X

അടിച്ചമര്‍ത്തപ്പെടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം

ഡോ. രാംപുനിയാനി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹത്തില്‍ ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്‍ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതിനെ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിലനിര്‍ത്തുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രോഷം നേരിടേണ്ടിവന്ന പ്രധാന നേതാക്കള്‍ ഇതിനായി കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ട്. വിവിധ വകുപ്പുകളും ഉപവാക്യങ്ങളുമായി അതേ മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
വിഭാഗീയ ദേശീയതയുടെ പ്രത്യയശാസ്ത്രക്കാരായ ഭരണാധികാരികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ഇപ്പോള്‍ നമുക്ക് കാണാനാകുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും മാത്രമല്ല, എഴുത്തുകാരെ കടന്നാക്രമിക്കുന്നതിലൂടെയുമാണ്. ഒരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഭരണ കക്ഷി സ്വതന്ത്ര ചിന്തകരെ തടയുന്നതിന് കടുങ്കൈയാണ് പ്രയോഗിക്കുന്നത്. വിരുദ്ധ അഭിപ്രായങ്ങളെ നിശബ്ദമാക്കാന്‍ ചിന്തകരെയും എഴുത്തുകാരെയും ശാരീരികമായി ഇല്ലാതാക്കുകയെന്ന ഭയാനകമായ പ്രതിഭാസംകൂടി ഈ ശ്രമങ്ങള്‍ക്കൊപ്പമുണ്ട്.
ചില സന്ദര്‍ഭങ്ങളിലൊക്കെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന് നമുക്കറിയാം. അടിയന്തരാവസ്ഥകാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതും പ്രസിദ്ധീകരണശാലകളില്‍ റെയ്ഡ് നടത്തുന്നതുമെല്ലാം സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഭാസം അല്‍പം വ്യത്യസ്തമാണ്. ഇവിടെ ബിഗ് ബ്രദറിന്റെ ശക്തമായ നിരീക്ഷണമുണ്ട്. അവര്‍ക്ക് പ്രചോദനമാകുന്നത് വര്‍ഗീയ ദേശീയതയാണ്. ഭരണകൂടം അവര്‍ക്കൊപ്പമാണെന്ന വ്യക്തമായ അറിവോടെ അവര്‍ നിയമം കൈയിലെടുക്കുകയാണ്. പ്രത്യയശാസ്ത്ര തലത്തില്‍ എതിര്‍ക്കാന്‍ പറ്റാത്ത ചിന്തകന്മാരെയും ആക്ടിവിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുന്ന കുറ്റകൃത്യത്തില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ ദേശീയത പ്രോത്സാഹിപ്പിക്കുന്ന മിക്ക പ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം തികച്ചും അസഹിഷ്ണുതാപരവും തെരുവ് അക്രമങ്ങളില്‍ വ്യാപൃതവും വര്‍ഗീയ വിഭജനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൊലകള്‍വരെ നടത്തുന്നതുമായിരിക്കും. ഇതുമായി പൊരുത്തപ്പെടുന്ന പ്രതിഭാസം നാം ഇന്ത്യയില്‍ കാണുന്നതുപോലെതന്നെ ബംഗ്ലാദേശിലും ദര്‍ശിക്കാനാകും.
കഴിഞ്ഞ ഏതാനും വര്‍ഷമായി യുക്തിബോധമുള്ള ചിന്തയെ ഉയര്‍ത്തിപ്പിടിക്കുന്ന, ജാതിയെ പിന്തുണക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ എതിര്‍ക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൊലപാതകങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. ദബോല്‍കറെ വെടിവെച്ചു കൊന്നതിലൂടെയാണ് പൈശാചികമായ ഈ പ്രതിഭാസത്തിനു തുടക്കമായത്. യുക്തിവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലും മഹാരാഷ്ട്രയില്‍ അന്ധ് ശ്രദ്ധാ നിര്‍മൂല സമിതി (അന്ധവിശ്വാസത്തെ ഇല്ലാതാക്കാനുള്ള കമ്മിറ്റി) രൂപീകരിക്കുന്നതിലും ദബോല്‍കര്‍ സജീവമായിരുന്നു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമായിരുന്ന ഗോവിന്ദ പന്‍സാരെ യുക്തിബോധത്തോടെയുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രമല്ല വിഭാഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണിക്കല്‍ മൂല്യങ്ങളെ എതിര്‍ത്ത യുക്തിവാദ പണ്ഡിതനായിരുന്നു എം.എം കല്‍ബുര്‍ഗി. അതിനാല്‍ സാമൂഹിക സമത്വത്തിനായി പ്രവര്‍ത്തിച്ച ബസവേശ്വരന്റെ അധ്യാപനങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണതയുടെ പിടിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രാചീന ഹിന്ദു മതത്തിനു കീഴിലായ ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ നീചമായ കൊലപാതകം സംഭവിച്ചത് ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഹിന്ദു ദേശീയ രാഷ്ട്രീയത്തെ മൗലിക ഉറവിടത്തില്‍ തന്നെ എതിര്‍ത്തിരുന്നു അവര്‍. മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് പോരാടിയവരായിരുന്നു ഗൗരി. ബാബ ഗുദാന്‍ ഗിരിക്കും ഈദ് ഗാഹ് ഗ്രൗണ്ടിനു ചുറ്റും നിര്‍മ്മിച്ച രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ പ്രാദേശിക സാമൂഹിക സൗഹാര്‍ദ്ദ സംഘങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അവര്‍ സംബന്ധിച്ചിരുന്നു. ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യം അവരും ഉയര്‍ത്തിയിരുന്നു. ഭീഷണികള്‍ നേരിട്ടുവെന്നതാണ് ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതം. പ്രാദേശിക ഭാഷയിലാണ് അവര്‍ എഴുതിയിരുന്നത്. വിഭാഗീയ പ്രത്യയശാസ്ത്രക്കാരുടെ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇവരുടെയെല്ലാം കൊലപാതകങ്ങള്‍ക്ക് സമാനതകളുണ്ട്. അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നത്തെ പ്രധാന വിഭാഗീയ രാഷ്ട്രീയക്കാരുമായി അടുത്തുനില്‍ക്കുന്ന സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ഈ കൊലയാളികള്‍ മഞ്ഞുമലയുടെ അഗ്രം പോലെയാണ്. വിശുദ്ധ പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതരെയും കൊല്ലുകയും മര്‍ദിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇപ്പോള്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കൊപ്പമാണ് ഈ കൊലപാതകികളും സഞ്ചരിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെത്തുടര്‍ന്ന് അഴിച്ചുവിട്ട ക്രൂരമായ പ്രവൃത്തികളാണ് മുഹമ്മദ് അഖ്‌ലാഖിന്റെയും ജുനൈദ് ഖാന്റെയും കൊലപാതകങ്ങളും ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചവശരാക്കിയതുമെല്ലാം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത്തരം അസഹിഷ്ണുത ക്രമേണ വളര്‍ന്നുവരുകയായിരുന്നു, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പ്രത്യേകിച്ചും അസഹിഷ്ണുതയുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയവത്കരണത്തെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്, വഷളായ അസഹിഷ്ണുതയും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കായി നിലകൊള്ളുന്നവരെ കൊലപ്പെടുത്തുകയുമാണോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ ആദ്യ കൊലപാതകം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള കൊല, അസഹിഷ്ണുത കൊണ്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത്. ഗോദ്‌സെയായിരുന്നു കൊലപാതകി. ആര്‍.എസ്.എസിനെ നിരോധിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മേധാവി ഗോള്‍വാള്‍കര്‍ക്ക് എഴുതി: ‘ആര്‍.എസ്.എസും ഹിന്ദു മഹാസഭയുമാണ്് …ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അത് സ്ഥിരീകരിക്കുന്നു. ഈ രണ്ട് സംഘടനകളുടെ പ്രവര്‍ത്തനഫലമായി, പ്രത്യേകിച്ച് ആര്‍.എസ്.എസിന്റെ, അത്തരമൊരു ദുരന്തം സംഭവിക്കാനുതകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.’ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1948 ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍, തുറന്ന മനോഭാവത്തോടെ ചര്‍ച്ചചെയ്യുന്നത് ജനാധിപത്യ സമൂഹത്തിനുള്ള ഏറ്റവും മികച്ച ജാമ്യമാണ്. ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയ പ്രത്യയശാസ്ത്രം. അതിനാല്‍ അവര്‍ അസഹിഷ്ണുതയെ മോശമായ നിലയിലാക്കാന്‍ സാധ്യതയുണ്ട്. വര്‍ഗീയതയെ ചെറുത്തു ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

chandrika: