ടി.എച്ച് ദാരിമി
എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച അയാള്‍ കയ്യിലെടുക്കും. നാട്ടില്‍ ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്‍ കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്‍ അയാള്‍ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്‍ അയാളാണ്. ഇതിനിടയില്‍ അയാളുടെ വ്യക്തിത്വത്തിനുതന്നെ തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളിപ്പോള്‍ എന്തു കാര്യം പറഞ്ഞാലും ആരും അത് ഗൗനിക്കുകയേയില്ല. വേണ്ടാത്തതിലൊക്കെയും തലയിട്ടതിനു അയാള്‍ക്കു കിട്ടിയ ശിക്ഷയാണിത്. മാത്രമല്ല, അയാളുടെ ജീവിതമോ തികച്ചും ശൂന്യവുമാണ്. അത്തരമൊരാള്‍ എന്റെ അറിവില്‍ മാത്രമല്ല, നിങ്ങളുടെ നാട്ടിലുമുണ്ട്. എല്ലാ നാട്ടിലുമുണ്ട്.
താനുമായി ബന്ധമില്ലാത്തതിലേക്ക് വലിഞ്ഞുകയറുന്നതും വഴിയെ പോകുന്നവയെ എടുത്ത് തലയില്‍വെക്കുന്നതും ഇങ്ങനെ ചിലരുടെ സ്വഭാവമാണ്. അവരും ജീവിതവും അതുവഴി ഒരു നിരര്‍ഥകതയിലേക്കും മേല്‍ സൂചിപ്പിച്ചതുപോലുള്ള തേയ്മാനങ്ങളിലേക്കുമാണ് സത്യത്തില്‍ എത്തിച്ചേരുന്നത്. അതുകൊണ്ടാണ് മനുഷ്യകുലത്തെ മഹാമൂല്യങ്ങളിലേക്കുനയിച്ച പ്രവാചകന്‍ അതിനെ താക്കീതു ചെയ്തത്. ഇസ്‌ലാമിന്റെ സൗന്ദര്യത്തികവായി അതിനെ എണ്ണിയതും. അബൂ ഹുറൈറ(റ)യില്‍ നിന്നും ഇമാം തിര്‍മുദി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്‍ നബി (സ) പറയുന്നു: ‘ഒരാളുടെ ഇസ്‌ലാമിന്റെ സൗന്ദര്യമാണ് തനിക്കു ബാധ്യതയില്ലാത്തവയെയെല്ലാം ഉപേക്ഷിക്കുക എന്നത്’ (തിര്‍മുദി). ഇസ്‌ലാം ഒരു ജീവിത ശൈലിയാണ്. അത് മനുഷ്യജീവിതത്തിന് അലങ്കാരവും സൗന്ദര്യവും ആകുന്നത് ആ ശൈലി ജീവിതം കൊണ്ട് സ്വാംശീകരിക്കപ്പെടുമ്പോഴാണ്. അതിനുവേണ്ടി ധാരാളം ഉപദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത്. കാരണം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ഒരുപാട് നഷ്ടങ്ങള്‍ മനുഷ്യന് സംഭവിക്കുന്നുണ്ട്. അവയിലൊന്ന് അവന്റെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുന്നു എന്നതാണ്. ജീവിതത്തിന്റെ അമൂല്യമായ കണികകളാണ് സമയങ്ങള്‍. അത് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. മറ്റൊരു പ്രശ്‌നം ഇത്തരക്കാര്‍ സ്വന്തം ഉത്തരവാദിത്വങ്ങളും കടമകളും ശ്രദ്ധിക്കാതിരിക്കുകയും ക്രമേണ തങ്ങളുടെയും ആശ്രിതരുടെയും ജീവിതം അവതാളത്തിലാകുകയും ചെയ്യുന്നു എന്നതാണ്.
ഇത്തരക്കാര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുമുണ്ട്. അവരുടെ മനസ്സും മനസ്ഥിതിയും മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും അതില്‍ ആനന്ദിക്കുന്നതിലും വ്യാപൃതമായിരിക്കും എന്നതാണത്. ഇതുകാരണം ഇത്തരക്കാര്‍ക്ക് ആത്മവിചാരണ നടത്താന്‍ കഴിയാതെവരും. ആത്മവിചാരണയുടെ കാര്യത്തില്‍ പരാജയപ്പെടുന്നവര്‍ക്കാകട്ടെ ജീവിതത്തില്‍ അനിവാര്യമായും ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താനോ ന്യൂനതകള്‍ പരിഹരിക്കാനോ കഴിയാതെവരും. ഇടക്കിടക്ക് ശുദ്ധീകരണപ്രക്രിയക്കു വിധേയമാകാത്ത മനസ്സ് ഇസ്‌ലാമില്‍ നിന്നും അകന്നുകൊണ്ടേയിരിക്കുമെന്നാണ്. ഇതിനെല്ലാം പുറമെയാണ് വ്യക്തിത്വത്തിന് സംഭവിക്കുന്ന തേയ്മാനങ്ങള്‍. മറ്റുള്ളവരുടെ കുറ്റങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും രഹസ്യങ്ങള്‍ വിളിച്ചുപറയുന്നവരെയും ആരും വിശ്വസിക്കില്ല. മാത്രമല്ല, തങ്ങളുടെ ഇടപെടലുകളെ പൊലിപ്പിക്കാന്‍ വേണ്ടി ധാരാളം കളവുകളും പരദൂഷണങ്ങളും ഇവര്‍ക്ക് പറയേണ്ടതായിവരും. ഇതും മതപരമായി മാത്രമല്ല സാമൂഹ്യമായികൂടി അവരുടെ വ്യക്തിത്വങ്ങളെ പ്രതികൂലമായി ബാധിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകവഴി ഇത്തരം തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാം മോചനം നേടാന്‍ കഴിയും. ഈ ഉപദേശത്തെ വിശുദ്ധ ഖുര്‍ആനും അടിവരയിടുന്നുണ്ട്. മനുഷ്യനെ സദാ നിരീക്ഷിക്കാന്‍ നിരീക്ഷകരായ മാലാഖമാരെ അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ അര്‍ഥത്തിലാണ്. അല്ലാഹു പറയുന്നു: ‘നിശ്ചയം നിങ്ങള്‍ക്കുമേല്‍ ചില മാന്യരായ, എല്ലാം രേഖപ്പെടുത്തിവെക്കുന്ന മേല്‍നോട്ടക്കാരുണ്ട്’ (ഇന്‍ഫിത്വാര്‍:10). മറ്റൊരിടത്ത് ഇങ്ങനെ കാണാം: ‘ശക്തരായ നിരീക്ഷകരറിയാതെ ഒരു വാക്കും ഉച്ചരിക്കപ്പെടുകയില്ല’ (ഖാഫ്:18).
പൂര്‍വസൂരികളുടെ ജീവിതങ്ങള്‍ മഹത്വം പൂണ്ടത് ഇത്തരം അച്ചടക്കങ്ങള്‍ വഴിയായിരുന്നു. മരണവക്രത്തിലും തിളങ്ങുന്ന മുഖവുമായി പുഞ്ചിരിക്കുന്ന അബൂ ദുജാന(റ)യുടെ സമീപത്തുവന്ന് പലരും ഈ സന്തോഷത്തിന്റെ കാരണം ആരായുകയുണ്ടായി. അദ്ദേഹം അതിന് അനുമാനിച്ചത് പ്രധാനമായും രണ്ടു കാരണങ്ങളായിരുന്നു. അവയിലൊന്ന് അദ്ദേഹം പറഞ്ഞു: ‘എനിക്കു ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുമായിരുന്നില്ല’. ചെറിയ ചെറിയ മുഹൂര്‍ത്തങ്ങളില്‍ പോലും ഇത്തരം ശ്രദ്ധ അവര്‍ പുലര്‍ത്തുമായിരുന്നു. മഹത്തുക്കളില്‍ ഒരാള്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഒരു കഥയുണ്ട്. എന്താണ് കാരണം എന്ന് പലരും തിരക്കി. അദ്ദേഹം പറഞ്ഞു: ‘എന്റെ ഭാര്യയെപറ്റിയുള്ള ഒരു സ്വകാര്യം ഞാന്‍ പരസ്യപ്പെടുത്തില്ല’. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി കഴിഞ്ഞതിനു ശേഷവും ചിലര്‍ കാരണവും തിരക്കി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അപ്പോള്‍ അവരോടുപറഞ്ഞു: ‘അവളിപ്പോള്‍ അന്യയാണ്, ഒരു അന്യയെ കുറിച്ച് ഞാനെന്തിനാ എന്തെങ്കിലും പറയുന്നത്?’. തന്റെ ബാധ്യതയിലോ പരിധിയിലോ ഉത്തരവാദിത്വത്തിലോ വരാത്ത കാര്യങ്ങളില്‍നിന്നാണ് ഒരാള്‍ ഒഴിഞ്ഞുനില്‍ക്കേണ്ടത്.
താനുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും ഇടപെടരുത് എന്ന് പറയുമ്പോള്‍ ഇത് ചില തെറ്റുധാരണകള്‍ ഉണ്ടാക്കിയേക്കാം. മറ്റുള്ളവരോട് നല്ലത് കല്‍പ്പിക്കുന്നതും തെറ്റുകള്‍ വിലക്കുന്നതും സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നതും മറ്റുള്ളവരുടെ കാര്യങ്ങള്‍ നിവര്‍ത്തിചെയ്യുന്നതിനായി ശ്രമിക്കുന്നതുമെല്ലാം ഈ പറഞ്ഞതിന്റെ പരിധിയില്‍ വരില്ലേ? അങ്ങനെയെങ്കില്‍ അതൊന്നും പാടില്ല എന്നായിരിക്കില്ലേ അതിന്റെ ധ്വനി? എന്നൊക്കെ സംശയിച്ചുപോയേക്കാം. അത്തരം സംശയങ്ങള്‍ തികച്ചും അസ്ഥാനത്താണ്. കാരണം അവയൊക്കെയും താനുമായി തീര്‍ത്തും ബന്ധമുള്ള കാര്യങ്ങള്‍ തന്നെയാണ്. കാരണം അവയെല്ലാം തന്റെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. ഒരു സദൃഢമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതിനും നിലനില്‍ക്കുന്നതിനും വേണ്ടി അല്ലാഹു കല്‍പ്പിച്ചതും ഏല്‍പ്പിച്ചതുമായ കാര്യങ്ങളാണ് ഇവയെല്ലാം. ഇവ മുടങ്ങിയാല്‍ സമൂഹം തന്നെ അര്‍ഥത്തില്‍ ഇല്ലാതാവും. അതിനാല്‍ അവയെല്ലാം ഉണ്ടാവുകതന്നെവേണം. ഇവിടെ ഉദ്ദേശിക്കുന്നത് തനിക്കു പ്രയോജനമൊന്നുമില്ലാത്തത് എന്നതുപോലെ ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ കൂടിയാണ്. നേരത്തെ നാം കണ്ട നാട്ടുകൂട്ടത്തിലെ വ്യക്തി അങ്ങനെയാണല്ലോ. അയാള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പ്രത്യേക പ്രയോജനവുമില്ലാത്ത കാര്യങ്ങളില്‍ വെറുതെ സ്വന്തം ജീവിതം ഹോമിക്കുകയാണല്ലോ അയാള്‍.
എന്നാല്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളും അന്വേഷണങ്ങളുമെല്ലാം ഇതിന്റെ പരിധിയില്‍ വരികതന്നെ ചെയ്യും എന്നാണ് ഈ ഹദീസിന്റെ ചില വ്യാഖ്യാനങ്ങളില്‍ പണ്ഡിതന്‍മാര്‍ പറയുന്നത്. കുതിരക്ക് എത്ര പല്ലുകളുണ്ട്?, നൂഹ് നബിയുടെ കപ്പലില്‍ ആകെ ഉപയോഗിച്ച ആണികളെത്രയായിരുന്നു?, അസ്വ്ഹാബുല്‍ കഹ്ഫിന്റെ നായയുടെ പേരെന്തായിരുന്നു? തുടങ്ങിയവയുടെ പേരിലുള്ള ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളുമെല്ലാമാണ് ഇതിന് അവര്‍ ഉദാഹരണമായി പറഞ്ഞത്. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിനോ മറ്റാര്‍ക്കെങ്കിലുമോ പ്രത്യേകമായ ഒരു പ്രയോജനവും ഉണ്ടാവാത്ത ഇത്തരം കാര്യങ്ങളില്‍ സമയം കളയുന്നത് തെറ്റാണ്. ഇത് ഗൗനിക്കാതെ വീണ്ടും ഇത്തരം ഗുണഫലമല്ലാത്ത ചര്‍ച്ചകളില്‍ ചിലര്‍ നടത്തുന്ന ഇടപെടലുകള്‍ സമൂഹത്തിലും സമുദായത്തിലുമെല്ലാം വലിയ വിള്ളലുകളും വിടവുകളും ഉണ്ടാക്കിയിട്ടുണ്ട് എന്നത് ചരിത്രവും അനുഭവവുമാണ്. ഇത്തരം വെറും വാദങ്ങള്‍ ആധുനിക സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട് എന്നത് ദുഃഖമാണ്. പണ്ടുകാലത്ത് പക്ഷേ, അങ്ങനെയുണ്ടായിരുന്നില്ല. അക്കാലത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ വരുമ്പോള്‍ അവയെയെല്ലാം സബഹുമാനം പരിഗണിക്കാറായിരുന്നു പതിവ്. അല്ലാതെ വേണ്ടാത്ത വിധം ഇടപെട്ട് വഷളാക്കലല്ല. ധാരാളം ഇമാമുമാര്‍ ഉണ്ടായത് അങ്ങനെയാണല്ലോ. അബൂ ഹുറൈറ(റ)യില്‍ നിന്നും നിവേദനം. നബി(സ) പറഞ്ഞു: ‘നീ നിനക്ക് ഉപകാരപ്പെടുന്നതിന്റെ കാര്യത്തില്‍ മാത്രം താല്‍പര്യമെടുക്കുക’ (മുസ്‌ലിം).