X

വിശ്വാസികള്‍ വിരോധികളുടെ വാട്‌സ് ആപ്പ് കെണിയില്‍ വീഴുകയോ

പി. മുഹമ്മദ് കുട്ടശ്ശേരി

‘വിശ്വാസികളേ, ഏതെങ്കിലും ദുര്‍വൃത്തന്‍ വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ നിങ്ങള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. ഇല്ലെങ്കില്‍ അറിയാതെ നിങ്ങള്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് ആപത്ത് വരുത്തും. എന്നാല്‍ പിന്നെ ചെയ്തതില്‍ നിങ്ങള്‍ ഖേദിക്കേണ്ടിയും വരും’-വിശുദ്ധ ഖുര്‍ആന്‍
കശ്മീരിലെ കത്‌വായില്‍ എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മനുഷ്യത്വം നഷ്ടപ്പെട്ട ചില കാപാലികന്മാര്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. മനസ്സാക്ഷിയുള്ള ഏത് മനുഷ്യനെയും ഞെട്ടിച്ച ഈ കൃത്യം ചെയ്തവരെ ലോകം ഒന്നടങ്കം അപലപിച്ചു. വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഈ കുട്ടിയുടെ മതവും ജാതിയും സമുദായവും അന്വേഷിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. കാരണം ‘അല്ലാഹു ആദമിന്റെ മക്കളെയെല്ലാം ആദരിച്ചിരിക്കുന്നു’ എന്നാല്‍ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. പീഡനം നടത്തിയവരെ ഒരു പക്ഷേ, അതിന് പ്രേരിപ്പിച്ചത് കുഞ്ഞിന്റെ സമുദായബന്ധമായിരിക്കാം. വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെടുന്നതിന് ചരിത്രത്തില്‍ നിരവധി സാക്ഷ്യങ്ങള്‍ ഉണ്ട്. വലിയ കിടങ്ങ് കുഴിച്ച് അതില്‍ വിറക് കൂട്ടിയിട്ട് തീ കൊടുത്ത് വിശ്വാസികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുമെല്ലാമടങ്ങിയ ജനക്കൂട്ടത്തോട് മതം മാറിയില്ലെങ്കില്‍ ഈ കിടങ്ങിലേക്ക് തള്ളിയിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ വെന്തെരിയാന്‍ തയ്യാറായ സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നത്. വിശ്വാസികള്‍ തീയില്‍ വെന്ത് പുളയുന്ന കാഴ്ച കിടങ്ങിന്റെ വക്കിലിരുന്ന് ആസ്വദിച്ച് അക്രമികള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു. ഇത്രയും നിഷ്ഠൂരമായ പാതകത്തിനിരയായ ഈ പാവങ്ങള്‍ ചെയ്ത കുറ്റം എന്തെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു അവര്‍ക്കെതിരില്‍ ആരോപിച്ച കുറ്റം’ പ്രവാചകന്റെ കാലത്ത് വിശ്വാസത്തിന്റെ പേരില്‍ സുമയ്യ എന്ന സ്ത്രീയുടെ സ്വകാര്യഭാഗത്ത് കുന്തം കുത്തിയിറക്കിയാണ് ശത്രുക്കള്‍ പീഡിപ്പിച്ചത്. മതത്തിന്റെ പേരില്‍ ലോകത്ത് പല ഭാഗങ്ങളിലും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുന്നു. മ്യാന്‍മറില്‍ ബുദ്ധമതാനുയായികള്‍ അന്യമതക്കാരെ വധിക്കുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും നാട്ടില്‍ നിന്ന് അടിച്ചോടിക്കുകയുമാണ്. ബോസ്‌നിയയില്‍ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ ഗര്‍ഭിണികളാക്കി തങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മമാരാക്കുന്ന അത്യന്തം ഹീനമായ മാര്‍ഗം സ്വീകരിക്കുകയുമാണ് ചെയ്തത്.
കത്‌വായില്‍ പീഡിപ്പിച്ചു കൊന്ന കുഞ്ഞിന്റെ മതവും സമുദായവുമെല്ലാം മാധ്യമങ്ങള്‍ പരസ്യപ്പെടുത്തി. ഇത് സ്വാഭാവികമായും ആ കുഞ്ഞിന്റെ സമുദായത്തില്‍പ്പെട്ട യുവാക്കളുടെ മനസ്സില്‍ കടുത്ത രോഷവും വേദനയും സൃഷ്ടിക്കുന്നമെന്നതില്‍ സംശയമില്ല. ഇത് മനസ്സിലാക്കി പീഡനം നടത്തിയ വിഭാഗത്തെ അനുകൂലിക്കുന്ന ചിലര്‍ വിശ്വാസികളെ കുടുക്കാന്‍ ഒരു ചതി പ്രയോഗിക്കുന്നു. പേര് വെളിപ്പെടുത്താതെ വാട്ട്‌സ് ആപ്പിലൂടെ ഒരു ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നു. ഈ ആസൂത്രണം ശരിക്കും ഫലിച്ചു. യുവാക്കള്‍ തെരുവിലിറങ്ങി. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി. കടകള്‍ അടപ്പിച്ചു. പലേടത്തും സംഘര്‍ഷങ്ങളുണ്ടായി. യുവാക്കള്‍ കേസില്‍ കുടുങ്ങി. ജയിലില്‍ അടക്കപ്പെട്ടു. ഹര്‍ത്താല്‍ നടത്തിയവരുടെ നേരെ ജനങ്ങളില്‍ രോഷം പതഞ്ഞുപൊങ്ങി. ചതി പ്രയോഗിച്ചവര്‍ അവരുടെ ചെയ്തിയുടെ ഫലസിദ്ധിയില്‍ അഭിമാനം കൊണ്ടു. പക്ഷേ, അവര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അവരും പിടിക്കപ്പെട്ടു. ‘അവര്‍ ഒരു കുതന്ത്രം പ്രയോഗിക്കുന്നു. നാം മറ്റൊരു തന്ത്രവും’-അല്ലാഹു പ്രസ്താവിക്കുന്നു.
ഹര്‍ത്താല്‍ നടത്തി ജനങ്ങള്‍ക്ക് ദുരിതം വിതച്ചവരില്‍ നമസ്‌കാരവും നോമ്പും സക്കാത്തുമെല്ലാം നിര്‍വഹിക്കുന്നവരുണ്ടാകും. അവരുടെ സല്‍കര്‍മ്മങ്ങളുടെ പുണ്യമെല്ലാം നഷ്ടപ്പെടുത്തി എന്ന രഹസ്യം അവര്‍ അറിയുന്നുണ്ടോ? പ്രവാചകന്‍ പറയുന്നു: ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയാമോ? ശിഷ്യന്മാര്‍ പറഞ്ഞു: ദിര്‍ഹമും ദീനാറും ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്തവന്‍. പ്രവാചകന്‍: എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവര്‍ പരലോകത്ത് നമസ്‌കാരവും നോമ്പും സകാത്തുമൊക്കെയായി വരുന്നവനാണ്. എന്നാല്‍ അവന്‍ ഇയാളെ ചീത്ത വിളിച്ചിട്ടുണ്ടാകും; മറ്റെയാളെപ്പറ്റി അപവാദം പറഞ്ഞു പരത്തിയിട്ടുണ്ടാകും; ഇവന്റെ സ്വത്ത് അപഹരിച്ചിട്ടുണ്ടാകും; അവന്റെ രക്തം ചിന്തിയിട്ടുണ്ടാകും; മറ്റൊരാളെ തല്ലിയിട്ടുണ്ടാകും. അപ്പോള്‍ അവന്റെ മര്‍ദ്ദനങ്ങള്‍ക്കിരയായവര്‍ക്കെല്ലാം അവന്റെ പുണ്യങ്ങള്‍ എടുത്തുകൊടുക്കും. മതിയായിട്ടില്ലെങ്കില്‍ അവരുടെ പാപങ്ങള്‍ എടുത്ത് ഇവന്റെ തലയില്‍വെച്ചു കെട്ടും’ ഒരു ഇരുമ്പുകോലെടുത്ത് മറ്റൊരാളുടെ നേരെ ചൂണ്ടിയാല്‍ പോലും മാലാഖമാര്‍ ശപിക്കുമെന്ന് താക്കീത് ചെയ്യുന്നു. വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ വഴിയില്‍ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്നതിന്റെ വിധി പിന്നെ പറയാനില്ലല്ലോ. മറ്റൊരാളെ ഭയപ്പെടുത്താന്‍ പോലും വിശ്വാസിക്ക് പാടില്ല എന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. ഹര്‍ത്താലുകളും പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളുമെല്ലാം നടത്തുമ്പോള്‍ മത കല്‍പ്പനകളുടെയും മര്യാദകളുടെയും ലംഘനം അതിലുണ്ടോ എന്ന് വിശ്വാസികള്‍ ചിന്തിക്കാറില്ല. ഒരു തിന്മയുടെ നേരെ വിശ്വാസിക്ക് കടുത്ത വിരോധം അനിവാര്യമാണ്. പക്ഷേ, ആ തിന്മയുടെ നിര്‍മാര്‍ജനത്തിന് നന്മയുടെ മാര്‍ഗമേ സ്വീകരിക്കാവൂ എന്നത് ഖുര്‍ആന്‍ കല്‍പ്പനയാണ്.
ഒരു വാര്‍ത്ത അല്ലെങ്കില്‍ സന്ദേശം വായിച്ചാല്‍, കണ്ടാല്‍ അതിന്റെ ഉറവിടവും സത്യാവസ്ഥയും അന്വേഷിച്ചു ഉറപ്പുവരുത്താതെ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ലെന്നത് ഖുര്‍ആന്റെ കല്‍പ്പനയാണ്. വാര്‍ത്താവിനിമയ മാര്‍ഗം വര്‍ധിച്ച ഈ കാലഘട്ടത്തില്‍ ആര്‍ക്കും എന്തും ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കാന്‍ സാധിക്കും. പ്രവാചകന്റെ കാലത്ത് പത്‌നി ആഇശ(റ)യെ ഒരു യുവാവുമായി ബന്ധപ്പെടുത്തി ഒരു വാര്‍ത്ത ചിലര്‍ മെനഞ്ഞുണ്ടാക്കി. പലരുടെയും ചുണ്ടുകളും കാതുകളും അത് ഏറ്റുവാങ്ങി. ബീവി അത് കാരണം വളരെയേറെ മാനസിക വേദന സഹിച്ചു. അവസാനം അവള്‍ സംശുദ്ധയാണെന്ന് തെളിഞ്ഞു. ഖുര്‍ആന്‍, കേട്ട മാത്രയില്‍ തന്നെ ഇത് പെരുംനുണയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിച്ചു കൂടായിരുന്നുവോ എന്ന് ചോദിച്ചു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഇന്ത്യയില്‍ ന്യൂനപക്ഷത്തെ പ്രകോപിതരാക്കാന്‍ എന്തെങ്കിലും ഗൂഢതന്ത്രം പ്രയോഗിക്കെ, അവര്‍ എടുത്തുചാടി വികാര പ്രകടനം നടത്തുമ്പോള്‍ അവര്‍ക്ക് നേരെ കനത്ത ആക്രമണം അഴിച്ചു വിടുക-ജീവനും സ്വത്തിനും കനത്ത നാശം വരുത്തുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചതായി കാണാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് അനുകൂലമായ ഒരു സാഹചര്യം ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സംജാതമായിരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കും പോലെ എപ്പോഴും ജാഗ്രത പാലിക്കണം; പ്രവാചകന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ‘സാവകാശം ആലോചിച്ചു പ്രവര്‍ത്തിക്കല്‍ അല്ലാഹുവില്‍ നിന്ന് ധൃതി പിശാചില്‍ നിന്നും!
കത്‌വായില്‍ ഹീനമാംവിധം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപവും ഈ നിഷ്ഠൂര കൃത്യം നടത്തിയ വിഭാഗത്തോടുള്ള രോഷവും കാരണം ഒരു ഹര്‍ത്താലിലേക്ക് എടുത്തെറിയപ്പെട്ട് കേസില്‍ അകപ്പെട്ട് കഴിയുന്ന യുവാക്കളോട് ഏതൊരു വിശ്വാസിക്കും അനുകമ്പയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വിരോധികള്‍ ഒരുക്കിയ കെണി തിരിച്ചറിയാന്‍ കഴിയാതെ പോയത് അപമാനകരം തന്നെയാണ്. ഈ സംഭവം ഇന്ത്യയില്‍ ന്യൂനപക്ഷ വിശ്വാസി സമൂഹത്തിന് ഒരു പാഠവും ഭാവിയില്‍ ഏത് നിമിഷവും ജാഗ്രത പാലിക്കാനുള്ള ഒരു താക്കീതുമായിരിക്കട്ടെ.

chandrika: