X

സംസ്‌കരണത്തിന്റെ മൂന്നു ചുവടുകള്‍

ടി.എച്ച് ദാരിമി

‘കുഞ്ഞുമോനേ, നീ നമസ്‌കാരം നിലനിര്‍ത്തുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്‍ പെട്ടതത്രെ’ (ലുഖ്മാന്‍: 17) വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്‍ അല്ലാഹു ഉദ്ധരിക്കുന്ന ലുഖ്മാന്റെ ഉപദേശങ്ങളില്‍ ഒന്നാണ് ഈ സൂക്തത്തിന്റെ ആശയം. ഈ അധ്യായത്തില്‍ 13 മുതല്‍ 19 കൂടിയ സൂക്തങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നത് ലുഖ്മാനുല്‍ ഹകീം തന്റെ മകനു നല്‍കിയ തത്വോപദേശങ്ങളാണ്. ഖുര്‍ആനില്‍ ആ ഉപദേശങ്ങള്‍ എടുത്തുദ്ധരിച്ചതിനു പിന്നിലെ ന്യായം, ആ ഉപദേശങ്ങളുടെ പ്രസക്തിയും സര്‍വകാലികതയുമാണ് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലത്തിന്റെ വികാസങ്ങളില്‍ അവഗണിക്കപ്പെട്ടുപോയേക്കാവുന്നതും എന്നാല്‍ ഏതു കാലവും കാത്തുസൂക്ഷിച്ചിരിക്കേണ്ടതുമായ ഉപദേശങ്ങളാണ് ലുഖ്മാന്‍ മകന് നല്‍കുന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകും. ഇപ്പോഴത്തെ വടക്കന്‍ സുഡാനിനും തെക്കന്‍ ഈജിപ്തിനുമിടക്ക് ജീവിച്ചിരുന്ന നൂബിയന്‍ വംശജനായ ഇടയനായിരുന്നു ലുഖ്മാനുല്‍ ഹകീം എന്നാണ് പ്രബലമായ ചരിത്രാനുമാനം. തെളിഞ്ഞ ചിന്തയും ചിന്തോദ്ദീപകമായ വാക്കുകളും ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്നത മൂല്യങ്ങളുംകൊണ്ട് ലുഖ്മാന്‍ ശ്രദ്ധിക്കപ്പെട്ടു. ന്യൂനത കടന്നുവരാത്ത ജീവതത്തിനുടമയായതുകൊണ്ടായിരിക്കണം, അന്ത്യനാള്‍ വരേക്കും നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനില്‍ അദ്ദേഹം പേരുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഇടം നേടിയത്. ദാവൂദ് നബിയുടെ കാലക്കാരനായിരുന്നു. സച്ചരിതനായ ഒരു തത്വചിന്തകനായിരുന്നു, പ്രവാചകനായിരുന്നില്ല അദ്ദേഹം എന്നാണ് പ്രബലമായ പക്ഷം.
സ്വന്തം മകന്‍ നല്ലവനായിത്തീരുക എന്നത് ഏതു പിതാവിന്റെയും മനസ്സിന്റെ നിഷ്‌ക്കളങ്കമായ ആഗ്രഹമാണ്. അതിനുവേണ്ടി നല്‍കുന്ന ഉപദേശങ്ങള്‍ അതുകൊണ്ടുതന്നെ പ്രത്യേകം പരിഗണിക്കേണ്ട അത്ര മൂല്യവത്തായിരിക്കും. ഈ അര്‍ഥത്തില്‍ അദ്ദേഹം സ്വന്തം മകന് നല്‍കുന്ന ഉപദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ സൂക്തം. ഈ സൂക്തത്തിന്റെ കേന്ദ്ര ആശയം ആത്മസംസ്‌കരണമാണ്. വ്യക്തിയെ സ്ഫുടം ചെയ്‌തെടുക്കേണ്ട വഴി. അതിന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന വഴിയും ലുഖ്മാനുല്‍ ഹകീമിന്റെ വഴിയും ഒന്നുതന്നെയാണ്. അതുകൊണ്ട് ഖുര്‍ആന്‍ അതിന്റെ ആശയം ലുഖ്മാനുല്‍ ഹകീമിന്റെ നാവിലൂടെ പറയുകയാണ്.
ആദ്യമായി പറയുന്നത് നമസ്‌കാരത്തെ കുറിച്ചാണ്. നമസ്‌കാരം മനുഷ്യനോട് അവന്റെ സ്രഷ്ടാവ് നിര്‍ദ്ദേശിച്ച ഏറ്റവും വലിയ ആരാധനയാണ്. മനുഷ്യകുലത്തിലെ എല്ലാ ജനവിഭാഗങ്ങളോടും നമസ്‌കാരം ജീവിതചിട്ടയായിട്ടെടുക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യനില്‍ ആത്മീയവും വൈകാരികവും ശാരീരികം പോലുമായ എല്ലാ സ്വാധീനങ്ങളും ചെലുത്തുന്ന ഒന്നാണ് ഇസ്‌ലാം. കൃത്യമായ ഇടവേളകളില്‍ ഭക്തിപൂര്‍വം തന്റെ സ്രഷ്ടാവില്‍ സ്വയം സമര്‍പ്പിതനായി നമസ്‌കരിക്കുന്നവന്‍ മനസ്സിന്റെ പിരിമുറുക്കങ്ങളില്‍ നിന്നും മോചിതനാകുന്നു. അവനില്‍ പ്രതീക്ഷകള്‍ നിറക്കുന്നു. ഭയാശങ്കകളില്‍ നിന്നും അവന്‍ മുക്തനാകുന്നു. ഇതെല്ലാം അവന്റെ ആരോഗ്യത്തെയും സ്വഭാവ-ശൈലി വൈകാരികതകളെയും സാരമായി സ്വാധീനിക്കുകയും സുഖത്തിലേക്കും സമാധാനത്തിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. നമസ്‌കാരം എല്ലാ നീചത്വങ്ങളില്‍ നിന്നും വെറുക്കപ്പെടുന്ന കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു എന്ന ഖുര്‍ആന്‍ പ്രസ്താവത്തിന്റെ (അന്‍കബൂത്ത്: 45) ആശയം ഇതാണ്. അഞ്ചു നേരത്തെ നമസ്‌കാരം സ്വന്തം വീടിനു മുമ്പിലൂടെ ഒഴുകുന്ന പുഴയില്‍ നിന്നും അഞ്ചുനേരം കുളിക്കുന്നതുപോലെയാണ് എന്ന നബി തിരുമേനിയുടെ ഉദാഹരണത്തില്‍ നിന്നും ഇതു വ്യക്തമാകുന്നു. മാനസിക ക്ലേശങ്ങളുടെ കാര്‍മേഘങ്ങളില്‍ അകപ്പെടുന്ന അപൂര്‍വ അവസരങ്ങളില്‍ നമസ്‌കാരം വഴി അതില്‍ നിന്നും പുറത്തുകടക്കുന്ന നബിതിരുമേനിയുടെ ചിത്രം അതിന്റെ ദൃശ്യമാണ്. ഇതെല്ലാം പക്ഷേ നമസ്‌കാരത്തെ ജീവിത താളമാക്കി മാറ്റുക വഴി മാത്രമാണ് ലഭിക്കുക. അതുകൊണ്ടാണ് ലുഖ്മാന്‍ മകനോട് നമസ്‌കരിക്കുക എന്നതിനുപരി നമസ്‌കാരം നിലനിര്‍ത്തുക എന്ന് ഉപദേശിക്കുന്നത്.
ഈ ആയത്തില്‍ പറയുന്ന രണ്ടാമത്തെ കാര്യം നന്മ കല്‍പ്പിക്കാനും തിന്മ തടയാനുമാണ്. ഇത് സംസ്‌കരണത്തിന്റെ രണ്ടാമത്തെ ചുവടാണ്. നമസ്‌കാരം മുറപോലെ അനുഷ്ഠിക്കുക വഴി മാനസികമായും ശാരീരികമായും വൈകാരികമായും വിശുദ്ധി പ്രാപിക്കുന്ന ഒരാള്‍ അനിവാര്യമായും തൊട്ടുടനെ പരിഗണിക്കേണ്ട വിഷയം. അതാണ് നന്മ കല്‍പ്പിക്കലും തിന്മയെ തടയലും. ഇമാം റാസി(റ) ഈ ചുവടുകളെ മനോഹരമായി തന്റെ തഫ്‌സീറില്‍ ചേര്‍ത്തുവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരാള്‍ നമസ്‌കാരം മുറപോലെ അനുഷ്ഠിച്ച് വിശുദ്ധി നേടിക്കഴിഞ്ഞാല്‍ അത് തന്റെ ജീവിതത്തില്‍ കൈമോശം വരാതെ കാത്തുസൂക്ഷിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രതികൂലമായ സാഹചര്യത്തില്‍ പലര്‍ക്കും ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്‍, ചുറ്റുപാടുകള്‍ കൂടി വിശുദ്ധമാക്കിയെടുക്കാന്‍ അവന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനു വേണ്ടത് ചുറ്റിലും ഒരു പാട് നന്മകള്‍ പൂത്തുലയുവാനും തിന്മകള്‍ ഉണ്ടാകാതിരിക്കാനും ശ്രമിക്കുകയാണ്. അതാണ് ഈ ചുവടുകളുടെ സാംഗത്യം. ഈ ലക്ഷ്യം തന്നെയാണ് നന്മ കല്‍പ്പിക്കുന്നതിനെയും തിന്മ തടയുന്നതിനെയും വലിയ പാഠമായി ഇസ്‌ലാം പരിഗണിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വ്യക്തമാകുന്നത്. അത് ഒരു സമൂഹത്തിന്റെ ശരിയായ നിലനില്‍പ്പിന് അവശ്യം ആവശ്യമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.
ഇമാം തുടരുന്നു. പക്ഷെ, നന്മ കല്‍പ്പിക്കാനും തിന്മ തടയാനും ഇറങ്ങുമ്പോള്‍ സമൂഹത്തില്‍ നിന്നും പ്രതികരണങ്ങളുണ്ടാകും. അവ ചിലപ്പോള്‍ അനുകൂലമായിരിക്കും. മറ്റു ചിലപ്പോള്‍ പ്രതികൂലവും. അനുകൂലമെങ്കില്‍ അത് മനസ്സിന് കൂടുതല്‍ ശക്തി പകരും. പ്രതികൂലമാണെങ്കിലോ അത് നിരാശയും മുരടിപ്പുമുണ്ടാക്കിയേക്കും. ഇവിടെയാണ് ആയത്തില്‍ പറയുന്ന മൂന്നാമത്തെ ചുവടിലേക്ക് കാലു വെക്കേണ്ടത്. അത് ക്ഷമയാണ്. നിനക്കുണ്ടാകുന്ന സകല പ്രയാസങ്ങളെയും നീ ക്ഷമയോടെ മറികടക്കുക എന്ന് ലുഖ്മാനുല്‍ ഹകീം സ്വന്തം മകനെ ഉപദേശിക്കുന്നു. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്‍ വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്‍ നിന്നാണ്. അതിനാല്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും സമുദ്ധാരണം ഒരോരുത്തരും പ്രത്യേകം പരിഗണിക്കണം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഒരാള്‍ തന്നിലേക്കുതന്നെ ചുരുണ്ടുകൂടുന്ന സ്വാര്‍ഥത മുതല്‍ ഭൗതിക ബന്ധങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന സന്ന്യാസം വരേയുള്ളവ ഇസ്‌ലാം നിരുത്‌സാഹപ്പെടുത്തുന്നതും ഇതുകൊണ്ടാണ്. സാമൂഹ്യമായ ഇടപെടലുകള്‍ മുടങ്ങിപ്പോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് ക്ഷമക്ക് ഇസ്‌ലാം വലിയ സ്ഥാനം കല്‍പ്പിക്കുന്നത്. കാരണം ആ മേഖലയില്‍ നിന്നുണ്ടാകുന്ന പ്രതികൂല അനുഭവങ്ങളില്‍ മനസ്സ് മടുത്തും നിരാശപ്പെട്ടുമാണ് പലരും ആ രംഗത്തുനിന്നും പിന്‍മാറുക. ക്ഷമയെ വിശ്വാസത്തിന്റെ തന്നെ അര്‍ദ്ധാംശമായാണ് പ്രമാണം പരിഗണിക്കുന്നത്. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്‍ വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്‍ നിന്നാണ്. പ്രതികൂലമായ പ്രതികരണങ്ങളില്‍ ഉടക്കി സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സേവകരും സേവനം നിര്‍ത്തിവെച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സാമൂഹ്യചിത്രം വളരെ നിരാശാജനകമാകുമായിരുന്നു.
ഇസ്‌ലാമിക സംസ്‌കൃതി പറയുന്നത് ഏറ്റവും കൂടുതല്‍ ക്ഷമ കാണിച്ചിട്ടുള്ളത് പ്രവാചകന്‍മാരായിരുന്നു എന്നാണ്. അത് നാം പറഞ്ഞുവരുന്ന എല്ലാ വസ്തുതകളെയും സാക്ഷ്യപ്പെടുത്തുന്നു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നവരായിരുന്നു പ്രവാചകന്‍മാര്‍. കടുത്ത പരിഹാസങ്ങള്‍ മുതല്‍ ശാരീരിക മര്‍ദ്ദനങ്ങള്‍ വരെ അവയിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവര്‍ ക്ഷമിക്കാന്‍ തയ്യാറായതോടെ തങ്ങളുടെ വഴികളില്‍ ഉറച്ചുനില്‍ക്കാനും ലക്ഷ്യങ്ങള്‍ നേടാനും അവര്‍ക്കു കഴിഞ്ഞു.

chandrika: