ശാരി പിവി
കായല്‍ വിപ്ലവത്തിനു ശേഷം കേരളത്തില്‍ സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് അടുത്ത വിപ്ലവത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. ഇത്തവണ കായലില്‍ മുങ്ങിയിടത്ത് നിന്നും പൊങ്ങിയത് അങ്ങ് മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലാണ്. റവന്യൂ മന്ത്രിയും പാര്‍ട്ടിയും ഒരു വഴിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിയും സി.പി.എമ്മും കയ്യേറ്റക്കാരും മറു വഴിക്കുമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐയും റവന്യൂ മന്ത്രിയും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കുറിഞ്ഞി പൂക്കുന്നത് പോലെ ഇതും വര്‍ഷങ്ങളെടുത്താല്‍ മാത്രമേ സാധ്യമാവൂ. പക്ഷേ സര്‍ക്കാറിനെ നയിക്കുന്ന മുഖ്യന് ചങ്ക് ഒന്നിനു പകരം രണ്ടാണെന്നാണ് പാര്‍ട്ടിക്കാര്‍ വിളിച്ചു കൂവുന്നത്. ആയതിനാല്‍ സി.പി.ഐയുടെ ഓരിയിടലിനിടയിലും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി വെട്ടിക്കുറക്കാമെന്നാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. നിലവിലെ ഉദ്യാനത്തില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയാല്‍ 3200 ഹെക്ടറുള്ളത് 2000 ഹെക്ടറായി ചുരുങ്ങുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി കുര്യന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിസ്തൃതിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് റവന്യുമന്ത്രി പറയുന്നത്. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് പട്ടയമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്ന നിലപാടാണ് മന്ത്രിക്ക്. സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടത്തിയപ്പോഴും മന്ത്രിയും സെക്രട്ടറിയും തമ്മില്‍ ചേര്‍ച്ചയിലായിരുന്നില്ല. ഒഴിപ്പിക്കലിനിടെ മുഖ്യമന്ത്രി യോഗംവിളിക്കാന്‍ ശ്രമിച്ചത് റവന്യു മന്ത്രി എതിര്‍ത്തു. തുടര്‍ന്ന് കുര്യനെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി യോഗം നടത്തി. കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി പോലും വാക്കാല്‍ പരാമര്‍ശിച്ച ഭരണമായതിനാല്‍ വിയോജിപ്പ് മന്ത്രി കുര്യനോട് നേരിട്ട് പറഞ്ഞു. അങ്ങനെ കൊണ്ടും കൊടുത്തും സംഗതി മുന്നോട്ടു പോവുകയാണ്. ഇടുക്കിയിലെ നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണെന്നത് പരസ്യമായ രഹസ്യമായി തുടരുന്നു. അല്ലേലും ഈ സര്‍ക്കാര്‍ എല്ലാം കൊണ്ടും വിദഗ്ധരുടെ സംഘമാണ്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് ചര്‍ച്ച നടക്കുമ്പോഴെ ഏക്കറു കണക്കിന് തന്നെ കത്തി നശിക്കുന്നു. അല്‍ഭുത പ്രതിഭാസം എന്നല്ലാതെ എന്തു പറയാന്‍. ഇനി ഉദ്യാനത്തെ കുറിച്ചും മുഖ്യന്റെ സ്വന്തം എം.പിയുടെ നേതൃത്വത്തില്‍ കൊട്ടക്കമ്പൂരില്‍ കയ്യേറിയ ഭൂമിയെ കുറിച്ചും അന്വേഷണം നടത്താനുള്ള സംഘത്തില്‍ സബ് കലക്ടര്‍ക്കും കലക്ടര്‍മാര്‍ക്കുമടക്കം സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടിച്ച് കൊടുക്കുന്ന മന്ത്രി എം.എം മണിയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പിക്കുന്നത് അല്ലേലും എല്ലാം ശരിയാക്കല്‍ ടീംസിന്റെ പതിവ് പരിപാടിയാണല്ലോ. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് നിര്‍മിച്ചതിന് ആരോപണം നേരിടുന്നയാളും ജപ്പാന്റെ കാര്‍മേഘങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ചരിത്ര പുരുഷനുമായ നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെ പരിസ്ഥിതി സമിതി അംഗമായും നിശ്ചയിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണ് സമിതി. വിവാദ കക്കാടംപൊയില്‍ വിഷയത്തില്‍ പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്‍ അംഗമെന്ന നിലയില്‍ പി.വി. അന്‍വറിനും വേണമെങ്കില്‍ സിറ്റിങ്ങില്‍ പങ്കെടുക്കാം. എങ്ങിനെയുണ്ട് ചങ്കന്‍മാരുടെ ബുദ്ധി.
………………………………………………………
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാവുക എന്നത് പ്രകൃതി നിയമമാണ്. ഏതാണ്ട് കായലില്‍ കുടുങ്ങി ഗതാഗത മന്ത്രിസ്ഥാനത്തു നിന്നും ചാണ്ടി മാറേണ്ടി വന്നതോടെ പൂച്ചക്കുട്ടിയെ പിടിക്കാന്‍ മൊബൈലിലൂടെ ശ്രമം നടത്തി ധാര്‍മികതയുടെ അപ്പസ്തലനായ ശശീന്ദ്രന്‍ തിരിച്ചു വരവിനുള്ള പ്രാക്ടീസിലാണിപ്പോള്‍. സ്വകാര്യ ചാനല്‍ കെണി വെച്ചതില്‍ ഭംഗിയായി വീണെന്നാണ് ഇപ്പോള്‍ പറയുന്നത്. പിന്നെ പൂച്ചയെ തേടിയുള്ള ഫോണ്‍ വിളിയിലെ ശബ്ദം ടിയാന്റേതല്ലെന്നാണ് ഏകപക്ഷീയ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം പോലെ മറ്റേതോ ശബ്ദമാണ് പോലും. മുമ്പ് പ്രസ്തുത ചാനല്‍ മ്യാവൂ മ്യാവൂ വിളിയെ കുറിച്ച് വിസ്താരം നടത്തിയപ്പോള്‍ ശബ്ദം തന്റേതാണെന്ന് തിരിച്ചറിഞ്ഞ മേപ്പടിയാന്‍ ഇപ്പോള്‍ അക്കാര്യം ഓര്‍ക്കുന്നില്ല. ശ്ശൊ വെറുതെ ടിയാന്റെ രാജിവാങ്ങിപ്പോയതിനാല്‍ ചങ്കിലാണ് കൊണ്ടത്. ഒന്നിനു പകരം ഇരട്ടയുള്ളതിനാല്‍ ഇനി പ്രായശ്ചിത്തം ചെയ്യണമല്ലോ അതിനാല്‍ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന വിദ്യ തന്നെയാണ് ഇനി പ്രയോഗിക്കാന്‍ പോകുന്നത്. അതായത് പോയ മന്ത്രിസ്ഥാനം മാര്‍ത്താണ്ഡം കായലില്‍ നിന്നും മുങ്ങിയെടുത്ത് കയ്യില്‍ കൊടുക്കുക തന്നെ. ഇനിയിപ്പം കോടതിയില്‍ നിന്നും എങ്ങിനെയെങ്കിലും പൂച്ചയെ പിടിച്ച കേസില്‍ നിന്നും ഒന്നു ഊരിക്കിട്ടണം അത്രയേ വേണ്ടൂ. പിന്നെ കാര്യങ്ങളെല്ലാം മംഗളം ഭവന്ദു. ജുഡീഷ്യല്‍ കമ്മീഷനെ വെച്ച് ഒരു ഭാഗം ക്ലീനാക്കി ശശീന്ദ്രന്റെ ധാര്‍മികത തിരികെ നല്‍കിയിട്ടുണ്ട്. തിക്കിത്തിരക്കി സോളാര്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തിരക്കു കാണിച്ച സര്‍ക്കാര്‍ തന്നെ പ്രസ്തുത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ കാണാതിരിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റി തങ്ങളുടെ ചായ്‌വ് പ്രകടിപ്പിച്ചതുമാണ്. തീര്‍ന്നില്ല. കേരള ചരിത്രത്തിലാദ്യമായി മാധ്യമ പഠന ക്ലാസ് മുഖ്യന്‍ തന്നെയങ്ങ് നടത്തി. മുമ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക് മാധ്യമ ക്യാമറകളും മൈക്കുമൊക്കെ എവിടെ വെക്കണമെന്നതിനെ കുറിച്ച് എ.ബി.സിഡി അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മുഖ്യന് അക്കാര്യത്തെ കുറിച്ച് നല്ല ധാരണയാണ്. ഇന്ത്യക്കു പുറത്തും സര്‍വോപരി ചെന്നൈയിലുമൊക്കെ ടിയാന്‍ നിരവധി മാധ്യമങ്ങളെ കണ്ടയാളുമാണ്. മുമ്പൊരു മുഖ്യന്റെ നെഞ്ചകത്തേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകരെ അടക്കി നിര്‍ത്താന്‍ അന്ന് കഴിയാതിരുന്നവരാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് ക്ലാസുമായി വരുന്നത്. അല്ലേലും പാര്‍ട്ടി ക്ലാസില്‍ പോകാത്ത മാധ്യമ പ്രവര്‍ത്തകരും ഈ നാട്ടില്‍ ഉണ്ടല്ലോ. അവരുടെ അറിവിലേക്കായി ചിലത് നല്‍കേണ്ടതു തന്നെയാണ്. അവര്‍ അടിസ്ഥാനപരമായി അറിയേണ്ടത് ഇവയാണ്. ഇനി ആരോടും ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കരുത്. എങ്ങാനും പറയാനുണ്ടേല്‍ അദ്ദേഹം നേരിട്ട് വന്ന് പറയും. ആ സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ അടിയന്‍ എന്നു പറഞ്ഞ് ഒരു ഓരത്ത് നിന്നോണം. ക്യാമറ എല്ലാവര്‍ക്കും വേണ്ടി ഒന്ന് മതി. പിന്നീട് അതില്‍ നിന്നും പകര്‍ത്തുകയുമാവാം. എങ്ങിനുണ്ട് ബുദ്ധി. മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലല്ലോ?. അപ്പോള്‍ പിന്നെ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. ഇനിയിപ്പം വി.ഐ.പികള്‍ ആസ്പത്രിയില്‍ പോകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരക്കുണ്ടാക്കരുത്. സര്‍വത്ര പ്രശ്‌നങ്ങളുടേയും കാരണമിതാണ് പോലും. പക്ഷേ വി.ഐ.പി സന്ദര്‍ശനം മൂലം രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രശ്‌നമുണ്ടോ എന്നൊന്നും ചോദിക്കരുത്. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ അരുത്. പക്ഷേ ഒന്നുണ്ട്. സര്‍ക്കാറിന്റെ തിട്ടൂരം കേട്ടോണ്ടിരിക്കുന്നതിനെയല്ല മാധ്യമ പ്രവര്‍ത്തനമെന്നു ഒന്ന് ഉപദേശിക്കാനെങ്കിലും കാക്കത്തൊള്ളായിരം ഉപദേശകന്‍മാരുണ്ടായിട്ടും ഒരാളില്ലാതെ പോയെന്നതാണ് വിചിത്രം. ഉത്തരേന്ത്യയായിരുന്നേല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് നമ്മള്‍ക്ക് കണ്ണീര്‍ പൊഴിക്കാമായിരുന്നു. ഇവിടിപ്പോള്‍ എല്ലാ സ്വാതന്ത്ര്യത്തിന്റെയും വക്താവ് പിണറായി മാത്രമാണെന്ന് നാലാള്‍ അറിയണമല്ലോ അതിനാണ്. അല്ലാതൊന്നുമല്ല.
ലാസ്റ്റ് ലീഫ്:
സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് തെറ്റെന്ന് കമല്‍ഹാസന്‍. സിനിമ കാണാത്തവരെ ജൂറി ചെയര്‍മാനാക്കുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും.