X

പുതുവര്‍ഷം പിറക്കുമ്പോള്‍ വിശ്വാസികളുടെ ചിന്തകള്‍

പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യലോകം ഒരു മഹാസംഭവത്തിന് സാക്ഷ്യംവഹിക്കാന്‍പോകുന്നു- പുതിയൊരു വര്‍ഷത്തിന്റെ പിറവി. യുവാക്കള്‍ അതിനെ വരവേല്‍ക്കാന്‍ കൊട്ടുംകുരവയും ഒരുക്കുന്നതില്‍ വ്യാപൃതരാണ്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെയുള്ളില്‍ ഓടിമറയുന്ന ചിന്തകള്‍ വേറെയായിരിക്കും. മനുഷ്യന് നിശ്ചയിക്കപ്പെട്ട ആയുസ്സില്‍നിന്ന് ഒരുവര്‍ഷം പോയിക്കഴിഞ്ഞു. അതുപോലെ ഈ ഭൗതിക പ്രപഞ്ചത്തിനും മനുഷ്യരടക്കമുള്ള സര്‍വ്വസൃഷ്ടികളും നശിക്കും. അതിഭയങ്കരമായ ഒരു ശബ്ദത്തെ തുടര്‍ന്ന് ആകാശം പൊട്ടിപൊളിയും, നക്ഷത്രഗോളങ്ങളെല്ലാം ഉതിര്‍ന്നുവീഴും, ചന്ദ്രന്‍ പിളരും, കടല്‍ കത്തും, ഭൂമി പ്രകമ്പനംകൊള്ളും, പര്‍വ്വതങ്ങള്‍ ചിതറി കടഞ്ഞ രോമംപോലെയാകും. മനുഷ്യര്‍ പാറ്റകളെപ്പോലെ പരക്കെപായും. ഈ ഭൂമിക്കെന്തുപറ്റി? അവര്‍ ഭയവിഹ്വലരായി വിളിച്ചോതും. അമ്മമാര്‍ കുഞ്ഞുങ്ങളെ വിട്ടോടും. ഉമ്മ, ബാപ്പ, മക്കള്‍, ഭാര്യ, സഹോദരന്‍ -ആരും ആരെയും ശ്രദ്ധിക്കാതെ പരിഭ്രമചിത്തരായി ചിതറിഓടും. പൊടുന്നനവെയാണ് ഈ പ്രതിഭാസം സംഭവിക്കുക. അതിന്റെ സമയം ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ. ശാസ്ത്രം എത്ര വളരട്ടെ ഈ പ്രപഞ്ചത്തിന്റെ അന്ത്യം എന്നു സംഭവിക്കുമെന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സര്‍വ്വനാശത്തിനുശേഷം ആദംമുതല്‍ അന്നുവരെ മരണമടഞ്ഞ എല്ലാ മനുഷ്യരും പുനര്‍ജീവിപ്പിക്കപ്പെടുന്നു. പിന്നെ ഐഹിക ജീവിതത്തിലെ കര്‍മ്മങ്ങളെപ്പറ്റിയുള്ള വിചാരണ. ചെറുതും വലതുമായ എല്ലാ പ്രവൃത്തികളും രേഖപ്പെടുത്തിയ പുസ്തകം നല്‍കപ്പെടുന്നു. സല്‍കര്‍മ്മകാരികളായി ജീവിതം നയിച്ചവര്‍ക്ക് വലതുകയ്യില്‍, ദുഷ്‌കര്‍മ്മകാരികള്‍ക്ക് ഇടതുകൈയിലും. തുടര്‍ന്ന് വിധി പ്രസ്താവം. സദ്‌വൃത്തര്‍ ആഗ്രഹിച്ചതെല്ലാം ലഭിക്കുന്ന സ്വര്‍ഗപൂങ്കാവനത്തിലേക്ക്, ശാശ്വതമായി സുഖം അനുഭവിക്കാന്‍. ദൈവാജ്ഞ ലംഘിച്ചും പാപങ്ങള്‍ ചെയ്തും ജീവിച്ചവര്‍ക്ക് ശാശ്വതമായ നരകവും. മരണത്തിനുശേഷം കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന ഈ പുതിയ ജീവിതത്തെപ്പറ്റിയുള്ള ഉറച്ച വിശ്വാസമാണ് മനുഷ്യനെ ഭക്തനും ധര്‍മ്മനിഷ്ഠനും സല്‍കര്‍മ്മകാരിയും മനുഷ്യസേവകനുമാക്കി മാറ്റുന്നത്. മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കില്‍, ഒരു രണ്ടാം ജീവിതമില്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങനെ ജിവിച്ചാലെന്ത്? പ്രപഞ്ചത്തിന്റെ ആയുസ്സില്‍നിന്ന് ഒരു വര്‍ഷകൂടി കൊഴിഞ്ഞുപോകുമ്പോള്‍, പുതിയൊരു വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു വിശ്വാസിയുടെ ചിന്ത ആദ്യമായി ഈ വഴിക്കാണ് നീങ്ങുക.
ഈ ഭൂമിയില്‍ പിറന്നുവീണ് 2017 അവസാനിക്കാന്‍ മൂന്നു നാള്‍ മാത്രം ബാക്കിനില്‍ക്കെ ഇക്കാലമത്രയും തനിക്ക് ആയുസ്സ് നീട്ടിത്തന്ന സ്രഷ്ടാവിന് നന്ദി കാണിക്കാനുള്ള സന്ദര്‍ഭമാണിത്. തന്റെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ആദരണീയരും സുഹൃത്തുക്കളുമായ എത്രയോ പേര്‍ ആക്‌സിഡണ്ടില്‍പെട്ടോ, രോഗം ബാധിച്ചോ മരണമടയുന്നത് നിത്യവും കാണുന്നു; കേള്‍ക്കുന്നു. ആര്, എവിടെവെച്ച്, എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയുക സാധ്യമല്ല. ഒരു മനുഷ്യനും താന്‍ ഭൂമിയില്‍ എവിടെവെച്ച് മരണപ്പെടുമെന്ന് അറിയില്ല. ‘ശക്തിയില്‍ കെട്ടി ഉയര്‍ത്തിയ കോട്ടക്കുള്ളിലാണെങ്കിലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും’ ഇങ്ങനെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന എത്ര പ്രസ്താവനകളാണ് ഖുര്‍ആനിലുള്ളത്. നവവധുവിന് മുത്തംനല്‍കി ബൈക്കില്‍ വീട്ടില്‍നിന്നിറങ്ങിയ വരന്റെ ജീവനറ്റ ശരീരം വീട്ടില്‍ തിരിച്ചെത്തുമ്പോഴത്തെ അവസ്ഥ എത്ര ദയനീയം! മരണപ്പെട്ടവര്‍ക്ക് യാത്രാമൊഴി നല്‍കാനും പ്രാര്‍ത്ഥിക്കാനും പുറപ്പെട്ട എത്രപേര്‍ വാഹനാപകടത്തില്‍പെട്ട് തന്റെ ബന്ധുക്കളെ ദു:ഖത്തില്‍ ആഴ്ത്തുന്നു.
ഈ ജീവിതം വളരെ ഹ്രസ്വവും ക്ഷണികവുമാണെങ്കില്‍ സമയം എത്രം വിലയുള്ളതാണ്. ദൈവത്തോട്, സ്വന്തത്തോട് സൃഷ്ടികളോട് എന്തെല്ലാം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയംപോരാ എന്ന ചിന്തയായിരിക്കും. മറ്റുള്ളവരെ അലട്ടുന്ന പ്രശ്‌നം സമയം എങ്ങനെ ഉന്തിനീക്കണമെന്നതായിരിക്കും. ഉപകാരപ്രദമായ കാര്യത്തില്‍ വിനിയോഗിക്കാതെ ഒരു നിമിഷവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഒരു വിശ്വാസിയുടെ സമയം മുഴുവന്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും മാത്രം മുഴുകിയതായിരിക്കണം എന്ന നിലപാട് ശരിയല്ല. ചിരിയും കളിയും വിനോദങ്ങളുമെല്ലാം പിരിമുറുക്കുന്നതിന് അയവുവരുത്താനും ശീരരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ശക്തിപ്പെടുത്താനും അനിവാര്യമാണ്. പ്രവാചകന്‍ ചിരിച്ച സന്ദര്‍ഭങ്ങളും അദ്ദേഹം പറഞ്ഞ തമാശകളുമെല്ലാം വിവരിക്കുന്ന പ്രത്യേക ഗ്രന്ഥങ്ങളുണ്ട്. സമയത്തിന്റെ കാര്യത്തില്‍ വളരെ കൃത്യതയുള്ളവരായിരുന്നു ലോകത്തിനു കനത്ത സംഭാവനകള്‍ അര്‍പ്പിച്ച മഹാന്മാര്‍. നബിശിഷ്യനായിരുന്ന ഇബ്‌നു അബ്ബാസ് പറയുന്നു. ‘ഒരു പുതിയ നല്ല കാര്യവും ചെയ്യാതെ ഒരു പകല്‍ അസ്തമിക്കുകയാണെങ്കില്‍ ആ പകലിനെ ഓര്‍ത്താണ് ഞാന്‍ ഏറ്റവും അധികം ദു:ഖിക്കുക’, ആരോഗ്യവും ഒഴിവും രണ്ട് അനുഗ്രഹങ്ങളാണ്. പലരും അതില്‍ നഷ്ടം പറ്റുന്നവരാണ്’ -പ്രവാചകന്‍ ഉണര്‍ത്തുന്നു. വാര്‍ധക്യത്തിലെത്തുമ്പോള്‍ ഒന്നുംചെയ്യാതെ, അല്ലെങ്കില്‍ തെറ്റുകളില്‍ മുഴുകി പാഴായിപ്പോയ യുവത്വത്തെ ചോര്‍ത്ത് ദു:ഖിക്കാത്ത മനുഷ്യരുണ്ടാകുമോ. അതുപോലെ രോഗത്തിന്റെ പിടിയില്‍ അമരുമ്പോഴാണ് ആരോഗ്യാവസ്ഥ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന ചിന്ത വരുന്നത്. ഇപ്രകാരം തന്നെ ജീവിതം അവസാനിക്കാന്‍പോകുമ്പോഴാണ് താന്‍ വിലപിടിച്ച ആയുസ്സ് എങ്ങനെ ചെലവഴിച്ചു എന്ന ചിന്തയുദിക്കുന്നത്. ‘ദൈവമേ, കുറച്ചു കാലംകൂടി എനിക്ക് ജീവിതം നീട്ടിത്തരികയാണെങ്കില്‍ ഞാന്‍ സല്‍ക്കര്‍മകാരിയാകാം എന്ന് മനുഷ്യന്‍ അന്ത്യ നിമിഷത്തില്‍ ദൈവത്തോട് കെഞ്ചുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പക്ഷേ അവധി എത്തിക്കഴിഞ്ഞാല്‍ അത് നീട്ടിക്കൊടുക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് പ്രഖ്യാപിച്ചു ആ മോഹത്തിന്റെ വാതില്‍ കൊട്ടിയടക്കപ്പെടുന്നു. ജീവിതം മുഴുവന്‍ സല്‍കര്‍മ്മനിരതമായിരിക്കണം. ‘ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ പ്രവേശിച്ചു കഠിനയത്‌നം നടത്തുക’ -ഖുര്‍ആന്‍ കല്‍പിക്കുന്നു. നിഷ്‌ക്രിയത്വം വിശ്വാസിയുടെ മാര്‍ഗമല്ല. ഇത്രയേറെ കഴിവുകള്‍ നല്‍കി സൃഷ്ടിക്കപ്പെട്ട, ഈ പ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ടജീവിയായ മനുഷ്യന്‍ തിന്നും കുടിച്ചും ഭോഗിച്ചും ധനം സമ്പാദിച്ചും ഉപജീവിനമാര്‍ഗം തേടിയും ആയുസ്സ് മുഴുവന്‍ തുലക്കുകയോ?.
പുതിയൊരു വര്‍ഷം പിറക്കുമ്പോള്‍ പോയവര്‍ഷത്തെ പ്രധാന സംഭവങ്ങളെയും നേട്ടകോട്ടങ്ങളുടെയും പറ്റിയുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വ്വം പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തരം ഒരവലോകനം ഓരോ വ്യക്തിയും സ്വന്തം കാര്യത്തിലും നടത്തേണ്ടതുണ്ട്. കഴിഞ ഒരു വര്‍ഷത്തിനിടക്ക് എന്തെല്ലാം നന്മകള്‍ കൂടുതല്‍ ചെയ്തു. ദൈവസാമീപ്യം സിദ്ധിക്കുന്നതിന് എന്തെല്ലാം പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. എല്ലാറ്റിലും ഉപരി വീഴ്ചകളെയും തെറ്റുകളെയുംപറ്റിയുള്ള വിചാരണയാണ് നടത്തേണ്ടത്. ‘നിങ്ങള്‍ വിചാരണക്ക് വിധേയമാകുംമുമ്പ് സ്വന്തത്തെ സ്വയം വിചാരണ ചെയ്യുക’ എന്ന കല്‍പ്പന എത്ര അര്‍ത്ഥവത്താണ്. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ന്യുനതകളില്‍നിന്നും തെറ്റുകളില്‍നിന്നും മുക്തമായ ഒരു പുതിയ ജീവിതം നയിക്കുന്നതിന് ഈ കുറ്റവിചാരണ ഏറെ ഉപകരിക്കും. പശ്ചാത്താപംകൊണ്ട് പാപങ്ങള്‍ കഴുകിക്കളഞ്ഞു സ്വന്തത്തെ ശുദ്ധീകരിക്കാന്‍ മനുഷ്യന് കഴിയുന്നു എന്നതാണ് ദൈവം നല്‍കിയ ഒരു വലിയ അനുഗ്രഹം, ‘സ്വന്തത്തോട് അതിക്രമം കാണിച്ച എന്റെ ദാസന്മാരേ നിങ്ങള്‍ ദൈവ കാരുണ്യത്തെപ്പറ്റി നിരാശരാകരുത്. അവന്‍ എല്ലാ പാപങ്ങളും മാപ്പാക്കും’- അല്ലാഹു മനുഷ്യനെ ആശ്വസിപ്പിക്കുന്നു. പക്ഷേ, പറ്റിയ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ആ പശ്ചാത്താപം സ്വീകാര്യമാവുകയില്ല.
വിശ്വാസി സമൂഹം നിരവധി വെല്ലുവിളികളും മര്‍ദ്ദനങ്ങളും നേരിടുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തളരാതെ, ശുഭ പ്രതീക്ഷയോടെ, ധീരതയോടെ, കരുത്തുറ്റ വിശ്വാസികളായി മുന്നോട്ട് നീങ്ങാന്‍ ഓരോ വ്യക്തിക്കും കഴിയണം.
പിറക്കാന്‍പോകുന്ന പുതിയ വര്‍ഷത്തില്‍ എല്ലാവരും സന്തോഷവും സമാധാനവും അനുഭവിക്കുന്നവരാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

chandrika: