ടിഎച്ച് ദാരിമി
മലയാളക്കരയില്‍ പൊതുവെ ശഅ്ബാന്‍ മാസമായാല്‍ മുസ്‌ലിം വീടുകളില്‍ തകൃതിയായ ശുചീകരണത്തിരക്കുകള്‍ കാണാം. ഈ സമയത്ത് സ്ത്രീകള്‍ വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ സമയത്തുതന്നെ. നനച്ചുകുളി എന്ന് വ്യവഹരിക്കപ്പെട്ടുവരുന്ന ഈ യജ്ഞം റമസാനില്‍ ഉണ്ടാകുന്ന സാമൂഹ്യ ശാന്തതയെ സാരമായി സ്വാധീനിക്കുന്നു എന്നത് ശരിയാണെങ്കിലും ഇത് ശരിയായ അര്‍ഥത്തില്‍ പുലരേണ്ട തും ഉണ്ടാവേണ്ടതും ഇതിനേക്കാള്‍ വിശാലമായ ഒരു ഭൂമികയിലാണ്. അഥവാ റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും ഓരോ വ്യക്തിയുടേയും മനസ്സില്‍ നിന്ന് ആരംഭിക്കേണ്ടതും അവന്റെ സകല ജീവിത ഘടകങ്ങളിലൂടെയും കടന്നുപോകേണ്ടതുമാണ്.
റമസാനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ സാംഗത്യവും പ്രാധാന്യവും തിരിച്ചറിയാന്‍ നാം ആദ്യം റമസാനെ തിരിച്ചറിയുകയാണ് വേണ്ടത്. റമസാന്‍ എത്ര വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിയുമ്പോള്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യം ബോധ്യമാകും. സത്യവിശ്വാസിയായ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഐഹികത നഷ്ടപ്പെടുത്തിയ എല്ലാ അനുഗ്രഹങ്ങളെയും തിരിച്ചുപിടിക്കാനുള്ള അവസരമാണ് റമസാന്‍. മനസ്സ്, അതിനെ താങ്ങിനിറുത്തുന്ന ശരീരം, അവ രണ്ടിനെയും പരസ്പരം ഘടിപ്പിക്കുന്ന വികാര വിചാരങ്ങള്‍, ഈ വികാര വിചാരങ്ങള്‍ വഴി മനുഷ്യന്‍ ശീലിക്കുന്ന ശീലങ്ങളും സ്വഭാവങ്ങളും ഇതെല്ലാം സ്വാധീനിക്കുന്ന ജീവിത ശൈലിയുമെല്ലാം കൂടുന്നതാണ് മനുഷ്യന്‍. ഈ ഘടകങ്ങളില്‍ നിന്ന് താളഭംഗം വന്നതിനെയെല്ലാം റമസാന്‍ ശരിയായ താളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. അതുകൊണ്ട് റമസാന്‍ അമൂല്യമായ ഒരു അനുഗ്രഹമാണ്.
ജീവിതമെന്ന ഒഴുക്ക് വികാരങ്ങളുടെ പാത പുല്‍കുമ്പോള്‍ മനുഷ്യന്റെ മനസ്സിനും ശരീരത്തിനും വഴിതെറ്റുന്നു. അരുതായ്മകളില്‍ അവന്‍ ചെന്നു വീഴുന്നു. പാപങ്ങളില്‍ മുഖം കുത്തിവീഴുന്നു. ഇത് പതിനൊന്നു മാസം തുടര്‍ച്ചയായി നടക്കുമ്പോള്‍ ഒരു തിരിച്ചുവരവിനു കഴിയാത്ത വിധം അവന്റെ മനസ്സ് അകന്നുപോകുന്നു. ഈ സാഹചര്യത്തിലാണ് റമസാന്‍ അവന്റെ തുണക്കെത്തുന്നു. റമസാനിലെ നോമ്പ് നബി (സ) പറഞ്ഞതു പോലെ വിശ്വാസപൂര്‍വവും പ്രതിഫലേഛയോടെയും കൂടിയുള്ളതാണെങ്കില്‍ അവന്റെ പാപങ്ങളെ കഴുകിത്തുടക്കുന്നു. അപ്രകാരം തന്നെ വ്രതം എന്ന ശാരീരിക നിയന്ത്രണത്തിന്റെനൈരന്തര്യം അവന്റെ കോശങ്ങളേയും ശരീരത്തിന്റെ ഭാഗങ്ങളേയും വീണ്ടും ആരോഗ്യവത്താക്കുന്നു. റമസാനിലെ വ്രത ചിന്തയോടെയുള്ള ഖുര്‍ആന്‍ പാരായണവും ദാന ധര്‍മ്മങ്ങളും അവന്റെ വികാര വിചാരങ്ങളെയും ജീവിത താളങ്ങളേയും ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഇങ്ങനെ മനുഷ്യനില്‍ സമൂലമായി ഇടപെടുന്നതു കൊണ്ടാണ് റമസാന്‍ ഇത്രക്കും വലിയ അനുഗ്രഹമായി മാറുന്നത്.
രണ്ട് കാര്യങ്ങളാണ് ഈ ഒരുക്കത്തെ ന്യായീകരിക്കുന്നത്. ഒന്നാമതായി നോമ്പ് എന്നത് മനുഷ്യന്‍ അവന്റെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും വികാര വിചാരങ്ങള്‍ കൊണ്ടും എല്ലാം ഒരേ സമയം നിര്‍വഹിക്കേണ്ട ഒരു ആരാധനയാണ്. കേവലം പരമ്പരാഗതമായ ഒരു കര്‍മ്മം എന്ന നിലക്ക് കണ്ടുകൊണ്ട് അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതല്ല നോമ്പ്. നബി(സ) പറയുകയുണ്ടായി. ഒരാള്‍ തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ വെറുതെ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല എന്ന്. ഈ സ്വഹീഹായ ഹദീസില്‍ നിന്നും നോമ്പ് മനുഷ്യന്റെ എല്ലാ ഘടകത്തെയും സ്വാധീനിക്കണമെന്നും അതിന്റെ ബാഹ്യ രൂപത്തില്‍ ഒതുങ്ങിനിന്നാല്‍ പോരാ എന്നും വ്യക്തമാക്കുന്നു. ഒരു ആരാധന ഒരുപാട് ഘടകങ്ങളെ ഒരേ സമയം സ്വാധീനിക്കുന്നതാവണമെങ്കില്‍ അത് കൃത്യമായും കണിശമായും പരിശീലിക്കപ്പെടുക തന്നെ വേണം. പരിശീലനമാണല്ലോ ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ശ്രദ്ധിക്കുന്ന ഒരു അഭ്യാസിയുടെ കൈമുതല്‍. ഇപ്രകാരം തന്നെയാണ് നോമ്പിന്റെ കാര്യവും. തെറ്റുകളിലും തിന്മകളിലും വീഴാതെ കൂടുതല്‍ ശരിയുടെയും നന്മയുടേയും വഴിയിലൂടെ തന്നെ തന്റെ നോമ്പിനേയും റമസാനിനെയും കൊണ്ടുപോകാന്‍ തികഞ്ഞ പരിശീലനം തന്നെ വേണം. അത്തരമൊരു പരിശീലനം നേടുക എന്നത് തന്നെയാണ് ശഅ്ബാനില്‍ ചെയ്യാനുള്ളതിന്റെ ആകെത്തുകയും.
നബി(സ) തിരുമേനി ശഅ്ബാനിനെ ആ അര്‍ഥത്തിലാണ് സമീപിച്ചത്. ആയിശ(റ) പറയുന്നു: ‘നബി(സ) ഏറ്റവും അധികം നോമ്പു നോറ്റിരുന്നത് ശഅ്ബാനിലായിരുന്നു’ (മുസ്‌ലിം). നബി(സ) ഇനി ഈ മാസം നോമ്പ് ഉപേക്ഷിക്കണമെന്നില്ല എന്ന് അനുയായികള്‍ക്ക് തോന്നുന്ന അത്ര നബി (സ) നോമ്പു നോല്‍ക്കുമായിരുന്നു. ഇടക്ക് നബി നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. നോമ്പ് ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ അനുയായികള്‍ക്ക് ഇനി നബി നോമ്പ് നോല്‍ക്കുമായിരിക്കില്ല എന്നു തോന്നിപ്പോകാവുന്ന വിധമായിരുന്നു എന്നും ഹദീസുകളിലുണ്ട്. മാത്രമല്ല, ശഅ്ബാനില്‍ ഇങ്ങനെ ആരാധനകള്‍ അധികരിപ്പിക്കുന്നതിന്റെ ന്യായം ഒരിക്കല്‍ നബിയോട് ആരാഞ്ഞപ്പോള്‍ അവര്‍ പറയുകയുണ്ടായി: ‘റജബിനും റമസാനിനുമിടയില്‍ ജനങ്ങളാല്‍ അവഗണിക്കപ്പെട്ടു പോയേക്കാവുന്ന ഒരു മാസമാണ് ശഅ്ബാന്‍’. ‘ഞാന്‍ നോമ്പുകാരനായിരിക്കേ എന്റെ ആരാധനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും നബി പറയുകയുണ്ടായി. നോമ്പ് മാത്രമല്ല എല്ലാ വിധ ആരാധനകളും നബി (സ) കൂടുതലായി ചെയ്യാറുള്ള മാസമാണ് ശഅ്ബാന്‍ എന്നത് ഈ ഹദീസിന്റെ വാക്കുകള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം. യാതൊരു മടിയും ക്ഷീണവുമില്ലാതെ ആരാധനകളില്‍ ലയിക്കാനുള്ള മനസ്സ് മനുഷ്യന്‍ ക്രമേണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അത് റമസാന്‍ മാസപ്പിറവി കണ്ടതോടെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുക സാധ്യമല്ല. അങ്ങനെ ഒന്നും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതല്ല മനുഷ്യന്റെ പ്രകൃതം. അതുകൊണ്ട് നേരത്തെ മുതല്‍ തന്നെ അത്തരം ശീലങ്ങള്‍ ശീലിപ്പിക്കേണ്ടതുണ്ട്. രണ്ടാമതായി അത് ഇത്രയും വലിയ ഒരു അനുഗ്രഹത്തോടുള്ള മാന്യമായ ഒരു പ്രതികരണത്തിന്റെ ഭാഗമാണ്. കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവുമാണ് പലപ്പോഴും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ അര്‍ഥമാക്കുക. നന്നായി ഒരുങ്ങുമ്പോള്‍ നന്നായി പരിഗണിക്കുന്നു എന്നുവരും. തീരെ ഒരുങ്ങാതിരിക്കുമ്പോള്‍ തീരെ പരിഗണിച്ചില്ല, കണക്കിലെടുത്തില്ല എന്നും വരും. അങ്ങനെ ചെയ്താല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള അനാദരവായിരിക്കും.
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടത് മനസ്സില്‍ നിന്ന് തന്നെയാണ്. മനസ്സാണ് മനുഷ്യന്റെ കേന്ദ്രം. അവിടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും ജനിക്കുന്നത്. മനസ്സാണ് എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. മനസ്സില്‍ ഏറെ കുമിഞ്ഞ്കൂടുന്നത് പാപങ്ങളുടെ കൂമ്പാരങ്ങളാണ്. അവയെ ശുദ്ധീകരിക്കാന്‍ ആദ്യം വേണ്ടത് തൗബയാണ്. തൗബ പാപങ്ങളുടെ മാലിന്യങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്നു. മാത്രമല്ല അത് മാനസികാരോഗ്യത്തെ വീണ്ടെടുത്തുതരികയും ചെയ്യുന്നു. അതിനാല്‍ പാപങ്ങള്‍ തിരിച്ചറിഞ്ഞും അതു സംഭവിച്ച് പോയതില്‍ ഖേദിച്ചും ഇനിയത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ചും സത്യസന്ധമായി തൗബ ചെയ്യണം. അതിനുള്ള സമയമാണിത്. റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളില്‍ പ്രധാനവുമാണത്.
രണ്ടാമത്തേത് കൂടുതലായി ആരാധനകള്‍ ചെയ്യുകയും അതുവഴി മടിയും ക്ഷീണവും ഇല്ലാതാക്കുകയുമാണ്. റമസാനില്‍ കഠിനമായ ആരാധനകള്‍ ഒരുപാട് ചെയ്യാനുണ്ട്. അവയുടെ മുമ്പില്‍ ക്ഷീണത്തിലോ തളര്‍ച്ചയിലോ പെട്ടുപോയാല്‍ നമുക്കു ലഭിക്കുന്ന വലിയ അവസരം പാഴായിപ്പോകും. ആ ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നോമ്പ് തന്നെയാണ്. കാരണം റമസാനില്‍ നമുക്കു ചെയ്യാനുള്ള ഏറ്റവും ഭാരമേറിയ കര്‍മ്മം അതുതന്നെയാണ്. ആത്മാവ് നഷ്ടപ്പെടാത്ത നോമ്പായി നമ്മുടേത് മാറണമെങ്കില്‍ ഒരേ സമയം ഒരുപാട് ഘടകങ്ങളെ അതില്‍ സന്നിഹിതമാക്കേണ്ടതുണ്ട്. അതു സാധ്യമാക്കാന്‍ പരിശീലനവും വേണ്ടതുണ്ട്. നബി (സ) റമസാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികമായി ചെയ്തിരുന്ന ആരാധന നോമ്പായിരുന്നു എന്നു ഹദീസ് പറയുന്നത് അതുകൊണ്ടാണ്. മറ്റൊന്ന് സുന്നത്തു നമസ്‌കാരങ്ങള്‍ ശീലിക്കുക എന്നതാണ്. റമസാന്‍ ഒരു സുന്നത്തിന് ഒരു ഫര്‍ളിന്റെ പ്രതിഫലം കിട്ടുന്ന പുണ്യവേളയാണ്. അതിനാല്‍ യാതൊരു മടിയും കൂടാതെ ധാരാളമായി സുന്നത്തു നമസ്‌കാരങ്ങള്‍ നിര്‍വഹിക്കണം. സാധാരണ ഗതിയിലുള്ള സുന്നത്തു നമസ്‌കാരങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. റവാത്തിബ് സുന്നത്തുകള്‍ക്കു പുറമെ ളുഹാ, തഹജ്ജുദ്, വിത്‌റ് തുടങ്ങിയ നമസ്‌കാരങ്ങള്‍ ശീലമാക്കണം. എന്നാല്‍ അത് റമസാനിലേക്കും ജീവിതത്തിലേക്കു തന്നെയും ഒരു മുതല്‍കൂട്ടായി പരിണമിക്കും.
മറ്റൊന്ന് ശീലമാക്കേണ്ടത് ഖുര്‍ആന്‍ പാരായണമാണ്. വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമസാന്‍. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്നാണ് ഈ മാസത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതു തന്നെ. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനോടൊപ്പം അതിന്റെ ആശയവും അര്‍ഥവും പഠിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. കാരണം ഖുര്‍ആന്‍ പാരായണത്തിന്റെ പരിപൂര്‍ണ്ണമായ ലഹരിയും ആനന്ദവുമെല്ലാം ലഭിക്കാന്‍ അത് ആവശ്യമാണ്. ചുരുക്കത്തില്‍ പതിവു പോലെ വീടും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കുന്നതല്ല, മനസ്സിനേയും ശരീരത്തേയും ജീവിത ശൈലിയേയും വൃത്തിയാക്കി റമസാനിനു വേണ്ടി ഒരുക്കുന്നതാണ് ശരിയായ നനച്ചുകുളി.