X

പിണറായിയിലെ അമിട്ടടിയും ഷാര്‍ജയുടെ ഉള്ളടക്കവും

പിണറായിയില്‍ അമിത് ഷാ യെ വരവേറ്റ് സി.പി.എമ്മുകാര്‍ സ്ഥാപിച്ച ആര്‍.എസ്.എസ് അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്ററുകള്‍

ലുഖ്മാന്‍ മമ്പാട്

ഒരു ദിവസം തലശ്ശേരി ബ്രണ്ണന്‍കോളജില്‍ നിന്ന് പുറത്തിറങ്ങിയ ആ പയ്യന്‍ പോകാന്‍ കൂട്ടാക്കിയില്ല. കാരണമെന്താ. ഉയര്‍ത്തിപ്പിടിച്ച കത്തികളുമായി അന്നു വഴിയില്‍ ആര്‍.എസ്.എസുകാര്‍ ആരുമില്ല. കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ നിറഞ്ഞുകവിഞ്ഞ് അടക്കിഭരിക്കുന്ന കാലമാണെന്നോര്‍ക്കണം. ഒടുവില്‍, എവിടെനിന്നോ രണ്ടു സംഘികളെയും കത്തിയും സംഘടിപ്പിച്ച് റോഡുവക്കില്‍ തലക്കുനേരെ പിടിപ്പിച്ച ശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി സമ്മേളനം നടത്തിയ പിണറായിയിലെ പാറപ്രത്തുകൂടി വീട്ടിലേക്ക് നടന്നത്. നേരം ഇരുട്ടിയിരുന്നെങ്കില്‍ കുഴഞ്ഞേനെ. വല്ല പ്രേതത്തെയും കണ്ട് പേടിച്ചാലോ. അമ്മയാണ് പ്രേത കഥകളൊക്കെ വിജയന്‍ മോന് പറഞ്ഞുകൊടുത്തിരുന്നത്. പേടി മാറാന്‍ പിന്നീട് മരണ വീടുകളില്‍ നിത്യ സന്ദര്‍ശകനാവുകയായിരുന്നു രീതിയെന്ന് ‘വനിത’യിലുണ്ട്.
തലശ്ശേരിയില്‍ കലാപം നടക്കുമ്പോള്‍ പേടിമാറാന്‍ ‘പോയതോടെ’യാണ് പള്ളിക്ക് കാവല്‍ നിന്ന് ജീവിക്കുന്ന രക്തസാക്ഷിയായതെന്നാണ് ഒരു വിഭാഗം സഖാക്കള്‍ പറയുന്നത്. പുന്നപ്രയില്‍ പോവാതെ ഒരാള്‍ ആ സമരത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റിയില്ലേ എന്നു കുലംകുത്തികളോട് തിരിച്ചും ചോദിക്കാലോ. കമ്മ്യൂണിസ്റ്റുകാരുടെ മുസ്‌ലിം സ്‌നേഹത്തിന്റെ നൂറ്റൊന്ന് ആവര്‍ത്തിച്ച തലശ്ശേരി കലാപത്തള്ള് തുടരുമ്പോള്‍ ജോസഫ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൊന്നും ആരും തുറന്നുനോക്കാതിരുന്നാല്‍ മതി. ബ്രണ്ണന്‍ കോളജിലെ ആ പയ്യന്‍ (ഹിറ്റ്‌ലറെക്കാള്‍ വര്‍ഗ വഞ്ചരെ വകവരുത്തിയ) സ്റ്റാലിനിന്റെയും ലെനിനിന്റെയുമൊക്കെ കട്ട ഫാനായാണ് വളര്‍ന്നത്. ഇപ്പോഴത്തെ കമ്മിക്കുട്ടികളെ പോലെ കുത്തക കമ്പനികള്‍ പുറത്തിറക്കുന്ന കഞ്ചാവു വലിക്കുന്ന ചെഗുവേരയുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ടൊന്നും ഇട്ടിരുന്നില്ലെങ്കിലും വിപ്ലവമായിരുന്നു മനസ്സില്‍.
അധികാരം തോക്കിന്‍കുഴലിലൂടെയെന്ന് ആഹ്വാനം ചെയ്ത മാവോ സേതുംഗിനെ അന്ന് ഇഷ്ടമായിരുന്നോ എന്നൊന്നും ചോദിക്കരുത്. പക്ഷെ, ഇരട്ടത്തോക്കുപോലെ ഇരട്ട ചങ്കാണിപ്പോഴെന്നാണ് സ്വന്തക്കാരൊക്കെ സ്‌നേഹത്തോടെ പറയുന്നത്. മൃതദേഹം കണ്ട് പ്രേതപ്പേടി മാറ്റുകയും ഒരു പനിക്കാലത്ത് ബീഡിയോടും സിഗരറ്റിനോടും കടക്കൂ പുറത്തെന്ന് ആജ്ഞാപിക്കുകയും ചെയ്ത് ചോരച്ചാലുകളും തീക്കുണ്ടവുമൊക്കെ നീന്തിക്കടന്നാണ് ഗൗരവത്തിന്റെ കുപ്പായമിട്ടത്. ചിരിക്കാനറിയാത്തവന്‍ എന്നാക്ഷേപിക്കുന്നവര്‍, ഗുജറാത്തിലെ ചായക്കടയില്‍ നിന്നു ഉദിച്ചുയര്‍ന്ന പൂമരത്തെ (പുന്നപ്രയിലെയല്ല) കാണുമ്പോഴുള്ള ഏതെങ്കിലുമൊരു പടം നോക്കിയാല്‍ ധാരണ മാറിക്കിട്ടും.
ബ്രണ്ണന്‍കോളജിലെ ആ പയ്യന്‍, എം.എല്‍.എയും മന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പരമോന്നത പി.ബി സഭാംഗവുമൊക്കെയായി. പാവപ്പെട്ട ചെത്തുകാരന്റെ മകന്‍ കോടീശ്വരനായി. സ്വന്തം നാട്ടിലെ ക്യാന്‍സര്‍ സെന്ററിന് സാമ്രാജ്യത്വ സൃഷ്ടിയായ ലാവ്‌ലിനില്‍ നിന്ന് 345 കോടി ബക്കറ്റ് വാങ്ങിയതിന് ഫിഡല്‍ കാസ്‌ട്രോ തൊഴുത്തില്‍ കുത്തിയിട്ടും പൊലീസും വിജിലന്‍സുമുള്ള മുഖ്യമന്ത്രിയായി. ഇതോടെ രാജ്യത്ത് സംഘ്പരിവാറിന്റെ കഷ്ടകാലമായെന്ന് പറഞ്ഞാല്‍ മതിയല്ലോ. കേരളത്തിലാണെങ്കില്‍ ഐഎസിനെ കൊണ്ട് ജീവിക്കാനേ വയ്യ.
ഗുജറാത്ത് വംശഹത്യക്ക് ഭരണകൂട പിന്‍ബലം ഉറപ്പാക്കിയ മുഖ്യനും ആഭ്യന്തരനും അന്വേഷണ ‘മിടുക്ക്’ കൊണ്ട് ശിക്ഷവാങ്ങിച്ചു കൊടുത്ത സി.ബി.ഐ സംഘത്തലവനെ തന്നെ പൊലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചപ്പോള്‍ കേരളം ‘ജിഹാദി’കളുടെ നാടായി. സെന്‍കഥകളെ വെല്ലുന്ന വിധം ‘ഐ വാണ്ട് എ മുസ്‌ലിം ബ്ലാസ്റ്റഡ്…’ മോഡല്‍ മൊഴിമുത്തുകളുടെ പേറ്റന്റുകാരനെന്ന് പറയപ്പെടുന്ന സിറാജുന്നിസ ഫെയിമിനെ പൊലീസ് ഉപദേശകനാക്കിയതോടെ ‘ലൗ ജിഹാദ്’ ഇല്ലാത്ത ദിവസങ്ങളില്ലെന്നായി.
ഡല്‍ഹിയില്‍ മോദിയും മുഖ്യതലസ്ഥാനമായ നാഗ്പൂരില്‍ ഭാഗവതുമുണ്ടെന്നു പറഞ്ഞിട്ടെന്ത്, ഹിന്ദുത്വക്കാര്‍ക്ക് വാമനന്റെ നാട്ടില്‍ റിലാക്‌സേഷനുണ്ടോ. തൊഗാഡിയയും പ്രാച്ചിയും ഗുരുത്വം തേടിയെത്തുന്ന ടീച്ചറെ കാളക്കൂടം സഹിതം അകത്തിട്ടില്ലെ. മഅ്ദനിയെ പിടിച്ചുകൊടുത്തത് ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പോലെ ഉള്ളി സുരയെ മുതല്‍ ഗോപാലകൃഷ്ണന്‍ വരെ അഴിക്കുള്ളിലാക്കിയതാണിപ്പോള്‍ പി.ആര്‍.ഡി പരസസ്യം നല്‍കുന്നത്. ചിന്തയിലെ ബാലരമ പംക്തികളില്‍ കുട്ടൂസനും ഡാക്കിനിയും പേരുമാറ്റി എത്രയെണ്ണത്തിനെയാണ് ലുട്ടാപ്പിയുടെ കുന്തത്തില്‍ സിറിയയിലേക്ക് ആടുമേക്കാന്‍ കൊണ്ടുപോയത്. യു.എ.പി.എയും 153 (എ)യും ബീഫിലിട്ട് വരട്ടി പാലത്തു മുതല്‍ പറവൂര്‍ വരെ മൊത്തം മുസ്‌ലിംകള്‍ക്കല്ലെ വിതരണം ചെയ്തത്. പോരാത്തതിന് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞു നടന്നിരുന്ന ‘കമ്യൂണ്‍’ മന്ത്രി ഉടലോടെ എത്തി അമ്പലത്തിലെ പ്രസാദവും കയ്യിട്ടുവാരുന്നു. ഏക സിവില്‍കോഡിനെതിരെ പ്രകടനം നടത്തിയ സമസ്തക്കാര്‍ക്കെതിരെ വയനാട്ടിലും കാസര്‍കോട്ടും ദേശമായപ്പോള്‍ തന്നെ ദ്രോഹത്തിന് കേസ്സെടുത്ത്, രാജ്യത്തെ ക്യാമ്പസുകളില്‍ മോദിജി നടപ്പാക്കുന്ന ‘ദേശസ്‌നേഹ’ കോഴ്‌സുകള്‍ വരെ അപ്രസക്തമാക്കുന്നു. കൊല്ലുന്ന സ്‌നേഹത്തെ തടയിട്ട യു.ഡി.എഫുകാരെ പുറത്താക്കി ഒന്നര വര്‍ഷത്തിനിടെ 13 ഭരണ കക്ഷിക്കാരെ രക്തസാക്ഷികളാക്കിയതിന് തിരിച്ച് 14 സംഘികളെയാണ് ബലിദാനികളാക്കിയത്. കാസര്‍കോട്ട് പള്ളിയില്‍ ഉറങ്ങികിടന്ന മുസ്‌ലിയാരെയും ഇസ്‌ലാമില്‍ ചേര്‍ന്ന കൊടിഞ്ഞിക്കാരനെയും ശഹീദാക്കിയവരെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചക്കാലമല്ലെ ജയിലിലടച്ചത്. അല്ല, 15 ദിവസം. കൊടിയില്ലാത്ത പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി സേവിച്ച പൊലീസ് വാഹനം മറിഞ്ഞ് മരിച്ചതിന് 20 ലക്ഷം കൊടുത്തവര്‍ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന തള്ളാന്‍ എത്രസമയമെടുത്തു.
ഹാദിയയെ വീട്ടുതടങ്കലിലാക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ സഹായിച്ചതൊക്കെ ശരിതന്നെ. എന്നിട്ടിപ്പോ, വനിതാ കമ്മീഷന്‍ സംഘി പ്രീണന കമ്മീഷനായെന്ന് സ്ത്രീ പ്രവര്‍ത്തക ജെ ദേവികയും കവി സച്ചിദാനന്ദനുമൊക്കെ പറയുന്നത് കേട്ട് ആ പെണ്‍കുട്ടിയെ കാണാന്‍ മോഹമുണ്ടെന്നോ. തൃപ്പൂണിതുറയിലെ സ്വന്തം പെണ്‍ ഘര്‍വാപസി കേന്ദ്രത്തിലെ യോഗ മുടങ്ങുമ്പോള്‍ ബാക്കിപറയാം. അല്ലെങ്കില്‍ തന്നെ പാക്കിസ്താന്റെ ഏഴാം കപ്പല്‍പട എത്രയോ കാലമായി നങ്കൂരമിട്ട മലപ്പുറത്ത് പ്രതിദിനം ബലമായി ആയിരക്കണക്കിന് പേരെ മതം മാറ്റുകയല്ലെ. അവിടുത്തെ എല്ലാ ഹിന്ദുക്കളെയും മാറ്റി കഴിഞ്ഞിട്ടിപ്പോ മറ്റു സംസ്ഥാനത്തു നിന്നുള്‍പ്പെടെ ആളെയെത്തിച്ച് മതം മാറ്റുന്നതായി, കേന്ദ്രമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ടു ലഭിക്കുംമുമ്പെ ആര്‍ക്കാണ് അറിയാത്തത്. മുസ്‌ലിമല്ലാത്ത ആര്‍ക്കെങ്കിലും മലപ്പുറത്ത് ഭൂമിയുണ്ടോ.
കൊടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബ് വഴിപാടു നേര്‍ന്ന സംഘികളെയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നട്ടപാതിരക്ക് ബോംബ് സംഭാവന ചെയ്തവരെയും പിടിക്കുമെന്ന് പറഞ്ഞ് എത്ര മാസമായി പേടിപ്പിക്കുന്നു. നല്ല നോട്ടടിക്കാന്‍ പോലുമറിയാത്ത പാവം സംഘികളെ കള്ള നോട്ട് അടിച്ചതിന് പിടിച്ച് പെറ്റിക്കേസെടുത്ത് നാറ്റിച്ചില്ലെ. സി.പി.ഐക്കാര് പേടിപ്പിക്കുന്നതിന്റെ ആധിയറിഞ്ഞിട്ടാണോ സി.പി.എമ്മുകാരേ ഈ പാവം സംഘികളോടീ ശിക്ഷ. വയ്യ, കേരളത്തില്‍ നിന്ന് ഉത്തര്‍ പ്രദേശില്‍ പോയി ആസ്പത്രിയില്‍ അഡ്മിറ്റാവലേ രക്ഷയുള്ളൂ. കേരള ഭരണം ഇന്ദ്രപ്രസ്ഥത്തെ വരെ ഞെട്ടിച്ചിരിക്കുന്നു. സാക്ഷാല്‍, മോദിയും അമിത്ഷായുമൊക്കെ ഇപ്പോള്‍ പിണറായി എന്ന പേര് കേട്ടാലേ വിറക്കും. പാര്‍ലമെന്റിലേക്ക് അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആകെ പേടിക്കുന്നത് മറ്റാരെയുമല്ല. സി.പി.എം ഇല്ലാത്തിടത്തേ ബി.ജെ.പിയൊള്ളൂവെന്നാണ് സംസ്ഥാന സെക്രട്ടറി പോലും പറയുന്നത്. ബി.ജെ.പിയില്ലാത്ത കര്‍ണ്ണാടക ആരാ ഭരിക്കുന്നത്. ബംഗാളിലും പഞ്ചാബിലുമെല്ലാം ആരാണ് എന്നൊന്നും ചോദിക്കേണ്ട.
പണ്ട് സാക്ഷാല്‍ നെഹ്‌റുജി 85 ശതമാനം വോട്ടും 90 ശതമാനം സീറ്റുമായി ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കസേരിയിലിരുന്നു പാര്‍ട്ടിയാണ്. മോദിയും സംഘവും 31 ശതമാനം വോട്ടുനേടി വീമ്പു പറയുമ്പോള്‍ പിന്നെ എന്തിനാണ് പേടി. പ്രധാനമന്ത്രിയും രാഷ്ട്രപതിയും 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എണ്‍പത് ശതമാനം ഭാഗത്തിന്റെ ആധിപത്യവുമൊക്കെ ഉണ്ടായിട്ടെന്താ ബ്രണ്ണന്‍മാര്‍ക്ക്ചങ്കിനെയും പാര്‍ട്ടിയെയും ഭയക്കുകയേ തരമുള്ളൂ. അതുകൊണ്ടാണ് പ്രഥമ പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള ദേശീയ കമ്മിറ്റി ഓഫീസിലേക്ക് രണ്ടാഴ്ച തുടര്‍ച്ചയായി മൂന്നു നേരം വീതം മാര്‍ച്ച് പ്രഖ്യാപിച്ചതൊക്കെ. നടത്തുന്നതൊന്നും നോക്കണ്ട, കണ്ണൂരില്‍ വന്ന് പിണറായി കാണാതെ അമിട്ടടിച്ചതുപോലെ കണ്ടാല്‍മതി. പിണറായിയിലേക്കുള്ള റോഡും സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു ദിവസത്തെ അവധിയുമൊക്കെ രാഷ്ട്രപതിയേട്ടന്‍ തരപ്പെടുത്തിതന്നില്ലെ. എന്നിട്ടും കണ്ണന്താനം മന്ത്രിക്ക് കൊടുത്തപോലൊരു തലശ്ശേരി ബിരിയാണിയെങ്കിലും സല്‍ക്കരിച്ചോ.
എന്തുകൊണ്ട് യോഗിക്ക് താലപ്പൊലി നല്‍കിയില്ല. വെഞ്ചാമരം വീശിയില്ല. ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ പതാക നാട്ടി അവകാശം സ്ഥാപിച്ച ഡി.വൈ.എഫ്.ഐക്കാരെയോ ഭക്തമന്ത്രി കടകംപള്ളിയെയോ വിട്ട് പാദപൂജ ചെയ്യിച്ചില്ല. എന്നിട്ടും കണ്ണൂരില്‍ നിന്ന് മടങ്ങി പിണറായിയെ ട്വീറ്റ് ചെയ്തില്ലെ യോഗി. ട്വീറ്റും റീട്വീറ്റുമായി കളിയും ചിരിയും തമാശയുമായി ലൗജിഹാദില്‍ പെട്ടോ എന്നാണിപ്പോള്‍ സംശയം. അല്ലെങ്കിലും ഇങ്ങനെ അകന്നു നില്‍കേണ്ടവരല്ലല്ലോ കാവിയും ചുവപ്പും. ഒന്നു വെയില്‍ തട്ടിയാല്‍ ഒക്കെ ഒരുപോലെയല്ലേ.
സ്വാതന്ത്ര്യ സമരകാലത്തു ക്വിറ്റിന്ത്യയെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ത്രിവര്‍ണ്ണ പതാകയെ പുഛിച്ചും ഒറ്റുകൊടുത്തും ഒരേ മനസ്സായിരുന്നില്ലേ. ഒരു കൂട്ടര്‍ക്ക് റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വരുന്നത് മറ്റൊരു കൂട്ടര്‍ക്ക് ജര്‍മ്മനിയില്‍ നിന്നെന്ന വ്യത്യാസമല്ലെ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ പിന്നെ കുമ്മനടി യാത്രയിലെ വിപ്ലവ ഗാനവും മുദ്രാവാക്യവും ഒന്നു തന്നെയാവുന്നതില്‍ എന്താ തെറ്റ്. ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ മുഖ്യ ശത്രു ബി.ജെ.പിയല്ല. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ നയം. രണ്ടു കൂട്ടരുടെയും പൊതു ശത്രു ഒന്ന്.
ഷാര്‍ജ ഷെയ്ഖ് കേരളത്തില്‍ വന്നതിനെയൊന്നും മോദിജി തെറ്റിദ്ധരിക്കരുത്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിക്കാതെ ഗള്‍ഫില്‍ പോവാനാവാത്ത ഒരു മന്ത്രിയുടെ സങ്കടം നേരിട്ടറിയാനും പിണറായി മഹാത്മ്യം തൊട്ടറിയാനുമാണ് അദ്ദേഹം വന്നത്. അല്ലാതെ സി.എച്ച് സ്ഥാപിച്ച വാഴ്‌സിറ്റി നല്‍കിയ പി.എച്ച്.ഡി ഏറ്റുവാങ്ങാനോ മകന്‍ ഡോ.എം.കെ മുനീര്‍ യു.ഡി.എഫ് മന്ത്രിയായിരുന്നപ്പോള്‍ ക്ഷണിച്ച് തിയതി നിശ്ചയിച്ചോ അല്ല. സുല്‍ത്താന് നമസ്‌കാരത്തിന് നേതൃത്വം വഹിക്കാന്‍ പാണക്കാട്ടു നിന്നൊരു തങ്ങള്‍ തന്നെ വേണമെന്ന് പറയുന്നത് ഷാര്‍ജയുടെ ഉള്ളടക്കം വര്‍ഗീയമായതിനാലാണ്. ആ രോഗം കലശമായതുകൊണ്ടാണ് ഇരുനൂറോളം ഇന്ത്യക്കാരെ കോടികളുടെ പിഴപോലും വാങ്ങാതെ റമസാന്‍ പ്രമാണിച്ച് വിട്ടയക്കാന്‍ ഉത്തരവിട്ടത്. പലപ്പോഴായി കുവൈത്ത് അമീറും സഊദി രാജാവുമൊക്കെ പല രാജ്യക്കാര്‍ക്ക് വിടുതല്‍ നല്‍കുന്നത്. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന ഇസ്്‌ലാമിക ഭീകരവാദികളുടെ മാഷാ അള്ളാ സ്റ്റിക്കറും ദുബൈയും ഷാര്‍ജയും തിരിച്ചറിയാത്ത കമ്മി വിമാന ലഗേജില്‍ അരിവാള്‍ ചുറ്റിക ഒട്ടിക്കുന്നതും രണ്ടല്ല. ഡല്‍ഹിയെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ഗെജരിവാളിനു നേരെ വാളോങ്ങി ഉറഞ്ഞു തുള്ളുന്നതും കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ സി.പി.എമ്മിനോട് വെളിച്ചപ്പാട് തുള്ളുന്നതും ഉത്തമന് മനസ്സിലാവില്ലെന്നുണ്ടോ. കൊടിയേരി സഖാവ് ‘ജനശിക്ഷാ യാത്ര’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം വായിച്ചാല്‍ സംശയം മാറും. ഇതൊന്നും വരുന്നില്ലെങ്കില്‍ ഒരു സത്യം പറയാം. രാജ്യത്ത് ബി.ജെ.പിയെ ചെറുക്കാന്‍ സി.പി.എമ്മിനെ കഴിയൂ. അവര്‍ക്ക് മാത്രമെ കഴിയൂ. കാരണം കണ്ണൂര്‍ ജില്ലയാണ് ഇന്ത്യാ മഹാരാജ്യം. സംഘികളേ ലാല്‍സലാം…
വാല്‍ക്കഷ്ണം: സോഷ്യല്‍ മീഡിയ മലയാളം നിഘണ്ഡു പ്രകാരം, എവിടെയും വലിഞ്ഞു കേറിന്നതിനെ ‘കുമ്മനടി’ എന്നും ആരോടും പറയാതെ മുങ്ങുന്നതിന് ‘അമിട്ടടി’ എന്നുമാണ് വിളിക്കുക.

chandrika: