X
    Categories: News

സ്വയം പ്രതിരോധത്തിന് ശക്തിയില്ലാതെ സി.പി.എം

ഇഖ്ബാല്‍ കല്ലുങ്ങല്‍

തിരിച്ചടികളുടെ പ്രളയത്തില്‍ മുങ്ങി ഇടത് സര്‍ക്കാര്‍ ജനമധ്യത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍നിന്ന് എങ്ങിനെ ശ്രദ്ധ തിരിച്ചുവിടാമെന്ന് ആലോചിക്കുമ്പോഴാണ് വെഞ്ഞാറമൂടില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുന്നത്. സ്വര്‍ണക്കടത്ത് വിവാദമുള്‍പ്പെടെ ചര്‍ച്ചകളില്‍നിന്നും മലയാളികള്‍ മാറുമെന്ന് വ്യാമോഹിച്ച് മരണം ആഘോഷമാക്കാനുള്ള തത്രപ്പാടിലായിരുന്നു സി.പി.എം. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റൂറല്‍ എസ്.പി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച് തങ്ങള്‍ക്കെതിരായ വികാരത്തെ മറികടക്കാമെന്ന് വിചാരിച്ച സി.പി.എമ്മിനുപക്ഷേ വൈകാതെതന്നെ തിരിച്ചടിക്കുന്നുവെന്നാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇരട്ട കൊലപാതകത്തിനുപിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്ന ആരോപണം ഉയരുകയും കൊല്ലപ്പെട്ടവരില്‍ ആയുധമുണ്ടായിരുന്നുവെന്നതും സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നതായി സി.പി.എം സമ്മതിക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിനുവേണ്ടിയാകാം ആയുധം സൂക്ഷിച്ചിരുന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെട്ടത്. സ്വയം രക്ഷക്ക് വാളുമായി നടക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം എന്ന ചോദ്യത്തിനു പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടതുണ്ട്. സ്വയം രക്ഷക്ക് എല്ലാവരും വാളെടുത്ത് നടന്നാല്‍ പിന്നെ നാടിന്റെ അവസ്ഥയെന്താകുമെന്ന ചോദ്യത്തിനുകൂടി സി.പി.എം സെക്രട്ടറി വ്യക്തമായ മറുപടി പറയണം. കേരളത്തെ കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന പാര്‍ട്ടിയാണ് സി.പി.എം.

ക്രമസമാധാനപാലനത്തില്‍ കേരളം മുന്നിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീമ്പ് പറയുമ്പോള്‍ തന്നെയാണ് സ്വയംരക്ഷക്ക് വാള്‍ എടുക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി തുറന്നുപറയുന്നത്. സര്‍ക്കാറിനെയും പാര്‍ട്ടിയെയും സെക്രട്ടറിതന്നെ തിരുത്തിയതോടെ ഇരട്ടകൊലപാതകത്തെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമന്ന ആവശ്യത്തിനും കൂടുതല്‍ പ്രധാന്യം കൈവന്നിരിക്കുകയാണിപ്പോള്‍. സി.പി.എം മുഖ്യമായി ഉന്നംവെക്കുന്ന അടൂര്‍ പ്രകാശ് തന്നെ സി.ബി.ഐ അന്വേഷഷണം വേണമെന്ന് വ്യക്തമാക്കുകയും സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തത് സി.പി.എമ്മിനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

സമഗ്രമായ അന്വേഷണത്തിനു എത്രയോ കേസുകള്‍ സി.ബി.ഐക്ക് വിട്ട ചരിത്രം കേരള സര്‍ക്കാറിനുണ്ട്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിനു മറ്റാരേക്കാളും താല്‍പര്യമെടുക്കേണ്ടത് സി.പി.എമ്മും ഇടത് സര്‍ക്കാറുമാണ്. പ്രതിസ്ഥാനത്ത്‌സി.പി.എം നിര്‍ത്തിയിരിക്കുന്ന കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് സി.പി.എം അല്ലേയെന്നാണ് സ്വാഭാവിക ചോദ്യം. കൊലപാതക അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തുവരണമെന്ന് കേരളം ആഗ്രഹിക്കുന്നു. രാഷ്രട്രീയ കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായിട്ടുണ്ട്. പലതവണ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് റൂറല്‍ എസ്.പിയെന്നും സി.പി.എമ്മിന്റെ വക്താവായി റൂറല്‍ എസ്.പി മാറുന്നുവെന്നും നീതി ലഭിക്കില്ലെന്നുമുള്ള അടൂര്‍ പ്രകാശിന്റെ ആരോപണം ഗൗരവമായി കാണേണ്ടതാണ്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹീന്റെ മൊഴിയെടുക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടി റഹീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ അര്‍ധരാത്രി എത്തിയത് ദുരൂഹത പടര്‍ത്തിയിട്ടുണ്ട്. ഷഹീനെ പുറത്തേക്ക് വിളിച്ചിറക്കി അരമണിക്കൂര്‍ ക്ലാസ് കൊടുത്തുവെന്നാണ് സ്ഥലം എം.പി അടൂര്‍ പ്രകാശ് ആരോപിച്ചിരിക്കുന്നത്. മൊഴിയെടുക്കുമ്പോള്‍ മറ്റൊരാള്‍ പഠന ക്ലാസ് എടുത്തു നല്‍കുന്നത് ശരിയല്ല. നീതി നിര്‍വഹണത്തിനു കളങ്കമാണിത്. വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ഷഹീനെ വിശദമായി ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുമെന്ന് വിശദമാക്കിയുള്ള പ്രദേശവാസിയുടെ വാട്‌സ് ആപ്പ് വോയിസ് ഏറെ പ്രചരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ കഴിഞ്ഞദിവസം നാടകീയ രംഗങ്ങള്‍ സ്റ്റേഷനില്‍ അരങ്ങേറിയതെന്നാണ് ആരോപണം, കൊലപാതകവുമായി ബന്ധപ്പെട്ട്് അടൂര്‍ പ്രകാശിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പതിറ്റാണ്ടുകള്‍ക്ക്‌ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണിതെന്നാണ് ചെന്നിത്തല തുറന്നുകാട്ടുന്നത്. എം.പി എന്ന നിലയില്‍ ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അടൂര്‍ പ്രകാശ്്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും സഹകരണമന്ത്രിയും അടൂര്‍ പ്രകാശിനെതിരെ ചെളിവാരിയെറിയുകയാണെന്നും ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. വെഞ്ഞാറമ്മൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ഈ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. സി.ഐ. ടി.യുവിന്റെ മൂന്ന് ആളുകള്‍ പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കൊലപാതകത്തിന്റെ മറവില്‍ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 143 ഓഫീസുകള്‍ സി.പി.എം തകര്‍ത്തുവെന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓഫീസുകള്‍ തകര്‍ക്കുന്നതും വ്യാപകമായ ആക്രമണവും പൊലീസ് ശക്തമായി തടയേണ്ടതുണ്ട്. ഇത്രയും ഓഫീസുകള്‍ ആക്രമിക്കപ്പെടുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വതെയാണ് വെളിപ്പെടുത്തുന്നത്.

യഥാര്‍ത്ഥ ഘാതകരെ പിടികൂടുകയും ശക്തമായ ശിക്ഷ പ്രതികള്‍ക്ക് വാങ്ങികൊടുക്കുകയും വേണം. ക്രൂരമായ കൊലപാതകങ്ങള്‍ ഇനിയും ഉണ്ടായിക്കൂടാ. ഓരോ കൊലപാതകവും ബാക്കിവെക്കുന്നത് കണ്ണീര്‍കഥകളുടേതാണ്. പ്രതീക്ഷയുടെ യൗവ്വനങ്ങള്‍ ഞെട്ടറ്റ് വീഴരുത്. ഇതിനു വേണ്ടത് സമഗ്ര അന്വേഷണം തന്നെയാണ്. ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരണം.

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒട്ടേറെ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥരായത്. നിലക്കാത്ത നിലവിളികളുടെ നാടായി കേരളം മാറിക്കഴിഞ്ഞു. നിരവധി യുവതികള്‍ വിധവകളായി, അനാഥരായ കുട്ടികള്‍, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ എന്നിട്ടും കൊടും ക്രിമിനലുകള്‍ക്ക് പോലും എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി യഥേഷ്ടം പരോള്‍ സമ്മാനിക്കുന്നു. കേരളം കൊലപാതകങ്ങളുടെയും പിടിച്ചുപറിയുടെയും കൊള്ളയുടെയും നാടായി മാറിയെന്ന് കണക്കുകള്‍ വിശദമാക്കുന്നു. പൊലീസ് കസ്റ്റഡിയില്‍പോലും രക്ഷയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു ഡസനോളം പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണിത്. ഒരാളെ കസ്റ്റഡിയില്‍ വെക്കുമ്പോള്‍ പോറല്‍പോലും ഏല്‍ക്കാന്‍ പാടില്ലെന്ന നിയമമുള്ളിടത്താണ് നഷ്ഠൂരമായി ജീവന്‍ അപഹരിക്കപ്പെടുന്നത്. ഗവര്‍ണര്‍ക്ക് നാല് തവണയാണ് ക്രമസമാധാന നിലയെപ്പറ്റി സര്‍ക്കാരിനോട് വിശദീകരണം തേടേണ്ടിവന്നത്.

 

chandrika: