വിശാല്‍ ആര്‍
മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ ജനതാദള്‍ എസാണ് സംസ്ഥാനത്തെ പ്രബല കക്ഷി. വലിയ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെ പ്രസ്റ്റീജ് വിഷയമാണ്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലെത്താന്‍ ഏതു ഹീനമാര്‍ഗവും പ്രയോഗിക്കുന്ന ബി.ജെ.പിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ വലിയ കണ്ണുണ്ട്. ദക്ഷിണേന്ത്യയിലേക്ക് കടക്കാനുള്ള ബി.ജെ.പിയുടെ പ്രവേശന കവാടമായാണ് അവര്‍ കര്‍ണാടകയെ കാണുന്നത്. കോണ്‍ഗ്രസിനും ബി.ജെപിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ തൂക്കുസഭക്ക് സാധ്യത വന്നാല്‍ കിങ്‌മേക്കറാകാമെന്ന മോഹവുമായാണ് ജനതാദള്‍ എസ് നടക്കുന്നത്. വോട്ടിങ് ഷെയറില്‍ കോണ്‍ഗ്രസാണ് എക്കാലത്തും സംസ്ഥാനത്ത് മുന്നില്‍. അതേസമയം യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയ 2008ല്‍ ബി.ജെ.പിക്കായിരുന്നു വോട്ടിങ് ശതമാനം കൂടുതല്‍. എന്നാല്‍ 2013ല്‍ ഇത് കുത്തനെ ഇടിയുന്ന കാഴ്ചയായിരുന്നു.
2008ല്‍ ബി.ജെ.പിയെ കര്‍ണാടകയുടെ ഭരണം പിടിക്കാന്‍ സഹായിച്ച ലിംഗായത്ത് സമുദായത്തിന്റെ വോട്ട് ബാങ്കില്‍ ഇത്തവണ സിദ്ധാരാമയ്യ വലിയ വിള്ളലുണ്ടാക്കിയത് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല മൈലേജുണ്ടാക്കിയത്. ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കിക്കൊണ്ട് സിദ്ധാരാമയ്യ നടത്തിയ നീക്കം ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെക്കാലമായി പ്രത്യേക മതമായി തങ്ങളെ അംഗീകരിക്കണമെന്ന് ലിംഗായത് സമുദായം ആവശ്യപ്പെട്ടുവരികയാണ്. ഈ ആവശ്യത്തോട് ബി.ജെ.പിക്ക്, (ആര്‍.എസ്.എസിന്) താല്‍പര്യമില്ല. ലിംഗായത്ത് സമുദായത്തില്‍പെട്ട യെദ്യുരപ്പയെ 2008ല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമ്പോള്‍ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി നല്‍കിയെങ്കിലും ആര്‍.എസ്.എസ് ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഹുബ്ബള്ളിയില്‍ എത്തി ലിംഗായത്ത് നേതാക്കളെ നേരില്‍ സന്ദര്‍ശിക്കുകയും പ്രത്യേക മതം എന്ന ആവശ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചാണ് അവര്‍ മോഹന്‍ ഭാഗവത്തിനു മറുപടി നല്‍കിയത്. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് അവര്‍ മോഹന്‍ ഭാഗവത്തിനോട് തുറന്നു പറഞ്ഞു. ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധാരാമയ്യയുടെ നിര്‍ദേശത്തെ കേന്ദ്രം തള്ളുമെന്ന് ഉറപ്പാണ്. ഇതോടെ ലിംഗായത്ത് വോട്ട് ബാങ്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. വളരെ ചെറിയ ഒരു ആള്‍ക്കൂട്ടം മാത്രമാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ബി.ജെ.പിക്ക് ഒപ്പമുള്ളത്. വടക്കന്‍ മേഖലയായ മുംബൈ കര്‍ണാടക മേഖല, ഹൈദരാബാദ് കര്‍ണാടക പ്രദേശങ്ങള്‍ ലിംഗായത്ത് സമുദായത്തിന്റെ വോട്ട് ബാങ്കാണ്. ബി.ജെ.പിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ഇവിടങ്ങളില്‍ അവര്‍ക്ക് പൂര്‍ണമായും കാലിടറും. വോട്ടുകള്‍ കോണ്‍ഗ്രസിന് കേന്ദ്രീകരിക്കപ്പെടും. ലിംഗായത്ത് സമുദായത്തിനോടൊപ്പം മുസ്‌ലിം, ക്രിസ്ത്യന്‍, ന്യൂനപക്ഷ വോട്ടുകളും ആദിവാസി-ദലിത് വോട്ടുകളും കോണ്‍ഗ്രസിന് അനുകൂലമായിരിക്കും. മംഗലാപുരം മുതല്‍ ഗോവ വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖലയിലും അതോടു ചേര്‍ന്ന് കിടക്കുന്ന മലയോര പ്രദേശങ്ങളിലും ബി.ജെ.പിക്ക് പ്രതീക്ഷ വെക്കാനാവില്ലെന്നര്‍ത്ഥം.
ദക്ഷിണേന്ത്യയിലാണെങ്കിലും മഹാരാഷ്ട്രയോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയില്‍ ബി.ജെ.പിയുടെ പതിവ് തെരഞ്ഞെടുപ്പ് തന്ത്രമായ ‘ദേശീയതയും’ ഇത്തവണ ചെലവാകില്ല. ദ്രാവിഡ പ്രാദേശിക വാദത്തെ ഒട്ടും അക്രമണോത്സുകമല്ലാത്ത രീതിയില്‍ പരിപോഷിപ്പിച്ച് ബി.ജെ.പിയുടെ ദേശീയതാ തന്ത്രങ്ങളെ മറികടക്കുന്നതിനും സിദ്ധാരാമയ്യക്ക് സാധിച്ചു. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്ന കന്നഡ രക്ഷണ വേദികെയെ കൂടെനിര്‍ത്താനായത് വലിയ നേട്ടമാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദി വിരുദ്ധ നിലപാടെടുക്കുകയും ബംഗളൂരു മെട്രോയില്‍ നിന്നും ഹിന്ദി ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെയ്ത് സിദ്ധാരാമയ്യ കന്നഡ ദ്രാവിഡ സംഘടനകളുടെ പ്രിയപ്പെട്ട നേതാവായി മാറി. ജമ്മു കശ്മീരിന് ശേഷം സ്വന്തം പതാക പുറത്തിറക്കുന്ന സംസ്ഥാനമായി കര്‍ണാടകം. ‘കന്നഡ ബോധം’ നിര്‍മിച്ചെടുക്കുന്നതിലും അതില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കന്നഡ ജനതയെ അഭിമാനബോധം ഉള്ളവരാക്കി മാറ്റുന്നതിലും സിദ്ധാരാമയ്യ വിജയിച്ചു. കന്നഡക്കാര്‍ അല്ലാത്തവര്‍ക്ക് നേരെ അക്രമമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകളും കുപ്രചാരണങ്ങളും ഉണ്ടായപ്പോള്‍ അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ സിദ്ധാരാമയ്യക്ക് കഴിഞ്ഞു.
മംഗലാപുരം മേഖലയിലെ സ്ഥിരതാമസക്കാരായ മലയാളികളെ, വിശേഷിച്ചും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ കൃത്യമായി കോണ്‍ഗ്രസിനോടടുപ്പിക്കാനും സിദ്ധാരാമയ്യക്ക് സാധിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസ് ഭീഷണിയെ അതിജീവിച്ച് പരിപാടി നടത്താന്‍ അവസരമൊരുക്കിയത് തീരദേശ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് ആത്മവിശ്വാസം ഉയര്‍ത്താന്‍ കാരണമായി.
സിദ്ധരാമയ്യ അഹിന്ദു നേതാവാണെന്ന അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെ അത് പ്രചാരണ ആയുധമാക്കുകയും ചെയ്ത ബി.ജെ.പി സ്വന്തം കുഴിവെട്ടി. ലിംഗായത്ത് സമുദായം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളും ദലിത് ആദിവാസി വിഭാഗങ്ങളും ചേര്‍ന്ന അമ്പതു ശതമാനത്തിലധികം വരുന്ന വോട്ടുകള്‍ ബി.ജെ.പി കോണ്‍ഗ്രസ് പോക്കറ്റിലെത്തിച്ചു.
നേരത്തെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് യെദ്യൂരപ്പ നടത്തിയ അഴിമതികള്‍ ഇപ്പോള്‍ വീണ്ടും ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ബി.ജെ.പിക്ക് സാധ്യതയുള്ള മധ്യ കര്‍ണാടക മേഖലയിലും അതോടൊപ്പം നഗരപ്രദേശങ്ങളിലെ വോട്ടര്‍മാരും യെദ്യുരപ്പക്കെതിരായി വോട്ട് ചെയ്യുമെന്നുറപ്പാണ്. ഇടക്കാലത്ത് ബി.ജെ.പി വിടുകയും നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കടുത്ത പ്രസ്താവനകള്‍ നടത്തുകയും ചെയ്ത യെദ്യൂരപ്പ പാര്‍ട്ടിക്ക് ഭാരമാകും. അഴിമതിയില്‍ യെദ്യൂരപ്പയാണ് നമ്പര്‍ വണ്‍ എന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അബദ്ധത്തില്‍ പറഞ്ഞതും അവര്‍ക്ക് വിനയായി. അമിത്ഷായുടെ വാക്കുകള്‍ കോണ്‍ഗ്രസ് ഏറ്റുപിടിച്ചിട്ടുണ്ട്. ‘ഒരു റിട്ട.ജഡ്ജ് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഏറ്റവും അഴിമതിക്കാരനായ സര്‍ക്കാര്‍ ഏതാണെന്നൊരു മത്സരം സംഘടിപ്പിച്ചാല്‍ യെദ്യൂരപ്പയാവും അതില്‍ ഒന്നാം സ്ഥാനം.’ എന്നാണ് അമിത്ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇത് രണ്ടാം തവണയാണ് അമിത്ഷാ യെ്ദയൂരപ്പയെ അഴിമതിക്കാരനെന്ന് വിളിക്കുന്നത്. മുന്‍പ് യെദ്യൂരപ്പയെ അമിത് ഷാ അഴിമതിക്കാരന്‍ എന്ന് വിളിക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍ തലവന്‍ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരുന്നു. കര്‍ണാടക മുഖ്യ മന്ത്രിയായിരുന്ന യെദ്യൂരപ്പ അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2011ലാണ് രാജി വച്ചത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ ആരംഭിച്ച പതനം കര്‍ണാടകത്തിലും ബി.ജെ.പിക്ക് ആവര്‍ത്തിക്കുമെന്നുറപ്പാണ്. യോഗി ആദിത്യനാഥിനെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാന്‍ നേരത്തെ ബി.ജെ.പി തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ തോല്‍വി അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒരു മാസം മുമ്പുവരെ കര്‍ണാടകത്തില്‍ ജയം ഉറപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കോണ്‍ഗ്രസിന് മുമ്പില്‍ ആടിയുലയുകയാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പെയുള്ള അവസാനത്തെ തെരഞ്ഞെടുപ്പല്ല കര്‍ണാടകയിലേത്. എങ്കിലും കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിനും മതേതര പാര്‍ട്ടികള്‍ക്കും വന്‍ കുതിപ്പാണ് നല്‍കുക. ബി.ജെ.പിയെ മാനസികമായി തളര്‍ത്തുമെന്നതിലുപരി ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക് ശക്തിപകരുന്നതുമായിരിക്കുമിത്. അതിനാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം കൈവരട്ടെയെന്നാണ് രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന.