ടി.എച്ച് ദാരിമി
വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഫുര്‍ഖാന്‍ അധ്യായത്തില്‍ മുഹമ്മദ് നബി(സ)ക്കെതിരെ മക്കയിലെ അവിശ്വാസികള്‍ നടത്തിയ ചില ആരോപണങ്ങള്‍ പറയുന്നുണ്ട്. അവയില്‍ ഒന്നാമത്തേത്, ‘ഇതെന്തു പ്രവാചകനാണ്?, ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു..’ എന്ന അവരുടെ ആരോപണമായിരുന്നു. ആത്മീയതയുടെ പ്രചാരകനും പ്രവാചകനുമാണ് എന്ന് അവകാശപ്പെടുന്ന ഒരാള്‍ തീര്‍ത്തും പള്ളിയിലോ മഠത്തിലോ ചടഞ്ഞുകൂടുന്നവനായിരിക്കും എന്ന അവരുടെ കണക്കുകൂട്ടലിനു വിരുദ്ധമായ ഒരു ശൈലിയിലായിരുന്നു മക്കയിലെ അവിശ്വാസികള്‍ നബിയെ കണ്ടത് എന്നും അതില്‍ അവര്‍ അത്ഭുതം പ്രകടിപ്പിക്കുകയായിരുന്നു എന്നും ഈ സൂക്തത്തിന്റെ ധ്വനിയില്‍ നിന്നും ഗ്രഹിക്കാം. അവര്‍ പ്രകടിപ്പിച്ച ജല്‍പനങ്ങള്‍ക്കിടയില്‍ നിന്ന് വായിക്കാവുന്ന ഒരു കാര്യമാണ് ഈ നബി തെരുവില്‍ അലയുകയായിരുന്നു എന്നത്. അതും എപ്പോഴെങ്കിലും ഒരിക്കല്‍ മാത്രമല്ല, ശത്രു പക്ഷത്ത് ഒരു ആരോപണമായി വളരാവുന്ന വിധം ഈ ഊരുചുറ്റല്‍ അവരുടെ പതിവായിരുന്നു എന്നതും. പള്ളിയിലോ മുസ്വല്ലയിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല നബി(സ) യുടെ ലോകം എന്നതും. ദുരുദ്ദേശപരമായിട്ടാണെങ്കിലും മക്കക്കാര്‍ നടത്തിയ ഈ പ്രതികരണം നമുക്കു മുമ്പില്‍ നബി തിരുമേനിയുടെ ലോകം ശരിക്കും വരച്ചുവെക്കുകയാണ്.
ഒരാളുടെ ജീവിതം പള്ളിയിലോ പര്‍ണശാലയിലോ ഒതുങ്ങുന്നുവെങ്കില്‍ ജീവിതത്തിന്റെ ഏറ്റവും കുറഞ്ഞത് എണ്‍പതു ശതമാനത്തില്‍ നിന്നും അയാള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നാണതിന്റെ അര്‍ഥം. കാരണം മനുഷ്യന്റെ എണ്‍പതു ശതമാനം വ്യവഹാരങ്ങളും ആരാധനാലയത്തിനു പുറത്താണ് നടക്കുന്നത്. ആരാധിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ കര്‍ത്തവ്യമാണ് എന്ന് മതം പറയുന്നു എന്നതു ശരിതന്നെ. പക്ഷെ ഈ ആരാധനക്ക് പായ വിരിക്കേണ്ടത് ഓരോരുത്തരുടേയും പച്ചയായ ജീവിതത്തിന്മേലാണല്ലോ. അപ്പോള്‍ നാട്ടിലും പള്ളിയിലും കൃഷി സ്ഥലത്തും അങ്ങാടിയിലുമൊക്കെയായി പരന്നു കിടക്കുന്ന ആ ജീവിത ലോകം ആദ്യം ഉണ്ടാവേണ്ടതും ഉണ്ടാക്കേണ്ടതുമുണ്ട്. ചിത്രം വരക്കലാണ് പ്രധാനമെങ്കിലും അതിനു മുമ്പെ വേണ്ടതാണല്ലോ വരക്കാനുള്ള ചുമര്‍ എന്നു പറയുന്നതുപോലെ ആരാധനയാണ് പ്രധാനമെങ്കിലും അതിനെ ആദ്യം ജീവിതത്തിന്റെ ക്രമണികയില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനാല്‍ ജീവിതം ഉരുട്ടുവാനുള്ള ഭൗതിക ലോകം പ്രധാനമാണ്. അതു നിലനില്‍ക്കാനും അതിനെ നിലനിര്‍ത്താനും ആദ്യം ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ലോകം പള്ളിയില്‍ നിന്നും ഇറങ്ങി പുറത്തേക്ക് നീളേണ്ടതും നിവരേണ്ടതുമുണ്ട്.
അങ്ങനെയായിരുന്നു നബി(സ)യുടെ ലോകം. പള്ളിയില്‍ കഴിയുന്നതിലധികം അവര്‍ തന്റെ ജീവിതവും സേവനവും നിര്‍വഹിച്ചത് പള്ളിക്കുപുറത്ത് നീണ്ടുപരന്നുകിടക്കുന്ന തന്റെ ലോകത്തായിരുന്നു. ആ ലോകത്തിന്റെ ഓരോ അണുവിലും എത്തിച്ചേരാനും അവിടെ മാര്‍ഗദര്‍ശനം ചെയ്യാനുമായിരുന്നുവല്ലോ തന്റെ നിയോഗം. അതു നിര്‍വഹിക്കാന്‍ അവര്‍ക്ക് അങ്ങനെ ഒരു ലോകത്തെ സംവിധാനിക്കേണ്ടിവന്നു. പ്രവാചകത്വം കൊണ്ടനുഗ്രഹിക്കപ്പെടുന്നതിനു മുമ്പെ തന്നെ അവരുടെ കര്‍മ്മ മണ്ഡലം പുറം ലോകമായിരുന്നു.
നബിയുടെ ജീവിത കാലത്ത് മക്ക കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം ഹര്‍ബുല്‍ ഫിജാറായിരുന്നു. ഹീറയിലെ രാജാവ് നുഅ്മാന്‍ ബിന്‍ മുന്‍ദിറും കിനാന ഗോത്രത്തലവന്‍ ബര്‍റാളും തമ്മിലുണ്ടായ ഈ യുദ്ധം അറബികളുടെ എല്ലാ യുദ്ധ നൈതികതകളെയും പറിച്ചെറിഞ്ഞ് നാലു കൊല്ലം നീണ്ടു. കിനാനക്കാരായ ഖുറൈശികളുടെ ഒപ്പം ഈ രാഷ്ട്രീയത്തില്‍ നബിയും രംഗത്തുണ്ടായിരുന്നു. അന്ന് നബിക്ക് വെറും പതിനാറു വയസായിരുന്നു പ്രായം. ഫിജാര്‍ യുദ്ധം ഒരു വീണ്ടുവിചാരത്തിലേക്ക് ജാഹിലികളെ തിരിച്ചുവിട്ടു. അതിനെ തുടര്‍ന്ന് ഉണ്ടായ ഫുദൂല്‍ ഉടമ്പടിയിലും നബിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഖുറൈശികളുടെ നേതൃത്വത്തില്‍ കഅ്ബാലയത്തിന്റെ പുനരുദ്ധാരണം നടക്കുമ്പോള്‍ നബിയുടെ സാന്നിധ്യം സുവിദമാണല്ലോ. വലിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ വലിയ രാഷ്ട്ര-രാഷ്ട്രീയ കാര്യങ്ങളില്‍ നബി(സ)യുടെ കയ്യൊപ്പ് അന്നേ പതിഞ്ഞിരുന്നു എന്നു ചുരുക്കം.
ആദ്യ വെളിപാടിന്റെ അനുഭവമുണ്ടാകുമ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ന്ന നബി (സ) യെ പത്‌നി ഖദീജ (റ) ആശ്വസിപ്പിക്കുന്നതിനിടയിലും ഇതു കേള്‍ക്കാം. അവരന്ന് പറയുകയുണ്ടായി: ‘ഇല്ല, അബുല്‍ ഖാസിം, അങ്ങേക്ക് ഒന്നും സംഭവിക്കില്ല. കാരണം അങ്ങ് മറ്റുള്ളവര്‍ക്കു വേണ്ടി പ്രയാസങ്ങള്‍ സഹിക്കുന്നു, മറ്റുള്ളവരുടെ പ്രയാസങ്ങള്‍ വഹിക്കുന്നു..’. വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഒരാളായിരുന്നില്ല മക്കയിലെ അല്‍അമീന്‍ എന്നും തന്റെ ചുറ്റുവട്ടങ്ങളില്‍ വിസ്തൃതമായിക്കിടക്കുന്ന ഒരു ലോകമായിരുന്നു അദ്ദേഹത്തിന്റേത് എന്നും ഇതെല്ലാം കാണിക്കുന്നു. എന്നാല്‍ പ്രവാചകത്വത്തിന്റെ ഉത്തരവാദിത്വം കൂടി ഏല്‍പ്പിക്കപ്പെട്ടതോടെ സമൂഹത്തോടൊപ്പം നബിയുടെ ജീവിതം പരന്നൊഴുകുന്നതാണ് നാം കാണുന്നത്.
പ്രവാചകത്വത്തിലൂടെ തന്നില്‍ ഏല്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കാന്‍ നബി(സ)ക്ക് പുറത്തിറങ്ങേണ്ടതുണ്ടായിരുന്നു. യുദ്ധക്കളങ്ങളിലും സന്ധി സംഭാഷണങ്ങളിലും രോഗീ സന്ദര്‍ശനങ്ങളിലും മരണാനന്തര ക്രിയകളിലും മാത്രമല്ല ജാഗ്രതയോടെ അവര്‍ മാര്‍ക്കറ്റില്‍ വരെ സജീവമായിരുന്നു. അവര്‍ പറയുക തന്നെയുണ്ടായി, ‘എന്റെ ഒരു സഹോദരനോടൊപ്പം അവന്റെ ഒരു കാര്യം നിവൃത്തി ചെയ്യുന്നതിനായി പുറപ്പെടുന്നത് എനിക്ക് ഈ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നതിലേറെ സന്തോഷമുള്ള കാര്യമാണ്’. ഗ്രാമങ്ങളില്‍ പള്ളിയുണ്ടാക്കേണ്ട സ്ഥലം മാത്രമല്ല വീടു നിര്‍മ്മിക്കാനുള്ള സ്ഥാനം വരെ കാണിച്ചുകൊടുക്കാന്‍ നബി (സ) പോകാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. നാടിന്റെ ജീവല്‍ബന്ധിയായ കാര്യങ്ങളോരോന്നും അവര്‍ നേരിട്ടു വന്നും നിന്നും നയിക്കുകയായിരുന്നു. അതിനുള്ള മികച്ച ഉദാഹരണമാണ് മദീനയിലെ തന്റെ ജല നയത്തിന്റെ ആവിഷ്‌കരണം. ഭൂവുടമകളായിരുന്ന ജൂതരുടെ കൈവശമായിരുന്നു മദീനയിലെ ഏറിയ പങ്കും ജലസ്രോതസ്സുകള്‍. അവര്‍ ജലം വിറ്റ് ജീവിക്കുന്നവരായിരുന്നു. ജലം പൊതു മുതലാണ് എന്നു നബി(സ) തന്റെ ജല നയത്തില്‍ വ്യക്തമാക്കി. അതു പുലരുന്നതിന് ആവശ്യമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. റൂമ എന്ന ജൂതന്റെ കൈവശമുണ്ടായിരുന്ന കിണര്‍ പന്ത്രണ്ടായിരം ദീനാര്‍ നല്‍കി ഉസ്മാന്‍(റ) വാങ്ങിയതും അത് നബി(സ) പൊതു സ്വത്തായി പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. മുഹാജിറുകളെയും അന്‍സ്വാറുകളെയും മാത്രമല്ല മുന്നൂറോളം വരുന്ന മദീനയിലെ ഗോത്ര വര്‍ഗങ്ങളെ പത്തുകൊല്ലം കൊണ്ട് ഏകോപിപ്പിക്കാന്‍ നബി(സ)ക്ക് കഴിഞ്ഞത് പള്ളിയിലിരുന്നുകൊണ്ടുള്ള ആഹ്വാനം കൊണ്ടു മാത്രമായിരുന്നില്ല. അതിനുവേണ്ടി പുറത്തിറങ്ങി അവര്‍ കഠിനമായി യത്‌നിച്ചതു കൊണ്ടുകൂടിയായിരുന്നു.
മാര്‍ക്കറ്റിലെ അവരുടെ ഇടപെടലുകള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇടക്കിടെ നബി(സ) മാര്‍ക്കറ്റിലിറങ്ങുകയും ഇടപെടുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു കര്‍ഷക വ്യാപാരി മുമ്പില്‍ കാരക്ക കൂട്ടിയിട്ട് വില്‍ക്കുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ നബി (സ) കൂമ്പാരത്തില്‍ കൈ കടത്തി പരിശോധിച്ചു. അടിയില്‍ നനവുകണ്ടു. നനവില്ലാത്തത് കാണിച്ച് നനവുള്ളത് കച്ചവടം നടത്തുന്ന ഈ കള്ളക്കളിയില്‍ നബി(സ) അപ്പോള്‍ തന്നെ ഇടപെട്ടു.’നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല..’ എന്നു നബി (സ) പ്രഖ്യാപിച്ചു. അങ്ങനെ സൂക്ഷ്മവും സക്രിയവുമായിരുന്നു നബിയുടെ ഇടപെടലുകള്‍. കേവലം അങ്ങാടി ചുറ്റലായിരുന്നില്ല അത്. അതുകൊണ്ടു തന്നെ വഞ്ചനയിലും ചതിയിലും അധിഷ്ഠിതമായ ജൂത മാര്‍ക്കറ്റുകള്‍ പൊളിച്ചുമാറ്റി നബി (സ)ക്ക് നീതിയുടെ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ അനായാസം കഴിഞ്ഞു. ചതിയും വഞ്ചനയുമില്ലാത്ത, അറിവില്ലാത്തവരേയും അനാഗരികരെയും പറ്റിക്കാത്ത, പൂഴ്തിവെപ്പും കരിഞ്ചന്തയുമില്ലാത്ത ഒരു മാര്‍ക്കറ്റ് മദീനയില്‍ സ്ഥാപിതമായി. ഇതെല്ലാം സാധ്യമായത് നബി (സ)യുടെ പള്ളിക്കു ചുറ്റുമെന്നോണം പള്ളിക്കു പുറത്തുള്ള വിസ്തൃതമായ ലോകം മുഴുവന്‍ വിശാലമായിക്കിടന്നിരുന്നതു കൊണ്ടായിരുന്നു. ഒരു സാര്‍വലൗകിക ആദര്‍ശത്തിന്റെ സംസ്ഥാപനത്തിന് അത് ആവശ്യവുമായിരുന്നു.