2016 നവംബര്‍ എട്ടിന്റെ അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് നിരോധന ഒറ്റയാള്‍ പ്രഖ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകുന്ന വ്യക്തിക്ക് ഒരു മിനിമം മാനസികാരോഗ്യം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥാപരമായ രീതികള്‍ നമ്മുടെ ഭരണഘടനയില്‍ ഇല്ലാത്തതിന്റെ കെടുതി ഇപ്പോഴും തുടരുകയാണ്. വിശ്വ വിഖ്യാതമായ മൂക്ക് എന്ന കൃതിയിലൂടെ ബഷീര്‍ അവതരിപ്പിച്ച വിശ്വവിഖ്യാതനായ വിഡ്ഢി നമ്മുടെ പ്രധാനമന്ത്രിയാണെന്ന് രാഷ്ട്രത്തിന് മുമ്പാകെ തുറന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് യൂത്ത്‌ലീഗ് നവംബര്‍ 8 വിഡ്ഢി ദിനമായി ആചരിക്കുന്നത് നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന മോദി ഭക്തരുടെ പ്രചാരവേലകള്‍ തുറന്ന് കാട്ടുകയാണ് ദിനാചരണ ലക്ഷ്യം.
അവസാനത്തെ വിഭവവും ഊറ്റിയെടുത്താണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1947ല്‍ ഇന്ത്യ വിടുന്നത്. ഇന്ത്യയിലെ പരകോടികള്‍ക്ക് ഒരു നേരത്തെ അന്നം നല്‍കാന്‍ പോലും ഗതിയിലാത്ത സാഹചര്യം. ഭക്ഷ്യ വിഭവങ്ങള്‍ക്കായി പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥ. മൃഗങ്ങള്‍ക്ക് നല്‍കുന്ന മുതിര പോലും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത് മനുഷ്യന്റെ വിശപ്പടക്കിയ കാലഘട്ടം. ബ്രിട്ടണില്‍ കാറ് വാങ്ങാന്‍ ചെന്ന രാജസ്ഥാനിലെ നാട്ടു രാജാവിനോട് ഇന്ത്യക്കാരന് കാറ് തന്നാല്‍ കാറിന്റെ മാര്‍ക്കറ്റ് ഇടിയുമെന്ന് പരിഹസിച്ച സാഹചര്യം. ആ നാണക്കേടില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മുന്‍കാല ഭരണകൂടങ്ങളുടെ ധിഷണാപരമായ ഇടപെടലുകളായിരുന്നു.
കെടുതിയുടെ കാലത്ത് പോലും സാമ്പത്തിക ഭദ്രത കൊണ്ട് വികസിത രാഷ്ട്രങ്ങളെ പോലും ഇന്ത്യ അതിശയിപ്പിച്ചു. ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന ഈ രാഷ്ട്രത്തെയാണ് ഒരൊറ്റ രാത്രി കൊണ്ട് മോദി പിറകോട്ട് വലിച്ചിരിക്കുന്നത്. തനിക്ക് ലഭിക്കാവുന്ന വീര പരിവേശത്തെ കുറിച്ച് മാത്രം ചിന്തിച്ച അദ്ദേഹം ഇത് രാജ്യത്തിന് ഏല്‍പ്പിക്കുന്ന മാരകമായ പ്രഹരത്തെക്കുറിച്ച് ഓര്‍ത്തതേ ഇല്ല. ജനങ്ങളില്‍ നിന്നും രാഷ്ട്രതന്ത്രജ്ഞരില്‍ നിന്നും അകന്ന് പ്രചരണക്കൊടുമുടിയില്‍ സ്തുതിപാടകരുടെ മധ്യത്തില്‍ ഉണ്ണുകയും ഉറങ്ങുകയും ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഒരു രാഷ്ട്രത്തിന് ഏല്‍ക്കാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു ഇത്. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഗ്രാമങ്ങളില്‍ പ്രകടമാവാത്തതിനെ കുറിച്ചാണ് പ്രഥമ പ്രധാനമന്ത്രി ചിന്തിച്ചത്. അന്ന് അദ്ദേഹം ഇത് പഠിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. രാജ്യത്തെ സമ്പത്ത് ഏതാനും കോര്‍പ്പറേറ്റുകളില്‍ ഒതുങ്ങുന്നതായും ഈ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി വ്യാഖ്യാനിക്കപ്പെടുന്നതായും മേല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. തുടര്‍ന്ന് ഈ അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.
അദ്ദേഹത്തെ തുടര്‍ന്ന് രാജ്യത്തെ നയിച്ചവരും ഈ വികസന നിലപാട് തുടര്‍ന്നു. എന്നാല്‍ നരേന്ദ്രമോദി പഴയ ഇന്ത്യയിലേക്കാണിപ്പോള്‍ കൊണ്ടുപോകുന്നത്. രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും സ്വരം കേള്‍ക്കാതെ ഏതാനും ചില കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലോകമെങ്ങും ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ട പണമിടപാടുകള്‍ ക്യാഷ് ഇടപാടാണ്. ക്യാഷ് ഇടപാടിന്റെ ലോക ശരാശരി 85% ആണ്. ചില വികസിത രാജ്യങ്ങളില്‍ മാത്രമാണ് ഇത് 80% കുറവുള്ളത്. ഇന്ത്യയില്‍ ഇത് 95% ആണ്. പെട്ടെന്നുള്ള ലഭ്യത, നിശ്ചിതത്വം, എക്‌സ് ചാര്‍ജ്ജുകളുടെ അഭാവം എന്നിവയാണ് ജനങ്ങളെ ക്യാഷ് ഇടപാടിലേക്ക് പ്രേരിപ്പിക്കുന്നത്. ഈ 95% ഇടപാടുകളെയാണ് ഒറ്റ രാത്രികൊണ്ട് മോദി മാറ്റിമറിച്ചത്. ഇത് ബാധിച്ചത് ഇന്ത്യയുടെ ഏതാണ്ടെല്ലാ സാമ്പത്തിക മേഖലകളെയുമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ പ്രധാന പ്രത്യേകത ഇപ്പോഴും അതിന്റെ 45 ശതമാനവും അനൗദ്യോഗിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അനൗദ്യോഗികമായതെല്ലാം നിയമ വിരുദ്ധമാകണമെന്നില്ല. പക്ഷെ അവരുടെ പണമിടപാടുകള്‍ ഏറിയ കൂറും ക്യാഷിലാണ് നടക്കുക. ഇതിന്റെ അടിത്തറയാണ് മോദി തകര്‍ത്തത്. ഇന്ത്യയിലെ സാമ്പത്തിക മൂലധന ശേഖരത്തിന്റെ 40% സംഭാവന ചെയ്യുന്നത് ഈ അനൗദ്യോഗിക മേഖലയാണെന്ന് മോദി മറന്നുപോയി.
ഇന്ത്യയുടെ 80% ജോലികളും ഉത്പാദിപ്പിക്കപ്പെടുന്നതും അനൗദ്യോഗിക മേഖലയിലാണ് എന്നതാണ് വേറെ കാര്യം. കാര്‍ഷിക മേഖല, ചെറുകിട വ്യവസായം, വ്യക്തിഗത വ്യവസായങ്ങള്‍, സ്വയം തൊഴില്‍, നിര്‍മ്മാണ ടെക്‌സ്റ്റൈല്‍ രംഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ മേഖലയുടെ തളര്‍ച്ച രാഷ്ട്രത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു. ജി.ഡി.പിയില്‍ 40 അടിസ്ഥാന പോയിന്റുകളുടെ കുറവുണ്ടായി. അഥവാ രണ്ട് ശതമാനം വീഴ്ച. ചുരുങ്ങിയത് രണ്ട് കോടിയെങ്കിലും തൊഴില്‍നഷ്ടം.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
- 7 years ago
chandrika
Categories:
Video Stories