X
    Categories: Views

ലൈംഗിക പീഡനത്തിനപ്പുറത്തെ ഒളിയജണ്ടകള്‍

ടി.കെ പ്രഭാകരന്‍

ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയെ ബസ് യാത്രക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ശേഷം രാജ്യത്താകമാനം രോഷാഗ്‌നി പടത്തിയ ജമ്മുകശ്മീരിലെ കത്വ സംഭവം ജനാധിപത്യ ഇന്ത്യയുടെ മനസാക്ഷിയെ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്. കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം മനുഷ്യത്വമുള്ളവരുടെ മനസ്സിനെ അങ്ങേയറ്റം അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. വേദനയും നടുക്കവും ദുഃഖവും നിരാശയും പ്രതിഷേധവും ഒരു പോലെ ഉയര്‍ത്തുന്ന അത്യന്തം ഹീനമായ ഈ കൃത്യത്തെ അപലപിക്കാന്‍ നിഘണ്ടുവില്‍ മറ്റേതെങ്കിലും വാക്കുകളുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊതുസമൂഹം. രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും കത്വ കൊലപാതകത്തിനെതിരെ തങ്ങളുടെ ഹൃദയ വ്യഥകളെ ശക്തമായി പ്രതിഫലിപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. രാജ്യമെങ്ങും പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. അവള്‍ നേരിട്ട ദുരന്തത്തെയോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന മനസ്സുമായി പ്രാര്‍ത്ഥനകള്‍ നടക്കുന്നു.

കുറ്റവാളികള്‍ പിടിക്കപ്പെടുന്നത് കൊണ്ട് മാത്രം ആശ്വസിക്കാവുന്ന സംഭവമല്ല കത്വയിലേത്. മനഃസാക്ഷിയുള്ളവര്‍ക്ക് അചിന്തനീയമായ ആ കൊടും ക്രൂരതയിലേക്ക് നയിച്ച സാമൂഹ്യ വംശീയ മനോഭാവങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത് ഒരു പിഞ്ചുബാലികയാണ്. ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം ബാലികയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ഈ ക്രൂരത നടന്നത് കത്വയിലെ ഒരു ക്ഷേത്രത്തിനകത്തായിരുന്നു എന്നത് കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതു പോലെ തന്നെ കടുത്ത സാമൂഹ്യമാനസിക ആഘാതമുണ്ടാക്കുന്ന മറ്റൊരു വസ്തുതയാണ്. ഒരു പിഞ്ചു കുഞ്ഞിന്റെ ചുടുരക്തം വീണത് ദൈവിക സാന്നിധ്യമുണ്ടെന്ന് വിശ്വാസികള്‍ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്ന പവിത്ര ആരാധനാലയത്തിലാണ് എന്നറിയുമ്പോള്‍ എന്തു പറയണമെന്നറിയാതെ രാജ്യത്തെ ഓരോ പൗരന്റേയും മനസ്സ് അസ്ത്രപ്രജ്ഞമായി തീരുകയാണ്.

ദൈവം എന്നത് സ്‌നേഹവും നന്മയും കരുണയുമാണെങ്കില്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ ദൈവീക സന്നിധിയില്‍ പൈശാചികമായി പിച്ചിച്ചീന്തിയവരെ നയിച്ചത് ഏത് ദൈവത്തിന്റെ പ്രീതി സമ്പാദിക്കാനായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. പിശാചിന്റെ മാനസികാവസ്ഥയുമായി പിഞ്ചു കുഞ്ഞിന്റെ വാടിത്തളര്‍ന്ന ശരീരത്തില്‍ സംഹാരതാണ്ഡവം നടത്തിയവര്‍ ചെയ്ത പാപം ഒരു ഗംഗയിലും കഴുകിക്കളയാന്‍ സാധിക്കാത്തതാണ്. ഈ നരാധമ സംഘങ്ങള്‍ ഒരു മാപ്പും അര്‍ഹിക്കുന്നില്ല. പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നതാണ് രാജ്യത്തെ മുഴുവന്‍ ജനതയുടെയും പൊതുവികാരം. അക്കാര്യത്തില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ല.
കത്വ കേസിലെ പ്രതികളെ പിന്തുണച്ച് ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ഘാതകര്‍ക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളും ജനാധിപത്യ ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതായിരുന്നു.

പിഞ്ചിളം ശരീരത്തില്‍ കാമദാഹം തീര്‍ക്കുകയെന്ന നികൃഷ്ട മനസ്സുകളുടെ വൈകൃതം മാത്രമായി ഈ സംഭവത്തെ കാണാനാകില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സമുദായാംഗങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാനും ആസൂത്രിത കലാപങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നതിനാല്‍ ഇത് വലിയൊരു സാമൂഹിക പ്രശ്‌നം തന്നെയാണ്. അതുകൊണ്ട്തന്നെ ഈ രീതിയിലുള്ള സംഭവങ്ങള്‍ ഒരിക്കലും രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര ഭരണകൂടമാണ്. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കടുത്ത നടപടികളുണ്ടാകുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇത് പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാത്ത വിധത്തില്‍ ഇവിടത്തെ നിയമസംവിധാനങ്ങള്‍ ആത്മാര്‍ത്ഥമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണപരവും രാഷ്ട്രീയപരവുമായ ഇടപെടലുകളെയും സമ്മര്‍ദ്ദങ്ങളെയും വകവെക്കാതെ നിയമത്തെ അതിന്റെ വഴിക്ക് തന്നെ സഞ്ചരിക്കാന്‍ അനുവദിക്കേണ്ടത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്.

രാജ്യത്ത് നിലവിലുള്ള സാമൂഹികാവസ്ഥ ന്യൂനപക്ഷങ്ങള്‍ക്കും ദലിത് സമൂഹത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ലെന്ന പരാതികള്‍ക്ക് ഇടവരുത്താത്ത വിധം സമത്വപൂര്‍ണ്ണമായ ഭരണം ഉണ്ടായാല്‍ മാത്രമേ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന തുല്യനീതിയും തുല്യ അവകാശങ്ങളും പ്രായോഗിക തലത്തില്‍ ഫലപ്രദമാവുകയുള്ളു. കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും പിഞ്ചു കുഞ്ഞുങ്ങള്‍ രാജ്യത്ത് ബലാത്സംഗത്തിനിരകളാകുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നത് ശാപഗ്രസ്തമായ സാമൂഹിക വ്യവസ്ഥയാകും സൃഷ്ടിക്കുകയെന്നതില്‍ സംശയമില്ല. കത് വ സംഭവത്തിന് ശേഷം യു.പിയിലും എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ മറ്റൊരു സംഭവം ഉണ്ടായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വെടിയേറ്റുമരിച്ച വാര്‍ത്തയും പിറകെ വന്നു. നമ്മുടെ നാട്ടില്‍ നിയമവ്യവസ്ഥ ശക്തമാക്കിയിട്ടും കുഞ്ഞുങ്ങള്‍ പൈശാചികമായി കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഏത് സമുദായത്തില്‍പെട്ട കുഞ്ഞായാലും അതിനോട് ഏതൊരാള്‍ക്കും തോന്നുന്ന സഹജമായ വികാരമുണ്ട്. സ്‌നേഹവും വാത്സല്യവുമാണത്.

പ്രലോഭനങ്ങളില്‍പെടുത്തി ഏതൊരു കുഞ്ഞിനെയും ആര്‍ക്കും എവിടെയും കൊണ്ടുപോകാം. തന്നെ കൊണ്ടു പോകുന്നത് മറ്റൊരു മതത്തില്‍പെട്ട ആളുകള്‍ ആണെങ്കില്‍ പോലും അത് എന്തിന് വേണ്ടിയാണെന്ന് കുഞ്ഞ് അറിയില്ല. കാരണം അതിന്റെ മനസ് നിഷ്‌കളങ്കമാണ്. ഏത് വിഭാഗത്തില്‍പെട്ട കുഞ്ഞുങ്ങളായാലും അവരുടെ കണ്ണുകളില്‍ പ്രകടമാവുന്ന ഭാവമാണ് നിഷ്‌കളങ്കത്വം. തന്നെ കൊല്ലാന്‍ തയ്യാറെടുക്കുന്നവരെ നോക്കി പോലും അത് പുഞ്ചിരിക്കും. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലുമാകാതെയായിരിക്കും ഒരു കുഞ്ഞ് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. ഒരു കുഞ്ഞിനെ ഒരേയൊരു വ്യക്തിക്ക് തന്നെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ കഴിയും. അതിനെ ദുര്‍ബലമായി ചെറുക്കാന്‍ പോലുമുള്ള കഴിവ് പിഞ്ചു കരങ്ങള്‍ക്കുണ്ടാകില്ല. അപ്പോള്‍ കൂട്ടത്തോടെ അക്രമിക്കപ്പെടുന്ന കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുക. കത്വ പെണ്‍കുട്ടി ഇന്ത്യയുടെ ദുഃഖ പുത്രിയാണ്. എത്ര കണ്ണീര്‍ പൊഴിച്ചാലും പ്രാര്‍ത്ഥിച്ചാലും പൊലിഞ്ഞു പോയ ആ കുരുന്നു ജീവന്‍ ഇനി തിരിച്ചുവരില്ല.
നിര്‍ഭയയും സൗമ്യയും ജിഷയും ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍ സമൂഹമനസാക്ഷിയുടെ പ്രതികരണം ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതിരിക്കാന്‍ ഭരണകൂടവും നിയമവും ഇടപെടണമെന്നായിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെ നിയമം സുശക്തമാക്കിയിട്ടും സമാനമായ ക്രൂരതകള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിര്‍ഭയയുടെയും സൗമ്യയുടെയും ജിഷയുടെയും ജീവനെടുത്തതിന് പ്രത്യേക സാമൂഹിക കാരണങ്ങളില്ല. നിര്‍ഭയയെ ചില വ്യക്തികളും സൗമ്യയെയും ജിഷയെയും ഓരോ വ്യക്തിയുമാണ് ഉപദ്രവിച്ച് മരണത്തിലേക്ക് നയിച്ചത്. കൃത്യം ഭീകരമാണെങ്കിലും അതിന് കാരണം പ്രതികളുടെ ലൈംഗിക വൈകൃതങ്ങള്‍ മാത്രമായിരുന്നു.

കശ്മീരിലെത്തുമ്പോള്‍ അതിന് പിന്നില്‍ ലൈംഗിക പീഡനത്തിനപ്പുറം ചില അജണ്ടകള്‍ കൂടിയുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് ഈ വിഷയം സമൂഹ മനഃസാക്ഷിയെ കൂടുതല്‍ ഉലച്ചുകളയുന്നത്. രാഷ്ട്രീയപരമായും വര്‍ഗീയ പരവും സാമുദായിക സാമൂഹികപരവുമായ പ്രശ്‌നങ്ങളുടെ പേരില്‍ കുഞ്ഞുങ്ങള്‍ ഇരകാളക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒരു വിധത്തിലും അനുവദിക്കപ്പെടരുത്. ഭരണകൂടത്തിന്റെ ഇച്ഛാശക്തി ഏറ്റവും ഫലപ്രദമായി വിനിയോഗിക്കപ്പെടേണ്ടതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

chandrika: