X

രാഹുല്‍ വരുമ്പോള്‍ സംഘിക്കും സഖാവിനും ഒരേ സ്വരം

നജീബ് കാന്തപുരം
അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ 2014 ല്‍, ഉത്തരേന്ത്യയിലാകെ ആഞ്ഞടിച്ച മോദി തരംഗത്തിലും ഉലയാത്ത കോട്ടയായി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കാത്ത സുരക്ഷിത മണ്ഡലം. ഓര്‍ക്കുക, അന്ന് യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റക്കായിരുന്നു.

യു.പിയില്‍ ഇന്നും കോണ്‍ഗ്രസ് ഒറ്റക്കാണ്. എന്നാല്‍, യു.പി ഇന്ന് അന്നത്തെ യു.പിയല്ല. വെറുപ്പിന്റെ വിത്ത് വിതച്ച് ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിച്ച് കൃത്രിമ വിജയം കൊയ്‌തെടുത്ത മോദിയുടെ വര്‍ഗീയ തരംഗം ഇന്ന് യു.പിയിലില്ല. പകരം, ജനാധിപത്യത്തിന്റെ മറുതരംഗമാണുള്ളത്. മോദി അധികാരത്തിലേറിയതിന്‌ശേഷം യു.പിയില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ജനാധിപത്യ ശക്തികളുടെ തിരിച്ചുവരവാണ് കണ്ടത്. ആ തരംഗം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നെടുങ്കോട്ടയായ ഗോരഖ്പൂരിനെപോലും കടപുഴക്കി. കിഴക്കന്‍ യു.പിയിലെ ഫൂല്‍പുരില്‍നിന്ന് പടിഞ്ഞാറന്‍ യു.പിയിലെ ഖൈരാനയിലേക്ക് അത് പടര്‍ന്നു. ജനാധിപത്യത്തിന്റെ തിരിച്ചുവരവ് മഹോത്സവം പോലെ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ന് യു.പിയിലെ ജനത. ആ ജനത അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് നല്‍കാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരിക്കും. കഴിഞ്ഞ തവണ എതിര്‍ത്തു മല്‍സരിച്ച ബി.എസ്.പിയും ആംആദ്മി പാര്‍ട്ടിയും ഇത്തവണ രാഹുലിനെ പിന്തുണക്കുന്നത് അതിന്റെ സൂചനയാണ്.

രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന രണ്ടാമത്തെ സീറ്റായി വയനാട് തെരഞ്ഞെടുത്ത വാര്‍ത്ത ആവേശഭരിതമാണ്. കേരളത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു സന്ദേശമാണ്. ഇന്ത്യയിലെ ജനാധിപത്യ സങ്കല്‍പത്തെയും ഫെഡറല്‍ ദേശീയതയുടെ ചട്ടക്കൂടിനെയും ശക്തിപ്പെടുത്തുന്നതാണ് ആ സന്ദേശം. യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി ഇന്ത്യയെ ഒന്നാകെ പ്രതിനിധീകരിക്കുന്നു എന്നതാണ് ആ സന്ദേശം. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെടുന്നു എന്നത് ഏത് മലയാളിയെയാണ് ആവേശഭരിതനാക്കാത്തത്? സ്വന്തം മൂക്കിന്‍തുമ്പിനപ്പുറത്തേക്ക് കാഴ്ചശേഷിയില്ലാത്ത കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് രാഹുല്‍ഗാന്ധിയുടെ സന്ദേശം മനസ്സിലാവില്ല. കാരണം, അവര്‍ ഒന്നാമതായും രണ്ടാമതായും അവസാനമായും പാര്‍ട്ടിയെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തില്‍ രാജ്യത്തെയൊന്നാകെ സജ്ജമാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ പരിശ്രമങ്ങളും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അവര്‍ക്ക് ഒട്ടും മനസ്സിലാവുകയില്ല.

രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മല്‍സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഏറെ പരിഭ്രമവും വെപ്രാളവും കാണിക്കുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. അവര്‍ മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കണം. ഒന്ന്, രാഹുല്‍ഗാന്ധി വരുന്നത് സുരക്ഷിത മണ്ഡലം തേടിയല്ല. അത് ഇന്ന് ഇന്ത്യയിലെമ്പാടുമുണ്ട്. നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ പോലുമുണ്ട്. രണ്ട്, രാഹുല്‍ വരുന്നത് വയനാട് സീറ്റ് ആരില്‍ നിന്നും പിടിച്ചെടുക്കാനല്ല. കാരണം, അത് യു.ഡി.എഫിന്റെ നെടുങ്കോട്ടയാണ്. അവിടെ വിജയിക്കാമെന്ന് ഇടതുപക്ഷത്തെ കടുത്ത ശുഭാപ്തി വിശ്വാസികള്‍ പോലും കരുതുന്നില്ല. പിണറായി വിജയന്‍ വന്ന് മല്‍സരിച്ചാല്‍ പോലും ജനങ്ങള്‍ സ്‌നേഹത്തോടെ തോല്‍പ്പിക്കും. മൂന്ന്, രാഹുല്‍ മല്‍സരിക്കുന്നത് കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാക്കാനല്ല. കാരണം, ആ ജനകീയ തരംഗം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ദേശീയ മാധ്യമങ്ങളും വിവിധ സര്‍വെ ഏജന്‍സികളും ഇതിനോടകം പുറത്തുവിട്ട എല്ലാ സര്‍വേകളിലും യു.ഡി.എഫ് അനുകൂല തരംഗം പ്രവചിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ, സൈബര്‍ സഖാക്കള്‍ അവരുടെ പേജുകളില്‍ നടത്തുന്ന പോളുകളില്‍ പോലും മുന്നില്‍ നില്‍ക്കുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്.

അമേഠിയിലെ പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നത് എന്ന സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? രാഹുലിനെതിരെ സംസാരിക്കുമ്പോള്‍ സംഘികള്‍ക്കും സഖാക്കള്‍ക്കും ഒരേ സ്വരമാകുന്നത് എന്തുകൊണ്ടാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറഞ്ഞ് കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ വോട്ട് തട്ടാന്‍ ശ്രമിക്കുന്നവര്‍ രായ്ക്കുരാമാനം രാഹുലിനെതിരെ കുപ്രചാരണം നടത്തുന്നതെന്തുകൊണ്ടാണ്? പിണറായിസ്റ്റ് പാര്‍ട്ടിയുടെ സ്വകാര്യ അജണ്ടകള്‍ അനുസരിക്കുന്നില്ലെങ്കില്‍ രാഹുലിനെ പരാജയപ്പെടുത്തുമെന്ന നിലപാട് ആരോടുള്ള വെല്ലുവിളിയാണ്? സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ മെഗാഫോണായി മാറുന്ന ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ വായ്ത്താരികളുടെ അര്‍ത്ഥമെന്താണ്?
രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം തീര്‍ച്ചയായും ദക്ഷിണേന്ത്യയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പോരാട്ടവീര്യം വര്‍ധിപ്പിക്കും. കേരളത്തില്‍ യു.ഡി.എഫ് തരംഗത്തിന്റെ ഗതിവേഗവും വര്‍ധിപ്പിക്കും. പക്ഷേ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെ വന്‍ പരാജയം ഉറപ്പായ ഇടതുപക്ഷത്തിന് അതുകൊണ്ടെന്താണ് നഷ്ടം? നേരിയ വിജയ സാധ്യതയുള്ള ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടി ജനങ്ങള്‍ കൈവിടുമെന്നല്ലാതെ മറ്റെന്താണ് നഷ്ടം? സംഘ്പരിവാറില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ അത്രയെങ്കിലും ത്യാഗം സഹിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനില്ലേ? പാര്‍ലമെന്ററി ജനാധിപത്യം തന്നെ നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയുടെ ദേശീയ പദവി കൊണ്ട് എന്താണ് പ്രയോജനം?

ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ വാചകമടിക്ക് തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ജനാധിപത്യ ഇന്ത്യയുടെ പടനായകന്‍ രാഹുല്‍ഗാന്ധിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ തയ്യാറാകണം. ഉത്തരേന്ത്യയിലെ ബദ്ധശത്രുക്കളായ എസ.്പിയും ബി.എസ്.പിയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിവേകമെങ്കിലും പ്രകടിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. മുഖ്യശത്രു ബി.ജെ.പിയാണെങ്കില്‍ മാത്രം! മുഖ്യലക്ഷ്യം, ഫാഷിസ്റ്റ് നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കലാണെങ്കില്‍ മാത്രം!

chandrika: