X

ചീറ്റിയ അമിട്ടും വിജയതീരത്തെ പട്ടേലും-ശാരി പി.വി

പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍ വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്‍ സാക്ഷാല്‍ ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്‍കുന്ന സംഘികളെ താങ്ങുന്ന ചാനല്‍പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്‍ ഫാസിസം തന്നെയാണ്. പട്ടേല്‍ പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്‍വന്ദ് സിങെന്ന പഴയ കോണ്‍ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്‍ കൂട്ടി സ്ഥാനാര്‍ത്ഥിയാക്കി ആളാവാന്‍ നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ ജയം എട്ടിന്റെ പണി കൊടുത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതവും സര്‍വോപരി മുട്ടിന് മുട്ടിന് പശു ഗവേഷണ കേന്ദ്രവും സ്വപ്‌നം കണ്ട് വെള്ളമിറക്കിയ ടിയാന്റെ ടീംസ് പണി വന്ന വഴി തേടി അലയുകയാണിപ്പോള്‍.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ജയിച്ചു എന്നുള്ളതിനെക്കാള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് അയാള്‍ വിജയിച്ചു എന്നതാണ് പ്രധാനം. പശുക്കള്‍ക്ക് ആംബുലന്‍സും കുട്ടികള്‍ക്ക് യമപുരിയും കാണിച്ച് ഇന്ത്യയെ തൊഴുത്താക്കാന്‍ നടക്കുന്നവര്‍ രാഷ്ട്രീയ ധാര്‍മികത എന്നത് കാറ്റില്‍ പറത്തി എതിര്‍പക്ഷത്തുള്ള എം.എല്‍.എമാരെ കിഴി കാട്ടി അടര്‍ത്താന്‍ തുടങ്ങിയിട്ട് നാളൊത്തിരിയായി. ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്‍ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്‍ ആ കക്ഷികള്‍ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്‍ അതില്‍ മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എംഎല്‍എമാരെ പല തരത്തില്‍ കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്‍ ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്.

ഇതാദ്യമായല്ല ബി.ജെ.പിക്കാര്‍ കൂറുമാറ്റുന്നത്. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്‍ഷങ്ങളായി മോദി ഷാ സഖ്യം കൃത്യമായി ഗുജറാത്തില്‍ നടപ്പാക്കുകയും ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ഇതിലൂടെ പകല്‍ പോലെ വ്യക്തം. സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ വ്യഗ്രതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആരുടേയോ സുകൃതം കൊണ്ട് ഗുജറാത്തില്‍ തെന്നി വീണത്. കാശുള്ളവന്‍ കാര്യക്കാരനെന്ന് നോട്ടു അസാധുവാക്കലിലൂടെ സാധ്യമാക്കിത്തന്ന രാജ്യത്ത് പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന ഈ കോമാളിത്തരം നേരത്തെ അസം, മണിപ്പൂരില്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, ഇപ്പം ഗുജറാത്തില്‍, ഇനി തമിഴ്‌നാട്ടിലും പിന്നാലെ ഒഡിഷയിലും ഇതു തന്നെ നടക്കും. ഇവിടെയെല്ലാം കഥയും തിരക്കഥയും രചിക്കുന്നത് ഒരാള്‍ തന്നെ. പണമൊഴുക്കാന്‍ കോര്‍പറേറ്റുകളും റെഡി.

ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യത ഇനി സ്വപ്‌നങ്ങളായി മാത്രം അവശേഷിച്ചാലും അല്‍ഭുതപ്പെടേണ്ട എന്നു സാരം. സകലവിധ അധികാര ദുര്‍വിനിയോഗവും, പണവും, പദവികളും, സകലവിധ പ്രലോഭനങ്ങളും നിവര്‍ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കെട്ടുകാഴ്ചക്ക് താമരപ്പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ നേതൃത്വം കൊടുക്കുമ്പോള്‍ പാതിരാത്രിക്ക് ഫലമറിയുമ്പോള്‍ ജന്മദിന കേക്ക് മുറിക്കാന്‍ കാത്തു നിന്നവര്‍ക്ക് കിട്ടിയത് ഇത്തവണ പാവക്ക ജ്യൂസായിപ്പോയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. കോഴക്കളിയുടെ ഫലമറിയാന്‍ പാതിരാത്രി കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ചാനല്‍ പുംഗവന്‍മാരുടെ ഇന്ത്യയില്‍, പട്ടേലിന്റെ വിജയം വെറും ചെറുതെങ്കിലും ഇതില്‍ ലഭിച്ച തിരിച്ചടി വലിയ പാഠങ്ങളും നല്‍കുന്നുണ്ട്. ഇനിയിപ്പോ കോണ്‍ഗ്രസിനെ രക്ഷിച്ചത് ആരാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ബര്‍മൂഡ ട്രയാങ്കിളില്‍ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാവുന്നതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചെങ്കിലും ഗുജറാത്തില്‍ പട്ടേലിനെ രക്ഷിച്ച രക്ഷകന്‍ ആരെന്നത് നിഗൂഢമായി തുടരുക തന്നെ ചെയ്യും. 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പട്ടേലിന് വോട്ടു കുത്തിയപ്പോള്‍ 44-ാമത്തെ മഹാന്‍ ഞാനാണെന്ന വാദവുമായി മൂന്നു പേരാണ് രംഗത്തുള്ളത്. പോളിഗ്രാഫ് ടെസ്റ്റ് പോലും തോറ്റു പോകുന്ന വാദങ്ങളായതിനാല്‍ ചാക്കിട്ടു പിടിച്ച എം.എല്‍.എമാര്‍ ചാടിപ്പോയതിന്റെ നാണക്കേടോര്‍ത്ത് തലപുണ്ണാക്കുന്ന അമിട്ട് സംഘത്തെയോര്‍ത്ത് തല്‍ക്കാലം ഈ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശതകോടികള്‍ കിലുക്കി എം.എല്‍.എമാരെ ഒപ്പം നിര്‍ത്തിയെങ്കിലും ഓപണ്‍ വോട്ടില്‍ സ്വന്തം ഏജന്റിനെ വോട്ട് കാണിക്കേണ്ടതിന് പകരം ‘വാങ്ങല്‍’ എം.എല്‍.എമാര്‍ വോട്ട് ചെയ്തു കാണിച്ചത് ഏജന്റിനൊപ്പം ബി.ജെ.പി ദേശീയാധ്യക്ഷനേയും കൂടിയാണ്. കിട്ടേണ്ടത് കിട്ടണമെങ്കില്‍ ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെടണമല്ലോ. പക്ഷേ സംഗതി നൈസായി പാളി. ബുദ്ധിയുള്ള ഏതോ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാര്യം അറിയിച്ചു.
നാട്ടിലുള്ളവരൊക്കെ പണച്ചാക്കുമായി ഈ കോലത്തില്‍ ഇറങ്ങിയാല്‍ ഇനിയുള്ള കാലം തെരഞ്ഞെടുപ്പ് തന്നെ കയ്യാലപ്പുറത്താവുമെന്ന് വ്യക്തമായ ധാരണയുള്ളവര്‍ കമ്മീഷനിലുള്ളതിനാല്‍ കൂറുമാറിയവന്റെ വോട്ട് അസാധുവായി. അങ്ങനെ ഓപറേഷന്‍ ജയിച്ചു രോഗി മരിച്ചു. പട്ടേല്‍ ജയിച്ചു.

ഫാസിസം വീണ്ടും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വെന്റിലേറ്ററിലേക്കു വീണു. വണ്ടി മാറിക്കേറിയതിന് രാഹുലിനെ കല്ലെറിഞ്ഞത് മാത്രം മിച്ചം. കൂറുമാറ്റമെന്ന കലാരൂപത്തിന് ഔദ്യോഗിക പരിവേശം നല്‍കി ചാക്കു കിലുക്കുന്നവര്‍ ഇനി ഇമ്മാതിരി അമളി പറ്റാതിരിക്കാന്‍ ഭാവിയിലെങ്കിലും ശ്രദ്ധിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സഹായിച്ചു. ഇനിയിപ്പോ തമിഴ്‌നാട്ടിലാണ് ഈ കലാപരിപാടിക്കായി സ്റ്റേജ് ഒരുക്കി വെച്ചിരിക്കുന്നത്.

ലാസ്റ്റ്‌ലീഫ്:
മുന്‍ ഉപരാഷ്ട്രപതി സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകണമെന്ന് ആര്‍.എസ്.എസ്. അങ്ങനെ ഒരിടവേളക്കു ശേഷം വിസ വിതരണം ആര്‍.എസ്.എസ് പുനരാരംഭിച്ചിരിക്കുന്നു.

chandrika: