X

ബി.ജെ.പി പ്രത്യയശാസ്ത്രവും ഇന്ത്യന്‍ ശാസ്ത്ര ഭാവിയും

ഡോ. രാംപുനിയാനി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെയാണ് ഭരണഘടന നിലവില്‍ വരുന്നതും സമൂഹത്തില്‍ പുരോഗതിക്കുള്ള അടിത്തറ പാകുന്നതും. ഇത് സര്‍വ പുരോഗതിയുടെയും നിതാനവും ശാസ്ത്രീയ മനോഭാവതത്വങ്ങളുടെ അടിസ്ഥാനവുമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ പ്രക്രിയക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികച്ച സേവനങ്ങളാല്‍ രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സ്ഥാപനങ്ങളുടെ വര്‍ധന നമുക്ക് ദര്‍ശിക്കാനായി. തീര്‍ച്ചയായും, കുറവുകളും ദുര്‍ബലതകളും ഉണ്ടായിരുന്നാലും ലക്ഷ്യം യുക്തിഭദ്രവും ശാസ്ത്രീയ സമീപനത്തോടെയുള്ളതുമായിരുന്നു. പൗരന്‍മാരുടെമേല്‍ ‘ശാസ്ത്രീയ മനോഭാവം’ വികസിപ്പിക്കുന്നതിന് കല്‍പ്പിക്കുന്ന ‘മൗലിക ചുമതല’ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 51എ വകുപ്പിന്റെ പൂര്‍ത്തീകരണം കൂടിയാണിത്.
ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വികസനത്തിനും നിര്‍ദേശം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരുമായ ഭാരതീയ ജനതാപാര്‍ട്ടിക്കും അതിന്റെ നേതാക്കന്മാര്‍ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ ഉള്ളതായാണ് മനസ്സിലാകുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ മുഴുവന്‍ മേഖലകളിലും അത് അടിസ്ഥാന ശാസ്ത്രമാകട്ടെ, സാങ്കേതിക വിദ്യയാകട്ടെ, ആരോഗ്യ, ആണവോര്‍ജ്ജ, ബഹിരാകാശ ശാസ്ത്രത്തിലാകട്ടെ നമുക്ക് നല്ല അടിത്തറയുള്ളപ്പോള്‍ നിലവിലെ ഭരണാധികാരികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ റിവേഴ്‌സ് ഗിയറില്‍ പിറകിലേക്ക് വലിക്കുന്നതായാണ് അനുഭവം.
കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി നമ്മുടെ സ്ഥാപനങ്ങള്‍ വികസിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും മിക്ക തലങ്ങളിലുമുള്ള ഓള്‍റൗണ്ട് സംഭാവനയും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ശാസ്ത്ര പുരോഗതിയെ പിന്നോട്ട് വലിക്കുന്ന ഈ പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ്. മുരളി മനോഹര്‍ ജോഷി മാനവവിഭവശേഷി വകുപ്പ് മന്ത്രിയായപ്പോള്‍ സര്‍വകലാശാലകളില്‍ ജ്യോതിഷം, പൗരോഹിത്യം (ആചാരങ്ങള്‍) തുടങ്ങിയ കോഴ്‌സുകള്‍ അവതരിപ്പിച്ചതിലൂടെയാണ് ഇതിനു തുടക്കമായത്. ഈ മാതൃകയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. സത്യപാല്‍ സിങിന്റെ പ്രസ്താവന. ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് കാണുന്നത്. നമ്മുടെ പൂര്‍വ്വികരില്‍ ഒരാളും തന്നെ വാമൊഴിയാലോ വരമൊഴിയാലോ കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടെന്ന് പറഞ്ഞിട്ടില്ല. പൂര്‍വിക ഗാഥകള്‍ പറയുന്ന ഒരു പുസ്തകവും അത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ല’. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ പിന്തുണക്കുകയും ബി.ജെ.പി നേതാവ് രാം മാധവിനെ മാതൃകയാക്കുകയുമായിരുന്നു കേന്ദ്ര മന്ത്രി.
കുറച്ചുനാള്‍ മുമ്പ് അദ്ദേഹം പറഞ്ഞു: ‘വിമാനം ആദ്യമായി കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല. അതൊരു ഇന്ത്യക്കാരനായിരുന്നു. ശിവ്കര്‍ ബാപുജി തല്‍പാഡെയാണ് അത് കണ്ടുപിടിച്ചത്’. തല്‍പാഡെയെ പോലുള്ളവരെ ഉയര്‍ത്തിക്കാട്ടുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ദശകങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായുള്ള തെളിവു ശേഖരത്തിലൂടെ ശാസ്ത്ര കണ്ടെത്തലുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ചതാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ശാസ്ത്രം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, യഥാര്‍ത്ഥ കണ്ടുപിടിത്തങ്ങള്‍ നല്‍കുന്ന അറിവിന്റെ വിടവുകള്‍ പരിഹരിക്കാന്‍ എല്ലായ്‌പ്പോഴും സാധ്യത നിലനില്‍ക്കുന്നതാണ്. അങ്ങനെയാണ് ശാസ്ത്രത്തിന്റെ വികാസം. ശാസ്ത്രത്തിന്റെ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് മതമൗലികവാദികളുടെ ഗീര്‍വാണങ്ങള്‍. അവര്‍ക്ക് എല്ലാ അറിവുകള്‍ക്കുമായി ദൈവത്തിന്റെ വാക്കുകളായ വിശുദ്ധ പ്രമാണങ്ങള്‍ തയാറാണ്. ഇത്തരം പിന്തിരിപ്പന്‍ ചിന്തയുടെ ജനിതകഘടയില്‍ വരുന്നത് സിങ്-ജോഷി-റാം മാധവ് ത്രയം മാത്രമല്ല. ക്രൈസ്തവ മതങ്ങളിലുള്‍പ്പെടെ വിവിധ മത നേതാക്കള്‍ ഇവര്‍ക്കൊപ്പമുണ്ട്.
ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തിന് സിങിന്റെ പ്രസ്താവന വളരെ അരോചകമാണ്. മന്ത്രിക്കയച്ച കത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ അവരുടെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകവും നിസ്സാരവത്കരിക്കുന്നതുമാണ്. മനുഷ്യനും മറ്റു വാലില്ലാവാനരന്മാര്‍ക്കും കുരങ്ങുകള്‍ക്കും പൊതുവായ പൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന സത്യത്തെ നിഷേധിക്കാനാകാത്ത ശാസ്ത്രീയ തെളിവുകള്‍ ധാരാളമുണ്ടെന്ന് ഇവര്‍ കത്തില്‍ വിശദമാക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ വേദങ്ങളിലുണ്ടെന്ന മന്ത്രിയുടെ വിശദീകരണം അതിശയോക്തികരവും ഇന്ത്യന്‍ ശാസ്ത്ര പാരമ്പര്യങ്ങളുടെ ചരിത്രത്തില്‍ കലര്‍പ്പില്ലാത്ത ഗവേഷണ ജോലികള്‍ നിര്‍വഹിച്ചവരെ അപമാനിക്കുന്നതുമാണെന്ന് കത്തുകളില്‍ പറയുന്നു.
രാജ്യത്ത് മനുഷ്യവിഭവശേഷി വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രി അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരൂപണപരമായ വിദ്യാഭ്യാസത്തിലൂടെ യുക്തിബോധം വളര്‍ത്തുന്നതിനും ആധുനിക ശാസ്ത്ര ഗവേഷണങ്ങള്‍ക്കുമുള്ള ശാസ്ത്ര സമൂഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കും ഉപദ്രവകരമാണ്. ആഗോളാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതും അന്താരാഷ്ട്ര ചരിത്ര ഗവേഷണ സമൂഹത്തിന് ഇന്ത്യന്‍ ഗവേഷകരുടെ വസ്തുതാപരമായ ഗവേഷണങ്ങളിലുള്ള വിശ്വാസ്യത കുറയ്ക്കുന്നതുമാണെന്ന് കത്തുകളില്‍ വായിക്കാവുന്നതാണ്. ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷണ്‍ ഗണപത് മതാപുര്‍കാര്‍ പേറ്റന്റ് കരസ്ഥമാക്കിയത് പുരാണ വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ഗാന്ധാരി 100 കൗരവര്‍ക്ക് ജന്മംനല്‍കിയതിലും കുന്തിയുടെ ചെവിയില്‍ നിന്നുള്ള കര്‍ണന്റെ പിറവിയിലും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന മറ്റൊരു അവകാശവാദവുമുണ്ട്. സമാനതലത്തില്‍ രസകരമായ പ്രസ്താവനയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് മേധാവി വൈ സുദര്‍ശനന്റേത്. ഹൈന്ദവ ഇതിഹാസമായ മഹാഭാരതം വായിക്കുന്നതിലൂടെ അതില്‍ വിവരിക്കുന്ന ആയുധങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആണവ മിസൈല്‍ സംബന്ധിച്ച ആശയം ലഭിക്കുന്നതിനുള്ള അനുമാനത്തിലെത്താമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ വിത്തുകോശ ഗവേഷണങ്ങള്‍ അയോണ്‍ യുഗത്തില്‍ തന്നെ ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
ഇത്തരെ ചിന്താഗതിയില്‍പെട്ടവര്‍ നമ്മുടെ നയരൂപീകരണ മേഖലയില്‍ ഇടംപിടിക്കുന്നത് ശാസ്ത്ര മേഖലക്ക് ശക്തമായ പ്രഹരമാണെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ല. ഭാവനാബിംബങ്ങളായ ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ ഫണ്ടിങ് നടത്തുന്നതിനും ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിലവില്‍ ഭൂരിഭാഗം നയങ്ങളും മുന്നോട്ടുവെക്കുന്നത്. പശുവിന്റെ മൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവയടങ്ങിയ മിശ്രിതമായ പഞ്ചഗവ്യയുടെ ഗവേഷണത്തിന് ഇയ്യിടെ വലിയ തുകയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലുള്ള രാമസേതു പാലം യാഥാര്‍ത്ഥ്യമായിരുന്നുവെന്നും വാനരസേനയുടെ സഹായത്തോടെ ശ്രീരാമനാണ് പാലം നിര്‍മ്മിച്ചതെന്നും തെളിയിക്കാനുള്ള ശ്രമങ്ങളുമുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളുടെ ചരിത്രം തെളിയിക്കാനായി സരസ്വതി നദി ഉണ്ടായിരുന്നുവെന്ന് ചരിത്രപരമായ കാര്യങ്ങളിലൂടെ തെളിയിക്കേണ്ടത് അതിലൊന്നാണ്.
എല്ലാ അറിവുകളും വേദ ഗ്രന്ഥങ്ങളില്‍ നേരത്തെയുള്ളതാണെന്നും ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളും വികാസവും ആ നിരയിലായിരിക്കണമെന്നുമാണ് ഇവരുടെ ഇരട്ട പ്രക്രിയയിലെ ഒരു അവകാശവാദം. രണ്ടാമത്തേത് എല്ലാ കണ്ടെത്തലുകളുടെയും വേരുകള്‍ ഇന്ത്യയിലാണെന്നും അതിലധികവും ക്രിസ്ത്യാനികളും മുസ്‌ലിംകളും കടന്നുവരുന്നതിന് മുമ്പാണെന്നുമാണ്. ഹിന്ദുമതവും ഹിന്ദുക്കളും മാത്രമായി ഇന്ത്യയെ തിരിച്ചറിയുക എന്നതിന് സമാന്തരമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ പല പതിറ്റാണ്ടുകളായി ശാസ്ത്രീയ സംരംഭങ്ങള്‍ക്ക് നല്ല അടിത്തറയുണ്ട് എന്നത് അനുഭവമാണ്. നമ്മുടെ ശാസ്ത്ര സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനുമെല്ലാം ഈ പ്രതിസന്ധികളെയെല്ലാം ചെറുത്തുനില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. വരും വര്‍ഷങ്ങളില്‍ ശാസ്ത്രത്തിന്റെ യുക്തിസഹമായ ചിന്തകളും നേട്ടങ്ങളും പ്രയോജനപ്പെടുത്താന്‍ നമ്മുടെ അടുത്ത തലമുറക്ക് കഴിയുമോ?

chandrika: