X

വൈവിധ്യങ്ങള്‍ ഏകതയിലലിയുന്ന മഹാസംഗമം

എ.എ വഹാബ്

ആഗോള മുസ്‌ലിം ലോകം ഹജ്ജിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്ന കാലമാണിത്. സത്യവിശ്വാസ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ഭൂമിയില്‍ നടക്കുന്ന ഏറ്റവും മഹത്തായ ഒരു സംഗമമാണ്. പ്രാര്‍ത്ഥനയിലും ആരാധനയിലും മനുഷ്യാരംഭം മുതല്‍ ഇന്നോളമുള്ള തലമുറകളെ കൂട്ടിയിണക്കുന്ന പ്രതീകാത്മകമായ ഒരാരാധനയാണത്. അതിന്റെ കര്‍മശാസ്ത്ര വശങ്ങളിലേക്ക് പോകാനല്ല, ഹജ്ജിന്റെ ആത്മാവിലേക്ക് ഒരെത്തിനോട്ടമാണ് ഉദ്ദേശിക്കുന്നത്. ദൈവാരാധനക്കായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ ജീവിതത്തിനായി എത്തിയ ആദം നബിക്കും കുടുംബത്തിനും ആരാധന നടത്താന്‍ ഒരാസ്ഥാനം ആവശ്യമായിരുന്നല്ലോ.
‘തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ആരാധനാ മന്ദിരം ബക്ക (മക്ക)യില്‍ ഉള്ളതത്രെ. അത് അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ഗ ദര്‍ശകമായും നിലകൊള്ളുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 3:96) എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ആദം നബി (അ)യുടെ കാലം തൊട്ടേ മക്കയില്‍ കഅ്ബ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ പറയുന്ന ധാരാളം നിവേദനങ്ങളുണ്ട്. വാനലോകത്ത് മലക്കുകള്‍ ആരാധിക്കുന്ന ‘ബൈത്തുല്‍ മഅ്മൂറിന്റെ’ മാതൃകയില്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മലക്കുകളും ആദം നബിയും ചേര്‍ന്നാണ് മക്കയില്‍ ആദ്യമായി കഅ്ബ നിര്‍മിച്ചതെന്നാണ് ആ നിവേദനങ്ങളുടെ രത്‌നച്ചുരുക്കം.
നൂഹ് നബിയുടെ കാലത്തെ പ്രളയത്തില്‍ അടിസ്ഥാനം ഒഴിച്ച് മറ്റെല്ലാം തകര്‍ന്നുപോയ ആ ദൈവിക മന്ദിരത്തെ പഴയ അടിത്തറയില്‍ നിന്ന് പടുത്തുയര്‍ത്തുകയാണ് ഇബ്രാഹിം നബി (അ)യും ഇസ്മായില്‍ നബി (അ)യും കൂടി ചെയ്തത്. ഇബ്രാഹിം നബിക്ക് കഅ്ബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തതും തവാഫ് ചെയ്യുന്നവര്‍ക്കും നമിച്ചും പ്രണമിച്ചും ആരാധിക്കുന്നവര്‍ക്കുമായി കഅ്ബ ശുദ്ധിയാക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചതും ജനങ്ങളെ അവിടേക്ക് തീര്‍ത്ഥാടനത്തിനായി എത്താന്‍ വിളംബരം ചെയ്യാന്‍ കല്‍പിച്ചതുമൊക്കെ ഖുര്‍ആന്‍ (22:26-30) വ്യക്തമായി വിവരിക്കുന്നുണ്ട്. തവാഫും സഅ്‌യും കല്ലേറും ബലിയും മുടിമുറിക്കലുമൊക്കെ ഇബ്രാഹിം നബിയുടെ കാലത്തേ നിലനിന്നിരുന്ന ഹജ്ജിന്റെ കര്‍മങ്ങളില്‍ പെട്ടതാണ്. അറഫാ സമ്മേളനമാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്ക് അധികമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തത്.
പുറമെ നിന്നുള്ള ഒറ്റ വീക്ഷണത്തില്‍ ഹജ്ജിന്റെ കര്‍മങ്ങളില്‍ ഒരാള്‍ എന്താണ് കാണുന്നത്. ഒരു കഷ്ണം വെള്ളത്തുണി ഉടുത്തും മറ്റൊരു കഷ്ണം പുതച്ചും കുറെ ആളുകള്‍ ഒരു മൈതാനത്ത് ഏറെനേരം ഒരുമിച്ചുകൂടുന്നു. ഒരു മന്ദിരത്തെ ഏഴു തവണ വലയം ചെയ്യുന്നു. രണ്ടു മലകള്‍ക്കിടയില്‍ ധൃതിയില്‍ നടക്കുന്നു. മൂന്ന് സ്തൂപങ്ങളില്‍ കല്ലെറിയുന്നു. മൃഗബലി നടത്തുന്നു. മുടിമുറിക്കുന്നു തുടങ്ങിയവയൊക്കെയാണല്ലോ. ഇവയുടെ ഒക്കെ ആന്തരാര്‍ത്ഥം ഗ്രഹിക്കാത്തവന് ഹജ്ജിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനാവില്ല.
ദൈവം കരുണയാണ്; ആ കരുണയാണ് സ്‌നേഹം സൃഷ്ടിച്ചത്. ഭൂമിയില്‍ സ്‌നേഹം പങ്കുവെച്ച് ആ കാരുണ്യവാന് സാക്ഷിയാവാനാണ് മനുഷ്യന് ഇവിടെ ജീവിതം നല്‍കിയത്. ജീവിതത്തിന്റെ ഒഴുക്കിനായി ഏറെ വൈവിധ്യങ്ങള്‍ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭാഷാ, ദേശ, വര്‍ഗ, വര്‍ണ വൈവിധ്യങ്ങള്‍ സ്ഥാനമാന പദവികള്‍, സമ്പന്ന ദരിദ്ര വിഭാഗങ്ങള്‍ അങ്ങനെ പലതും. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഒരു പരീക്ഷണമാണത്. പക്ഷേ, അടിസ്ഥാനപരമായി മനുഷ്യര്‍ ഏകോദര സാഹോദരങ്ങളാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍. പിതാവ് മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ആര്‍ക്കും ആരെക്കാളും മഹത്വമോ നിന്ദ്യതയോ ഇല്ല. ഇതാണ് അടിസ്ഥാന യാഥാര്‍ത്ഥ്യം. മഹത്വം സത്യം അംഗീകരിക്കലും അതനുസരിച്ച് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിലും മാത്രമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യം മനുഷ്യ മനസില്‍ ദൃഢമാക്കാനാണ് പ്രതീകാത്മകമായി എല്ലാവരെയും രണ്ടു കഷ്ണം വെള്ളത്തുണിക്കുള്ളിലാക്കുന്നത്. വര്‍ണ വൈജാത്യങ്ങളും ഭാഷാ, ദേശ, ഗോത്ര, വര്‍ഗ, സ്ഥാനമാന പദവി വ്യത്യാസങ്ങളും വലിച്ചെറിഞ്ഞ് എല്ലാവരും ഒരുപോലെ ഒരു ശുഭ്ര സാഗരമായി മാറുന്നു. വേഷത്തിലെ ഈ പ്രകടനത്തിലല്ല മനസ്സിന്റെ ആഴങ്ങളിലാണ് ഈ യാഥാര്‍ത്ഥ്യം ശക്തമായി ഉറക്കേണ്ടത്. അത്തരത്തില്‍ വസ്ത്രധാരണം നടത്തി ഹജ്ജ് ചെയ്തു മടങ്ങി എത്തുന്നവന്‍ ഏതെങ്കിലും തരത്തില്‍ വ്യത്യസ്ഥനാണെന്ന് നിഗളിച്ചാല്‍ അവന്‍ ഹജ്ജിന്റെ ആത്മാവ് തൊട്ടറിഞ്ഞില്ലന്ന് സാരം.
കഴിവുള്ളവന് ഹജ്ജ് ബാധ്യതയായി അല്ലാഹു നിശ്ചയിച്ചു. അതിനുള്ള പ്രതിഫലം വളരെ വലുതാണ്. സ്വീകാര്യമായ ഹജ്ജ് കര്‍മത്തിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുകയോ ഹജ്ജ് വേളയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ഹജ്ജ് പൂര്‍ത്തിയാക്കിയവന്‍ തന്റെ മാതാവ് പ്രസവിച്ച അന്നത്തെ പോലെ പാപരഹിതനായിരിക്കും എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. താനെവിടെ ആയാലും എപ്പോഴായും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കുള്ളില്‍ നിലകൊള്ളുമെന്ന ദൃഢനിശ്ചയത്തിന്റെ പ്രതീക പ്രകടനമാണ് തവാഫ്. ഒരു കേന്ദ്രത്തെ മാത്രം വലയം ചെയ്തു ചുറ്റിത്തിരിയുന്നത് ജീവിതത്തിലുടനീളമാണ്. ഇടത്തുനിന്ന് വലത്തോട്ട് ചുറ്റുമ്പോള്‍ മനുഷ്യഹൃദയം കഅ്ബയുടെ ഭാഗത്തായിരിക്കും. ഭൂമിയും പ്രപഞ്ച ഗോളങ്ങളും ഇടത്തുനിന്ന് വലത്തോട്ടാണ് തിരിയുന്നത്. പ്രകൃതിയുടെ പ്രകൃതം പോലെത്തന്നെ തവാഫും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. മക്കയില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് നബി (സ)യുടെ കൂടെ മദീനയില്‍ പോയവര്‍ പട്ടിണി കിടന്ന് പേക്കോലങ്ങളായി എന്നൊരു പ്രചരണം ഖുറൈശികള്‍ മക്കയില്‍ നടത്തിയിരുന്നു. അതിനുള്ള ഒരു മറുപടി കൂടിയായിരുന്നു ഒരു തോള്‍ ഒഴിവാക്കി വസ്ത്രം ധരിച്ച ആദ്യ തവാഫ്. ശത്രുക്കളെ ചിന്തിപ്പിക്കാനുള്ള ഒരു ശക്തി പ്രകടനം.
‘സഅ്‌യ്’ എന്നാല്‍ അധ്വാനം എന്നര്‍ത്ഥം. സഫാ മര്‍വക്കിടയിലുള്ള സഅ്‌യ് പിഞ്ചോമനക്ക് വെള്ളം തേടിയുള്ള ഹാജറയുടെ അധ്വാനത്തിന്റെ അനുസ്മരണമാണ്. ‘മനുഷ്യനെന്നാല്‍ അവന്റെ അധ്വാനമല്ലാതില്ല’ എന്ന് ഖുര്‍ആന്‍ പറയുന്നു. ആദര്‍ശം നിലനിര്‍ത്താന്‍ ഹാജറയെപ്പോലെ അധ്വാനിക്കാന്‍ ഞാനും തയ്യാറാണെന്ന ഒരോരുത്തരുടെയും പ്രഖ്യാപനമാണ് സഅ്‌യ്.
അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പൈശാചിക ഔര്‍ബോധനങ്ങളെ തുരത്തുന്നതിന്റെ പ്രതീകമാണ് കല്ലേറ്. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിനായി ബലികൊടുക്കാനുള്ള സന്നദ്ധതാ പ്രഖ്യാപനമാണ് ബലിയിലൂടെ പ്രഖ്യാപിക്കുന്നത്. ഓരോരുത്തരും അവനവന്റെ പ്രിയപ്പെട്ടതിനെ (ഇസ്മായിലിനെ) ബലി നല്‍കുക. അതിലൂടെ വിശ്വാസത്തിന്റെ സത്യസന്ധത പ്രകടമാക്കുക.
ഹജ്ജ് എന്നാല്‍ അറഫയാണ്. അറഫാ സമ്മേളനം വിചാരണ നാളിലെ ദൈവിക കോടതിയിലെ നിര്‍ത്തത്തെ ഓര്‍മപ്പെടുത്താനാണ്. സ്വന്തം ഭാഗഥേയം നിര്‍ണയിക്കപ്പെടുന്ന അതിനോളം ഗാംഭീര്യം മറ്റൊന്നിനുമില്ലല്ലോ. അവിടെ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് അല്ലാഹുവിനെ അഭിമുഖീകരിക്കുക. അറഫയിലെ നിര്‍ത്തം സത്യവിശ്വാസിയെ അക്കാര്യം ഓര്‍മപ്പെടുത്തും. തീര്‍ച്ച. ഹജ്ജ് യാത്രക്കായി വിഭവങ്ങള്‍ ഒരുക്കിക്കൊള്ളാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ യാത്രക്ക് വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്‌വ (സൂക്ഷ്മത) ആണെന്ന് എടുത്തു പറഞ്ഞിട്ട് അല്ലാഹു കല്‍പിക്കുന്നു ‘ബുദ്ധിമാന്മാരേ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക’ എന്ന് (2:197). കര്‍മങ്ങളുടെ ആന്തരാര്‍ത്ഥം അറിഞ്ഞും ഹജ്ജ് നിര്‍വഹിച്ചെത്തുന്നവര്‍ പാപരഹിതരായ നവജാത ശിശുക്കളെപ്പോലെയാവും എന്ന് പറയുന്നതില്‍ അത്ഭുതമില്ല. ജീവിതത്തിലുടനീളം കാത്തു സക്ഷിക്കേണ്ട നന്മകള്‍ മാത്രമാണ് ഹിജ്‌റയും ജിഹാദും ബലിയും ഒത്തു ചേര്‍ന്ന ഹജ്ജ് കര്‍മ്മം മനുഷ്യന് സമ്മാനിക്കുന്നത്.

chandrika: