ഫൈസല്‍ എളേറ്റില്‍
മാപ്പിളപ്പാട്ട് ഗായകരുടെ കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു എരഞ്ഞോളി മൂസക്ക. അദ്ദേഹത്തിന്റെ പാട്ടിന് അദ്ദേഹത്തിന്റേതായ ശൈലിയായിരുന്നു. ആലങ്കാരികമായി പലപ്പോഴും ഇങ്ങനെ പറയാറുണ്ടെങ്കിലും മൂസക്കായുടെ കാര്യത്തില്‍ ഈ പ്രയോഗം കൃത്യമായ നീതിപുലര്‍ത്തുന്നതാണ്. മൂസക്കയുടെ പാട്ട് ഒരുപാട് കേട്ട ഒരാള്‍ എന്ന നിലയില്‍ ഇത് കൃത്യമായി പറയാനാകും. സാധാരണ ശൈലിയിലുള്ള മാപ്പിളപ്പാട്ടല്ല മൂസക്കയുടേത്. പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞു പാടാന്‍ അദ്ദേഹത്തിനായി.
സാധാരണക്കാരനായി ജീവിച്ചുതുടങ്ങിയ മൂസക്ക ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ അലയുമ്പോഴും പാട്ടിനെ സ്‌നേഹിച്ചു. പാട്ട് അദ്ദേഹത്തിന് ജീവനായിരുന്നു. കെ. രാഘവന്‍ മാഷാണ് അദ്ദേഹത്തിലെ ഗായകനെ പ്രോത്‌സാഹിപ്പിച്ചത്. ‘എരഞ്ഞോളി മൂസ’യെന്ന പേരിനു പിന്നില്‍പോലും കെ. രാഘവന്‍ മാഷായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് പാട്ട് തൊഴിലായി സ്വീകരിക്കാന്‍ രാഘവന്‍ മാഷുടെ പിന്തുണ വലുതായിരുന്നു. തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യവും ഏറെ സഹായിച്ചു. പീര്‍ മുഹമ്മദ്, എ ഉമ്മര്‍, എം.പി ഉമ്മര്‍കുട്ടി എന്നിവരെല്ലാം തലശ്ശേരിയില്‍ നിന്നുദിച്ചുയര്‍ന്ന മാപ്പിളപ്പാട്ടിലെ താരങ്ങളാണ്. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള മാപ്പിളപ്പാട്ടു ഗായകനാണദ്ദേഹം. പരിപാടികള്‍ അവതരിപ്പിക്കാനായി അഞ്ഞൂറിലധികം തവണയെങ്കിലും അദ്ദേഹം വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ടാവും. മാസങ്ങള്‍ക്കു മുമ്പുവരെ അദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വിദേശത്താണെന്ന മറുപടിയാണ് ലഭിക്കുക.
‘മിഅ്‌റാജ് രാവിലെ കാറ്റേ… ‘ ‘മിസ്‌രിലെ.. ‘ ‘മനസ്സിന്റെ ഉള്ളില്‍..’ ‘അരിമുല്ല..’ ‘എന്തെല്ലാം ഗന്ധങ്ങള്‍..’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചിരുന്നത്. പാട്ടിലൂടെ ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിനായി.
സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം. ആഢംബര ജീവിതം കൊതിച്ചില്ല. ഗള്‍ഫുനാടുകളില്‍ പരിപാടി അവതരിപ്പിക്കാനെത്തിയാല്‍ അവിടത്തെ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു സഹവാസം. അവര്‍ക്കൊപ്പം താമസിച്ച് അവരോടൊപ്പം സഞ്ചരിച്ച് അവരിലൊരാളായി കഴിയാനായിരുന്നു കൊതിച്ചത്. തന്റെ കൂടെ പാടുന്നവരോടും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും നല്ല രീതിയില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അസാമാന്യ കഴിവായിരുന്നു.
പി.ടി അബ്ദുറഹിമാന്റെയും ഒ അബു സാഹിബിന്റെയുമൊക്കെ പാട്ടുകള്‍ സജീവമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഹസ്സന്‍ ഹസീനയെ പോലെയുള്ള കവിയെയും തലശ്ശേരിക്കാരനായ സംഗീത സംവിധാകന്‍ വൈ.എം.എ ഖാലിദിനെയുമൊക്കെ രംഗത്തുകൊണ്ടുവരുന്നതില്‍ പ്രധാന കാരണക്കാരനാണ്. ഇന്നത്തെപ്പോലെ റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്ന അക്കാലത്ത് വിവിധ ട്രൂപ്പുകള്‍ തമ്മില്‍ മത്സരം പതിവായിരുന്നു. ഇത്തരം മത്സരങ്ങളില്‍ ഏത് ട്രൂപ്പ് ജയിച്ചാലും മികച്ച ഗായകന്‍ പലപ്പോഴും മൂസക്കയാകും. അക്കാലത്ത് മൂസക്ക ആലപിച്ച പാട്ടുകളാണ് ഇപ്പോഴും ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാനേഷ് പൂനൂര്‍ എഴുതിയ ‘പതിനാല് നൂറ്റാണ്ട്.. ‘ എന്ന ഗാനം മൂസക്ക പാടിയ ഏറ്റവും നല്ല പ്രവാചക കീര്‍ത്തനമാണ്. ടി. ഉബൈദ് മാഷ്, ടി.കെ കുട്യാലിക്ക, കെ.ടി മുഹമ്മദ് തിരൂരങ്ങാടി, എസ്.വി ഉസ്മാന്‍, ബാപ്പു വെള്ളിപറമ്പ്, ഒ.എം കരുവാരക്കുണ്ട് തുടങ്ങിയവരുടെ ഗാനങ്ങള്‍ മൂസക്ക അവിസ്മരണീയമാക്കി. എം കുഞ്ഞിമൂസക്ക, കെ. രാഘവന്‍ മാഷ്, ചാന്ദ്പാഷ, പി.സി ലിയാഖത് തുടങ്ങിയവരാണ് മൂസക്കയുടെ പാട്ടുകള്‍ പ്രധാനമായും ചിട്ടപ്പെടുത്തിയത്. ‘പതിനാലാം രാവ്’ എന്ന സിനിമയില്‍ മൂസക്ക പാടിയ ‘മണവാട്ടി കരംകൊണ്ട്..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഗ്രാമഫോണ്‍’ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ (ആത്മകഥ) ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണായിരുന്നു എരഞ്ഞോളി മൂസ. എല്ലാ നിലയിലും മാപ്പിളപ്പാട്ടിന്റെ തലം മറ്റൊരു രീതിയിലേക്ക് ഉയര്‍ത്തിയയാളാണ് മൂസക്ക. മറ്റുള്ളവരുടെ ശബ്ദത്തെ അനുകരിക്കാന്‍ ശ്രമിക്കാതെ തനതായ ശൈലിയില്‍ ഗാനമവതരിപ്പിച്ചതാണ് മൂസക്കയെ വേറിട്ടുനിര്‍ത്തുന്നത്. എസ്.എം കോയ, ബാബുരാജ് എന്നിവരുടെ പാട്ടുകളാണ് അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ചത്. എസ്.എം കോയയെക്കുറിച്ച് വല്ലാത്ത മതിപ്പായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവായിരുന്നു.
‘മധുവര്‍ണ പൂവല്ലെ.. ‘
‘ചെമ്പകപ്പു തേനിതള്‍ അധരം…’
‘മനസ്സിന്റെ ഉള്ളില്‍ നിന്നൊളിയുന്ന…’
‘ഓമന മുഹമ്മദിനെ ഓത്തിനച്ചില്ല…’
‘മിഅ്‌റാജ് രാവിലെ കാറ്റേ…’
‘പ്രപഞ്ച നാഥാ..’ തുടങ്ങിയ അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച പാട്ടുകളാണ്.
സാമൂഹ്യമായ പല വിഷയങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. കലാകാരന്മാരോടുള്ള അനീതിക്കും ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടുമായിരുന്നു. അതുപോലെതന്നെയായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങളും. അവസാന കാലത്തുപോലും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തന്നെക്കൊണ്ട് കഴിയില്ലെങ്കില്‍ കഴിവുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. വിവാഹം, അസുഖം തുടങ്ങിയ വിഷമ ഘട്ടത്തില്‍ പല പാവപ്പെട്ടവര്‍ക്കും മൂസക്കയുടെ ഇടപെടല്‍ വളരെ സഹായകരമായിട്ടുണ്ട്. തന്റെ ജീവിതത്തില്‍ വളരെ മോശമായ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് തുറന്നു പറയുന്നതില്‍ അദ്ദേഹത്തിന് മടിയൊന്നുമുണ്ടായിരുന്നില്ല. താനിത് പറയുന്നത് മറ്റുള്ളവര്‍ക്ക് പാഠമാകട്ടെയെന്ന് കരുതിയാണെന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം വിഷയമാക്കി സിനിമ പുറത്തിറങ്ങാനിരിക്കേയാണ് മടക്കം. പ്രേംസൂറത്ത് എഴുതിയ ‘കെട്ടുകള്‍ മൂന്നും കെട്ടി…’ എന്നു തുടങ്ങുന്ന മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന ഗാനം ആലപിക്കുമ്പോള്‍ മരണത്തെ കണ്‍മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു ആസ്വാദകരില്‍ ജനിപ്പിച്ചത്. ആ ശബ്ദത്തിന്റെ ഉടമ ഇപ്പോള്‍ നാഥന്റെ വിധിക്ക് ഉത്തരം നല്‍കിയിരിക്കുകയാണ്. മൂസക്കക്ക് പകരംവെക്കാന്‍ ഇനി ആളില്ല. എങ്കിലും മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ ശബ്ദം സ്മരിക്കപ്പെടും.
- 6 years ago
chandrika
Categories:
Video Stories
മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണ്‍ നിലച്ചു
Tags: eranjoli moosa