പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാലും തൊഴില്‍ സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സാമുദായിക സംവരണതത്വത്തിന്റെ ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളോടും സാമൂഹികനീതി സങ്കല്‍പത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.
സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള തൊഴില്‍ദാന പദ്ധതിയല്ല. അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷാ പദ്ധതിയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള തിരുത്തല്‍ നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എട്ടുലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയര്‍ ഫലത്തില്‍ മാറിയതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണീയ സമുദായത്തിനകത്തും സംവരണത്തിന് അര്‍ഹരായവര്‍/അനര്‍ഹരായവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിനും അത് കാരണമായി. എങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് ഇപ്പോഴും തുടരുകയാണ്.
സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹികനീതി സങ്കല്‍പത്തിന്റെ അന്തസ്സത്ത ദുര്‍ബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടന്നു വരുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമന വ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണീയ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താതെ സംവരണ ലിസ്റ്റിലേക്ക് തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികള്‍ നിലവിലുണ്ട്. ഇത് സംബന്ധമായ നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണത്തിലൂടെ മാത്രമേ തൊഴില്‍ ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ, പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥയെ സംവരണീയ വിഭാഗങ്ങള്‍ സംരക്ഷിച്ചു പോരുന്നത്. സംവരണം സര്‍ക്കാര്‍ സര്‍വീസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധര്‍ എല്ലാക്കാലത്തും ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ആ വാദത്തിന്റെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ മാത്രമേ ഇനിമുതല്‍ തൊഴില്‍ സംവരണത്തിന് അര്‍ഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഇതിലൂടെ തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
സാമ്പത്തിക സംവരണ വാദം സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതല്‍ എതിര്‍പ്പ് രേഖപെടുത്തിയിട്ടുണ്ട്. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചെയര്‍മാനായി രൂപവല്‍ക്കരിച്ച ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടു വെച്ചത് ഇഎംഎസാണ്. ഇപ്പോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ രണ്ട് നിയമന ധാരകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ ഇതിനോടകം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നയത്തെ പിന്തുണച്ചിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സംവരണ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നാണ് പിണറായി സര്‍ക്കാറിന്റെ സമീപനം തെളിയിക്കുന്നത.് ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്. ഒപ്പം, കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ചുപോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചന കൂടിയാണ്.
ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങള്‍ സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇത് മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണീയ സമുദായങ്ങള്‍ക്കെതിരെ തിരിച്ചുവിടാനും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടാനുമുള്ള ഫാഷിസ്റ്റ് ഗൂഢതന്ത്രമാണ്. അതോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രം കൂടിയാണ്. നരേന്ദ്രമോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.
സാമൂഹിക നീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍-ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചന തുറന്നുകാണിച്ചും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഡശ്രമങ്ങളെ തിര്‍ത്തും ശക്തിമായി എതിര്‍ത്തും സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സമരങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.