X

നീതിക്കായുള്ള കാത്തിരിപ്പ് ഇനിയെത്ര നാള്‍-കെ.പി.എ മജീദ്

ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പാതകമാണ് ബാബരി പള്ളിയുടെ തകര്‍ച്ചയെന്നാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുവെച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ദ ടര്‍ബുലന്റ് ഇയേഴ്‌സ് 1980-96’ ല്‍ പറയന്നത്, ‘ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാതെ പോയത് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നാണ്. ബാബരി മസ്ജിദിന്റെ ധ്വംസനം വിശ്വാസ വഞ്ചനയും ഇന്ത്യക്ക് നാണക്കേടുമായി. പള്ളി തകര്‍ക്കപ്പെട്ടത് രാജ്യത്തെ മുസ്‌ലിംകളുടെ വികാരത്തെ വളരെയധികം വ്രണപ്പെടുത്തി. നൂറ്റാണ്ടുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രത്തിലെ വിദേശകാര്യമന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും’ പ്രണബ് പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന് ബി.ജെ.പി ഭരിക്കുന്ന യു.പി സംസ്ഥാന ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നാമാവശേഷമാക്കുകയും ചെയ്തപ്പോള്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന മതേതര സമൂഹവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രണേതാക്കളായ ലോക സമൂഹവും ഞെട്ടിത്തരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട്, ബാബരി പള്ളി അവിടത്തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഭരണകൂടവും പ്രധാനമന്ത്രി റാവുവും രാജ്യത്തോട് പ്രഖ്യാപിച്ചു. ബാബരി പള്ളി തര്‍ത്ത ക്രിമിനല്‍ കേസിന്റെ വിചാരണ ഉള്‍പ്പെടെ 25 വര്‍ഷങ്ങള്‍ക്കിപ്പുറം വിചാരണ തുടങ്ങുന്നേയുള്ളൂവെന്നതാണ് കൗതുകകരം. വഖഫ് സ്വത്തിന്റെ ഉടമാവകാശം സംബന്ധിച്ച കൗതുകകരമായ ഇടക്കാല വിധിയാവട്ടെ, നിയമത്തെ വ്യാഖ്യാനിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിന്റെ ഫോര്‍മുലയായാണ് കണ്ടത്. ബാബരിയുടെ ഭൂമി ഉടമക്കും കൈയേറ്റക്കാരനും കാഴ്ചക്കാരനുമിടയില്‍ മൂന്നായി പകുത്തു നല്‍കുന്ന തികച്ചും വിചിത്രമായ കാഴ്ച. അവകാശ തര്‍ക്കവും ക്രിമിനല്‍ കേസുമെല്ലാം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തെ നിയമത്തിന്റെ ഏതെങ്കിലുമൊരു അളവുകോല്‍കൊണ്ട് നീതി ഓഹരി വെക്കുമ്പോള്‍ തര്‍ക്കമന്ദിരം എന്ന പദത്തിന് പോലും പ്രസക്തിയില്ല.
1948 അടിസ്ഥാന വര്‍ഷമായെടുത്ത് ആരുടെ ആരാധനാലയമാണോ അതതേപടി നിലനിര്‍ത്തുകയെന്ന നിയമമാണ് ബാബരി പള്ളിയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. ആ സത്തയിലൂന്നിയുള്ള ചര്‍ച്ചയും നിയമ പോരാട്ടവുമാണ് കരണീയം. 1528 ല്‍ യു.പിയിലെ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ നിര്‍ദേശ പ്രകാരം പണിത പള്ളിയില്‍ നൂറ്റാണ്ടുകളോളം പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ആരാധന നടത്തിയിരുന്നത്. 1800 കളില്‍ ചില വര്‍ഗീയ വാദികള്‍ രാമന്റെ ജന്‍മസ്ഥലത്താണ് പള്ളി പണിതതെന്ന വാദമുയര്‍ത്തുന്നതോടെയാണ് വിവാദം തല പൊക്കിയത്. 1859 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വേലി കെട്ടി മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമായി വെവ്വേറെ ആരാധനാചടങ്ങുകള്‍ക്കനുമതി നല്‍കി. ഇക്കാലത്ത് മുസ്‌ലിംകള്‍ പള്ളിക്കകത്തും ഹിന്ദുക്കള്‍ പുറത്തും ആരാധനക്കായി സഹകരണ മനോഭാവത്തോടെ ഉപയോഗിച്ചു. പിന്നീട് പ്രശ്‌നം ഉടലെടുക്കുന്നത് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം രണ്ട് കഴിഞ്ഞ ശേഷമാണ്. 1949 ഡിസംബര്‍ 22 ന് ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച വാര്‍ത്ത കേട്ടപാടെ പള്ളിയില്‍ നിന്ന് അതെടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തരവിട്ടത് ഉള്‍പ്പെടെ രാഷ്ട്ര ശില്‍പികളും നേതൃത്വവും കാണിച്ച വിശാല കാഴ്ചപ്പാടുകളുടെ ഉദാഹരണങ്ങളുണ്ട്.
പക്ഷെ, 1964 ല്‍ വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച് രാമജന്‍മഭൂമി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് രാജ്യത്ത് അത് മുറിപ്പാടുണ്ടാക്കിയത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി രാമക്ഷേത്രത്തെയെടുത്ത് ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി രാജ്യത്താകമാനം രഥയാത്ര നടത്തിയതോടെ കലാപത്തിന്റെ തീക്കാറ്റ് പൊടിഞ്ഞു. എന്നാല്‍, പള്ളി തകര്‍ക്കാന്‍ രാഷ്ട്രീയ പിന്‍ബലമായി മുന്നില്‍ നിന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഇന്നനുഭവിക്കുന്ന അവഗണന കാവ്യനീതിയാണ്. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കര്‍സേവ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുന്നതിനും പത്തു മാസം മുമ്പ് അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം കര്‍സേവകര്‍ അയോധ്യയിലെത്തി. പ്രതിപക്ഷ നേതാവ് അദ്വാനിയാണ് നേതൃത്വം നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഒത്തുതിര്‍പ്പ് അസാധ്യമാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഭരണഘടനയുടെ 138ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയുടെ തീര്‍പ്പിന് വിടണമെന്നാണ് നിര്‍ദേശിച്ചത്. വിധി എല്ലാവരും അംഗീകരിക്കണമെന്ന് മുഴുവന്‍ മതേതര സംഘടനകളും ഒന്നിച്ചാവശ്യപ്പെട്ടു. തര്‍ക്കഭൂമിയില്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചതിനെ കാറ്റില്‍ പറത്തിയതോടെ ബാബരി ധ്വംസകര്‍ രാജ്യത്തെ പരമോന്നത കോടതിയെയാണ് ധിക്കരിച്ചത്. ആ അര്‍ത്ഥത്തില്‍ അതിനെയെടുത്ത് വേഗത്തില്‍ വിചാരണയും തീര്‍പ്പും ഉണ്ടാക്കാനായില്ല.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് കെട്ടിടം പണിത് ഒരു നില ഹിന്ദുക്കള്‍ക്കും ഒന്ന് മുസ്‌ലിംകള്‍ക്കും നല്‍കണമെന്ന് പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ പലരും വിഷയത്തെ വളച്ചൊടിക്കാനും നിയമത്തിന്റെ അന്തസത്ത മറച്ചു പിടിക്കാനുമാണ് ശ്രമിച്ചത്. സംഘ്പരിവാറിന്റെ അത്തരം കുതന്ത്രങ്ങള്‍ കാല്‍ നൂറ്റാണ്ടായിട്ടും നടന്നില്ലെന്നതും പ്രത്യാശയാണ്. രാജ്യത്തെ നീതിയിലും ന്യായത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് കോടതി വിധി അംഗീകരിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുസ്‌ലിംകള്‍ നിലപാട് സ്വീകരിച്ചത്. ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍, കോടതി പലവുരു ആവശ്യപ്പെട്ടിട്ടും 17 വര്‍ഷത്തിന് ശേഷം 2009 ല്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്; 48 പ്രാവശ്യം അധിക അന്വേഷണ കാലാവധി നീട്ടി നല്‍കിയ ശേഷം. 1959 മുതല്‍ ബാബരി വിഷയത്തില്‍ നിയമ പോരാട്ടത്തിലായിരുന്ന അയോധ്യ സ്വദേശി മുഹമ്മദ് ഫാശിം അന്‍സാരി (96) ഉള്‍പ്പെടെ നീതിയുടെ വെളിച്ചം കാണാനാവാതെ മരണപ്പെട്ടവര്‍ എത്ര.
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഒരേയൊരു നിയമനിര്‍മ്മാണ സഭ കേരളത്തിലേതാണ്. നിയമസഭയില്‍, അന്നത്തെ കേരള സംസ്ഥാന ചീഫ് വിപ്പായിരുന്ന താനാണ് ആ പ്രമേയം അവതരിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിന് ഇപ്പുറവും ആ പ്രമേയത്തിന്റെ പ്രസക്തി നിലനില്‍ക്കുക തന്നെയാണ്. വൈകാരികമായി വിഷയത്തെ സമീപിക്കാനും കലാപത്തിന്റെ തീനാളമേറ്റ് ബാബരിപള്ളി വേട്ടക്കാര്‍ ഇരകളായ സമൂഹത്തെ വേട്ടയാടുന്നതും കണ്ടു. അന്ന് രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ക്കപ്പുറം വിവേകത്തിന്റെ മാര്‍ഗം സ്വീകരിച്ച മുസ്‌ലിംലീഗ് നേരിട്ട പ്രതിസന്ധി തുല്യതയില്ലാത്തതാണ്. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് പോലും ആ സാഹചര്യത്തിന്റെ ഊഷ്മാവ് താങ്ങാനായില്ല. ആത്മബലത്തിന്റെ മഹാഭ്യാസിയായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സംയമനത്തിന്റെ ആജ്ഞാപനം ശിരസാവഹിക്കാന്‍ മുന്നോട്ടുവന്ന കേരളീയ സമൂഹത്തിന് പില്‍ക്കാലത്ത് എന്നും ഓര്‍മ്മിക്കാനുള്ള നിലപാട്തറയായി അതെന്നതും ചേര്‍ത്തു വായിക്കണം. ഇതിന്റെ പേരില്‍ തെരുവിലിറങ്ങിയപ്പോഴും നഷ്ടം ഏകപക്ഷീയമായിരുന്നു. മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അഞ്ഞൂറിലേറെ സ്ഥലങ്ങളിലാണ് കലാപമുണ്ടായത്. 1992 ഡിസംബറിലെയും 1993 ജനുവരിയിലെയും കലാപത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ആയിരത്തഞ്ഞൂറ് കോടിയിലേറെ രൂപയുടെ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ആയിരത്തിലേറെ പേര്‍ മരിച്ചത് പൊലീസ് വെടിവെപ്പിലാണെന്ന് മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയിയാണ് വ്യക്തമാക്കിയത്. ചെറുതും വലുതുമായ നിരവധി കലാപങ്ങളുടെയും വര്‍ഗീയ ലഹളകളുടെയും ഇരകളും പ്രതികളായി മുദ്രകുത്തി ജയിലില്‍ തള്ളപ്പെട്ടവരുമെല്ലാം മുസ്‌ലിംകളായിരുന്നു. ബോംബെ-കോയമ്പത്തൂര്‍ കലാപങ്ങളുടെ ജീവിക്കുന്ന എത്രയോ രക്തസാക്ഷികളെയും ബാബരി ദിനത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണുന്ന ഒരു ഭരണഘടനയും മഹത്തായ ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യത്ത് ആത്മവിശ്വാസവും നീതിയുടെ പ്രത്യാശയുമാണ് പരമപ്രധാനം. ഭയചികിതരാക്കാനും നിരാശരാക്കാനുമുള്ള വര്‍ഗീയ-ഭീകര സംഘങ്ങളുടെ തന്ത്രങ്ങള്‍ക്കെതിരായ ജാഗ്രതയാണ് മുസ്‌ലിംലീഗ് ഈ ദിനത്തില്‍ മുന്നോട്ടുവെക്കുന്ന സന്ദേശം. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കലും ഹിംസയുടെ വക്താക്കളായ ഭീകരതക്കും വംഗീയതക്കുമെതിരായ പോരാട്ടത്തിന് ദിശ നിര്‍ണ്ണയിക്കലും ഡിസംബര്‍ ആറിന്റെ സമകാലിക പ്രസക്തിയാണ്.

chandrika: