X

പൊരിവെയില്‍ കൊള്ളുന്ന പ്രജകളും സൂപ്പര്‍ സ്റ്റാറിന്റെ ആവലാതികളും

ശാരി പിവി
എവിടേ നോക്കിയാലും ഇപ്പോള്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്ന് എ.ടി.എമ്മുകളില്‍ നിന്നും പൊതി തേങ്ങയായി ലഭിക്കുന്ന 2000ത്തിന്റെ നോട്ടാണ് താരം. കിട്ടിയവരെല്ലാം ഇതുമായി വാ പിളര്‍ത്തി നില്‍ക്കുന്നു. എവിടേയും ആര്‍ക്കും വേണ്ട. എവിടെ കൊടുത്താലും ചില്ലറയില്ലെന്ന മറുപടി മാത്രം. ഇപ്പം ശരിയാക്കി തരാം എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു ഒരമ്പത് ദിവസം കൊണ്ട് ശരിയാക്കിത്തരാമെന്ന്. അന്നും ശരിയായില്ലേല്‍ പിന്നെയും ദിവസങ്ങള്‍ അങ്ങനെ കിടക്കുകയല്ലേ. നീട്ടാലോ ഇഷ്ടം പോലെ. ഇനി അഥവാ വല്ലവനും ക്യൂനിന്നാല്‍ അവരെ കളിയാക്കാന്‍ ചുണ്ടനക്കി കാശു പിടുങ്ങാന്‍ ശ്രമിച്ച കോമാളി സ്റ്റാര്‍ മുതല്‍ രാജ്യസ്‌നേഹം സംഘി സ്‌നേഹമാണെന്നു ധരിക്കുന്ന ഊള സംവിധായകനും വരെ റെഡിയാണു താനും. എം. സ്വരാജ് എം.എല്‍.എ ഈ പുംഗവന്‍മാരെ കുറിച്ചു പറഞ്ഞത് ഏറെക്കുറെ ശരിയാണു താനും. വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ സൂപ്പര്‍ സ്റ്റാറെന്നു അവകാശപ്പെടുന്നവര്‍ക്കൊക്കെ അവകാശമുള്ളൂ. സിനിമയ്ക്ക് പുറത്ത് സാധാരണക്കാരെ കോമാളിയാക്കുന്ന ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിച്ച മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടന്ന് സാധാരണക്കാരന്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുന്നത് കൂടി കാണേണ്ടിയിരുന്നു. ഇല്ലേല്‍ ഏറ്റവും ചുരുങ്ങിയത് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍ പറഞ്ഞത് പോലെ ഈ ക്യൂവില്‍ ബി.ജെ.പി എം.പിമാരും നില്‍ക്കട്ടെ എന്നു പറയാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു. ക്ഷീരമുള്ളോരകിടിനു ചുവട്ടിലും കൊതുകിനു ചോര തന്നെ കൗതുകം എന്നു പറഞ്ഞതു പോലെ മലയാളികളുടെ സോഡ കുടിക്കാനുള്ള ശേഷി മനസിലാക്കി വൈകീട്ടെന്താ പരിപാടിയെന്നു ചോദിച്ചു മല്ല്യമുതലാളിയുടെ മദ്യത്തിന് പണ്ട് ആളെ കൂട്ടിയ ഇടപാടല്ലിത്. പൊറോട്ടയും അച്ചാറും പപ്പടവുമൊന്നും മലയാളികള്‍ക്കിടയില്‍ ഏല്‍ക്കാതായപ്പോ നില്‍ക്കക്കള്ളിയില്ലാതെ സംഘിസമെന്ന ആഭാസത്തിനു കൂട്ടു നില്‍ക്കുന്നത് സഹതാപമര്‍ഹിക്കാത്ത ചെയ്തിയാണ്. നടന മികവില്‍ ആളുകളെ വിസ്മയിപ്പിക്കുന്ന ടിയാന്‍ ഈയിട ഒരു ബ്ലോഗെഴുതിയാണ് സകലരേയും കളിയാക്കിയത്. അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത്തവണ ഏവരേയും വിസ്മയിപ്പിച്ചിരിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും പരീക്ഷ ഫീസടയ്ക്കാന്‍ പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, മകളുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ അച്ചന്‍ ആത്മഹത്യ ചെയ്തതുമടക്കം 75ലധികം പേര്‍ക്കാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിയമപ്രകാരം നടത്തിയ സംഘടിത കൊള്ളയിലൂടെ ജീവന്‍ നഷ്ടമായത്. പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തുന്ന ദന്തഗോപുരങ്ങളുള്ള രാഷ്ട്രത്തെ കുറിച്ചാണ് കേരളത്തില്‍ നടന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനത്തില്‍ ചുണ്ടനക്കി ആളെ പറ്റിക്കാന്‍ നോക്കി എന്തോയിസം എന്നു പേരിട്ട പരിപാടി നടത്തിയ മഹാനടന്‍ ഉള്‍പുളകം കൊള്ളുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനെയോ കള്ളപ്പണം തടയാനുള്ള നടപടികളെയോ ഇന്ത്യാ മഹാരാജ്യത്ത് ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ യാത്രകളെല്ലാം കഴിഞ്ഞ് നാട്ടിലെത്തിയ നിമിഷം യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പരിഷ്‌കാരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ സാമ്പത്തിക ബന്ദികളാക്കിയ ഭ്രാന്തന്‍ നടപടിയാണ് പൊതു ജനം ചോദ്യം ചെയ്യപ്പെടുന്നത്. സ്വിസ് ബാങ്കിലും മൗറീഷ്യസിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയവര്‍ അതിനൊന്നും മിനക്കെടാതെ പൊതു ജനത്തിന്റെ കഞ്ഞിയില്‍ മണ്ണിടാന്‍ കാണിച്ച കൂതറ സര്‍ക്കസിനെയാണ് പൊതു ജനം വെയിലത്തിരുന്നു കൊണ്ട് എതിര്‍ത്തത്. സംഘികള്‍ വലിയ വായില്‍ വിളിച്ചു പറയുന്നത് കേട്ട് ഇതോടെ ഇന്ത്യയിലെ കള്ളപ്പണമെല്ലാം അവസാനിക്കുമെന്നാണ് നടന വിസ്മയം ഉള്‍പുളകിതനാവുവന്നത്. പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ സര്‍ജിക്കല്‍ സ്‌െ്രെടക്ക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നുമാണ് നോട്ട് നിരോധനത്തെക്കുറിച്ച് മഹാനടന്‍ പറയുന്നത്. എന്നാല്‍ മദ്യഷാപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നാണ് ടിയാന്റെ പുതിയ കല്‍പന. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനു വേണ്ടി എടിഎമ്മിനു മുമ്പില്‍ വരി നില്‍ക്കുന്ന വരെ മദ്യപരോട് ഉപമിച്ച മേപ്പടിയാന്‍ അപമാനിച്ചിരിക്കുന്നത് താനടക്കമുള്ളവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണാന്‍ ഇടിച്ചു കേറി ഹായ് വിളിക്കുന്ന പൊതുജനത്തെയാണ്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയ നരേന്ദ്ര മോദിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന കാണാന്‍ നടന വിസ്മയത്തിന് സാധിച്ചില്ല. സ്വന്തം ഡ്രൈവറെ ലോക വിസ്മയമാക്കിയ അപൂര്‍വ വ്യക്തിത്വമായതു കൊണ്ടാവാം. അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ആനക്കൊമ്പിന്റെ ഗന്ധം അങ്ങു രാജസ്ഥാന്‍ മുരുഭൂമി വരെ എത്തിക്കാണും. സ്വന്തം വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നവനും ബെനാമികളെ വെച്ചു പടം പിടിക്കുന്നവരും ഇന്ത്യക്കു വെളിയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുമെല്ലാം മഹാമാന്യന്‍മാര്‍. അത്താഴപ്പട്ടിണിക്കാരന്‍ 100 രൂപക്കായി ക്യൂനില്‍ക്കുന്നതിനിടെ എന്തേലും പറഞ്ഞാല്‍ അത് മഹാപാതകം. ശീതീകരിച്ച ഹാളുകളിലും എയര്‍പ്പോര്‍ട്ടിലും നിന്ന ക്യൂ അല്ല ഇതെന്നു മഹാനു മനസിലായിക്കാണില്ല. അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് സഹപ്രവര്‍ത്തകനായ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ച ദി കിംഗ് എന്ന സിനിമ ഒരാവര്‍ത്തി കണ്ട്, ഇന്ത്യ എന്താണെന്നു അറിയണമായിരുന്നു. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യൂ. ആളെവിട്ട് എഴുതിപ്പിക്കുന്നവര്‍ക്കു മനസിലായിക്കൊള്ളണമെന്നില്ല. അവാര്‍ഡ് പട്ടികകളില്‍ ഇനി പേരുവരാന്‍ ഇത്തരം എളുപ്പവഴികള്‍ ഉണ്ടെന്നും ചില ഗോസിപ്പുകള്‍ കേള്‍ക്കുന്നു. സംഘിസത്തിന് കുഴലൂത്തു നടത്തുന്ന പഴയ പട്ടാളക്കാരന്റെ സിനിമയില്‍ അഭിനയിക്കുന്നതിനാലാവാം ഇപ്പോള്‍ എല്ലാം അതുവഴിയാണ്. സൂപ്പര്‍ സ്റ്റാറിന് ഇങ്ങനെ പറയാമെങ്കില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന് എങ്ങനെയും പറയാമെന്നാണല്ലോ. നോട്ട് നിരോധനം നടപ്പാക്കിയ മോദിയുടെ നടപടി ധീരമാണെന്നാണ് ഉപദേഷ്ടാവിന്റെ ഉപദേശം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ നടപടിയാണെന്നും നികുതി വെട്ടിപ്പും കള്ളപ്പണം തടയാനും ഇത് ഉപകരിക്കുമെന്നും പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന പോര്‍ട്ടലിലെഴുതിയ ലേഖനത്തില്‍ മുഖ്യന്റെ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു. കീഴ് വഴക്കങ്ങള്‍ക്ക് ഭിന്നമായി ധീരമായ നടപടിയാണ് മോദി സ്വീകരിച്ചത്. പ്രാരംഭഘട്ടത്തില്‍ ഇന്ത്യയിലെ പാവങ്ങളും നികുതിദായകരും ഇതിനെ സ്വാഗതം ചെയ്തിരുന്നുവെന്നും ‘നോട്ട് നിരോധനം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കള്ളപ്പണക്കാര്‍ പണ രൂപത്തില്‍ അവ സൂക്ഷിക്കില്ലെന്ന വാദത്തെയും ഉപദേഷ്ടാവ് തള്ളുന്നു. നികുതിവെട്ടിപ്പുകാര്‍ കള്ളപ്പണം പണമായി സൂക്ഷിച്ചുവെക്കില്ലെന്ന മോദിയുടെ വിമര്‍ശകരുടെ വാദം അസ്ഥാനത്താണെന്നും കള്ളപ്പണക്കാര്‍ സമ്പത്ത് വസ്തു, സ്വര്‍ണം തുടങ്ങിയ പണയിതര രൂപത്തിലാണ് സൂക്ഷിക്കാറുള്ളതെങ്കിലും പണം ഇപ്പോഴും അനധികൃത സമ്പാദ്യങ്ങളുടെ മുന്‍നിര ഉപാധിയാണെന്നും അവര്‍ പറയുന്നു.
ലാസ്റ്റ്‌ലീഫ്:
കാഷ്‌ലെസ് സമൂഹമാകാന്‍ യുവാക്കള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പോക്കു പോയാല്‍ കാഷ്‌ലസ് രാജ്യമാകാന്‍ ആരും മുന്‍െൈക എടുക്കേണ്ടി വരില്ല.

chandrika: