X

ശുഭ മംഗളം, ഈദിന്‍ വന്ദനം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്‍ഷം കേരളീയര്‍ റമസാന്‍ ദിനങ്ങള്‍ പിന്നിട്ടത്. മെയ് പാതിയോടെ റമസാന്‍ തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്‍ തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്‍ന്നപ്പോള്‍ ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്‍ നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്‍ ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്‍ ഓര്‍ക്കുക.
ചന്ദ്രമാസ നിലാവുകള്‍ ഹിജ്‌റ കാലഗണന തീര്‍ക്കുമ്പോള്‍ സൂര്യചലനങ്ങള്‍ കാലാവസ്ഥയെ മെരുക്കിക്കൊണ്ടുപോകുന്നു. അക്ഷാംശ, രേഖാംശങ്ങളില്‍ ചൂടും തണുപ്പും വെയിലും മഞ്ഞും നിര്‍ണയിക്കപ്പെടുന്നു. അതു ദേശങ്ങളുടെ ഋതുക്കളായി പരിണമിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഇങ്ങ് കേരളത്തിലും ചൂടുകാല നോമ്പനുഭവങ്ങളിലേക്ക് നമുക്കും പോകേണ്ടിവരും. ഇതെല്ലാം വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക ഭാവങ്ങള്‍ മാത്രം. എന്നാല്‍ വ്രതം ആത്മീയ ശീലങ്ങളുടേത് കൂടിയാകുന്നു. അവിടെ കാലാവസ്ഥ ഒരു വെല്ലുവിളിയായി കടന്നുവരുന്നില്ല. ഋതുഭേദങ്ങള്‍ ശരീരത്തെ മാത്രമേ നേരിട്ടു ബാധിക്കുന്നുള്ളൂ. എന്നാല്‍ നോമ്പ് മനസ്സിന്റെ സ്ഥൈര്യവുമായി ബന്ധപ്പെട്ടതിനാല്‍ ശരീരത്തിന്റെ പഴക്കങ്ങള്‍ തടസ്സമാകുന്നില്ല.
വിശ്വാസമാണ് പരമപ്രധാനം. ആ വിശ്വാസമാണ് ഭക്തിയുടെ നിറവും ഭംഗിയും ആകുന്നത്. ശ്രേഷ്ഠ സ്മരണകള്‍ തന്നെയാണ് നോമ്പിനെ വഴി നടത്തിയത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ റമസാന്‍ മുതലാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. വിശുദ്ധ പ്രവാചകന്‍ (സ) യും സഹാബികളും അത് അനുസരണയോടെ ഏറ്റെടുത്തു. മുന്‍കാല ജനതയെയും നോമ്പ് അനുഷ്ഠിച്ച് അല്ലാഹു മെരുക്കിയെടുത്തുവെന്നും ഭക്തി മാര്‍ഗത്തിലൂടെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചു എന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
സൃഷ്ടിപ്പിന്റെ അഗാധ രഹസ്യങ്ങള്‍ സ്രഷ്ടാവിന്റെ സ്വന്തം അറിവാണ്. അത് വെച്ചുകൊണ്ട് അല്ലാഹു ‘നിങ്ങളില്‍ എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടിക്കുവാനല്ല’ എന്ന് നോമ്പിനെ കുറിച്ചാണ് പറഞ്ഞത്. ദൃഢതരമായ വിശ്വാസ പ്രപഞ്ചത്തിലൂടെ വിശ്വാസിയെ സഞ്ചരിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അത് സ്രഷ്ടാവിന്റെ സന്തോഷവുമായി ബന്ധപ്പെടുത്തി എന്നതും നോമ്പിന്റെ പവിത്രതയാണ്.
നമസ്‌കാരം മുസ്‌ലിം സമൂഹത്തിന്റെ പ്രതാപമാണ്. നമസ്‌കാരം ഉപേക്ഷിക്കുന്ന സമൂഹത്തില്‍ ഈ പ്രതാപം നഷ്ടപ്പെടുന്നുവെന്നോര്‍ക്കുക. സക്കാത്ത് സാമൂഹ്യ സമത്വത്തിലേക്കുള്ള സമ്പദ് വ്യവസ്ഥയാണ്. ഹജ്ജ് സാഹോദര്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ ഉദ്‌ഘോഷമാണ്. ഈ നിര്‍ബന്ധ കര്‍മ്മങ്ങള്‍ സൃഷ്ടി വിശ്വാസികളുടെ കടമയും ബാധ്യതയും ആയി കടന്നുപോവുമ്പോള്‍ വ്രതം സൃഷ്ടാവിന് ആനന്ദം പകര്‍ന്ന് നല്‍കുന്ന അനുഷ്ഠാനമാകുന്നു. നോമ്പെനിക്കുള്ളതാണ്. നാമാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറയുമ്പോള്‍ നോമ്പെടുക്കുന്നത് അടിമകള്‍, അതില്‍ ആനന്ദിക്കുന്നത് രാജാധിരാജനും സൃഷ്ടി കര്‍മ്മത്തിന്റെ ഉടമയുമായ അല്ലാഹുവും! സമാനമായ ഒരു പരാമര്‍ശം വരുന്നത് റഹ്മത്തുന്‍ ലില്‍ ആലമീനായ നബി (സ) യുടെ പേരില്‍ ‘അല്ലാഹുവും മാലാഖമാരും സ്വലാത്ത് ചൊല്ലുന്നു’ എന്ന ഖുര്‍ആന്റെ പ്രഖ്യാപനത്തിലാണ്. ഖുര്‍ആന്‍ പറയുന്നത് അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിക്കപ്പെട്ടിട്ടുമില്ല. പക്ഷെ നോമ്പെടുക്കുന്ന അടിമയെക്കുറിച്ചുള്ള അല്ലാഹുവിന്റെ സന്തോഷം, വാത്സല്യാതിരേകത്താല്‍, അദൃശ്യമായ ഒരു പൊക്കിള്‍കൊടി ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അടിമയെ അടുപ്പിച്ചുനിര്‍ത്തുന്നുണ്ട് എന്നതാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത് ആരാണ്? നിസ്സാരനായ അടിമ തന്നെയല്ലേ ആ ആനന്ദം ഏറ്റുവാങ്ങുന്നത്. അല്ലാഹു ആഹ്ലാദിക്കുന്നു എന്നു പറയുമ്പോള്‍ വിശ്വാസി തന്നെയാണ് ആഹ്ലാദം ഏറ്റുവാങ്ങുന്നത്.
മുസ്‌ലിമായി ജിവിക്കുമ്പോള്‍ അപകര്‍ഷതാബോധം വെടിഞ്ഞു ജീവിക്കാന്‍ നാം പ്രാപ്തരാവുന്നു. അതിന് റമസാന്‍ തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. ആ സാക്ഷ്യത്തിന്റെ വിശുദ്ധി അണിഞ്ഞുകൊണ്ടാണ് നാം പെരുന്നാളിലേക്ക് പ്രവേശിക്കേണ്ടത്. ഇത് കൃതജ്ഞതയുടെ ദിവസമാകുന്നു. നമ്മെ ശുചിയാക്കി എടുത്തതിലുള്ള നന്ദി പ്രകാശിപ്പിക്കേണ്ട ദിവസം. അല്ലാഹുവിന്റെ സാമീപ്യം ഭൂമിയോടടുപ്പിച്ച് നിര്‍ത്തിയും അസംഖ്യം മാലാഖമാരെ, അല്ലാഹുവിന് ആരാധനയെടുക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ഭൂമിയിലേക്കയച്ചും, റമസാന്റെ ആത്മാവായ ഖദ്‌റിന്റെ രാത്രിയില്‍ നമസ്‌കരിച്ചും, ഖുര്‍ആന്‍ ഓതിയും, ദിക്‌റുകള്‍ ഉരുവിട്ടും കഴിഞ്ഞുകൂടിയ വിശ്വാസിയെ കുട്ടികളെ കുളിപ്പിക്കുന്ന പോലെ പാപക്കറകളില്‍ നിന്ന് കഴുകി വെളുപ്പിച്ച നാഥന്റെ കാരുണ്യത്തോടുള്ള നന്ദി അര്‍പ്പിക്കേണ്ടതിന്റെയും ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ വിനീതനാവുക എന്നത് തന്നെയാണ് നമ്മുടെ ആഘോഷം. കാരണം പ്രവാചകന്മാരും സലഫുസാലിഹിങ്ങളും സൂഫികളും വലിയ്യുമാരും വിനീതരായിരുന്നു. അല്ലാഹു അവന്റെ വിനീത ദാസന്മാരെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട്.
അല്ലാഹുവിന്റെ മഹാ സിംഹാസനത്തെയാണ് നോമ്പു കാലത്ത് നമുക്ക് സന്തോഷിപ്പിക്കുവാനായത്. ആ പ്രക്രിയ നമ്മളായിട്ടു ചെയ്തതല്ല. അതിനുവേണ്ടി നമ്മളെ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും അല്ലാഹുവാണ്. ദിവ്യമായ ആ മഹദ് സത്യത്തെ ഓര്‍മ്മിക്കേണ്ട ദിനമാണിന്ന്. ഇനിയുള്ള ജീവിതത്തിലേക്ക് തിരികൊളുത്തുന്നതാവട്ടെ ആ ഓര്‍മ്മകള്‍. നമുക്ക് സന്തോഷിക്കുവാന്‍ രണ്ട് പെരുന്നാളുകളെക്കുറിച്ച് വിശുദ്ധ നബി (സ) പറഞ്ഞു. ശവ്വാല്‍ ഒന്ന് അതില്‍ പെട്ടതാണ്. ഒരു മാസം വ്രതമെടുത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയതിനുള്ള പാരിതോഷികമായി നമുക്ക് നല്‍കപ്പെട്ട പുണ്യദിനം. ഈ ഈദ് ദിനം. അല്ലാഹു വാത്സല്യപൂര്‍വം ഇഛിക്കുന്നു; ഇന്നെല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം എന്ന് മാത്രമല്ല ഒരാള്‍ക്കും ഭക്ഷണം കിട്ടാതിരിക്കുന്നില്ല എന്നുറപ്പു വരുത്തുകയും വേണം എന്നും. (അതിനുവേണ്ടി ഫിത്‌റ് സക്കാത്ത് വ്യവസ്ഥ ചെയ്തു) അതിനര്‍ത്ഥം പെരുന്നാളിന്റെ ഭക്ഷണം അല്ലാഹുവിന്റെ സല്‍ക്കാരമാണ് എന്നു തന്നെയാണ്. ഹജ്ജാജി അല്ലാഹുവിന്റെ അതിഥിയാകുന്നത് പോലെ.
പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുന്ന വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി പാതക്കിരുവശവും അണിനിരക്കുന്ന മാലാഖമാരോട് അല്ലാഹു അഭിമാനത്തോടെ സംവദിക്കുന്നുണ്ട്. അവരെ ചൂണ്ടി പറയും ‘ആ പോകുന്നവര്‍ എനിക്ക് വേണ്ടി അരികത്ത് ആഹാരമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചവരാണ്. എന്റെ പ്രതിഫലം അവര്‍ക്ക് തന്നെയാണ് എന്ന് പറയുമ്പോള്‍’ പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം അല്ലാഹു വിശ്വാസിക്ക് നല്‍കുന്ന ദിവ്യ ഭോജനമാണ് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ അത് വിലമതിക്കാനാവാത്തതാകുന്നു. ആര്‍ഭാടം വേണ്ട. കാരണം അല്ലാഹു ലാളിത്യത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.
തക്ബീര്‍ മധുരം നുണഞ്ഞു പള്ളിയില്‍ ഒത്തുചേരാനുള്ള തിടുക്കവുമായി തുടങ്ങുന്ന പെരുന്നാള്‍ ദിനം. നമസ്‌കാരത്തെ മുന്തിക്കുന്നു. കാരണം നന്ദി ചെയ്യാന്‍, ദൈവത്തിന്റെ മുമ്പില്‍ മനസ്സിനെ നമിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗം സുജൂദ് തന്നെയാണ്. അല്ലാഹുവിന് നന്ദി ചെയ്യുവാനുള്ളതാണ് ഈ ദിവസം എന്നതിന്റെ സൂചന കൂടിയാണിത്. ഇസ്‌ലാമിക ജീവിതത്തിലെ പ്രധാനമായ വെള്ളിയാഴ്ച ജുമുഅയില്‍ പോലും ഖുതുബ (പ്രസംഗം) ക്ക് ശേഷമാണല്ലോ നമസ്‌കാരം വരുന്നത്.
നീതിമാനായ അല്ലാഹുവും, പുണ്യ പ്രവാചകനും ആദ്യമായി നിങ്ങള്‍ കുടുംബത്തോട് നീതി ചെയ്യുക എന്ന് നിര്‍ദ്ദേശിക്കുന്നു. സ്വന്തം കുടുംബത്തില്‍ സ്‌നേഹം ഊട്ടിയുറപ്പിച്ച് തുടങ്ങുക; അടുത്ത ബന്ധുക്കള്‍, സ്‌നേഹിതര്‍, നാട്ടുകാര്‍ അങ്ങനെ സൗഹൃദത്തിന്റെ വലയങ്ങളെ തലോടി ഉണര്‍ത്തുക. നല്ല വാക്കുകളില്‍ ആശംസിച്ചും മധുരം പങ്കുവെച്ചും വിശ്വാസവും സാഹോദര്യവും ഒന്നുതന്നെയാണ് എന്ന സന്ദേശം അന്യോന്യം പങ്കുവെക്കുക.
അങ്ങനെ ഈദിന് തിരശ്ശീല വീഴുന്നില്ല. ഹൃദയം തരളിതമാവുമ്പോഴെല്ലാം ഈദിലേക്കാണ് നമ്മളെത്തുന്നത് എന്നറിയുക. ശുഭ മംഗളം.

chandrika: