X

വിഭാഗീയത ദേശീയതലത്തിലേക്ക്…

കെ.പി ജലീല്‍

പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്നുകേട്ടിട്ടേയുള്ളൂ. സി.പി.എം സംസ്ഥാന സമ്മേളനം ഇന്നലെ തൃശൂരില്‍ സമാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്. വിഭാഗീയത അവസാനിച്ചുവെന്ന് കോടിയേരിക്കും പിണറായിക്കും അഭിമാനിക്കാമെങ്കിലും തൃശൂരില്‍ സംഭവിച്ചിരിക്കുന്നത് വിഭാഗീയത കേരളത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് വ്യാപിച്ചുവെന്നതാണ്. മുന്‍കാലങ്ങളില്‍ വ്യക്തിപരമായ വിരോധങ്ങളാണ് വിഭാഗീതക്ക് കാരണമായിരുന്നതെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഇപ്പോള്‍ സി.പി.എമ്മിനെ രണ്ടുതട്ടിലാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലാത്ത വലിയ കെണിയിലാണ് പാര്‍ട്ടി നേതൃത്വം എത്തിപ്പെട്ടിരിക്കുന്നത്.
22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളനം സി.പി.എമ്മിനെസംബന്ധിച്ച് അതീവ നിര്‍ണായകമായിരുന്നു. അതുകൊണ്ടുതന്നെ രാജ്യവും ഇതരരാഷ്ട്രീയ കക്ഷികളും വളരെ കൗതുകത്തോടെയും ആകാക്ഷയോടെയുമാണ് കേരള സി.പി.എം സമ്മേളനത്തെ ഉറ്റു നോക്കിയത്. എന്നാല്‍ സി.പി.എമ്മുകാര്‍ ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുതട്ടിലായ കാഴ്ചയ്ക്കാണ് സാക്ഷ്യം തൃശൂര്‍ സാക്ഷ്യം വഹിച്ചത്.
1964ല്‍ ചേര്‍ന്ന സി.പി.ഐയുടെ കൊല്‍ക്കത്ത കോണ്‍ഗ്രസാണ് രണ്ടു തരത്തിലുള്ള ആശയഗതികളുമായി പാര്‍ട്ടി രണ്ടായി പിരിഞ്ഞത്. അന്നത്തെ വിഷയവും സമാനമായിരുന്നുവെന്നത് ഏറെ കൗതുകമാകുന്നു. ദേശീയ ജനാധിപത്യ ചേരിയും ജനകീയ ജനാധിപത്യചേരിയും എന്നീ രണ്ടു വിഭാഗങ്ങളായാണ് പാര്‍ട്ടി അന്ന് തമ്മില്‍ തല്ലിപ്പിരിഞ്ഞത്. ബി.ടി. രണദിവെയുടെ നേതൃത്വത്തിലുള്ളവരാണ് സി.പി.എം എന്ന പാര്‍ട്ടിക്ക് അന്ന് രൂപം നല്‍കിയത്. അന്ന് ജനകീയജനാധിപത്യചേരിയെ അനുകൂലിച്ച 32 പേരാണ് പാര്‍ട്ടി കൊല്‍ക്കത്ത സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടി രൂപീകരിച്ചതെങ്കില്‍ ഇന്ന് സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂലനിപാടിനെ കേരളം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. 64ലും കേരളം തന്നെയാണ് ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിരുദ്ധചേരിക്ക് നേതൃത്വം നല്‍കിയിരിന്നത് . സി.പി.ഐ ആകട്ടെ അതുപോലെ തന്നെ മറ്റൊരു പാര്‍ട്ടിയായി തുടര്‍ന്നു. എസ്.എ ഡാങ്കേയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ മറു വിഭാഗമാണ് കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം സാക്ഷാല്‍കരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനെതിരെ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അണിനിരന്നതിനെതുടര്‍ന്നാണ് സി.പി.ഐ മാര്‍ക്‌സിസ്റ്റ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 1968ല്‍ പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം സി.പി.എമ്മിനെ ജനം അംഗീകരിച്ചുവെന്നതിന് തെളിവായി. നീണ്ട മുപ്പത്തെട്ടുവര്‍ഷത്തിന് ശേഷമാണ് 1980നുശേഷം തൃശൂരില്‍ സി.പി.എം അതിന്റെ ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനം ചേര്‍ന്നപ്പോള്‍ പക്ഷേ പാര്‍ട്ടി രണ്ടായി പിളരുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഉണ്ടായിരിക്കുന്നത്.
1964ല്‍ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും വ്യത്യസ്തമായി നിന്ന് മല്‍സരിക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തേണ്ടിവരികയും ചെയ്തു. പിന്നീട് 1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി അധികാരത്തിലെത്തിയെങ്കിലും വൈകാതെ പുറത്തായി. സി.അച്യുത മേനോന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കി. 1970ലാണ് പിന്നീട് മുസ്‌ലിം ലീഗിന്റെ മുന്‍കയ്യോടെ സി.പി.എമ്മില്ലാത്ത സര്‍ക്കാര്‍ കേരളത്തിലുണ്ടായത്. ഇപ്പോള്‍ സമാന സ്ഥിതിഗതിയിലേക്ക് കേരളം അടുക്കുകയാണെന്നാണ് സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധവും സി.പി.ഐയുടെ നിലപാടുകളും ചേര്‍ന്ന് നല്‍കുന്ന സൂചനകള്‍.
1964നേക്കാള്‍ രാജ്യം ഇന്ന് വലിയ മാരക മായ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത ബൂര്‍ഷ്വാ നയങ്ങളാണ് കോണ്‍ഗ്രസിനെതിരെ സി.പി.എം ഉന്നയിക്കുന്നത്. എന്നാല്‍ നിങ്ങളെ ഒരാള്‍ കൊല്ലാന്‍ വരുന്നതോ പട്ടിണിക്കിടാന്‍ വരുന്നതോ ആരെയാണ് മുഖ്യശത്രുവായി കാണേണ്ടതെന്ന ചോദ്യത്തിനാണ് സി.പി.എം തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വരാഷ്ട്രം മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങളെ കുറ്റപ്പെടുത്തി അവരെ അകറ്റിനിര്‍ത്തുന്നത് മുഖ്യശത്രുവിന് ഗുണകരമാകുമെന്ന സാമാന്യചിന്ത പോലും അന്ധമായ കോണ്‍ഗ്രസ ്‌വിരോധത്തില്‍ സി.പി.എമ്മിന്റെ കേരള നേതാക്കളുടെ കണ്ണടഞ്ഞുപോയിരിക്കുന്നു. തൃശൂര്‍ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണ ശരങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. വ്യക്തവും കൃത്യവുമായ നയങ്ങള്‍ രൂപീകരിക്കപ്പെടേണ്ട സമ്മേളനം കേവലം സീതാറാം യെച്ചൂരിയോടുള്ള വ്യക്തിവിരോധത്തില്‍ ഒതുങ്ങുന്നതും തൃശൂര്‍ കണ്ടു. എ.എന്‍ ഷംസീര്‍, മുഹമ്മദ് റിയാസ് എന്നീ പ്രതിനിധികളെ സി.പി.എം സംസ്ഥാന നേതൃത്വം തന്നെയാണ് സീതാറാമിനെതിരെ വാളാക്കി ഉപയോഗിച്ചത്. എന്നാല്‍ പാര്‍ട്ടി പരിപാടി പഠിക്കണമെന്നാണ് അദ്ദേഹം ഇവര്‍ക്ക് നല്‍കിയ മറുപടി. അതാകട്ടെ കേരള നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. വി.എസ് അച്യുതാനന്ദനെ പിന്തുണച്ചതാണ് മുന്‍കാലങ്ങളില്‍ യെച്ചൂരിക്കെതിരെ കേരള നേതൃത്വം നിലപാടെടുക്കാന്‍ കാരണമെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ വിരോധമാണ് ഇപ്പോള്‍ അദ്ദേഹത്തെ ഈ നിലയില്‍ അപമാനിച്ചുവിടാന്‍ കേരളനേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. പാര്‍ട്ടിയെ വിഭാഗീയതയില്‍ നിന്ന് രക്ഷിച്ചുവെന്ന് അഭിമാനിക്കുമ്പോള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം തകരുന്നതിന് കൂടി തൃശൂര്‍ സമ്മേളനം സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസിനെ നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് കെ.എം മാണിയുടെ കേരളകോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് വാദിക്കുന്നതാണ് സി.പി.ഐയുടെ നിലപാടുകള്‍ക്ക് സാംഗത്യം പകരുന്നത്. വി.എസിനോട് ആഭിമുഖ്യമുണ്ടായിരുന്നില്ലെങ്കിലും കേരളനയത്തോട് വിരോധമുള്ള തോമസ് ഐസക്കും വി.എസ്സും സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത് അഭിപ്രായഭിന്നതകളെ നേതൃത്വം പൊറുപ്പിക്കില്ലെന്ന് കരുതിയായിരിക്കണം. ഏതായാലും വരാനിരിക്കുന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എമ്മിലെ പിളര്‍പ്പിലേക്കും സി.പി.ഐയുടെ ഇടതുമുന്നണിയില്‍ നിന്നുള്ള അകല്‍ച്ചക്കും കാരണമാകുമെന്ന് പ്രവചിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

chandrika: