X

യു.പി.എയുടെ വിജയക്കുതിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു

ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. 2014-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ജനകീയ പരീക്ഷയെ നേരിടാനിരിക്കുന്നു. വോട്ടെടുപ്പ് മുന്നില്‍ കണ്ട് വലിയ വാഗ്ദാനങ്ങളാണ് ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്. മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാഴ്‌വാഗ്ദാനങ്ങള്‍ മാത്രമായൊതുങ്ങുമ്പോഴാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള പ്രതികാര നടപടികളും പ്രതിപക്ഷ കക്ഷികളെ ഒരുപരിധിവരെ ഒരുമിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂര്‍ണ്ണമായൊരു പ്രതിപക്ഷ ഐക്യം ഇന്നും അകലെയാണ്.
? യു.പി.എ അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ എങ്ങനെ വിലയിരുത്തുന്നു
യു.പി.എ അധികാരത്തില്‍ വരാന്‍ നല്ല സാധ്യതകളുണ്ട്. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് ഇത്തവണ വലിയ മുേന്നറ്റമുണ്ടാക്കാന്‍ കഴിയില്ല. അവര്‍ക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള മഹാരാഷ്ട്ര,ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പോ ലും ഒപ്പത്തിനൊപ്പമോ അെല്ലങ്കില്‍ അതിന് മുകളിലോ ആണ് മതേതര പാര്‍ട്ടികള്‍. കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ഗുജറാത്തിലും ശക്തമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ചേക്കാം. ഇതൊക്കെ പരിശോധിക്കുമ്പോള്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള ഒരു സംസ്ഥാനവും ഇന്ത്യയില്‍ കാണാനാവില്ല. ഉത്തര്‍പ്രദേശില്‍ സമാജ് വാദി-ബി.എസ്.പി സഖ്യം മുഴുവന്‍ സീറ്റും കൊണ്ടു പോകും. അവിടെ കോണ്‍ഗ്രസിനും ചില മേഖലയില്‍ നല്ല സ്വാധീനമുണ്ട്. ബി.ജെ.പിക്ക് സീറ്റ് നന്നായി കുറയും. പഴയ പോലെ ഒരു സീറ്റ് രണ്ട് സീറ്റ് എന്ന നിലയിലേക്ക് അവര്‍ വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ബീഹാറിലും ഭരണ വിരുദ്ധ വികാരം നിലവിലുണ്ട്. മാത്രമല്ല അവിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം സുശക്തവുമാണ്. കുറച്ച് സീറ്റൊക്കെ ബി.ജെ.പി പിടിച്ചേക്കാം. എന്നാലും സീറ്റ് നിലയില്‍ വന്‍ ഇടിവുണ്ടാവും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും മതേതര കക്ഷികളാണ് വിജയിക്കുക. അപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃതത്തിലുള്ള ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്.
? പ്രതിപക്ഷ അനൈക്യം യു.പി.എ അധികാരത്തിലെത്തുന്നതിന് തടസ്സമാവില്ലെ
ഓരോ സംസ്ഥാനങ്ങളിലെയും മതേതര പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അത് പ്രാദേശിക യാഥാര്‍ത്ഥ്യമാണ്. പല സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസും എതിര്‍പക്ഷത്ത് മറ്റൊരു മതേതരകക്ഷിയും വരുമ്പോള്‍ വലിയ പ്രശ്‌നമാണ്. ഉദാഹരണം തെലുങ്കാന. ഇതുപോലെ പല സംസ്ഥാനങ്ങളുമുണ്ട്. ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രാദേശികമായി പല വൈരുധ്യങ്ങളും നിലനില്‍ക്കുന്നുമുണ്ട്. എല്ലാ പാര്‍ട്ടികളും ബി.ജെ.പിയെ എതിര്‍ക്കുന്ന കക്ഷികളാണ്. പക്ഷേ പ്രാദേശികമായി അവരൊന്നും അത്ര വലിയ ഐക്യത്തിലുമല്ല. പശ്ചിമബംഗാളിലെ തൃണമുല്‍ കോണ്‍ഗ്രസും സി.പി.എമ്മും കോണ്‍ഗ്രസും അതിന് ഉദാഹരണമാണ്. കേരളത്തിലും ഈ പ്രശ്‌നമുണ്ട്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ദേശീയ തലത്തില്‍ പോസ്റ്റ് പോള്‍ (തെരഞ്ഞടുപ്പിന് ശേഷം) മതേതര കക്ഷികള്‍ തമ്മില്‍ ഐക്യമുണ്ടാവും. തെരഞടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കപ്പെട്ടില്ലെങ്കില്‍കൂടി ശേഷം ബി.ജെ.പിയേക്കാള്‍ സീറ്റ് ലഭിക്കുന്ന ഈ കക്ഷികളൊക്കെ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും. ഇങ്ങനെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. നമ്മുടെ രാജ്യത്തും മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും കോണ്‍ഗ്രസിന്റെ നേതൃതത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും.
? കൊല്‍ക്കത്തയില്‍ മമതാബാനര്‍ജിയും കേന്ദ്രവും തമ്മില്‍ തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നതിന് സമാനമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. മമത അഴിമതിക്കാരെ സംരക്ഷിക്കുകയാെണന്നാണ് ബി.ജെ.പി ആരോപിക്കുന്നത്
അത് ശരിയല്ല. മമതബാനര്‍ജിയുടെ പോരാട്ടം നിലപാടിന് വേണ്ടിയാണ്. അവര്‍ ഒരു ദിവസം പെട്ടെന്ന് തെരുവിലേക്കിറങ്ങിയതാണന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയുടേതടക്കം പല മുഖ്യമന്ത്രിമാര്‍ക്കെതിരെയും മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെയും പല അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ട്. മധ്യപ്രദേശില്‍ ബി.ജെ.പി ഭരണകാലത്ത് വ്യാപം അഴിമതി ആരോപണം വന്നപ്പോള്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായോ, ഇല്ലല്ലോ. സംസ്ഥാനത്തിനുമേലുള്ള ബി.ജെ.പിയുടെ കൈകടത്തല്‍ മമതബാനര്‍ജി വകവെച്ച്‌കൊടുത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ധൈര്യപൂര്‍വം നേരിടേണ്ട വിഷയമാകയാല്‍ അവര്‍ അതിനെ അങ്ങനെതന്നെ നേരിട്ടു എന്നാണ് മനസ്സിലാക്കുന്നത്. അത് ചെയ്തത് വളരെ ശരിയാണ്. വ്യവസ്ഥാപിതമായി അന്വേഷണം നടത്തേണ്ടതിന്പകരം സന്ധ്യക്ക് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്സ് ചെയ്യാനല്ലേ സി.ബി.ഐ നോക്കിയത്. അത് ഫെഡറല്‍ സംവിധാനത്തിനെതിരായ കൃത്യമായ കൈകടത്തലായിരുന്നു. അതിനെ തെരുവിലിറങ്ങിയല്ലാതെ എങ്ങനെ എതിര്‍ക്കും. അതിനാല്‍തന്നെ സമരത്തെ കുറ്റം പറയാന്‍ കഴില്ല.
? പൊതുതെരഞ്ഞടുപ്പിന് മുമ്പ് രാജ്യത്ത് വീണ്ടും വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വിദേശ ഏജന്‍സികള്‍ പുറത്ത്‌വിട്ടിരുന്നു. സംഘ്പരിവാര്‍ ഭാഗത്ത്‌നിന്ന് അത്തരമൊരു നീക്കത്തിന് സാധ്യതയുണ്ടോ?
ഇല്ലെന്ന് പറയാന്‍ കഴിയില്ല. അവരുടെ ചരിത്രമതാണ്. ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടതല്ലേ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും നിലവില്‍ പ്രധാനമന്ത്രിയുമായ വ്യക്തിക്ക് അന്ന് ലോക രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബോധപൂര്‍വം സൃഷ്ടിച്ച കലാപമാണ് ഗുജറാത്തില്‍ നടന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അങ്ങനെ ചെയ്തത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈവിധം കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് ആശങ്കയുള്ളവരുണ്ട്. അതുകൊണ്ടുതന്നെ കലാപമുണ്ടാവുമെന്ന റിപ്പോര്‍ട്ട് ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ഈ റിപ്പോര്‍ട്ട്് ചര്‍ച്ച ചെയ്തിരുന്നു. വിഷയത്തെ വളരെ ശ്രദ്ധയോടെ സമീപിക്കണമെന്നാണ് തീരുമാനം. മതേതര വിശ്വാസികള്‍ ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണം.
? 1993-ലെ അയോധ്യ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി വി.എച്ച്.പിയുടെ കീഴിലുള്ള ട്രസ്റ്റിന് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. വീണ്ടും മന്ദിര്‍-മസ്ജിദ് വിവാദം കത്തിക്കാനുള്ള ശ്രമമായാണോ ഇതിനെ കാണുന്നത്
തെരഞ്ഞടുപ്പ് വരുമ്പോഴാണ് ബി.ജെ.പിക്ക് അയോധ്യ ഓര്‍മ്മ വരാറുള്ളത്. അതിനാല്‍തന്നെ ഈ നീക്കം തെരഞ്ഞടുപ്പ്മുന്നില്‍ കണ്ടാവാനാണ് സാധ്യത. സത്യത്തില്‍ രാമക്ഷേത്രത്തോട് പോലും ആത്മാര്‍ത്ഥത ബി.ജെ.പിക്കില്ല. അവര്‍ക്കതൊരു തെരഞ്ഞെടുപ്പ് ആയുധം മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിനെ ഉപയോഗിക്കുകയാണ് ലക്ഷ്യം. മുത്തലാഖ് പോലെ തെന്നയാണതും. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ വേവലാതി ഉണ്ടായിട്ടാണ് അവര്‍ ബില്ല് കൊണ്ടുവന്നെതെന്ന് പറഞ്ഞാല്‍ ലോകം വിശ്വസിക്കുമോ. രാജ്യത്ത് ഏെതല്ലാം ജനവിഭാഗങ്ങള്‍ക്കിടയിലെ സ്ത്രീകള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതൊന്നും മാറ്റാതെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം മാറ്റാന്‍ ബി.ജെ.പി ഇറങ്ങി പുറപ്പെടുമ്പോള്‍ അത് നല്ലതിനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. മുത്തലാഖും അയോധ്യയുമൊക്കെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അവരുടെ രാഷ്ട്രീയ ആയുധമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പിയുടെ അജണ്ട തന്നെ.
? കേരളത്തിനും തമിഴ്‌നാടിനും പുറമെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പാര്‍ട്ടി മല്‍സരിക്കുന്നതിനെ കുറിച്ച്
വോട്ട് ഭിന്നിപ്പിക്കുന്ന രീതിയുള്ള മല്‍സരം വേണ്ട എന്നതാണ് പാര്‍ട്ടിയുടെ പ്രഥമവും പ്രാധാന്യമേറിയതുമായ തീരുമാനം. സഖ്യത്തിലേര്‍പ്പെടുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് അതിനുള്ള സാഹചര്യമുെണ്ടങ്കില്‍ പാര്‍ട്ടി മല്‍സരിക്കും. ബംഗാള്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് സഖ്യസാധ്യതകളുടെ റിപ്പോര്‍ട്ടുകള്‍ വന്നത്. അവിടത്തെ രാഷ്ട്രീയവും ദേശീയ സാഹചര്യങ്ങളും പരിഗണിച്ച് തീരുമാനത്തിലെത്തും.
? രാജ്യത്ത് തൊഴിലില്ലായ്മ സര്‍വകാല റിക്കാര്‍ഡിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
തൊഴിലില്ലായ്മ രാജ്യത്ത് ഭയാനകമായ രീതിയിലാണ് വര്‍ധിച്ചിരിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) പുറത്ത്‌വിട്ട് കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 6.1 ശതമാനമാണ് തൊഴിലില്ലായ്മ എന്ന് വരുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഏതവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്ന്് വളരെ വ്യക്തമാവുകയാണ്. ഈ കണക്കുകള്‍ പുറത്ത്‌വന്നാല്‍ ബി.ജെ.പിക്കത് ദോഷം ചെയ്യും എന്നത് കൊണ്ടാണ് റിപ്പോര്‍ട്ട് തടഞ്ഞ്‌വെക്കാന്‍ അവര്‍ ശ്രമിച്ചത്. മോദി നേരത്തെ പറഞ്ഞത് അദ്ദേഹത്തെ തിരിഞ്ഞ്കുത്തുകയാണ്. അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മോദി അവകാശപ്പെട്ടത്. അതാണല്ലോ ഗഡ്ഗരി പറഞ്ഞത് വാഗ്ദാനങ്ങള്‍ പാലിക്കാനായിെല്ലങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന്. ബി.ജെ.പിക്ക് ഉണ്ടാവാന്‍പോകുന്ന തിരിച്ചടിക്കുള്ള പ്രധാന കാരണം തൊഴിലില്ലായ്മയായിരിക്കും.
? അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനും പൗരത്വ ഭേദഗതി ബില്ലുമൊക്കെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണല്ലോ. മതം തിരിച്ചുള്ള വിവേചനത്തിനല്ലേ കളമൊരുങ്ങുന്നത്?
അത് വളരെ സങ്കടകരമാണ്. പല രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ വന്നിട്ടുണ്ട്. മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് മാത്രമല്ലല്ലോ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് പലായനം ചെയ്തത്. മ്യാന്‍മറില്‍നിന്നടക്കം നിരവധി രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥി പലായനമുണ്ടായിട്ടുണ്ട്. അവരൊക്കെ വര്‍ഗീയ കാരണങ്ങള്‍ കൊണ്ട് മാത്രമല്ലല്ലോ വന്നത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിേേലക്കുള്ള അഭയാര്‍ത്ഥി പലായനത്തിന്റെ പ്രധാന കാരണം സാമ്പത്തിക പിന്നാക്കാവസ്ഥയാണ്. പട്ടിണിയില്ലാതെ ജീവിക്കാന്‍ ഒരു വഴി തേടിവന്നവരാണ് പലരും. ഇങ്ങനെ രാജ്യത്ത് വന്ന അഭയാര്‍ത്ഥികളില്‍നിന്ന് തിരഞ്ഞുപിടിച്ച് മുസ്‌ലിംകള്‍ക്ക്മാത്രം നിയമം കൊണ്ട്‌വരികയും അവരെ പുറത്താക്കാന്‍ എന്‍.ആര്‍.സി നടത്തുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. സാഹോദര്യത്തോടെ കഴിയുന്ന ഹിന്ദു-മുസ്‌ലിം അയല്‍ക്കാരെ ഭിന്നിപ്പിക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയാണ് എന്ന് പറയുന്നത്.
? മോദി സര്‍ക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍
അഴിമതിയില്‍ ബി.ജെ.പി നടത്തുന്നത് മൊത്ത കച്ചവടമാണ്. ബാങ്കുകളൊക്കെ ഒന്നിച്ച് കൊള്ളയടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. നോട്ട്് നിരോധനം ഏറ്റവും വലിയ അഴിമതിയാണ്. ബാക്കിയുള്ള പാര്‍ട്ടികളുടെ കയ്യില്‍ പണം ഇല്ലാതാക്കിയിട്ട് ബി.ജെ.പിയുടെ കയ്യില്‍ മാത്രം പണം നിലനിര്‍ത്തി. ബി.ജെ.പി കള്ളപ്പണം മൊത്തം വെളുപ്പിച്ചെടുത്തു. ആനുകൂല്യങ്ങള്‍ മുഴുവന്‍ വന്‍കിടക്കാര്‍ക്ക് നല്‍കി പാര്‍ട്ടി ചെലവുകള്‍ വന്‍കിടക്കാരെകൊണ്ട് നടത്തിക്കുകയാണ്. ഇത് അഴിമതിയുടെ മൊത്തകച്ചവടമാണ്. അവരുടെ ധാരണ ഇതൊന്നും പുറത്തുവരില്ല എന്നായിരുന്നു. പലതും ഇനിയും പുറത്ത് വന്നിട്ടില്ല. റാഫേലിലും ബാങ്കിങ് തട്ടിപ്പിലുമൊക്കെ നടന്നതും ഇതാണ്. വളരെ സമര്‍ത്ഥമായാണ് ബി.ജെ.പി അഴിമതി നടത്തുന്നത്.
? കഴിഞ നാലു വര്‍ഷത്തിനിടക്ക് നിരവധി വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായല്ലോ. ഇതിനെതിരെയുള്ള വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമോ
തീര്‍ച്ചയായും വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഭാഗത്ത്‌നിന്ന് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതികരണമുണ്ടാവും. കഴിഞ്ഞ നാലു വര്‍ഷത്തിനിടക്ക് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവജനങ്ങള്‍ക്കെതിരെയും വലിയ അക്രമണങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്നുണ്ടായത്. ജെ.എന്‍.യുവിലെ കനയ്യകുമാറിനെതിരെയുണ്ടായതും അതിന്റെ ഭാഗമാണ്. നജീബ് അഹമദും രോഹിത് വെമുലയുമൊക്കെ സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനത്തിന്റെ ഇരകളാണ്. തൊഴിലില്ലായ്മയും മറ്റും യുവജനങ്ങള്‍ക്ക് സൃഷ്ടിച്ച വിഷമതകള്‍ ചെറുതൊന്നുമല്ല. അതുകൊണ്ടൊക്കെ തന്നെ ശക്തമായ യുവജന മുന്നേറ്റം സര്‍ക്കാറിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
? പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി സര്‍ക്കാറിന്റെ ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നത്?
ഇന്ത്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ ബി.ജെ.പി സര്‍ക്കാര്‍ മാറ്റിമറിച്ചു. സര്‍ക്കാറിന് ഇസ്രാഈലുമായി ഭായി-ഭായി റിലേഷനാണ് ഇപ്പോഴുള്ളത്. ട്രംപിനെ പോലുള്ളവരുമായാണ് മോദിയുടെ കൂട്ട്്. ഇന്ത്യയുടെ വളരെ കാലമായുള്ള പൈതൃകം മുഴുവന്‍ ബി.ജെ.പി നശിപ്പിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ അതിനെതിരെ അമര്‍ഷമുണ്ട്. ചേരിചേരാ നയവും സ്വതന്ത്ര വിദേശ നയവുമുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്ന മറ്റ് രാജ്യങ്ങള്‍ക്കിടയിലുള്ള അംഗീകാരം നഷ്ടമായി. ഇപ്പോള്‍ ട്രംപൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്ന ചില രാജ്യങ്ങളുണ്ടല്ലോ അക്കൂട്ടത്തിലാണ് ഇന്ത്യയേയും ലോക രാജ്യങ്ങള്‍ കാണുന്നത്. അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളും കൂടുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്.
? തെരഞ്ഞടുപ്പിനായി മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍
ജനവിരുദ്ധ മോദി സര്‍ക്കാറിനെതിരെ ബാലറ്റിലൂടെ ശക്തമായ മറുപടി നല്‍കാന്‍ മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃതത്തില്‍ യു.പി.എ അധികാരത്തിലേറുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് സജീവമായുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചരിത്രപരമായ തെരഞ്ഞടുപ്പിനെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.
അഭിമുഖം: ഷംസീര്‍ കേളോത്ത്

chandrika: