ടി.എച്ച് ദാരിമി
ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന തിരുവരുളില്‍ നബി(സ) തിരുമേനി ഇങ്ങനെ പറയുന്നുണ്ട്: ‘മനുഷ്യരധികവും വഞ്ചിതരായിപ്പോകുന്ന രണ്ടനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും.’ ഈ ഹദീസിന്റെ വ്യാഖ്യാനം വിശാലവും വ്യത്യസ്തവുമായ ധ്വനികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അവയിലൊന്ന്, ആരോഗ്യവും ഒഴിവുസമയവും ഒന്നിച്ച്കിട്ടുന്നത് വലിയൊരു അനുഗ്രഹമാണെന്നും അവ രണ്ടിനെയും ഒന്നിച്ച് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അവന്‍ വഞ്ചിതനായിപ്പോകും എന്നുമാണ്. മറ്റൊന്ന്, രണ്ട് അനുഗ്രഹങ്ങളെയും ഓരോന്നായി പരിഗണിക്കുന്നു. ആരോഗ്യത്തെയും ഒഴിവുസമയത്തെയും ഫലമില്ലാത്ത കാര്യങ്ങളിലേക്ക് തിരിച്ചുവിടുകവഴിയാണ് മനുഷ്യര്‍ വഞ്ചനയില്‍ അകപ്പെടുന്നത് എന്ന്. രണ്ട് ഭാഷ്യമനുസരിച്ചും ആരോഗ്യത്തെയും ഒഴിവുസമയത്തെയും കരുതലോടെ ഫലപ്രാപ്തിയുള്ള കാര്യങ്ങളില്‍ മാത്രം ഉപയോഗിക്കണം എന്ന ആശയം ലഭിക്കും. ലോകത്തെയാകമാനം ഒരു മഹാമാരി പിടികൂടുകയും ഭാഗികമായെങ്കിലും ജനങ്ങള്‍ സ്വന്തം സ്വകാര്യ ഇടങ്ങളില്‍ ചടഞ്ഞുകൂടേണ്ടിവരികയുംചെയ്ത സാഹചര്യത്തില്‍ ഈ ഹദീസിന്റെ ഓരംചേര്‍ന്നുള്ള ചില ചിന്തകള്‍ പ്രസക്തമാണ്. പ്രത്യേകിച്ചും ഒഴിവുസമയം വഴി അനുഭവിക്കേണ്ടിവരുന്ന വഞ്ചനയുടെ കാര്യത്തില്‍. പൊതുവായ ഒഴിവുസമയങ്ങള്‍ എങ്ങനെ വഞ്ചനയുടെ വല വീശുന്നു എന്നതും ഇപ്പോഴത്തെ ഒഴിവുസമയങ്ങള്‍ വല്ല ചതിക്കെണിയും ഒരുക്കുന്നുണ്ടോ എന്നും മറ്റും.
ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നചിലസൂചനകള്‍ സജീവമാണ്. അത് പ്രത്യേകിച്ചും വീടകങ്ങളില്‍ നിന്നാണ്. അവിടെ പ്രധാനമായും കേന്ദ്രീകരിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണല്ലോ. കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വിദ്യാഭ്യാസം സോഷ്യല്‍ മീഡിയയിലാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയപൊതുലോകമാണ്. അവിടെ ഓരോ വ്യക്തിക്കും വേണ്ടതു മാത്രമല്ല ഉണ്ടാകുക. വേണ്ടതുംവേണ്ടാത്തതും അവിടെയുണ്ടാകും. നന്‍മകളും തിന്‍മകളും തെളിയും. വേണ്ടതും വേണ്ടാത്തതുംവേര്‍തിരിക്കുന്നത് ഉപയോക്താവാണ്. അതും സ്വകാര്യമായി. അവിടെ നിയന്ത്രണങ്ങള്‍ വെക്കുക അത്ര പ്രായോഗികവുമല്ല. അതിനാല്‍ രഹസ്യമായോ ന്യായീകരണങ്ങളുടെ സഹത്തോടെയോ ഏതു വേലിയും ചാടിക്കടക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നു. അതിനാല്‍ ഈ ഒഴിവുകാലം അവര്‍ക്കുമുമ്പില്‍ അവസരങ്ങളുടെ വലിയ വാതില്‍ തുറന്നിടുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തിലാവട്ടെ, അവര്‍ക്ക് ഇപ്പോള്‍ പണ്ടത്തേതുപോലെ വിരുന്നുകളും യാത്രകളുമൊന്നുമില്ല. ആരെയും സ്വീകരിക്കാനും സത്കരിക്കാനുമില്ല. ആശുപത്രികളിലും മറ്റും പോകാനില്ല. അപ്പോള്‍ പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് സമയം കൊല്ലാന്‍ ആകെയുള്ള വഴിസോഷ്യല്‍ മീഡിയ തന്നെയാണ്. അതുകൊണ്ട് നേരത്തെ പറഞ്ഞ പ്രത്യേകതകളെക്കെയുള്ളസോഷ്യല്‍ മീഡിയയില്‍ മുങ്ങി രസിക്കാന്‍ അവരും സ്വാഭാവികമായും ശ്രമിക്കുന്നു. കോവിഡ് ഉണ്ടാക്കിയ ഒഴിവുകാലം തത്വത്തില്‍ എല്ലാവരും ഈ രണ്ടു വിഭാഗങ്ങള്‍ പ്രത്യേകിച്ചുംസോഷ്യല്‍ മീഡിയയില്‍ ചടഞ്ഞുകൂടിയിരിക്കുകയാണ്. ആരും നോക്കാനും നിയന്ത്രിക്കാനുമില്ലാത്ത ഈ മീഡിയയില്‍ അവരുടെ ഒഴിവുകാലം അവരെ വലവീശി പാട്ടിലാക്കുന്നുണ്ടോ എന്നു നാം അന്വേഷിക്കേണ്ടിവരുന്നത് ഈ പശ്ചാത്തലത്തിലാണ്.
അതിലെന്താണ് കുഴപ്പം എന്നു ചോദിക്കുന്ന എല്ലാവര്‍ക്കും മറുപടി പറയാന്‍ കഴിയില്ല. ധാര്‍മ്മികതയുടെ പരിപ്രേക്ഷ്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ ഒന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സ്രോതസ്സായ ഇന്റര്‍നെറ്റ് മനുഷ്യന്റെ മനസ്സിനെ കവരുകയും അതിവേഗം തട്ടിയെടുക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. കാരണം അത് ഇളക്കുന്നതും ഉദ്ദീപിപ്പിക്കുന്നതും മനുഷ്യന്റെ ഇഛകളെയും വികാരങ്ങളെയുമാണ്. ഏതു കരുത്തനായ മനുഷ്യനെയുംഇളക്കാനും അടിമപ്പെടുത്താനും കഴിയുന്ന ഓരോ മനുഷ്യരിലുമുള്ള സഹജമായ തൃഷ്ണയാണ് ഇഛകളും വികാരങ്ങളും. അവ ചടുലമായി മനുഷ്യന്റെ മനസ്സില്‍ ചുവടുവെക്കുകയാണ്. ആദ്യം കൗതുകത്തില്‍ നിന്നുതുടങ്ങും. പിന്നെ അത് മോഹം, ആഗ്രഹം തുടങ്ങിയവയായി വളരും. പിന്നെയും വളര്‍ന്ന് ഇഛ എന്ന തലത്തിലെത്തുന്നതോടെ അതിനു അറിയാതെ കീഴ്‌പ്പെട്ടുപോകും. ഈ വസ്തുത തെളിയിക്കാന്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. അവയുടെ പട്ടിക തുടങ്ങുന്നത് ആദിമ മനുഷ്യനില്‍നിന്നു തന്നെയാണ്. സ്വര്‍ഗത്തില്‍ കഴിയുകയായിരുന്ന ആദം നബിയെയും ഭാര്യയെയും പിശാച് ഇഛ എന്ന തൃഷ്ണ വഴിയായിരുന്നു കീഴ്‌പ്പെടുത്തിയത്. ദൈവ കല്‍പന ലംഘിക്കാന്‍ പിശാചിന് വേണ്ടിയിരുന്നത് അന്നത്തെ ഏക കല്‍പനയായിരുന്ന വിലക്കപ്പെട്ട കനി തീറ്റിക്കുകയായിരുന്നു. അതിന് പല മാര്‍ഗങ്ങളും ഉണ്ടായിരുന്നു. ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചോ അവരറിയാതെമറ്റു ഭക്ഷണങ്ങളില്‍ കലര്‍ത്തിയോ ആശയക്കുഴപ്പം സൃഷ്ടിച്ചോ ഒക്കെ ആവാമായിരുന്നു അത്. പക്ഷേ, അത്തരത്തില്‍ ബോധപൂര്‍വമല്ലാതെ കനിയുടെ വിലക്ക് ലംഘിക്കുമ്പോള്‍ അതിന് വിചാരിച്ച ഫലമുണ്ടാവില്ല. അതിനാല്‍ ബോധപൂര്‍വ്വംതന്നെ അവരെകൊണ്ട് തെറ്റു ചെയ്യിക്കാന്‍ അന്ന് പിശാച് ആശ്രയിച്ചത് ഇഛയെയായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ 20 ാം അധ്യായം 120 ാം വചനത്തില്‍ പിശാചിനെ വാക്കുകള്‍ തന്നെ അല്ലാഹു എടുത്തുപറയുന്നുണ്ട്. ‘സ്വര്‍ഗത്തിലെ നിത്യവാസത്തിനും നശിക്കാത്ത ആധിപത്യത്തിനും നിങ്ങളെ സഹായിക്കുന്ന ഒരു കനി ഞാന്‍ കാണിച്ചുതരട്ടെയോ’ എന്നായിരുന്നു അവന്റെ ചോദ്യം. അങ്ങനെ വൈകാരികതയില്‍ കയറിപ്പിടിച്ച് പിശാച് കാര്യം നേടി എന്നതാണ് ചരിത്രം. വികാരവും ഇഛയും മനുഷ്യനെകൊണ്ട് എന്തും ചെയ്യിക്കും എന്നു ചുരുക്കം.
വൈകാരികതയെ ഉദ്ദീപിപ്പിച്ച് കയ്യിലൊടുക്കാനും ഒതുക്കവാനും ഇന്നത്തെ യുഗത്തില്‍ഏറ്റവും കഴിവുള്ള ഒരു ലോകമാണ് ഇന്റര്‍നെറ്റ് വല വിരിച്ചിരിക്കുന്ന ലോകം. അതിലേക്ക് സാകൂതം കടന്നുപോകാന്‍ പ്രേരിപ്പിക്കുന്ന അതിന്റെ പ്രകൃതമാണ് അപകടത്തിലേക്കു പിടിച്ചുതള്ളുന്നത്. അത് തികച്ചും സ്വകാര്യമാണ് എന്നതും നിയന്ത്രണങ്ങള്‍ ഏതുമില്ല എന്നതുംകാര്യമായി ബാധ്യതകളൊന്നുമില്ല എന്നതുമെല്ലാമാണ് ആ പോക്കിന് ഊക്ക് പകരുന്നത്. അതില്‍ പെട്ടുപോയാല്‍ പിന്നെ തിരിച്ചുനടക്കുക പ്രയാസമാണ്.