X

ദേശീയ ഐക്യമായി; ‘ഫലസ്തീന്‍’ യാഥാര്‍ത്ഥ്യമാകുമോ?

കെ. മൊയ്തീന്‍കോയ

ഫലസ്തീന്‍ ദേശീയ ഐക്യത്തിലേക്കുള്ള നിര്‍ണായക ചുവട്‌വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്‍, പടിഞ്ഞാറന്‍ കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന്‍ അതോറിട്ടി ആസ്ഥാനത്ത് നിന്ന് എത്തിയ ഹംദുല്ലാഹിനെ സ്വീകരിക്കാന്‍ പത്ത് വര്‍ഷമായി എതിര്‍പക്ഷത്ത് നിലകൊണ്ട ഹമാസ് നേതാക്കള്‍ കാണിച്ച ആവേശം ഐക്യം എത്രയും പെട്ടെന്ന് സാധിതമാകുമെന്ന പ്രതീക്ഷയുളവാക്കി. ഈജിപ്തിന്റെ മദ്ധ്യതയില്‍ കൈറോ കേന്ദ്രമായി നടന്നുവന്ന അനുരഞ്ജന നീക്കം വിജയം കണ്ടതോടെ ഫലസ്തീന്‍ ജനത ഒരൊറ്റ സമൂഹം എന്ന നിലയില്‍ ഐക്യപ്പെടുന്നതിന് ആവേശം പ്രകടിപ്പിച്ച് വരികയാണ്.

അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഒത്താശക്കാരന്‍ എന്ന നിലയില്‍ കുപ്രസിദ്ധനായ ഈജിപ്തിലെ സൈനിക ഭരണ മേധാവി ജനറല്‍ അബ്ദുല്‍ ഫത്തഹ് അല്‍സീസിയാണ് അനുരഞ്ജനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന് പിന്നിലെ നിക്ഷിപ്ത താല്‍പര്യവും നിഗൂഢതയും എന്ത് തന്നെയായിരുന്നാലും ഹമാസിന്റെ തന്ത്രപരമായ വിജയമായി കാണുന്നവരാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരില്‍ ഭൂരിപക്ഷവും! ഫലസ്തീന്‍ പ്രസിഡണ്ടും ഫത്തഹ് നേതാവുമായ മഹ്മൂദ് അബ്ബാസുമായി ഒത്തുതീര്‍പ്പിന് ഹമാസ് തയാറാകുന്നത് രാഷ്ട്രീയ നേട്ടം എന്നതിലുപരി തുറന്ന ജയില്‍ എന്ന നിലയില്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികളുടെ ഭാവിയോര്‍ത്താണ്. 2007-ല്‍ ഫലസ്തീന്‍ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫത്തഹിനെ പരാജയപ്പെടുത്തി ഹമാസ് ഭൂരിപക്ഷം നേടുകയും ഇസ്മാഈല്‍ ഹനിയ പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് ഭിന്നത ഉടലെടുത്തത്. പ്രസിഡണ്ട് അബ്ബാസിന്റെ ഏകാധിപത്യ നീക്കം ഹമാസ് സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും സര്‍ക്കാറിനെ പിരിച്ചുവിടുകയും ചെയ്തു. ഹമാസിന്റെ അധികാര പ്രവേശം ഇസ്രാഈലിന്റെയും അമേരിക്കയുടെയും എതിര്‍പ്പിന് കാരണമാകുക സ്വാഭാവികം. അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായി ഭീഷണി. അധിനിവിഷ്ട ഫലസ്തീനില്‍ നിന്ന് ഇസ്രാഈല്‍ പിരിച്ചെടുക്കുന്ന നികുതി പണം ഫലസ്തീന്‍ അതോറിട്ടിക്ക് കൈമാറുകയില്ലെന്നും ഭീഷണി ഉയര്‍ന്നു. അബ്ബാസിന് ആവശ്യം അമേരിക്കയും കൂട്ടാളികളും! ഹമാസ് സര്‍ക്കാറിനെ പുറത്താക്കി സ്വന്തം താല്‍പര്യം കാത്തുസൂക്ഷിക്കാന്‍ അബ്ബാസ് തയാറായി. ഈ ഘട്ടത്തിലാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവന്ന ഇസ്മാഈല്‍ ഹനിയയും സഹപ്രവര്‍ത്തകരും അവിടെ പിടിമുറുക്കിയത്. ഗാസ ഭരണ സമിതിയായി ഹമാസ് ഭരണം തുടര്‍ന്നു. പടിഞ്ഞാറന്‍ കരയും (വെസ്റ്റ് ബാങ്ക്) ഗാസയും രണ്ട് ഭരണത്തിന് കീഴിലാണ്. ഫലത്തില്‍ ‘ഫലസ്തീന്‍’ രണ്ടായി പിളര്‍ന്നു!

ഗാസയെ ശ്വാസം മുട്ടിച്ച് തകര്‍ക്കാനായിരുന്നു പിന്നീടുണ്ടായ നീക്കം. ഗാസക്ക് എതിരെ 2008ന് ശേഷം ഇസ്രാഈല്‍ മൂന്ന് യുദ്ധങ്ങള്‍ നടത്തി. പുറംലോകവുമായി ബന്ധപ്പെടാന്‍ ഗാസക്കുണ്ടായിരുന്ന ഏഴ് അതിര്‍ത്തി കവാടങ്ങളില്‍ ആറും ഇസ്രാഈല്‍ അടച്ചു. ഈജിപ്തുമായി ബന്ധപ്പെടാവുന്ന റഫാ കവാടം മിക്കപ്പോഴും അടഞ്ഞുകിടന്നു. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രാഈലും ഈജിപ്തും തടഞ്ഞു. ഉപരോധം വഴി ഹമാസ് ഭരണകൂടത്തെ തകര്‍ക്കാന്‍ ഇസ്രാഈലിന് ഒപ്പം ഈജിപ്തും അബ്ബാസും കൂട്ടാളികളായി എന്നതാണ് നിര്‍ഭാഗ്യം. അവശ്യ സാധനങ്ങള്‍ ഇല്ലാതായി. ആരോഗ്യ പ്രവര്‍ത്തനവും സ്തംഭിച്ചു. ഇത്രയും ഭയാനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ഫലസ്തീന്‍ അതോറിട്ടിയോ, അയല്‍പക്ക അറബ് സഹോദര രാജ്യങ്ങളോ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. അതിലിടക്ക് 2013-ല്‍ ‘അറബ് വസന്തം’ ഈജിപ്തിലെ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടത്തെ പിഴുതെറിഞ്ഞപ്പോള്‍ ഹമാസിനും ഗാസാ നിവാസികള്‍ക്കും ആശ്വാസമായി. മാറിവന്ന മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിന്റെ സമീപനം ഗാസക്ക് അനുകൂലമായി സ്വീകരിച്ചു. റഫാ അതിര്‍ത്തിയിലൂടെ അവശ്യ സാധനങ്ങളും മരുന്നും ഗാസയിലെത്തി. അധികകാലം ഈ സ്ഥിതി തുടര്‍ന്നില്ല. സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളും ഗൂഢാലോചനയിലൂടെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈനിക ഭരണം അടിച്ചേല്‍പ്പിച്ചതോടെ ഗാസാ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറിച്ചും വൈദ്യുതി വിതരണം മൂന്ന്-നാല് മണിക്കൂറില്‍ മാത്രം ഒതുക്കിയും അബ്ബാസ് പ്രതികാരം ചെയ്തു. (വൈദ്യുതി എത്തിച്ചിരുന്നത് ഇസ്രാഈലില്‍ നിന്നായിരുന്നു.) അറബ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയും ഇസ്രാഈലിന്റെ കുതന്ത്രങ്ങളും ഇവക്ക് പിന്നില്‍ ചരട് വലിക്കുന്ന അമേരിക്കയുടെ കരങ്ങളും ഗാസയിലെ ഫലസ്തീനികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. ആസ്പത്രികളില്‍ അവശ്യ മരുന്നുകള്‍ പോലും ഇല്ലാതെ വന്നു. വൈദ്യുതി വിതരണം ഭാഗികമായി ഇസ്രാഈലും അബ്ബാസിന്റെ അതോറിട്ടി ഭരണകൂടവും ഗാസയെ ഇരുട്ടിലാക്കി.

2014-ല്‍ സജീവമായിരുന്ന അനുരഞ്ജന ശ്രമം ഫലവത്താകാതെ പോയത് അബ്ബാസിന്റെ ശാഠ്യമാണ്. ദേശീയ സര്‍ക്കാറിന് വഴിയൊരുക്കി ഇസ്മാഈല്‍ ഹനിയ രാജിവെച്ചു എങ്കിലും ഗാസ ഭരണ സമിതിതന്നെ പിരിച്ചുവിടണമെന്നായിരുന്നു അബ്ബാസിന്റെ ശാഠ്യം. കഴിഞ്ഞ ആഴ്ച ചര്‍ച്ചയില്‍ ഹമാസ് ഇതിനും തയാറായി. ഈജിപ്തിന്റെ അനുരഞ്ജന നീക്കത്തിന് അറബ് ലീഗ് പിന്തുണ നല്‍കിയതും ഹമാസിനെ ഒറ്റപ്പെടുത്തുന്ന നിലയിലാക്കി. മുഖ്യ അജണ്ടയില്‍ നിന്ന് ‘ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം’ അറബ് ലോകത്ത് പിന്തള്ളപ്പെട്ടു കഴിഞ്ഞ സാഹചര്യവും ഹമാസ് നേതൃത്വം വിലയിരുത്തുന്നു. ഇറാഖും യമനും ഇറാനും അറബ് ലോകത്തിന്റെ സജീവ വിഷയമായി. ഏറ്റവും ഒടുവില്‍, ‘കുര്‍ദ്ദിസ്ഥാന്‍’ തലവേദനയാവുന്നു.
ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ല ഗാസയില്‍ എത്തിയതോടെ ഗാസാ ഭരണവും ഫലസ്തീന്‍ അതോറിട്ടിക്ക് കീഴിലായി. ഇവയൊന്നും സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കില്ല. ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ യാതൊരു സൂചനയുമില്ല. ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ നിന്ന് അമേരിക്ക പോലും പിന്നോക്കം പോയ സാഹചര്യം. പടിഞ്ഞാറന്‍ കരയിലും കിഴക്കന്‍ ജറൂസലമിലും കൂടുതല്‍ കുടിയേറ്റ കേന്ദ്രത്തിന് അവസരം ഒരുക്കുന്ന തിരക്കിലാണ് ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രാഈല്‍ ഭരണകൂടം. പാശ്ചാത്യ ശക്തികളും ഇസ്രാഈലും അറബ് ലീഗ് തന്നെയും അംഗീകരിക്കുന്ന ഫലസ്തീന്‍ അതോറിട്ടി ഭരണകൂടവുമായി സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള ചര്‍ച്ചക്ക് ഇസ്രാഈല്‍ സന്നദ്ധമാകുമോ? ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ മാത്രം അറിയുന്ന ഇസ്രാഈല്‍, ഫലസ്തീനുമായി സമാധാന ചര്‍ച്ചയിലേക്ക് പെട്ടെന്ന് തിരിച്ചുവരുമെന്നാരും പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഏക രാഷ്ട്രം അമേരിക്കയാണല്ലോ. ഡൊണാള്‍ഡ് ട്രംപിന്റെ കാലഘട്ടത്തില്‍ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്താനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരം മാത്രമുള്ള ‘അതോറിട്ടി’യുമായി ഫലസ്തീനികള്‍ എത്രകാലം ഇനിയും മുന്നോട്ട് പോകും. അറബ് ലോകത്തിന്റെ ഏക സ്വരത്തിന്റെ ശബ്ദം വിജയത്തിലേക്ക് വഴി തുറക്കും, തീര്‍ച്ച.

chandrika: