X

അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനും: ഹൈദരലി ശിഹാബ് തങ്ങള്‍

സംസ്‌കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദലിതരെയും സാംസ്‌കാരികവും ഭൗതികവുമായി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണ്. രാജ്യത്തെ മഹാഭൂരിപക്ഷവും സമാധാനത്തോടെയും യോജിപ്പോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ വിശ്വാസത്തിലെടുത്ത് ഹിംസയെ അഹിംസകൊണ്ടും ജനാധിപത്യ മാര്‍ഗത്തിലും ചെറുത്ത് തോല്‍പ്പിക്കണം.

രാജ്യത്ത് മുമ്പും ഒറ്റപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അതിന്റെ കനലുകള്‍ അണക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയും ഒറ്റപ്പെട്ട അത്തരം സംഭവങ്ങളെ രാജ്യമൊന്നാകെ അപലപിക്കുകയുമായിരുന്നു രീതി. എന്നാല്‍ സമീപകാലത്ത് വളരെ വ്യത്യസ്തമായാണ് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടക്കുന്നത്. ഒരു പക്ഷെ ഗുജറാത്ത് വംശഹത്യാനന്തരമാണ് ആസൂത്രിതമായ ഇത്തരം ശ്രമങ്ങള്‍ ആരംഭിച്ചതെന്ന നിരീക്ഷണങ്ങളുണ്ട്. ഭരണകൂട ഒത്താശയോടെയാണ് ഗുജറാത്ത് വംശഹത്യ നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായ അഭിപ്രായങ്ങളും നമുക്ക് മുമ്പിലുണ്ട്. അതിന്റെ ശരിതെറ്റുകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
എന്നാല്‍ ആരോപണ വിധേയര്‍ അതിന്റെ പ്രായോജകരായത് നെഗറ്റീവ് പൊളിറ്റിക്‌സ് ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും പിന്നീട് തുടര്‍ക്കഥയായി. പിന്നില്‍ സംഘപരിവാരമാണെന്ന് വ്യക്തമായപ്പോഴേക്കും അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതും ജയിലിലായതും ന്യൂനപക്ഷങ്ങളില്‍പ്പെട്ട യുവാക്കളായിരുന്നു. അതിന്റെയെല്ലാം അന്തരീക്ഷം ഫലപ്രദമായി ഉപയോഗിച്ചാണ് നരേന്ദ്രമോദി ഗുജറാത്തിന് പുറത്തേക്ക് വളര്‍ന്നത്. സംഘ്പരിവാര്‍ വിരുദ്ധ വിഭാഗങ്ങളുടെ അനൈക്യത്തില്‍ മോദി പ്രധാനമന്ത്രിയുമായി. 2014 ല്‍ കേവലം 31 ശതമാനം വോട്ടുകള്‍ നേടി കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ ബി.ജെ.പി അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പകരം വൈകാരിക വിഷയങ്ങളെ പുറത്തെടുത്തതോടെയാണ് ഇപ്പോഴത്തെ ഭീതിതമായ അവസ്ഥയുണ്ടായത്.
ദാരിദ്ര്യത്തിനും നിരക്ഷരതക്കും തൊഴിലില്ലായ്മക്കുമെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതിന് പകരം ഏക സിവില്‍കോഡ്, ബാബരി മസ്ജിദ് തകര്‍ത്തിടത്തെ ക്ഷേത്ര നിര്‍മ്മാണം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തപ്പോള്‍ അതിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ ഭരണകൂട സാധ്യതകളാണ് സംഭവിച്ചത്. മാട്ടിറച്ചി നിരോധനത്തിന് മൃഗ സംരക്ഷണ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ശ്രമം. പരമ്പരാഗതമായി മാടുകളുടെ തോലുരിച്ച് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന ദലിതുകള്‍ മോദിയുടെ ഗുജറാത്തിലുള്‍പ്പെടെ വേട്ടയാടപ്പെട്ടു. മുസ്‌ലിംകളെ പട്ടാപകല്‍ തല്ലിക്കൊല്ലാന്‍ ബീഫിന്റെ സംശയം മതിയെന്നായി. ചെറിയ പെരുന്നാളിന് രണ്ടു ദിവസം മുമ്പ് 15 കാരനായ ഹാഫിള് ജുനൈദിനെ ട്രെയിന്‍ യാത്രക്കിടെ തല്ലിക്കൊന്നതു വരെ എത്രയെത്ര സംഭവങ്ങള്‍. ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും സുഹൃത്ത് അസ്ഹറുദ്ദീനും ഇന്നു നമ്മൊടൊപ്പം ഈ വേദിയിലുണ്ട്. ഫാഷിസ്റ്റ് കൊലക്കത്തിക്ക് ഇരയായ കന്നട സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങിയ ബുദ്ധിജീവികള്‍ മുതല്‍ രോഹിത് വെമൂലയും കാണാതായ നജീബും ഉള്‍പ്പെടെ രാജ്യത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറും വെടിയേറ്റു മരിച്ചതില്‍ സാമ്യതയുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ നിസ്സാരമാണോ. പട്ടാളക്കാരന്റെ പിതാവായ അഖ്‌ലാക്കും വിദ്യാര്‍ത്ഥിയായ ജുനൈദും ഉള്‍പ്പെടെ രാജ്യത്തിന് പലഭാഗത്തായി ഇറച്ചിയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ക്കും ചില സാമ്യതകളില്ലേ. പശുവിന്റെ പേരില്‍ കൊലപാതക പരമ്പരകള്‍ നടന്ന് ലോകത്തിന് മുമ്പില്‍ നമ്മുടെ രാജ്യം നാണം കെട്ടപ്പോള്‍ വിദേശ യാത്രകളില്‍ ആനന്ദം കൊള്ളുന്ന പ്രധാനമന്ത്രി മോദിക്കുപോലും പ്രതികരിക്കേണ്ടിവന്നു. അതിന് ശേഷവും ജാര്‍ഖണ്ഡില്‍ ആലിമുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടതും വീടുകള്‍ അഗ്നിക്കിരയാക്കിയതും നമ്മള്‍ കണ്ടു.
ബഹുമാന്യനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശക്തമായ ഭാഷയിലാണ് താക്കീത് നല്‍കിയത്. പക്ഷെ ആസുത്രിതമായി രൂപം കൊള്ളുന്ന ജനക്കൂട്ടങ്ങള്‍ അക്രമാസക്തമായി ദലിതരെയും മുസ്‌ലിംകളെയും വേട്ടയാടുമ്പോള്‍ ഭരണകൂടങ്ങള്‍ ഗൗരവത്തോടെ സമീപിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കുകയാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായും ഈ അനീതിക്കെതിരെ പൊരുതും. 18 ന് പാര്‍ലമെന്റിന് മുമ്പില്‍ സമാന മനസ്‌ക്കരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. ജനാധിപത്യ മാര്‍ഗത്തിലൂടെ മുസ്‌ലിം ലീഗ് മുസ്‌ലിം-ദളിത് ന്യൂനപക്ഷ പിന്നോക്ക സംരക്ഷണത്തിനായി പൂര്‍വ്വാധികം ശക്തിയോടെ ഐക്യനിര കെട്ടിപ്പടുത്തും കൈകോര്‍ത്തും മുന്നോട്ടു പോവും. ദളിത് ന്യൂനപക്ഷ വേട്ടക്കെതിരായ മുസ്‌ലിംലീഗ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. ഒരു കാര്യം കൂടി ആവര്‍ത്തിച്ചു പറയട്ടെ. ഭയ ചകിതരാവാതെ ആത്മ സംയമനത്തോടെ മുന്നോട്ടു പോവാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനുമാവും.

chandrika: