X

രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്‍

കെ. മൊയ്തീന്‍കോയ

മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോ 2006-ല്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്.

നിലവില്‍ വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്‍ അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണാധികാരം കയ്യിലെടുക്കാന്‍ കാത്തിരിക്കണം. ഭരണം നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ നേതൃത്വം റൗള്‍ കാസ്‌ട്രോ 2021 വരെ വഹിക്കും. അതേസമയം ക്യൂബ മാറ്റത്തിന്നായ് ദാഹിക്കുകയാണ്. ഇതിന്നകം ആറ് ലക്ഷം സ്വകാര്യ സംരംഭകര്‍ ആ രാജ്യത്തുണ്ടെന്ന് കാണുമ്പോള്‍ പഴയകാല കടുംപിടുത്തത്തിന് അയവ് വന്ന് തുടങ്ങിയെന്ന് വ്യക്തം. സാമ്പത്തിക സാമൂഹ്യ രംഗത്തും മാറ്റം പ്രകടം. വിപ്ലവ പാരമ്പര്യമില്ലാത്ത കാനല്‍ പ്രസിഡണ്ടാകുന്നതോടെ ചൈനയെ അനുകരിച്ച് ‘മുതലാളിത്ത സാമ്പത്തിക’ സമീപനം ക്യൂബയിലും ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഫിദല്‍ കാസ്‌ട്രോയെ ഉയര്‍ത്തിക്കാണിച്ച് പിടിച്ച് നിന്ന ക്യൂബയുടെ വിപ്ലവ വീര്യത്തിന് സമീപകാലം തളര്‍ച്ച തുടങ്ങിയിരുന്നതാണ്. ബരാക് ഒബാമ ഭരണകൂടം ക്യൂബയുമായി തന്ത്രബന്ധം പുനസ്ഥാപിക്കാന്‍ കൈകൊണ്ട തീരുമാനം വലിയ ആശ്വാസമാണ് ക്യൂബക്ക് ലഭ്യമായത്. 2014 ഡിസംബര്‍ 14ന് ഒബാമയും റൗള്‍ കാസ്‌ട്രോയും ചേര്‍ന്നാണ് സുപ്രധാന തീരുമാനത്തിന് വഴിയൊരുക്കിയത്. 1961ന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയോടെ ഒറ്റപ്പെട്ടു കഴിഞ്ഞ ക്യൂബ പ്രതിസന്ധിയില്‍ കരകയറുന്നത് അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കപ്പെട്ടതോടെയാണ്.
1989-ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ജര്‍മ്മനികള്‍ ഐക്യപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിലുണ്ടായ തകര്‍ച്ചയുടെ പ്രത്യാഘാതം ക്യൂബന്‍ ഭരണത്തേയും പിടിച്ചുലച്ചു. 1991ല്‍ സോവ്യറ്റ് യൂണിയന്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായതും കിഴക്കന്‍ യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ അതേവരെ അവരുമായി ക്യൂബ പുലര്‍ത്തിവന്ന സൗഹൃദം നഷ്ടമാക്കി. വ്യാപാര ബന്ധവും നിലച്ചു. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

1959-ലെ ക്യൂബന്‍ വിപ്ലവം അമേരിക്കന്‍ സാമ്രാജ്യ ശക്തിയെ ഞെട്ടിച്ചു. അമേരിക്കയുടെ പടിവാതില്‍ക്കല്‍ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം സഹിക്കാവുന്നതിലേറെയായി. 1962-ല്‍ അമേരിക്കന്‍ സൈന്യം ബേ ഓഫ് പിഗ്‌സ് ഉള്‍ക്കടല്‍ ഭാഗത്ത് ക്യൂബയെ അക്രമിച്ചുവെങ്കിലും കീഴടക്കാനാവാതെ പിന്‍വാങ്ങി. തുടര്‍ന്ന് നിരവധി അട്ടിമറിശ്രമങ്ങള്‍ ക്യൂബയില്‍ അരങ്ങേറി. അവയൊക്കെ പരാജയപ്പെട്ടു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ വരെ ശ്രമം നടന്നു.
1970 കളില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജാക്ക് ആന്റേഴ്‌സണ്‍ രേഖ സഹിതം വിവരം പുറത്തുവിട്ടതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. പ്രസിഡണ്ട് ഫോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി അത്തരം നീക്കം തടഞ്ഞു. അതിലിടക്ക് വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തി വന്ന നയതന്ത്ര നീക്കം വ്യാപകമാക്കി. അമേരിക്കന്‍ മേഖലയിലെ മുപ്പത് രാഷ്ട്രങ്ങളുടെ സംഘടനയായ അമേരിക്കന്‍ ഐക്യസംഘടന (ഒ.എ.എസ്) ക്യൂബയുമായി വ്യാപാര ബന്ധം വിഛേദിച്ചു. കരിമ്പിന്‍ കൃഷിയായിരുന്നു 90 ശതമാനം വരുമാന മാര്‍ഗം. വിപ്ലവത്തിന് മുമ്പ് ഈ രംഗമാകെ (95 ശതമാനവും) കയ്യടക്കിയത് അമേരിക്കന്‍ കമ്പനികളായിരുന്നുവല്ലോ. പിന്നീട് വന്‍ തോതില്‍ ക്യൂബയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തത് സോവ്യറ്റ് യൂണിയന്‍ ആയിരുന്നു. (ഇപ്പോള്‍ റഷ്യയും ചൈനയും വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്.)

ലോക രാഷ്ട്രീയത്തിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ ക്യൂബ തയാറാവുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ പാരീസ് ഉടമ്പടിയിലൂടെ കയ്യടക്കിയ അമേരിക്ക അവരുടെ ഭാഗമാക്കി വെച്ചു. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരായ ഒളിപ്പോരിന്റെ അവസാനത്തില്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ക്യൂബയുടെ ഒരു ഭാഗം ഇപ്പോഴും അമേരിക്കന്‍ കൈവശമാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ തടവറ- ഗാണ്ടിനാമോ. കാസ്‌ട്രോ ഭരണം ജനാധിപത്യ സമ്പ്രദായം അവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു. പതിനായിരങ്ങള്‍ ക്യൂബന്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ചു. തികച്ചും കമ്മ്യൂണിസ്റ്റ് സേച്ഛാധിത്യം. ഫിദല്‍ കാസ്‌ട്രോക്ക് ശേഷം സഹോദരനിലേക്ക് അധികാര കൈമാറ്റം. ഉത്തര കൊറിയയിലെ കിം കുടുംബ വാഴ്ചക്ക് സമാനമായ ഭരണം ക്യൂബയിലും ആവര്‍ത്തിക്കപ്പെട്ടു. ലോകം എമ്പാടും കൈക്കൊണ്ട സാമ്പത്തിക, സാമൂഹ്യ മാറ്റത്തില്‍ നിന്ന് ക്യൂബക്കും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് റൗള്‍കാസ്‌ട്രോവിന്റെ പടിയിറക്കം. അധികാരത്തിന്റെ അവസാന വാക്ക് എന്ന നിലയില്‍ റൗള്‍ കാസ്‌ട്രോ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുമെങ്കിലും ലോകത്തിന് മുന്നില്‍ പുതിയൊരു ഭരണാധികാരി കാനല്‍ പ്രത്യക്ഷപ്പെടും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ചുള്ള ഭരണത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു തുടങ്ങിയതിനാല്‍ ക്യുബന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ചൈനീസ് മാതൃക പിന്‍പറ്റേണ്ടിവരും.
വാണിജ്യ താല്‍പര്യത്തിന്നാണ് ചൈന മുന്‍ഗണന നല്‍കുന്നത്. പ്രത്യയശാസ്ത്രം അത് കഴിഞ്ഞ് മതിയെന്നാണ് ചൈനയുടെ സമീപനം. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അനുദിനം നയം മാറ്റുന്നു. ആണവ പദ്ധതികള്‍ അമേരിക്കയുടെ കാലിന്‍ ചുവട്ടില്‍ അടിയറ പറയാന്‍ തയ്യാറായി കഴിഞ്ഞു. ആദ്യ പടിയായി 27ന് ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുമായി ഉന്‍ ചര്‍ച്ച നടത്തുമെന്നാണ് തീരുമാനം. മെയ് മാസം ട്രംപുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണത്രെ. ക്യൂബന്‍ സാഹചര്യവും മാറുകയാണ്. അമേരിക്കയുമായി കൂടുതല്‍ അടുക്കാനും വ്യാപാരബന്ധം കൂടി പുനഃസ്ഥാപിക്കാനും പ്രസിഡണ്ട് കാനല്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഇനി അധികനാള്‍ ഇതിന് കാത്തിരിക്കേണ്ടിവരില്ല.

chandrika: