X

വംശഹത്യയുടെ കയത്തില്‍ നിന്ന് റോഹിന്‍ഗ്യന്‍ ജനത രക്ഷപ്പെടണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്)

ലോക ജനതയുടെ മുന്നില്‍ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്‍ ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയായ മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലെ തൊണ്ണൂറ് ശതമാനത്തോളം വരുന്നതും ആ രാജ്യത്തെ വംശീയ ന്യൂനപക്ഷവുമായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ജീവിതം ഭരണകൂടഭീകരതയുടെ മുന്നില്‍ തീര്‍ത്തും ദുസ്സഹമായിരിക്കുന്നു. ഏതാനും സ്വാര്‍ത്ഥമതികളുടെ അപക്വവും അപകടകരവുമായ ദുഷ്‌ചെയ്തികളാല്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം കരകാണാക്കയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മ്യാന്മര്‍ ഭരണകൂടത്തിന്റെയും അവരുടെ സൈന്യത്തിന്റെയും കൊടും ക്രൂരതകള്‍ക്ക് ഇരയായ നാലു ലക്ഷത്തോളം ജനങ്ങള്‍ക്ക് സ്വന്തം വീടും സ്വത്തും ഗ്രാമവും വെടിഞ്ഞ് അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. നിരാംബരായ ഇവര്‍ക്ക് പിറന്നുവീണ മണ്ണില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുകയും പാതി ജീവന്‍കൊണ്ട് നാടുവിട്ടോടേണ്ടിവരികയും ചെയ്യുന്ന ദു:സ്ഥിതിയാണുണ്ടായിട്ടുള്ളത്. നിരാലംബരായ ഈ എണ്ണമറ്റ കുടുംബങ്ങള്‍ ലോകത്തിന്റെ തീരാവേദനയായിട്ട് കാലമേറെയായി.
പട്ടാള വേഷധാരികളാല്‍ വെടിവെച്ചിടപ്പെടുന്ന കുരുന്നുകളും സ്ത്രീകളും യുവാക്കളും. പിന്തിരിഞ്ഞോടുമ്പോഴും പിന്തുടര്‍ന്നെത്തുന്ന കാട്ടാളത്തം. കരയിലും കാട്ടിലും കടലിലും ബയണറ്റുകളുടെയും വെടിയുണ്ടകളുടെയും മാരക പ്രഹരങ്ങളേറ്റുവാങ്ങേണ്ടിവരുന്ന ഒരു ജനത. മാനഭംഗത്തിനിരയാകുന്ന വനിതകള്‍. പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളും വൃദ്ധരും സ്ത്രീകളും എന്നുവേണ്ട മാറാരോഗികള്‍വരെ അന്യരാജ്യങ്ങളിലേക്ക് അഭയംതേടിയോടേണ്ടിവരുന്ന അവസ്ഥ അതീവ വേദനയാണ്. നൂറുകണക്കിന് തലമുറകളായി വസിച്ചുവരുന്ന സ്വന്തം ദേശത്തുനിന്ന് കൈയില്‍ കിട്ടിയവ മാത്രമെടുത്ത് ജീവാഭയത്തിനായി പായുമ്പോഴും വഴിമധ്യേ കരയിലും കടലിലുമായി പിടഞ്ഞുവീണ് മരിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍. പലരും മ്യാന്മര്‍ സൈന്യത്തിന്റെ തീയുണ്ടകള്‍ക്ക് ഇരയാകുന്നു. ബോട്ടിലും മറ്റും അക്കര കടക്കുന്നതിനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് പേര്‍ മുങ്ങിമരിക്കുന്നു. മനുഷ്യര്‍ക്കിടയിലെ ചില ദുഷ്ട ശക്തികളാണ് വംശീയതയുടെ പേരില്‍ ഈ പേക്കൂത്തുകളൊക്കെ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ലോകത്തിന് ശാന്തിയുടെ ദൂത് പകര്‍ന്നു നല്‍കിയ ശ്രീബുദ്ധന്റെ അനുയായികളെന്നവകാശപ്പെടുന്നവരുടെയും ആധുനിക മ്യാന്മറില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആങ്‌സാങ് സൂകിയുടെയും നാട്ടിലാണ് ഈ കൊടിയ നരമേധം നടക്കുന്നത് എന്നത് സാമാന്യബുദ്ധിക്ക് ചിന്തിക്കാന്‍ പോലുമാകാത്തതാണ്.
ഏതൊരു ജനതയുടെയും അടിസ്ഥാനാവശ്യമാണ് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും. അത് അവര്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തുതന്നെ ലഭ്യമാകേണ്ടതുമാണ്. എന്നാല്‍ മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു സമൂഹം അവ നിഷേധിക്കുകയും പിടിച്ചടക്കുകയും ചെയ്യുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹം തന്നെ. ലോകത്ത് ഇത്തരമൊരു കൊടിയ പീഡനം അനുഭവിക്കേണ്ടിവരുന്ന ജനത വേറെയില്ലെന്ന് പറഞ്ഞത് ലോക ശാന്തിക്ക് ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സംഘടനയാണ്. വംശീയഹത്യ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഈ കൊടുംക്രൂരതയെ വിശേഷിപ്പിച്ചത്. വിഷയത്തില്‍ ഇസ്്‌ലാമിക രാഷ്ട്രസംഘടനയായ ഒ.ഐ.സിയും മാര്‍പാപ്പയും പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പ്രമേയം മ്യാന്മര്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, റോഹിന്‍ഗ്യകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ശഠിക്കുകയും ചെയ്യുന്നു. ഒരു ഭരണകൂടവും ചെയ്യാന്‍ മടിക്കുന്ന ഹീനപ്രവൃത്തിയാണിത്. മ്യാന്മറിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ ധീര വനിതയുടെ നാട്ടിലാണ് റോഹിന്‍ഗ്യകള്‍ക്കെതിരെ അതീവ ഭീകരമായ നരനായാട്ട് നടന്നുവരുന്നത് എന്നത് ആലോചിക്കാന്‍പോലും കഴിയാത്തതാണ്. ഈ സൈനിക തേര്‍വാഴ്ചക്കെതിരെ റോഹിംഗ്യന്‍ ജനതയുടെ ചെറിയൊരു ശതമാനം തീവ്ര മാര്‍ഗം സ്വീകരിച്ചിരിക്കുന്നു എന്നതുകൊണ്ട് നിരാശ്രയരായ മുഴുവന്‍ ജനതയോടും ഉന്മൂലനനയം സ്വീകരിക്കുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. പതിനാലാം നൂറ്റാണ്ടുമുതല്‍ തന്നെ റോഹിന്‍ഗ്യന്‍ ജനത പഴയ അരാക്കന്‍ പ്രവിശ്യയില്‍ കുടിയേറിപ്പാര്‍ത്തുവരുന്നതായി ചരിത്ര പണ്ഡിതര്‍ പറയുന്നു. ലോകത്തെ പല ജനസമൂഹങ്ങളും ഇങ്ങനെ സഹസ്രാബ്ദങ്ങളിലായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലവിധ കാരണങ്ങളാല്‍ പലായനം ചെയ്ത് വാസമുറപ്പിച്ചവരാണ്. ഇന്നും അത് തുടരുന്നുമുണ്ട്. എന്നാല്‍ ഇടുങ്ങിയ താല്‍പര്യങ്ങളുടെ പേരില്‍ ഒരു സമൂഹത്തെയാകെ സ്വരാജ്യത്തെ പൗരത്വം നിഷേധിക്കുകയും ഭരണകൂടത്തിന്റെ സായുധ ശേഷിയുപയോഗിച്ച് ആട്ടിയോടിക്കുകയും വെടിവെച്ചുകൊല്ലുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക.
റോഹിന്‍ഗ്യന്‍ ജനതയുടെ വിലാപമേറ്റുവാങ്ങിക്കൊണ്ട് ഈ നരവേട്ടക്കെതിരെ ലോക മന:സാക്ഷി ഉണര്‍ന്നെണീറ്റിരിക്കുന്നുവെന്നത് ചെറിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര രക്ഷാസമിതി ഒറ്റക്കെട്ടായി മ്യാന്മര്‍ ഭരണകൂടത്തോട് നരനായാട്ട് അവസാനിപ്പിക്കണമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും താക്കീത് ചെയ്തത്. എന്നാല്‍ ഐക്യരാഷ്ട്രപൊതുസഭാ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും അതില്‍ പങ്കെടുക്കാന്‍ മ്യാന്മര്‍ ഭരണാധികാരി സൂകി തയ്യാറാകുന്നില്ല എന്നത് മനുഷ്യാവകാശത്തോടും ലോക സമൂഹത്തോടുമുള്ള അവരുടെ മനോഭാവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍കൊണ്ടൊന്നും കുലുങ്ങുന്നതല്ല മ്യാന്മര്‍ അധികാരികളുടെ ധാര്‍ഷ്ട്യമെന്നാണ് അവര്‍ തുടര്‍ന്നുവരുന്ന സമീപനം നമ്മെ ഓര്‍മിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം ജനതയാണ് തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി കുടിയേറിയിരിക്കുന്നത്.
സ്വരാജ്യത്തു നിന്നുള്ള പീഡനങ്ങള്‍ സഹിക്കവയ്യാതെ ഈ ദരിദ്ര ജനത 1990കള്‍ക്ക് മുമ്പുതന്നെ ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിത്തുടങ്ങിയിരുന്നു. ജനാധിപത്യ പാരമ്പര്യവും സംസ്‌കാരവും മുന്‍നിര്‍ത്തി ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട പരിഗണനയാണ് രാജ്യം നല്‍കിവന്നിരുന്നത്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നാല്‍പതിനായിരത്തോളം റോഹിംഗ്യന്‍ വംശജരുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേരും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി പട്ടികയിലുള്ളവരുമാണ്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പുമുട്ടിയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കൂരകളിലും പൊട്ടിപ്പൊളിഞ്ഞ കുടുസ്സുമുറികളിലുമായി വലിയ സംഘങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി അന്തിയുറങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച പല ക്യാമ്പുകളിലും ഇവരുടെ ജീവിതാവസ്ഥ ദുരിതമയമാണ്. നിത്യോപയോഗ വസ്തുക്കള്‍ കിട്ടാതെയും പ്രാഥമിക സൗകര്യങ്ങള്‍ക്കുപോലും ഇടമില്ലാതെയും കഴിയുന്നവരുടെ അവസ്ഥ ഓര്‍ക്കാന്‍പോലും കഴിയുന്നതല്ല. പത്തും ഇരുപതും കുടുംബങ്ങള്‍ക്ക് ഒരു പൊതു കക്കൂസ് എന്ന സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലെ ക്യാമ്പുകളിലും ഉള്ളത്. മഴയില്‍ കുതിര്‍ന്ന് കുടിവെള്ളം പോലും കിട്ടാതെ വലയുന്ന കുടുംബങ്ങള്‍ നോവുന്ന കാഴ്ചയാണ്. ഒരു കഷണം റൊട്ടിക്ക് വേണ്ടി നീട്ടുന്ന എണ്ണമറ്റ കൈകള്‍. തമിഴ്‌നാട്ടില്‍ ചെന്നൈക്ക് സമീപവും കശ്മീരിലെ ശ്രീനഗറിലും മറ്റും കഴിയുന്ന റോഹിന്‍ഗ്യന്‍ കുടുംബങ്ങളുടെ ജീവിതദുരിതം മുസ്‌ലിംലീഗ് നേതൃസംഘം നേരില്‍കണ്ടതാണ്.
ഇന്ത്യയില്‍ നിന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് വന്നയുടന്‍ ഇതിനെതിരെ വന്‍ പ്രതിഷേധം രാജ്യത്താകെ അലയടിച്ചത് നമ്മുടെ രാജ്യം ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഒരുനിലക്കും കൂട്ടുനില്‍ക്കരുതെന്ന ഉറച്ച മുന്നറിയിപ്പായിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്ന തോന്നലാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നുമുള്ള സര്‍ക്കാരിന്റെ സമീപനം ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്ന വര്‍ഗീയ നയത്തിന്റെ ഭാഗമായേ കാണാനാകൂ. ഈ മാസമാദ്യം മ്യാന്മറില്‍ചെന്ന് സൂകിയുമായി നേരില്‍ സംവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിന്റെ സുരക്ഷയെക്കുറിച്ചാണ് വേവലാതിപ്പെട്ടത്. ഇന്ത്യയുടെ പാരമ്പര്യം മറന്നുകൊണ്ടുള്ളതും അന്താരാഷ്ട്ര നീതിക്കും നിയമത്തിനും നിരക്കാത്തതുമായ നടപടിയാണ് ലോക ജനാധിപത്യ ശക്തിയായ ഇന്ത്യയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശ് കുന്നുകളില്‍ നിന്നുള്ള ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാകുന്ന കേന്ദ്ര സര്‍ക്കാര്‍ റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ തീവ്രവാദം എന്ന പൊയ്‌വെടി പ്രയോഗിക്കുകയാണ്. തിബത്തില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബുദ്ധമതക്കാരുടെ നേര്‍ക്കുള്ള പീഡനങ്ങള്‍ക്കെതിരെ ആളും അര്‍ഥവും കൊണ്ട് പ്രതിരോധിക്കുകയും അവരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഒരു യുദ്ധംതന്നെ നേരിടേണ്ടിവരികയും ചെയ്ത രാജ്യമാണ് ഇന്ത്യ. ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ പലായനം ചെയ്‌തെത്തുന്നവരുടെ അഭയകേന്ദ്രം ഇന്നും ഇന്ത്യയാണ്. സുപ്രീംകോടതിയിലെ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ റോഹിന്‍ഗ്യകള്‍ തീവ്രവാദികളാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കാനായി പറഞ്ഞ ന്യായീകരണം. ഇരയെ വേട്ടക്കാരനായി കാണുന്ന തെറ്റായ സമീപനമാണിത്.
സിറിയ, ഫലസ്തീന്‍, റോഹിന്‍ഗ്യ, ശ്രീലങ്കന്‍തമിഴ് ജനതകളുള്‍പ്പെടെ പീഡിപ്പിക്കപ്പെടുന്ന ഓരോ മനുഷ്യ ജീവിയുടെയും കാര്യത്തില്‍ ഇടപെടുകയും രാഷ്ട്രീയവും ഭൗമശാസ്ത്രപരവുമായ പരിമിതികള്‍ വെടിഞ്ഞ് അനുകമ്പയുടെ തൂവാലയൊപ്പുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. ഇതില്‍നിന്നുള്ള പിന്മാറ്റംമൂലം അന്താരാഷ്ട്ര രംഗത്ത് അടുത്തകാലത്തായി രാജ്യത്തിന് വലിയ ദുഷ്‌കീര്‍ത്തി നേരിടേണ്ടിവരുന്നു. ഇരയുടെ പക്ഷത്തുനിന്ന് രാജ്യത്തെ ഭരണകൂടം നമ്മെ പതുക്കെപ്പതുക്കെയായി വേട്ടക്കാരുടെ പക്ഷത്തേക്ക് തെളിച്ചുകൊണ്ടുപോകുകയാണ്. ഇതിനെതിരെ ഡല്‍ഹിയിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധികാര്യാലയത്തിലേക്കും മ്യാന്മര്‍ നയതന്ത്രകാര്യാലയത്തിന് മുന്നിലേക്കും ഡല്‍ഹി ജന്തര്‍മന്ദിറിലേക്കും വിവിധ സംഘടനകള്‍ പ്രതിഷേധാഗ്നി ഉയര്‍ത്തുകയുണ്ടായി. വെള്ളിയാഴ്ച പള്ളികളില്‍ റോഹിന്‍ഗ്യന്‍ ജനതക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തി.
പീഡിത ജനതയുടെ കണ്ണീരൊപ്പുക എന്ന മാനവികമായ ദൗത്യം ഉയര്‍ത്തിപ്പിടുച്ചുകൊണ്ട് ‘റോഹിന്‍ഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ബഹുജന സമ്മേളനം’ എന്ന പ്രമേയവുമായി സെപ്തംബര്‍ പതിനെട്ടിന് വൈകീട്ട് കോഴിക്കോട്ട് മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനങ്ങളും അണിനിരക്കുകയാണ്. വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ മഹാസംഗമം അശരണരും ആലംബഹീനരുമായ റോഹിന്‍ഗ്യന്‍ ജനതക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായ കനത്ത താക്കീതാകേണ്ടതുണ്ട്. ആ ജനതക്ക് നീതി ലഭ്യമാക്കാനും അതിനായി ലോക മന:സാക്ഷി ഉണര്‍ത്താനുമാണ് ഈ ബഹുജന സമ്മേളനം. ഹൃദയമുള്ള ഓരോ മതേതര വിശ്വാസിയുടെയും പങ്കാളിത്തവും ഐക്യദാര്‍ഢ്യവും ഇതില്‍ അനിവാര്യമാണ്. റോഹിന്‍ഗ്യന്‍ ജനതയുടെ ശാശ്വതമായ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ഇന്ത്യാസര്‍ക്കാരിന്റെ ചിരകാലനയങ്ങളിലെ വ്യതിയാനത്തിനെതിരായ ശക്തമായ താക്കീതും കൂടിയാകട്ടെ കോഴിക്കോട്ടെ ബഹുജനസമ്മേളനം.

chandrika: