പോള്‍ ഈ പണക്കാരന്‍ രണ്ടായിരം രൂപയുടെ വെള്ളം വാങ്ങുമത്രെ. വേനല്‍ പകരുന്ന ആത്മീയമോ ഭൗതികമോ ആയ സന്ദേശങ്ങളൊന്നും ഈ കുടുംബനാഥന്റെ ചെവിയിലൂടെ തരിമ്പും കടന്നില്ലല്ലോ എന്ന് ആലോചിച്ചുപോയി. പ്രകൃതി വഴി അല്ലാഹു നല്‍കുന്ന സന്ദേശങ്ങളെ പണം കൊണ്ട് നേരിടുകയാണ് അയാള്‍. ഏതു പ്രതിസന്ധിയിലും ധൂര്‍ത്ത് കൈവിടാന്‍ അയാള്‍ ഒരുക്കമല്ല.
ഈ കാഴ്ച കൂട്ടിക്കൊണ്ടുപോയത് നബി (സ) തിരുമേനിയിലേക്കാണ്. ഒരിക്കല്‍ സഅ്ദ് (റ) എന്ന സ്വഹാബി നമസ്‌കാരത്തിനു വേണ്ടി വുളൂഅ് ചെയ്യുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. ആത്മീയ ഔന്നിത്യം എമ്പാടുമുള്ള ആ സ്വഹാബി ഓരോ അവയവങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കഴുകുകയായിരുന്നു. ഒരുപാട് വെള്ളം ഉപയോഗിച്ച് ആവശ്യത്തിലധികം പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതു കണ്ട നബി തിരുമേനി അസ്വസ്ഥനായി. നബി ചോദിച്ചു: ‘എന്തൊരു ദുര്‍വ്യയമാണിത് സഅ്ദ്?’. നബിയുടെ ഇടപെടല്‍ സഅ്ദി(റ)നെ ഉണര്‍ത്തി. നിഷ്‌കളങ്കമായ ഒരു പ്രകോപനമായിരുന്നു അതദ്ദേഹത്തിലുണ്ടാക്കിയത്. അദ്ദേഹം ചോദിച്ചു: ‘നബിയേ, വുളൂവിലും ദുര്‍വ്യയമുണ്ടോ?’. ഒരു ആരാധനയുടെ മുന്നൊരുക്കവും ഭാഗവും ആയതിനാല്‍ എത്ര അധികം ചെയ്യുന്നുവോ അത്രയും അത് നന്നായിരിക്കുകയാകുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത് നബി (സ) തിരുത്തി. നബി (സ) പറഞ്ഞു: ‘ഉണ്ട്, നീ ഒരിക്കലും ദുര്‍വ്യയം ചെയ്യരുത്, ഒലിക്കുന്ന പുഴയില്‍ നിന്നാണ് നീ വുളൂഅ് ചെയ്യുന്നതെങ്കിലും’. (അഹ്മദ്)
ധൂര്‍ത്തും ദുര്‍വ്യയവും ഇസ്‌ലാം കണിശമായി താക്കീതു ചെയ്യുന്ന സ്വഭാവങ്ങളാണ്. അവയോട് അല്ലാഹുവിനുള്ള കഠിനമായ അനിഷ്ടം പല സൂക്തങ്ങളുടെയും വാക്കുകള്‍ക്കിടയില്‍ കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: ‘നീ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടുകാര്‍ തന്നെയത്രെ’ (ഇസ്‌റാഅ്: 27) ദുര്‍വ്യയം ചെയ്യുന്നവരെ പിശാചിന്റെ കൂട്ടുകാര്‍ എന്നാണ് അല്ലാഹു വിളിച്ചിരിക്കുന്നത്. പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം ദൈവത്തേയും ദൈവാനുഗ്രഹങ്ങളേയും നിഷേധിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. ധൂര്‍ത്തും ദുര്‍വ്യയവും ചെയ്യുന്നവനും സത്യത്തില്‍ ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു തന്ന, തരുന്ന അനുഗ്രഹങ്ങളെ അനാവശ്യമായും നിഷ്ഗുണമായും ഉപയോഗിച്ച് കളയുക എന്നതാണല്ലോ ഇവിടെ മനുഷ്യന്‍ ചെയ്യുന്നത്. ഇത് അനുഗ്രഹങ്ങളെയും അനുഗ്രഹിച്ചവനെയും നിഷേധിക്കുന്നതിനു തുല്യമാണ്. ആയത്തിന്റെ അവസാന ഭാഗത്ത് ‘പിശാച് തന്റെ നാഥനോട് നിഷേധം പുലര്‍ത്തുന്നവനാണ്’ എന്നുകൂടി പറയുന്നത് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ആശയം വ്യക്തമാകും. ഇസ്‌ലാമിന്റെ മഹത്തായ ദൗത്യങ്ങള്‍ പരിചയപ്പെടുത്തി കൊണ്ട് നബി(സ) പറയുന്ന ഹദീസില്‍ കാണാം: ‘അവന്‍ അടിസ്ഥാനരഹിതങ്ങളായ വര്‍ത്തമാനങ്ങളെയും അനാവശ്യവും അമിതവുമായ ചോദ്യങ്ങളെയും ധനം വെറുതെ പാഴാക്കിക്കളയുന്നതിനെയും വെറുക്കുന്നു’ എന്ന്. (മുസ്‌ലിം).
ധൂര്‍ത്തും ദുര്‍വ്യവും നിഷിദ്ധമാകുവാനുള്ള മറ്റൊരു കാരണം അത് അന്യരുടെ അവകാശങ്ങളെ കവരുന്നു എന്നതാണ്. ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും വേണ്ടി സ്രഷ്ടാവ് കനിയുന്നതാണ് അനുഗ്രഹങ്ങളെല്ലാം. അതില്‍ വെള്ളം പോലെ പൊതുവായവയിലെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ കൂടിക്കിടപ്പുണ്ട്. ആകാശമേലാപ്പ് തുറന്ന് ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്. വിധിപോലെ അതിന്റെ പങ്ക് ഓരോരുത്തരിലും എത്തിച്ചേരുന്നു. ഓരോരുത്തര്‍ക്കും ലഭിക്കുന്നതില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാവാം. കൂട്ടത്തില്‍ വലുതും അധികവും ലഭിച്ചവരോട് ലഭിക്കാത്തവര്‍ക്കും മതിയാകാത്തവര്‍ക്കും നല്‍കുവാന്‍ അല്ലാഹു ആവശ്യപ്പെടുന്നു. അതവര്‍ നല്‍കുവാനും വകവെച്ചുകൊടുക്കുവാനും തയ്യാറാവുന്നുണ്ടോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പൊതുവിതരണം നടത്തുന്നത്. തനിക്കു ലഭിച്ചതില്‍ നിന്ന് ലഭിക്കാത്തവര്‍ക്കും മതിയാവാത്തവര്‍ക്കും കൊടുക്കാന്‍ താന്‍ ധാര്‍മ്മികമായി ബാധ്യസ്ഥനാണ് എന്ന് തിരിച്ചറിയുകയും അങ്ങനെ നല്‍കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷയില്‍ ജയിക്കുന്നു. അല്ലാത്തവര്‍ പരാചയപ്പെടുന്നു. ദുര്‍വ്യയം ചെയ്യുന്നവര്‍ ധാര്‍മ്മികമായി പരാചയപ്പെടുന്നത് ഇങ്ങനെയാണ്. കാരണം അവര്‍ തങ്ങളുടെ അഹങ്കാരവും ആഢംബര ഭ്രമവും കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണ്. ഇത് അക്രമമാണ്.
ധൂര്‍ത്തും ദുര്‍വ്യവും തികച്ചും നിരര്‍ഥകങ്ങളാണ് എന്നതുകൂടി ഇവയെ നിഷിദ്ധമാക്കുന്നതിനു പിന്നിലുണ്ട്. കാരണം ധൂര്‍ത്തും ദുര്‍വ്യയവും വെറും പ്രകടനപരതക്കുവേണ്ടി മാത്രമുള്ളതാണ്. ഒരാള്‍ തന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി ഏത് അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുന്നതും ധൂര്‍ത്തല്ല. മറിച്ച് യാതൊരു ആവശ്യവുമില്ലാതെ സ്വത്തും അനുഗ്രഹങ്ങളും വെറുതെ പാഴാക്കിക്കളയുന്നതാണ് ധൂര്‍ത്തിന്റെ പരിധിയില്‍ വരുന്നത്. ഇങ്ങനെ ചെയ്യുന്നതാവട്ടെ മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവരുടെ മുമ്പില്‍ ഒന്ന് മാറുവിരിക്കാനും വേണ്ടി മാത്രമുള്ളതാണ്. ഉദാഹരണമായി ഒരു വലിയ വീടെടുക്കാം. കൂട്ടുകുടുംബങ്ങളില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ഒരാള്‍ക്ക് തന്റെ കൊച്ചുകുടുംബവുമായി കഴിയാന്‍ വേണ്ട അത്ര പോന്ന വീടല്ല അയാളുണ്ടാക്കുന്നത്. ആവശ്യമില്ലാതെ ഒരു പാട് റൂമുകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ഒരു കൊട്ടാരം തന്നെ നിര്‍മ്മിക്കുന്നു. അയാള്‍ നിര്‍മ്മിക്കുന്ന റൂമുകള്‍ കൊണ്ട് അയാള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ മാറുവിരിക്കാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല. വീടിനെ മോടി പിടിപ്പിക്കാന്‍ വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ ലക്ഷങ്ങളും മറ്റുള്ളവരുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയോ അസൂയപ്പെടുത്തുകയോ ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. വീടിനുള്ളില്‍ നിരത്തുന്ന ഫര്‍ണിച്ചറുകളുടെ കാര്യവും തഥൈവ. വില കൂടിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അത് മനസ്സമാധാനത്തിനെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ആ ഒരു അര്‍ഥമെങ്കിലും ഉണ്ടായിരുന്നേനെ. സ്വന്തമോ കുടുംബാംഗങ്ങളുടെയോ ശരീരത്തിനോ മനസ്സിനോ യാതൊരു ഗുണവും പകരുന്നില്ലാത്ത ഈ ഗേഹങ്ങള്‍ വെറും പ്രകടനപരതയുടെ മാത്രം സിംബലുകളായി മാറുകയാണ്. വീട് ഒരു ഉദാഹരണം മാത്രം. ആഭരണങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുകയാണ്.
ധൂര്‍ത്തും ദുര്‍വ്യയവും മനുഷ്യനെ ദൈവ നിന്ദയിലേക്കും ശാപ കോപങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതിന് ഖുര്‍ആന്‍ പറഞ്ഞുതരുന്ന ചരിത്രമാണ് ആദ്, സമൂദ്, ഫറോവന്‍ ജനതകളുടേത്. ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും അധികാരവും എമ്പാടുമുണ്ടായിരുന്ന അവര്‍ ധൂര്‍ത്തന്മാരും അഹങ്കാരികളുമായി മാറി. പാറകള്‍ തുരന്നും വലിയ സ്തൂപങ്ങള്‍ ഉയര്‍ത്തിയും വലിയ വീടുകളുണ്ടാക്കിയ ആ ജനത തങ്ങളുടെ ധൂര്‍ത്തിലൂടെ അഹങ്കാരത്തിലേക്കും അതുവഴി ദൈവ നിന്ദയിലേക്കും എത്തിപ്പെട്ടു. കടുത്ത കൊടുങ്കാറ്റ് കൊണ്ടൂം പ്രകൃതിക്ഷോഭം കൊണ്ടും അവരെകൊണ്ട് അല്ലാഹു അതിനു വില നല്‍കിച്ചു എന്നത് അല്‍ ബലദ്, അല്‍ ഹാഖ, അല്‍ ഫജ്ര്‍ തുടങ്ങിയ സൂറകളില്‍ പറയുന്നുണ്ട്. അന്ത്യനാള്‍ വരേക്കും നിലനില്‍ക്കുന്ന ഖുര്‍ആനില്‍ പറഞ്ഞു എന്നതിനുമപ്പുറം സിറിയയിലെ പെട്രാ മുതല്‍ സഊദിയിലെ തബൂക്ക് വരേയുള്ള പ്രദേശങ്ങളില്‍ ആ ദുരന്തത്തിന്റെ ബാക്കിചിത്രങ്ങള്‍ നമുക്കിപ്പോഴും കാണാം.