X

പ്രതിസന്ധിയില്‍ ഉഴലുന്ന തദ്ദേശസ്ഥാപനങ്ങള്‍

പി.കെ ഷറഫുദ്ദീന്‍

‘പ്രായോഗികതയെ കുറിച്ച് അറിയാത്തവരാണ് തദ്ദേശവകുപ്പില്‍ മുകളില്‍ നിന്നും ഉത്തരവിറക്കുന്നത്. അതിനാല്‍ മുകളില്‍ നിന്നും ഉത്തരവിട്ടും താഴെതട്ടില്‍ നടപ്പാക്കിയും പരിചയമുള്ള മന്ത്രി തോമസ് ഐസക്ക് തദ്ദേശ വകുപ്പില്‍ ഇടപെടണം’-സി.പി.എം നേതാവും കോഴിക്കോട് നഗരസഭ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ മന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തി നടത്തിയ പ്രസംഗമാണിത്. കേരളത്തിലെ മുഴുവന്‍ തദ്ദേശ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കയ്യടി നേടിയ പ്രസംഗം. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തദ്ദേശ വകുപ്പ് നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. വാര്‍ത്തകളില്‍ നിറയുന്നതിനും പ്രഭാഷണത്തിലൂടെ സദസ്സിനെ കയ്യിലെടുക്കുന്നതിലും മാത്രം ശ്രദ്ധിക്കുന്ന വകുപ്പ് മന്ത്രി കെ.ടി ജലീല്‍ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാനല്ലെന്നാണ് വകുപ്പില്‍ രൂപപ്പെട്ട പ്രതിസന്ധി വ്യക്തമാക്കുന്നത്. അതിന്റെ ദുരന്തഫലം പേറുകയാണ് കേരളത്തിലെ പ്രാദേശിക സര്‍ക്കാറുകള്‍. പ്രതിസന്ധികളില്‍ ഉഴലുന്ന തദ്ദേശസ്ഥാപന അധികാരികള്‍ പരിഹാരം തേടുമ്പോള്‍ മറുപടി നല്‍കാന്‍ പോലും വകുപ്പില്‍ സംവിധാനമില്ലാതായിരിക്കുന്നു. തദ്ദേശ വകുപ്പിനെ രക്ഷപ്പെടുത്താന്‍ മന്ത്രി തോമസ് ഐസക്കിനോട് കോഴിക്കോട് മേയര്‍ക്ക് പരസ്യമായി അഭ്യര്‍ത്ഥിക്കേണ്ടി വന്ന സാഹചര്യം ആരെയും പ്രത്യേകം ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയാണ് മേയര്‍ വ്യക്തമാക്കിയത്. ജില്ലാ തല ഓഫീസുകള്‍ക്ക് നാഥനില്ലാതായതും വാര്‍ഷിക പദ്ധതി അവതാളത്തിലായതും ക്ഷേമ പെന്‍ഷന്‍ സോഫ്റ്റ്‌വെയറും നികുതി സോഫ്റ്റ്‌വെയറും താളംതെറ്റിയതും ഭവന നിര്‍മ്മാണ പദ്ധതി അട്ടിമറിക്കപ്പെട്ടതുമെല്ലാം ഗുരുതര പ്രതിസന്ധിയിലേക്കാണ് തദ്ദേശ സ്ഥാപനങ്ങളെ തള്ളിവിട്ടത്. ഇതിനെ മറികടക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
2017-18 സാമ്പത്തിക വര്‍ഷം ഏഴ് മാസം പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്ക്പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 27.83 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍ 30.39, മുനിസിപ്പാലിറ്റി 28.65, കോര്‍പറേഷന്‍ 26.46, ബ്ലോക്ക് പഞ്ചായത്ത് 29.88, ജില്ലാ പഞ്ചായത്ത് 16.18 എന്നിങ്ങനെയാണ് ഇതേവരെയുള്ള പദ്ധതി ചെലവ്. ഇത് ഏറ്റവും ദയനീയമായ സാഹചര്യമാണ്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെ അത്തരം നീക്കങ്ങള്‍ക്ക് വിലങ്ങുതടിയായിമാറുകയാണ്. നിര്‍വഹണ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പെ ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കുന്ന അപ്രായോഗിക രീതി കൊണ്ടുവന്നതാണ് ഇത്തവണത്തെ പ്രതിസന്ധിക്ക് ഒരു കാരണം. ഉത്തരവുകളിലെ വൈരുധ്യങ്ങള്‍മൂലം പദ്ധതികളുടെ അംഗീകാര നടപടി വൈകിയപ്പോഴാണ് അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച മിക്ക പദ്ധതികളും മേലുദ്യോഗസ്ഥര്‍ നിരസിക്കുന്നതാണ് കണ്ടത്. തന്മൂലം പദ്ധതി മാറ്റം വരുത്തി വീണ്ടും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ട സ്ഥിതി വന്നു.
സര്‍ക്കാര്‍ തലത്തിലെ വ്യക്തമായ ആസൂത്രണ കുറവ്മൂലം പതിമൂന്നാം പഞ്ചവത്സര പദ്ധതി തുടക്കത്തില്‍ തന്നെ പാളുന്ന സ്ഥിതിയാണുണ്ടായത്. 2017-18 വാര്‍ഷിക പദ്ധതിക്ക് 2017 മാര്‍ച്ച് 31നകം അംഗീകാരം നേടിയിരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. ഈ ഉത്തരവില്‍ ആസൂത്രണസമിതി രൂപീകരണത്തെയും വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരണത്തെയും കുറിച്ച് മാത്രമാണ് വ്യക്തമാക്കിയത്. പദ്ധതി രൂപീകരണം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കുമെന്നും അതിന് ശേഷമാണ് ഗ്രാമസഭകള്‍ ചേരേണ്ടതെന്നും കൂടി ഉത്തരവില്‍ പറയുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവ് ഇറങ്ങുന്നതാവട്ടെ മാര്‍ച്ച് 29നുമാണ്. അപ്രായോഗികമായ ഉത്തരവുകളും സമീപനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായത്. നവകേരള മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണവും ചേര്‍ന്ന് പോകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള നടപടികളോ പരിശീലനങ്ങളോ നടന്നില്ല. പിന്നീട് ഇത് സംബന്ധിച്ച ആക്ഷേപമുയര്‍ന്നപ്പോള്‍ ജില്ലാ തലങ്ങളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും പ്രത്യേക പരിശീലനങ്ങള്‍ നടന്നു. അതാവട്ടെ പദ്ധതിയുടെ ലക്ഷ്യം മാത്രം വിശദീകരിക്കുന്ന പ്രഹസനങ്ങളുമായി. പഞ്ചായത്ത് തലങ്ങളില്‍ മിഷന്‍ രൂപീകരിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാരായ ജനപ്രതിനിനിധികള്‍ പോലും കമ്മിറ്റി അംഗങ്ങളല്ല. എന്നാല്‍ വര്‍ക്കിങഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍മാരെ അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്നും വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് പരിശീലനവും നല്‍കിയത്. എന്നാല്‍ ഇതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ പിന്നീടാണ് വൈസ് ചെയര്‍മാന്‍മാരെ ഒഴിവാക്കി മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വീണ്ടും ഉത്തരവിറക്കുന്നത്. സ്റ്റാറ്റ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കുകയും അത്പ്രകാരം വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച പെര്‍ഫോര്‍മ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇത് പരിശീലന പരിപാടിയില്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സഹായകമാകുമായിരുന്നു. പെര്‍ഫോര്‍മ വന്നതോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊളിച്ചെഴുതേണ്ട സ്ഥിതിയാണുണ്ടായത്. ഏറ്റവുമൊടുവില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ ഗ്രാമസഭകള്‍ ചേരണമെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രാമസഭയില്‍ പങ്കെടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയും പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തത നല്‍കുന്നത് മാര്‍ച്ച് 31നാണ്. ഭരണസമിതി ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള തയ്യാറെടുപ്പുകളോടെ ഗ്രാമസഭ പൂര്‍ത്തീകരിക്കാന്‍ പിന്നീട് മാസങ്ങളാണ് വേണ്ടി വന്നത്. വികസനസെമിനാറും പദ്ധതി അന്തിമമാക്കല്‍ നടപടികളും പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടല്‍ വീണ്ടും നീണ്ടു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട വിമര്‍ശനം മറികടക്കാനായിരുന്നു നേരിട്ട് ജില്ലാ സമിതി അംഗീകാരം നല്‍കുന്ന നടപടിയുണ്ടായത്. ഇതാവട്ടെ മൊത്തം താളം തെറ്റുന്നതിനും ഇടയാക്കി.
അതത് പ്രദേശങ്ങളുടെ സാധ്യതകള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും സര്‍ക്കാര്‍ മാര്‍ഗരേഖ വിലങ്ങുതടിയായി. ഉത്പാദന മേഖല 30 ശതമാനം, വനിതാ ക്ഷേമം 10 ശതമാനം, ശിശുക്കളുടെയും ഭിന്നശേഷിയുള്ളവരുടെയും വികസനം 5 ശതമാനം, വയോജന ക്ഷേമം-പാലിയേറ്റീവ് പരിചരണം 5 ശതമാനം, മാലിന്യ സംസ്‌ക്കരണം 10 ശതമാനം എന്നിങ്ങനെ 60 ശതമാനം തുകയും എങ്ങിനെ ചിലവഴിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായി. പുറമെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എസ്.എസ്.എസ് വിഹിതം, അംഗനവാടി പോഷകാഹാരം, ലൈഫ് പദ്ധതി, പി.എം.എ.വൈ വിഹിതം തുടങ്ങി പദ്ധതികള്‍ക്കും നിര്‍ബന്ധമായി തുക വകയിരുത്തേണ്ടതുണ്ട്. അവശേഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് വേണം റോഡ്, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്. ഇത് പദ്ധതി രൂപീകരണത്തെ അനിശ്ചിതത്വത്തിലാക്കുകയായിരുന്നു. ഒടുവില്‍ അനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കിയും ആവശ്യമായ പദ്ധതികള്‍ ഒഴിവാക്കിയും അംഗീകാരം നേടിയെടുക്കുന്ന സാഹചര്യമാണുണ്ടായത്. തന്മൂലം പദ്ധതി നിര്‍വഹണം തുടക്കത്തില്‍ തന്നെ തടസ്സപ്പെട്ടു. പ്രായോഗിക ജ്ഞാനമില്ലാത്തവരെ മാര്‍ഗ രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതാണ് ഇവിടെയും പ്രതിസന്ധിവരുത്തിയത്.
ജി.എസ്.ടി വിഷയത്തെ ചൊല്ലി കരാറുകാര്‍ ടെണ്ടര്‍ ബഹിഷ്‌ക്കരിച്ചതോടെ ടെണ്ടര്‍ നടപടികളും അനിശ്ചിതത്വത്തിലായി. നേരത്തെ നാല് ശതമാനമായിരുന്നു കരാറുകാര്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയത്. ഈ തുക തന്നെ ബില്ലില്‍ നിന്നും ഈടക്കലായിരുന്നു. എന്നാല്‍ ജി.എസ്.ടി പ്രകാരം 18 ശതമാനമായി നികുതി ഉയരുകയും അത് അഡ്വാന്‍സായി അടക്കണമെന്ന വ്യവസ്ഥയും വന്നു. കണക്ക് സമര്‍പ്പിക്കുന്നത് വര്‍ഷത്തില്‍ എന്നത് മാസത്തിലായും മാറ്റം വരുത്തി. ഇതാണ് തദ്ദേശ സ്ഥാപനങ്ങളുടെ ടെണ്ടര്‍ ബഹിഷ്‌ക്കരണത്തിന് കാരണമായത്. പല തദ്ദേശ സ്ഥാപനങ്ങളും മൂന്നും നാലും തവണ ടെണ്ടര്‍ നടത്തിയിട്ടും ആരും എടുക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഇതേവരെ കരാറുകാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പ് മന്ത്രി തയ്യാറായിട്ടില്ല. ധനമന്ത്രിയെ കരാറുകാര്‍ സമീപിച്ചപ്പോള്‍ മാറ്റംവരുത്താമെന്ന് പറഞ്ഞതല്ലാതെ നടപടിയുണ്ടായിട്ടില്ല. സെപ്തംബറില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കാന്‍ പോലും ധനമന്ത്രി ഡോ. തോമസ് ഐസക്ക് തയ്യാറായില്ല. പദ്ധതി അന്തിമമാക്കിയ ശേഷം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കേണ്ട പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതുപ്രകാരം വീണ്ടും പദ്ധതി ഭേദഗതിക്ക് വിധേയമാക്കേണ്ടതുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ നടപ്പാക്കിവന്നിരുന്ന ഭവനപദ്ധതികളും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പകരം പ്രഖ്യാപിച്ച ലൈഫ് ഭവനപദ്ധതി അനിശ്ചിതത്വത്തിലുമാണുള്ളത്. ലൈഫ് മാനദണ്ഡങ്ങളിലെ അപാകതകള്‍ മൂലം അര്‍ഹരായ പതിനായിരങ്ങളാണ് ലിസ്റ്റിന് പുറത്തായത്. അംഗീകരിക്കപ്പെട്ട ലിസ്റ്റിലുള്ളവര്‍ക്ക് എന്ന് പദ്ധതി തയ്യാറാക്കുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഒക്‌ടോബര്‍ 17ന് ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മിനുട്‌സ് 3.3ല്‍ ലൈഫ് പദ്ധതിയില്‍ ഈ വര്‍ഷം വീട്‌വെച്ച് നല്‍കുന്നതിന് ഉത്തരവിറങ്ങിയിട്ടില്ലെന്നും ഇതിനായി വകയിരുത്തിയ തുക മറ്റു മേഖലകളിലേക്ക് മാറ്റാവുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ലൈഫിന്റെ പേരില്‍ രണ്ടാം വര്‍ഷവും ഭവനരഹിതരുടെ പ്രതീക്ഷകള്‍ തകര്‍ന്നിരിക്കുകയാണ്.
ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച സേവന സോഫ്റ്റ്‌വെയര്‍ 7 മാസത്തോളമായി അടച്ചിട്ട നിലയിലാണ്. തന്മൂലം പുതുതായി പെന്‍ഷന്‍ അനുവദിച്ചവരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇവരുടെ അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. സോഫ്റ്റ്‌വെയര്‍ തുറക്കാത്തതിനാല്‍ അപാകതകള്‍ സംബന്ധിച്ച ആക്ഷേപങ്ങളിലും നടപടി സ്വീകരിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്.
നികുതി സംബന്ധിച്ച സഞ്ചയ സോഫ്റ്റ്‌വെയറും താളംതെറ്റിയ നിലയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷം പുതിയ നികുതി പരിഷ്‌ക്കരണം നടത്താനിരിക്കെ നിലവിലുള്ള നികുതി വിവരങ്ങള്‍ കൃത്യമാക്കേണ്ടതുണ്ട്. എന്നാല്‍ സോഫ്റ്റ്‌വെയറിലെ അപാകതകള്‍മൂലം ഇത് സാധ്യമാകുന്നില്ല. ഈ വിഷയം നിരന്തരം പഞ്ചായത്ത് ജീവനക്കാര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തദ്ദേശ വകുപ്പിലെ സുപ്രധാന തസ്തികയായ പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ തസ്തിക 12 ജില്ലകളിലും ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് ഡി.പി.പിമാര്‍ ഉള്ളത്. മറ്റ് ജില്ലകളില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിരിക്കയാണ്. അസിസ്റ്റന്റ് ഡപ്യൂട്ടി ഡയരക്ടര്‍ തസ്തിക മുഴുവന്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് വര്‍ഷത്തോളമായി ഈ സാഹചര്യം തുടര്‍ന്നിട്ടും പരിഹാരം കാണാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ ഏകോപിപ്പിക്കേണ്ട സുപ്രധാനമായ ഓഫീസ് മേധാവിയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്.
പ്രായോഗിക പരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന സ്ഥിതിയാണ് തദ്ദേശ വകുപ്പിലുള്ളത്. ഇത് ഈ വകുപ്പില്‍ ഇറങ്ങുന്ന ഓരോ ഉത്തരവുകളില്‍ നിന്നും വ്യക്തമാണ്. അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണ സ്വഭാവവും ഉത്തരവുകളില്‍ വായിച്ചെടുക്കാവുന്നതാണ്. ഇവര്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കി മന്ത്രി മാറിനില്‍ക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളെ ഞെരുക്കുന്ന രീതിയിലാണ് ധനവകുപ്പ് സ്വീകരിക്കുന്ന ഓരോ നടപടികളും. ഇത് തിരിച്ചറിയാന്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് സാധിക്കാത്തതാണോ തിരിച്ചറിഞ്ഞിട്ടും പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ പ്രശ്‌നം എന്ന സംശയം മാത്രമാണ് ബാക്കിയാകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം അഭിമാനിക്കുന്ന പഞ്ചായത്ത് സംവിധാനം നോക്കുകുത്തിയായി മാറുമെന്നതില്‍ സംശയമില്ല.

chandrika: