പി. മുഹമ്മദ് കുട്ടശ്ശേരി
ഈ പ്രപഞ്ചത്തില്‍ ദൈവം ഏറ്റവും അധികം ആദരിച്ച സൃഷ്ടി മനുഷ്യനാണല്ലോ. എന്നാല്‍ അവന്റെ ജീവന് ഒരു വിലയും കല്‍പിക്കാത്ത സമൂഹവും കാലവുമാണോ ഇന്നുള്ളത്. ദിവസവും പത്ര മാധ്യമങ്ങള്‍ എത്ര നരഹത്യയുടെ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷങ്ങള്‍ക്ക് ജീവഹാനി വരുത്തുന്ന തീവ്രവാദി ആക്രമങ്ങളുടെ വാര്‍ത്തകള്‍ ഇന്ന് നിസ്സംഗതയോടെയാണ് ജനം വായിക്കുന്നത്. ‘ദൈവം പവിത്രത നല്‍കിയ മനുഷ്യ ജീവനെ നിങ്ങള്‍ നശിപ്പിക്കരുത്’; ബോധപൂര്‍യം ഒരു മനുഷ്യനെ വധിച്ചാല്‍ ശാശ്വതമായ നരകമാണ് അവന് ലഭിക്കുന്ന ശിക്ഷ’ എന്നീ വേദ വാക്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ ഒരു മനുഷ്യ ജീവന്‍ അപഹരിക്കാന്‍ കഴിയും. കൊലപാതകത്തെ മഹാപാപമായി ഗണിക്കുന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ അതേ മതത്തിന്റെ പേരില്‍ കൊല നടത്തുന്ന വിരോധാഭാസമാണ് ഇന്ന് കാണപ്പെടുന്നത്. രാഷ്ട്രീയ വൈരാഗ്യം, മതപരവും സാമുദായികവുമായ ഭിന്നത, സ്വത്ത് തര്‍ക്കം, പ്രണയം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കുടുംബ കലഹം, വാക്കേറ്റം തുടങ്ങി എന്തെല്ലാം കാരണങ്ങളുടെ പേരില്‍ കൊല നടക്കുന്നു. ഇന്ത്യയില്‍ പശുവിന്റെയും പശു മാംസത്തിന്റെയും പേരില്‍ നിരപരാധികളായ വിശ്വാസികള്‍ വധിക്കപ്പെടുന്നത് എത്ര വിചിത്രമായിരിക്കുന്നു.
ഇസ്‌ലാം ഒരു വിശ്വാസിയുടെ ജീവന്റെയും രക്തത്തിന്റെയും അതേ പവിത്രത തന്നെ ഇതര മതസ്ഥനും കല്‍പിക്കുന്നു. കാരണം മനുഷ്യന്റെ വിശ്വാസവും സംസ്‌കാരവും മതവും ഭാഷയും ദേശവും ജാതിയും എന്താവട്ടെ മനുഷ്യന്‍ എന്ന നിലക്ക് അവന്‍ ആദരണീയനാണ്. ഒരു ജൂതന്റെ ശവമഞ്ചം കടന്നു പോകുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ ആദരപൂര്‍വം എഴുന്നേറ്റു. ‘അതൊരു ജൂതനല്ലേ?’ – അനുയായികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തിരുമേനിയുടെ മറുപടി: ‘അതൊരു മനുഷ്യനല്ലേ’ എന്നായിരുന്നു. കൊല്ലപ്പെട്ടവന്‍ വിശ്വാസിയോ അവിശ്വാസിയോ ആരാവട്ടെ ഘാതകന്‍ കൊലക്കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കണമെന്നതാണ് ഇസ്‌ലാമിക നീതി. ഖലീഫ അലിയുടെ കാലത്ത് ഒരു മുസ്‌ലിം വിശ്വാസി ഇതര മതസ്ഥനെ വധിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവന്റെ സഹോദരന്‍ ഖലീഫയെ സമീപിച്ചു. അയാള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നുവെന്ന് അറിയിച്ചു. ഖലീഫ: ‘അവന്‍ നിന്നെ ഭീഷണിപ്പെടുത്തിയിരിക്കുമല്ലോ?’ അയാള്‍ അത് നിഷേധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഘാതകനെ വധിച്ചതുകൊണ്ട് എനിക്ക് സഹോദരനെ തിരിച്ചുകിട്ടുകയില്ലല്ലോ. അവന്‍ എനിക്ക് നഷ്ട പരിഹാരം തന്നു. ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഖലീഫ: ‘അക്കാര്യം കൂടുതല്‍ അറിയുക നിനക്കാണ്. ഞങ്ങളുടെ സംരക്ഷണത്തില്‍ ഒരു അമുസ്‌ലിം ഉണ്ടെങ്കില്‍ അവന്റെ രക്തം ഞങ്ങളുടെ രക്തംപോലെ. അവന്റെ നഷ്ടപരിഹാരവും ഞങ്ങളുടേത് പൊലെ തന്നെ. ഇത് പോലൊരു സംഭവത്തില്‍ ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടവന്റെ ബന്ധുവിനോട് പറഞ്ഞു: ‘ഘാതകന് മാപ്പ് നല്‍കുകയോ പകരം അവനെ വധിക്കുകയോ ചെയ്യാം’. ബന്ധു അവനെ വധിക്കുകയാണ് ചെയ്തത്. മനുഷ്യജീവന് പവിത്രത കല്‍പിക്കുന്നത് കൊണ്ടാണ് കൊലപാതകം നടത്തുന്നവന് വധശിക്ഷ നല്‍കുന്നത്. എന്നാല്‍ കൊലക്കുറ്റം നടത്തി എങ്ങയനെയെങ്കിലും രക്ഷപ്പെടാം എന്ന ഒരു ധാരണ സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. ഭരണം നടത്തുന്നവര്‍ കൊലയാളികള്‍ സ്വന്തം കക്ഷിക്കാരാണെങ്കില്‍ അവരെ രക്ഷപ്പെടുത്താന്‍ ഗൂഢശ്രമം നടത്തുന്നു. ന്യായാധിപന്മാര്‍ പോലും സമ്മര്‍ദ്ദത്തിനും സ്വാധീനങ്ങള്‍ക്കും വിധേയരായി കൊലയാളികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം അടുത്ത കാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. സാക്ഷികള്‍ കൂറുമാറുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതും നിയമപാലകന്മാര്‍ നീതിയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നതും ഇന്ന് നിത്യ സംഭവമായിരിക്കുന്നു. ‘ആരോടെങ്കിലുമുള്ള വിരോധം നീതി വിട്ടു പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്’ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു.
എന്നാല്‍ നിയമവും ശിക്ഷയുംകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നത് സത്യമാണ്. അനുഭവങ്ങള്‍ അത് തെളിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള ബോധവത്കരണം നടത്തുകയും വേണം. പ്രവാചകന്‍ പറയുന്നു: ‘കൊലപാതകക്കുറ്റമല്ലാത്തതെല്ലാം ദൈവം പൊറുത്തുതന്നേക്കും. ഈ ഭൗതിക പ്രപഞ്ചം തന്നെ നശിക്കുന്നതിനേക്കാള്‍ ഭയാനകമാണ് ഒരു മനുഷ്യന്റെ ജീവന്‍ അപഹരിക്കല്‍’ – പ്രവാചകന്‍ ഉണര്‍ത്തുന്നു: കൊലക്കുറ്റം ചെയ്താല്‍ ഈ ഭൗതിക ജീവിതത്തിലെ ശിക്ഷയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍ ഒരു രഹസ്യവും ഒളിച്ചുവെക്കാന്‍ കഴിയാത്ത പരലോകത്ത് മാപ്പില്ലാത്ത ആ കുറ്റത്തിന്റെ ശിക്ഷയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ കഴിയും.
കോപവും വിദ്വേഷവും വൈരവുമാണല്ലോ പലപ്പോഴും മനുഷ്യനെ കൊലക്കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന വികാരങ്ങള്‍. ജനങ്ങളില്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ശക്തിപ്പെടുത്തുകയും മാനുഷ്യകതയുടെ മൂലഘടകങ്ങളായ മനുഷ്യ സാഹോദര്യം, സമാധാന ചിന്ത, വിട്ടുവീഴ്ച എന്നീ ഗുണങ്ങള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. പലതിന്റെ പേരിലുമായി ജനങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂടുകയാണ്. ഖുര്‍ആന്‍ മനുഷ്യരേ എന്നഭിസംബോധന നടത്തി, നിങ്ങളെല്ലാം ഒരോ ആണില്‍ നിന്നും പെണ്ണില്‍ നിന്നും ജനിച്ച സഹോദരങ്ങള്‍ എന്ന ആശയം ഊന്നിപ്പറയുകയാണ്. നിസ്സാരമായ കാര്യങ്ങളെച്ചൊല്ലി മനുഷ്യര്‍ തമ്മില്‍ അകലുന്നു; ക്ഷമിക്കാനും ആത്മനിയന്ത്രണം പാലിക്കാനും കഴിയാത്തവരായി മാറുകയാണ് ആധുനിക സമൂഹം. മനുഷ്യന് ചിന്താശക്തിയും വിവേകവും ഉള്ളിടത്തോളം കാലം വീക്ഷണങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുമെന്നത് തീര്‍ച്ച. മതപരമോ, രാഷ്ട്രീയമോ, ദേശീയമോ, തത്വശാസ്ത്രപരമോ ആയ വ്യത്യസ്തതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പരസ്പരം സ്‌നേഹിക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്ന ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമാധാന കാംക്ഷികളായ എല്ലാവരും ഇതിന് വേണ്ടി ശ്രമിക്കേണ്ടതുണ്ട്.
ഒരു ഭാഗത്ത് ശാസ്ത്രം, വിശേഷിച്ചും ആരോഗ്യ സംരക്ഷണ മേഖലയില്‍ മനുഷ്യ ജീവനെ രക്ഷിക്കാനും ആയുസ് നീട്ടിക്കാനും എന്തെല്ലാം പുതിയ ഉപകരണങ്ങളും ഔഷധങ്ങളും ചികിത്സാ രീതികളും മനുഷ്യ വര്‍ഗത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവയുടെ സദ്ഫലങ്ങള്‍ മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് മനുഷ്യ ജീവനെ തല്ലിക്കെടുത്താന്‍ അതിനേക്കാള്‍ വലിയ അളവില്‍ മനുഷ്യര്‍ തന്നെ ശ്രമം നടത്തുന്നു. രോഗം കൊണ്ടുള്ള മരണത്തേക്കാള്‍ കൂടുതലല്ലേ ഇന്ന് മനുഷ്യര്‍ കൊന്നൊടുക്കുന്നവരുടെ എണ്ണം. ദുര്‍ഗന്ധ മലീമസമായ മനുഷ്യ മനസിനെ ശുദ്ധീകരിച്ച് അവിടെ ദൈവ വിചാരവും പരലോക ചിന്തയും സ്‌നേഹവും കാരുണ്യവും നട്ടുവളര്‍ത്തുന്നതിലൂടെ മാത്രമേ മനുഷ്യ വര്‍ഗത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.