പി ഇസ്മായില്‍ വയനാട്
നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ തുട്ടുകളും വിലപ്പെട്ടതാണ്.’ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി അതിനായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണം’. നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ തേടികൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ രത്‌ന ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. മരുന്ന്, ഭക്ഷണം, വസ്ത്രം, വീടുകള്‍, അവശ്യസാധനങ്ങള്‍, സ്‌കൂളുകള്‍.റോഡുകള്‍. പാലങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണങ്ങളടക്കമുള്ള ഒട്ടനവധി ആവശ്യങ്ങളുടെ പട്ടിക നിരത്തിയാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയര്‍ ആ പ്രഖ്യാപനം ഏറ്റെടുക്കുകയുണ്ടായി. ഓണസദ്യക്കും ഓണക്കോടിക്കും പെരുന്നാള്‍ വസ്ത്രത്തിനും മാറ്റിവെച്ച പണം മടികൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പലരും കൈമാറി. കല്യാണ ചിലവുകള്‍ വെട്ടി ചുരുക്കിയതിന്റെ വിഹിതവും വധു-വരന്‍മാര്‍ വിവാഹപന്തലില്‍ വെച്ച് സ്വര്‍ണ്ണാഭരണവും പെന്‍ഷന്‍ തുക വരെയും കൊടുക്കാന്‍ ജനങ്ങള്‍ മത്സരിക്കുകയായിരുന്നു.
സാമ്പത്തിക ക്ലേശം നിലവിലുള്ളതിനാല്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കുകയുണ്ടായി. ചലചിത്രമേള, സര്‍വകലാശാല മേളകള്‍, സ്‌കൂള്‍ മേളകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ആഘോഷങ്ങളെല്ലാം തന്നെ ഉത്തരവിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടു. കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ മേളകള്‍ നടത്താന്‍ തീരുമാനമായി. സ്‌കൂള്‍ മേളകള്‍ക്ക് വിശാലമായ പന്തലോ സ്റ്റേജോ പാടില്ല. ഉച്ചഭാഷിണിയാവട്ടെ ആഥിയേത്വം വഹിക്കുന്ന സ്‌കൂളില്‍ നിന്ന് തരപ്പെടുത്തണം. മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍ ചിലവില്‍ ഉച്ചഭക്ഷണം നല്‍കില്ല. ഇതിനായി ഏതെങ്കിലും സംഘടനകളെയോ സ്ഥാപനങ്ങളെയോ സ്‌പോണ്‍സര്‍മാരായി കണ്ടെത്തണം. വിധികര്‍ത്താക്കള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണെങ്കില്‍ അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ പാടില്ല. അഞ്ച് ദിവസവും നാല് ദിവസവും നീണ്ടു നില്‍ക്കുന്ന സംസ്ഥാനമേളകള്‍ രണ്ട് ദിവസമായി ചുരുക്കണം. മത്സര വിജയികള്‍ക്ക് ട്രോഫിയോ മെഡലുകളോ വിതരണം ചെയ്യാന്‍ പാടില്ല. നൂറ് കൂട്ടം നിബന്ധനകളോട് കൂടിയാണ് മേള നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത്.
ആഘോഷ രഹിത കേരളം എന്ന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പത്തി രണ്ടാം വാര്‍ഷികാഘോഷത്തിന് പെരുമ്പറ കൊട്ടിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് മെഡലിനാവശ്യമായ 42000 രൂപ സാമ്പത്തിക പരാധീനതയുടെ പേരില്‍ വെട്ടിച്ചുരിക്കിയവരും ദുരിതാശ്വാസ തുക പൂര്‍ണ്ണമായി വിതരണം ചെയ്യാനും മടികാട്ടിയവരാണിപ്പോള്‍ ലക്ഷങ്ങള്‍ വാരി വിതറി ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദിവാലി കളിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചരിത്രപ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്റിറി പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നത്. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ക്ക് നേരിട്ട് ചുമതല നല്‍കിയിരിക്കുകയാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സില്‍വര്‍ ജൂബിലിയോ ഗോള്‍ഡന്‍ ജൂബിലിയോ വജ്രജൂബിലിയോ, പ്ലാറ്റിനം ജൂബിലിയോ ഇത്ര കെങ്കേമമായി അന്നത്തെ സര്‍ക്കാരുകളൊന്നും തന്നെ കൊണ്ടാടിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണകാലയളവിലാണ് എണ്‍പതും എണ്‍പത്തിയൊന്നാം വാര്‍ഷികവും കടന്നു പോയത്. അന്നൊന്നും ഇല്ലാത്ത സവിശേഷതയോടെ എണ്‍പത്തി രണ്ടാം വാര്‍ഷികം കൊണ്ടാടുന്നത്. മാര്‍ക്‌സിസ്റ്റ് തമ്പ്രാക്കള്‍ ഒരുക്കിയ നാടകത്തിന്റെ ഭാഗമാണിതെന്ന് തലയില്‍ ആള്‍ പാര്‍പ്പുള്ള ആര്‍ക്കും മനസ്സിലാകും.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും കോടതി വിധിയെ തുടര്‍ന്ന് പിണറായിയും പാര്‍ട്ടിയും കൈ കൊണ്ട നിലപാടിലും സി പി എമ്മിന്റെ അണികള്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പാണ് നിലനില്‍ക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ നടന്ന നാമജപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. അവര്‍ക്കെല്ലാം സംഘിപ്പട്ടം ചാര്‍ത്തി മതേതര ചേരിയില്‍ നിന്നും ആട്ടിയകറ്റാനാണ് സി പി എം നേതാക്കള്‍ ശ്രമിച്ചത്. നാമജപയാത്രയില്‍ പങ്കാളികളായവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചവരും ചെങ്കൊടി തോളിലേന്തുന്നവരും വിപ്ലവത്തിന്റെ ഈരടികള്‍ മുഴക്കുന്നവരുമായ സഖാക്കള്‍ ഉണ്ടെന്ന കാര്യം തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. ജാള്യത മറച്ചു പിടിക്കാന്‍ തുടക്കത്തില്‍ നിഷേധവുമായി നേതൃത്വം രംഗത്ത് വന്നുവെങ്കിലും പങ്കെടുത്തവരുടെ പേരും നാളും നക്ഷത്രവും സോഷ്യല്‍ മീഡിയകളിലൂടെ പലരും വെളിപ്പെടുത്തുകയുണ്ടായി. ലോക്കല്‍ സെക്രട്ടിമാരുടെ ഫോട്ടോയടക്കം പത്രത്തില്‍ വന്നതോടെ സി പി എമ്മിന്റെ നേതാക്കള്‍ക്ക് നാട്ടിലെങ്ങും നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണുള്ളത്.
തിരുവതാംകൂറിലെ അവര്‍ണ്ണ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി കൊണ്ട് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്ന പേരില്‍ അറിയപ്പെടുന്നത്. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് രാജാവിന് പ്രഖ്യാപനം നടത്തേണ്ടി വന്നത്. ക്ഷേത്രപ്രവേശനത്തിന്റെ പേരില്‍ വൈക്കത്തും ഗുരുവായൂരും നടന്ന സമരത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഭാഗവാക്കായിട്ടില്ല. പാര്‍ട്ടിയില്‍ അംഗത്വമുള്ള അവര്‍ണ്ണനും സവര്‍ണ്ണനുമെല്ലാം എക്കാലവുംക്ഷേത്ര പ്രവേശനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിരീശ്വരവാദികളാണിപ്പോള്‍ ക്ഷേത്രപ്രവേശനവിളംബരം നാടുനീളെ കൊട്ടിഘോഷിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെള്ളം കുടിപ്പിച്ചവരാണ് ക്ഷേത്രനടയിലേക്ക് വിശ്വാസികളെ മാടി വിളിക്കുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഭാഗവാക്കരുതെന്നുമുള്ള തെറ്റുതിരുത്തല്‍ രേഖയില്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റുകള്‍ മാറ്റം വരുത്തിയിട്ടില്ല. അപ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിശ്വാസികളുടെ ക്ഷേത്രപ്രവേശനമല്ല. മറിച്ച് വിശ്വാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ചിലവില്‍ വീണ്ടെടുക്കല്‍ മാത്രമാണ്.