X

പ്രയാസങ്ങള്‍ നേരിടാനുള്ള മരുന്ന് ഹൃദയ വിശാലത

എ.എ വഹാബ്

പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്‍ ആശ്വാസം ലഭിക്കാന്‍ ഹൃദയ വിശാലത അനിവാര്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പല പ്രവാചകന്മാരുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ‘അശ്ശറഹ്’ എന്നൊരധ്യായം തന്നെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. ‘പ്രവാചകാ, താങ്കള്‍ക്ക് താങ്കളുടെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?’ എന്ന ചോദ്യത്തോടെയാണ് ആ അധ്യായം ആരംഭിക്കുന്നത്. മക്കയില്‍ സത്യപ്രബോധനത്തിന്റെ ആദ്യ നാളുകളില്‍ ഖുറൈശികളില്‍നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത ക്ലേശങ്ങളില്‍ പ്രവാചക മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ പ്രവാചകനെ സാന്ത്വനിപ്പിച്ചുകൊണ്ട് അല്ലാഹു രണ്ടു അധ്യായങ്ങള്‍ അവതരിപ്പിച്ചു. സൂറത്തുള്ളുഹയും സൂറത്ത് ശ്ശറഹുമാണ് അവ.
പ്രവാചകന് ദിവ്യബോധനം ആരംഭിച്ച ശേഷം കുറച്ചുകാലം അത് നിലച്ചുപോയി. അപ്പോള്‍ ദിവ്യബോധനത്തെ നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നവരില്‍ ചിലര്‍ പ്രവാചകനെ പരിഹസിക്കാന്‍ തുടങ്ങി. മുഹമ്മദിനെ അവന്റെ അല്ലാഹു കൈവിട്ടിരിക്കുന്നു എന്നുവരെ ചിലര്‍ പറഞ്ഞു. ആ സന്ദര്‍ഭത്തിലാണ് പൂര്‍വാഹ്നത്തിന്റെ പൊന്‍വെളിച്ചത്തെയും നിശയുടെ നിശബ്ദതയെയും മുന്‍നിര്‍ത്തി സത്യം ചെയ്തുകൊണ്ട് അല്ലാഹു പറഞ്ഞത് താങ്കളുടെ നാഥന്‍ താങ്കളെ കൈവിട്ടിട്ടില്ല. പ്രാരംഭത്തേക്കാള്‍ പില്‍ക്കാലമാണ് നിനക്കുത്തമം. അടുത്തു തന്നെ നിന്റെ നാഥന്‍ നിനക്കനുഗ്രഹങ്ങള്‍ ചൊരിയും. അപ്പോള്‍ നീ സംതൃപ്തനാകും. ഈ വാക്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഗ്രഹിക്കാന്‍ പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഉദാഹരണങ്ങള്‍ നിരത്തി അല്ലാഹു തുടര്‍ന്ന് പറഞ്ഞു. അവന്‍ നിന്നെ അനാഥനായി കണ്ടപ്പോള്‍ അഭയമേകിയില്ലയോ? അവന്‍ നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്തില്ലേ? നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്തു. പ്രവാചകന്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ആ യാഥാര്‍ത്ഥ്യം പോലെ തന്നെ ഇപ്പോള്‍ പറയുന്നതും യാഥാര്‍ത്ഥ്യമായി പുലരുക തന്നെ ചെയ്യുമെന്ന് പ്രവാചക മനസ്സിനെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രസ്താവനകളിലൂടെ അല്ലാഹു. ആയതിനാല്‍ അനാഥയെ അടിച്ചമര്‍ത്തുകയോ ചോദിച്ചു വരുന്നവരെ വിരട്ടിയോടിക്കുകയോ ചെയ്യാതെ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിച്ച്‌കൊണ്ട് അവരെയൊക്കെ ഒപ്പം നിര്‍ത്തുക എന്നും ഈ അധ്യായത്തിന്റെ അവസാനത്തില്‍ അല്ലാഹു ഉപദേശിക്കുന്നുണ്ട്.
അല്ലാഹുവിലൂടെ ലഭിച്ച ബോധനം പ്രവാചകന് വളരെയേറെ ആശ്വാസകരമായിരുന്നു. അല്ലാഹു വെറുക്കുകയോ കൈവിടുകയോ ചെയ്തിട്ടില്ലെന്ന് അവന്‍ തന്നെ നേരിട്ട് പറയുമ്പോള്‍ ഒരു സത്യവിശ്വാസ മനസ്സിനുണ്ടാകുന്ന ആശ്വാസവും സംതൃപ്തിയും ആനന്ദവും ആത്മവിശ്വാസവും എത്ര വലുതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടര്‍ന്നാണ് അലം നശ്‌റഹ് അല്ലാഹു അവതരിപ്പിച്ചത്. അല്ലാഹു സംവിധാനിച്ച ജീവിതത്തിന്റെ ഒരു വലിയ യാഥാര്‍ത്ഥ്യം അതിലൂടെ അല്ലാഹു നമ്മെയെല്ലാം പഠിപ്പിക്കുന്നു. ആയാസത്തോടൊപ്പം ആശ്വാസവും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഏത് നല്ല കാര്യത്തിന്റെയും പ്രാരംഭത്തില്‍ പ്രയാസങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടാകും. പ്രരംഭത്തിലെ വൈതരണികള്‍ കണ്ട് ആരും ശ്രമം ഉപേക്ഷിക്കേണ്ടതില്ല. ആശ്വാസത്തിന്റെ ആനന്ദം അനുഭവിക്കാന്‍ പ്രയാസത്തിന്റെ ഭാരം വഹിക്കുക എന്നത് ജീവിതത്തിന്റെ പ്രകൃതമാണ്. ഈ വസ്തുത മനുഷ്യന്‍ അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആനന്ദവും സംതൃപ്തിയും അനുഭവിക്കുമ്പോള്‍ അതിലാര്‍ക്കും പരാതി ഒന്നും ഉണ്ടാവില്ല. നന്ദി കാണിക്കുന്നതിന് പകരം നന്ദികേടും ധിക്കാരവും പലപ്പോഴും കാട്ടുകയും ചെയ്യും. നമുക്ക് ചുറ്റുമുള്ള ലോകത്ത് ഇത് സര്‍വസാധാരണയായി കാണുന്നതാണ്. മറിച്ചു പ്രയാസവും വിഷമവും ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ ഒടുങ്ങാത്ത പരാതിക്കാരനാവും. പലരും രക്ഷിതാവിനെ വരെ തള്ളിപ്പറയും. സത്യവിശ്വാസ മനസ്സുകള്‍ക്ക് ഭൂഷണമായ ഒരു നടപടിയല്ലതെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുണ്ട്.
പ്രവാചകന് അല്ലാഹു കനിഞ്ഞു നല്‍കിയ മൂന്ന് അനുഗ്രഹങ്ങള്‍ എടുത്തോതിക്കൊണ്ടാണ് അശ്ശറഹ് സൂറ ആരംഭിക്കുന്നത്. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഹൃദയ വിശാലത നല്‍കി അതോടെ മുതുകെല്ലിനെ ഞെരിച്ചിരുന്ന ഭാരം ഇറങ്ങി. നാട്ടിലെങ്ങും പ്രവാചകന്റെ യശസ്സ് ഉയര്‍ത്തി. പ്രവാചകന്‍ മറ്റുള്ളവരോടും അവര്‍ പ്രവാചകനെയും ബന്ധപ്പെട്ടതിനെ ഖുറൈശികള്‍ പരമാവധി തടഞ്ഞിരുന്നു. അവര്‍ പ്രവാചകനെക്കുറിച്ച് അനാവശ്യങ്ങള്‍ പലതും പറഞ്ഞു പരത്തി. ഇതൊക്കെ കേട്ട മറ്റു നാട്ടുകാര്‍ പ്രവാചകനെ രഹസ്യമായി സന്ദര്‍ശിച്ച് സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ തുനിഞ്ഞു. പ്രവാചകനില്‍നിന്ന് അവര്‍ കേട്ട കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ട് അങ്ങനെ അനേകര്‍ ഇസ്്‌ലാം സ്വീകരിച്ചു. അതോടെ പ്രവാചകന്റെ കീര്‍ത്തിയും ഉയര്‍ന്നു. കാര്യങ്ങള്‍ അല്ലാഹു ഇവ്വിധമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിയോഗികള്‍ ഉണ്ടാക്കിയ വിഷമതകളെ കുറച്ചു നാളുകള്‍ കൊണ്ട് പ്രവാചകന് സല്‍കീര്‍ത്തിയും ആശ്വാസവുമായി അല്ലാഹു മാറ്റി. ഈ യാഥാര്‍ത്ഥ്യം പ്രവാചകന് അനുഭവിച്ചറിഞ്ഞതാണ്. അതിനാല്‍ പ്രയാസങ്ങളില്‍ മനംമടുപ്പോ വിഷമമോ ഉണ്ടാവേണ്ടതില്ല. പ്രയാസത്തോടൊപ്പം തന്നെ അല്ലാഹു ആശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്.
സത്യബോധന ദൗത്യം അങ്ങനെ ആദ്യമേ അനായാസേന നിര്‍വഹിക്കാനാവുന്നതല്ല. അതിന് ഹൃദയവിശാലത വേണമെന്ന് മൂസാ നബിയുടെ ചരിത്രത്തിലൂടെയും നാം പഠിപ്പിക്കപ്പെടുന്നു. മൂസാനബിയെ ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ കൊലകൊമ്പനായ ഫറോവയെ നേരിടാന്‍ തനിക്ക് ഹൃദയവിശാലത നല്‍കേണമേ എന്ന് പ്രാര്‍ത്ഥിച്ച കാര്യം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. (20:2526) ഇത് എല്ലാ സത്യവിശ്വാസികള്‍ക്കും ബാധകമാണ്.
‘അല്ലാഹു ഒരാള്‍ക്ക് സന്മാര്‍ഗം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍വ്വിടം ദൈവാര്‍പ്പണത്തിന് വിശാലമാക്കിക്കൊടുക്കുന്നു. (6:125) ആരുടെയെങ്കിലും മാര്‍വ്വിടം ദൈവാര്‍പ്പണത്തിന് വിശാലമാക്കി കൊടുത്താല്‍ പിന്നെ അവന്‍ തന്റെ രക്ഷിതാവില്‍ നിന്നുള്ള വെളിച്ചത്തിലാണ് സഞ്ചരിക്കുന്നതെന്നും (39:22) ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദൈവ പ്രകാശത്തിലൂടെ ഭൂമിയില്‍ ജീവിക്കുന്നവന് എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയുണ്ടാവും. വിധിയോട് പൊരുത്തപ്പെട്ടു സംതൃപ്തമായി അവനിവിടെ ജീവിക്കും. മനുഷ്യമനസ്സില്‍ അല്ലാഹു ഉത്ഭൂതമാക്കിയിട്ടുള്ള അടിസ്ഥാന ജ്ഞാനത്തിലും സത്യവിശ്വാസത്തിലും ദൃഢമായി ഊന്നി കൂടുതല്‍ സഹായത്തിനായി നിഷ്‌ക്കളങ്കമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ വിശാലത ലഭ്യമാവുക. ഈ രണ്ടു സൂറകളും ആവര്‍ത്തിച്ചു പാരായണം ചെയ്യുന്നതും ആഴത്തില്‍ പഠിക്കുന്നതും ആ പ്രക്രിയയെ ത്വരിതപ്പെടുത്തും.

chandrika: