X

രണ്ടാം മുല്ലപ്പൂ വിപ്ലവത്തിന് സിംബാബ്‌വെയില്‍ തുടക്കം

കെ. മൊയ്തീന്‍കോയ

സിംബാബ്‌വെയില്‍ ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്‍ വന്‍കരയില്‍ രണ്ടാം ‘മുല്ലപ്പൂ വിപ്ലവ’ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്‌നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീണതാകട്ടെ ‘തലയണ മന്ത്ര’ത്തിന്റെ പ്രത്യാഘാതമാണ്. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് 93 കാരനായ മുഗാബെക്ക് തിരിച്ചടിയായത്.
ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ മുന്നണി പോരാളിയായ മുഗാബെ 1980 മുതല്‍ പ്രസിഡണ്ടാണ്. പാശ്ചാത്യ ശക്തികള്‍ക്ക് അനഭിമതനായിരുന്നുവെങ്കിലും മുഗാബെ ഭരണത്തില്‍ പിടിച്ച് നില്‍ക്കാനാവശ്യമായ ജനപിന്തുണയാര്‍ജ്ജിച്ചിരുന്നു. വൈസ് പ്രസിഡണ്ട് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ രണ്ട് മാസം മുമ്പ് പുറത്താക്കി 52കാരിയായ ഭാര്യ ഗ്രെയ്‌സിനെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നടത്തിയ ശ്രമമാണ് മുഗാബെക്ക് വിനയായി തീര്‍ന്നത്.
സൈനിക അട്ടിമറിയെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെയോട് സ്ഥാനമൊഴിയാന്‍ സ്വന്തം പാര്‍ട്ടിയായ സാനു-പി.എഫ് പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയിട്ടില്ല. ഭരണകക്ഷി തന്നെ അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയും എമേഴ്‌സണെ പ്രതിഷ്ഠിക്കുകയും ചെയ്തു കഴിഞ്ഞു. സ്ഥാനമൊഴിയാന്‍ തിങ്കളാഴ്ച വരെ അവസരം നല്‍കിയ ഭരണകക്ഷി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുകയാണ്. സ്ഥാനമൊഴിയാന്‍ സുരക്ഷാ പാതയൊരുക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ ഈ ഏകാധിപതി തയ്യാറാവുന്ന ലക്ഷണമില്ല. വീട്ടുതടങ്കലില്‍ കഴിയുകയാണെങ്കിലും സൈന്യം മാന്യമായാണ് തന്നോട് പെരുമാറുന്നതെന്നാണ് മുഗാബെ പറയുന്നത്. ആഫ്രിക്കന്‍ യൂണിയനും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമായ ദക്ഷിണാഫ്രിക്കയും മുഗാബെയോട് ബന്ധപ്പെടുന്നുണ്ട്. എന്തായാലും മുഗാബെയുടെ തിരിച്ചുവരവിന് ആരും ആഗ്രഹിക്കുന്നില്ല. ഭരണകക്ഷിയെ പോലെ പ്രതിപക്ഷവും സൈനിക നേതൃത്വവുമൊക്കെ മുഗാബെക്ക് എതിരാണ്. തടങ്കലില്‍ കഴിയുമ്പോഴും ഒരു തവണ പൊതു വേദിയിലും സ്റ്റേറ്റ് ടി.വിയിലും പ്രത്യക്ഷപ്പെടാന്‍ സൈന്യം മുഗാബെയെ അനുവദിച്ചു. ഇവയൊക്കെ എത്രകാലം വരെയാണെന്ന് വ്യക്തമല്ല. മുഗാബെക്ക് എതിരെ തെരുവുകള്‍ സജീവമാണ്. സിംബാബ്‌വെ ജനതക്ക് ആവശ്യം മുഗാബെയുടെ രാജി തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയ സ്ഥിതി ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന് സമാനമാണ്. ആഫ്രിക്കയിലെ മറ്റ് ഏകാധിപതികളെ സിംബാബ്‌വെയിലെ രക്തരഹിത, ജനാധിപത്യ വിപ്ലവം അസ്വസ്ഥരാക്കുന്നുണ്ട്. അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഏകാധിപതികള്‍ക്ക് ജനാധിപത്യ മുന്നേറ്റം ആശങ്കയുളവാക്കുന്നു. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ എല്ലാ ജനാധിപത്യ സമ്പ്രദായവും അട്ടിമറിക്കുന്ന പ്രവണതയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി കാണുന്നത്. സൈനിക അട്ടിമറിയാണെങ്കില്‍, അടുത്ത അട്ടിമറി വരെ സൈനിക മേധാവി തുടരും. ജനാധിപത്യ സംവിധാനവും ഏകാധിപതികള്‍ കീഴ്‌മേല്‍ മറിക്കും. ഏക സ്ഥാനാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക. അല്ലെങ്കില്‍ എതിരാളികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കൃത്രിമം വരുത്തും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലാണ്. രാജ്യത്തിന്റെ തകര്‍ച്ച പ്രശ്‌നമല്ല, നെല്‍സണ്‍ മണ്ടേലയെ പോലെ അപൂര്‍വം നേതാക്കള്‍ ഒരുതവണ കാലാവധി പൂര്‍ത്തിയാക്കി രംഗം വിട്ടു. നെല്‍സണ്‍ മണ്ടേലക്ക് മുമ്പും ശേഷവും അധികാരത്തിലെത്തിയ പലരും ഇപ്പോഴും സ്ഥാനം വിട്ടൊഴിയാന്‍ തയാറല്ല. ഈജിപ്ത്, സിറിയ, തുനീഷ്യ, അല്‍ജീരിയ, ഉഗാണ്ട, സുഡാന്‍, ദക്ഷിണാഫ്രിക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഏകാധിപതികള്‍ അടക്കിവാഴുന്നു. ഇവയില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുനീഷ്യയില്‍ മാത്രമാണ് ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നത്. ഈജിപ്തില്‍ സൈനിക അട്ടിമറി നടന്നു. അല്‍ജീരിയയില്‍ തെരഞ്ഞെടുക്കപ്പെട്ട കക്ഷിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്‍ സൈന്യം തയാറാവാതെ രക്തചൊരിച്ചില്‍ തുടരുകയാണിപ്പോഴും.
സിംബാബ്‌വെ 1965ല്‍ സ്വാതന്ത്ര്യം നേടി കഴിഞ്ഞതോടെ അതേവരെ അധികാരം കയ്യടക്കിയിരുന്ന വെള്ളക്കാര്‍ക്ക് പ്രതിസന്ധിയുടെ നാളുകളായി. മഹാ ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിന് നിരവധി പദ്ധതി അവതരിപ്പിച്ച് മുഗാബെ കയ്യടി വാങ്ങി. പാശ്ചാത്യലോകം മുഗാബെക്ക് എതിരെ വാളോങ്ങി നിന്നു. അതേസമയം, ദീര്‍ഘ വീക്ഷണമില്ലാത്ത പരിഷ്‌കരണ നടപടി രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. സമ്പന്ന രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങി. 20 ലക്ഷം ഏക്കര്‍ ഭൂമി വെള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നല്‍കിയെങ്കിലും ഫലപ്രദമായി കൃഷിയിറക്കാന്‍ കഴിയാതെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു.
ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിക്ക് ഇനി വിശ്രമത്തിന്റെ നാളുകളാണ്. അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള മുഗാബെയുടെ ശ്രമങ്ങള്‍ കനത്ത തിരിച്ചടി ക്ഷണിച്ചുവരുത്തിയേക്കും. പാര്‍ട്ടിയുടെ അടുത്ത സമ്മേളനത്തിലും അധ്യക്ഷത വഹിക്കുമെന്ന് വാശി പിടിക്കുന്ന മുഗാബെ, സിംബാബ്‌വെ ജനത നാളിതുവരെ നല്‍കിവന്ന സ്‌നേഹാദരവ് നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്‍ സൈന്യം പരമാവധി വിട്ടുവീഴ്ചയോടെയാണ് മുഗാബെയെ ‘കൈകാര്യം’ ചെയ്യുന്നത്. അധികാരം ലക്ഷ്യമല്ലെന്ന് സൈനിക മേധാവി ആവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്നിന്റെയും ഇടപെടല്‍ അത്യാവശ്യമാണിപ്പോള്‍. ഏകാധിപതിക്ക് വേണ്ടി രക്തചൊരിച്ചില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ഇനിയും അരങ്ങേറാന്‍ അനുവദിച്ചൂകൂട. ജനാധിപത്യ മുന്നേറ്റത്തിന് ആഫ്രിക്ക പാകപ്പെട്ടു കഴിഞ്ഞുവെന്നാണ് സിംബാബ്‌വെയിലെ രാഷ്ട്രീയ ചലനങ്ങള്‍ തെളിയിക്കുന്നത്.

chandrika: