X

ഇടവപ്പാതിയും തുലാവര്‍ഷവും ഇടതു സര്‍ക്കാറും ചതിച്ചു

രമേശ് ചെന്നിത്തല

ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലാണ് കേരളം എത്തിനില്‍ക്കുന്നത്. പക്ഷേ സര്‍ക്കാര്‍ പതിവ് പോലെ ഉറക്കം തൂങ്ങിയിരുപ്പാണ്. കത്തിക്കാളുന്ന വേനല്‍ ചൂടിന് പോലും സര്‍ക്കാരിനെ ഉണര്‍ത്താന്‍ കഴിയുന്നില്ല. കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. കുടിവെള്ളവും കിട്ടാക്കനിയായി മാറുന്നു. വൈദ്യുതി ക്ഷാമവും തുറിച്ച് നോക്കുന്നു. സംസ്ഥാനം അതീവ ഗുരുതര അവസ്ഥയില്‍ എത്തിയിട്ടും സര്‍ക്കാര്‍ ഉദാസീനമായിരിക്കുന്നത് അത്ഭുതകരമാണ്. ഏതാനും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വേനലിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
നാല് മാസം മുമ്പ് നിയമസഭയില്‍ സംസ്ഥാനത്തെ ആകെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച സര്‍ക്കാരാണ് പിന്നീട് അക്കാര്യത്തില്‍ ചെറു വിരല്‍ അനക്കാതിരിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപനം നടത്തിയത്‌കൊണ്ടു മാത്രം തീരുന്നതല്ല സര്‍ക്കാരിന്റെ കടമ. റേഷന്‍ വിതരണത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ തന്നെയാണ് വേനല്‍ പ്രതിരോധ പ്രവര്‍ത്തനത്തിലും ദൃശ്യമാകുന്നത്.
ഇടവപ്പാതിയും തുലാവര്‍ഷവും ഒരേ പോലെ കേരളത്തെ ചതിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വേനല്‍ മഴയും ഒളിച്ചുകളിക്കുന്നു. ഇടവപ്പാതിയില്‍ ഇത്തവണ 34 ശതമാനം മഴയുടെ കുറവാണുണ്ടായത്. തുലാവര്‍ഷത്തിലാകട്ടെ 62 ശതമാനം കുറവുണ്ടായി. വേനല്‍ മഴയിലും 21 ശതമാനത്തിന്റെ കുറവ് വന്നു. കേരളത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇടവപ്പാതി എന്ന് വിളിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്ത് മഴ കുറഞ്ഞാലും തുലാവര്‍ഷം തകര്‍ത്ത് പെയ്ത് കേരളത്തെ രക്ഷിക്കാറാണ് പതിവ്. 1976, 2002, 2012 വര്‍ഷങ്ങളിലും കാലവര്‍ഷക്കാലത്ത് മഴ കുറവായിരുന്നെങ്കിലും തുലാവര്‍ഷം കനിഞ്ഞനുഗ്രഹിച്ചത് കാരണം കേരളം വരണ്ട് പോയില്ല. ചരിത്രത്തില്‍ കാലവര്‍ഷം ഏറ്റവും കുറച്ച് രേഖപ്പെടുത്തിയത് 1918 ലാണ്. അന്ന് 1150 മില്ലീമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. പക്ഷേ തുലാവര്‍ഷകാലത്ത് 560 മില്ലീ മീറ്റര്‍ പെയ്തത് കേരളത്തിന് ആശ്വാസം നല്‍കി. എന്നാല്‍ ഇത്തവണ അത്തരം ആശ്വാസം ഒന്നുമില്ല. ഇടവപ്പാതിയില്‍ 2039 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 1352.3 മില്ലീമീറ്ററാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കാലത്ത് 480 മില്ലീ മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് കേവലം 185 മില്ലീമീറ്റര്‍ മാത്രവും. അതായത് അതീവ ഗുരുതരമായ അവസ്ഥയാണ് കേരളത്തില്‍ എന്നര്‍ത്ഥം.
ഇതിന് പുറമെയാണ് ചുട്ടുപൊള്ളുന്ന വെയില്‍. ഇപ്പോള്‍ ഫെബ്രുവരി ആയിട്ടേ ഉള്ളൂ. എന്നിട്ടും പകല്‍ പതിനൊന്ന് മണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്തത്ര ചൂടാണ്. 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ വേനല്‍ കടുക്കുമ്പോള്‍ ചൂട് ഇനിയും വളരെ ഉയരും. വേനല്‍ അതിന്റെ തീഷ്ണമായ അവസ്ഥയിലെത്തിയിട്ടില്ലെങ്കിലും കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. 200 കോടിയിലേറെ രൂപയുടെ കൃഷിനാശം ഇപ്പോള്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്ത് 25707 ഹെക്ടറിലെ കൃഷിയാണ് വേനലില്‍ നശിച്ചിട്ടുള്ളത്. 23397 ഹെക്ടറിലെ നെല്‍കൃഷിയും 1007 ഹെക്ടറിലെ വാഴകൃഷിയും 638 ഹെക്ടറിലെ നെല്‍കൃഷിയുമാണ് നശിച്ചത്. പാലക്കാട്ടാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത്11,524 ഹെക്ടര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കും നാശമുണ്ടായി.
സംസ്ഥാനത്തെ ജല സംഭരണികളെല്ലാം വറ്റിവരളുകയാണ്. കല്ലട, മലമ്പുഴ, ചിമ്മിണി, കുറ്റ്യാടി, പീച്ചി എന്നീ പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് വല്ലാതെ താണിരിക്കുന്നു. സംഭരണ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞുകിടക്കേണ്ട ഈ സമയത്ത് 47 ശതമാനം വെള്ളമേ ഉള്ളൂ. സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയിലും കാര്യങ്ങള്‍ പരുങ്ങലിലാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമേ അവിടെ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ.
ഇതിനെക്കാളൊക്കെ ഉത്കണ്ഠ ഉണ്ടാക്കുന്നത് ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും നാല് മീറ്ററോളം ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു എന്നാണ് കേന്ദ്ര ഭൂജല വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കിണറുകള്‍ മിക്കവയും വറ്റിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ 82 ശതമാനം കിണറുകളിലും രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താണിട്ടുണ്ട്. പാലക്കാട്ട് കുഴല്‍ കിണറുകള്‍ പോലും വറ്റി വരണ്ടിരിക്കുന്നു. കടുത്ത കുടിവെള്ള ക്ഷാമമാണ് മുന്നിലെന്നതിന്റെ വ്യക്തമായ അപകട സൂചനയാണിത്. ജനങ്ങള്‍ പല ഭാഗത്തും കുടി വെള്ളത്തിനായി ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്.
ഒരു ദിവസം പെട്ടെന്ന് മാനത്ത് നിന്ന് പൊട്ടി വീണുണ്ടായ അവസ്ഥയല്ല ഇത്. ഇടവപ്പാതി ചതിച്ചപ്പോള്‍ തന്നെ വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ സര്‍ക്കാര്‍ അത് കണക്കിലെടുത്തതേയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷം അടിയന്തിര പ്രമേയമായി വരള്‍ച്ചാ പ്രശ്‌നം സഭയുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് കോണ്‍ഗ്രസിലെ വി. എസ് ശിവകുമാര്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന്റെ പരിഗണനക്കിടയിലാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. വരള്‍ച്ച നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 26 ഇന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ് അന്ന് റവന്യൂ മന്ത്രി, സഭയില്‍ പറഞ്ഞത്. എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് അവ എന്ന് ആര്‍ക്കും അറിയില്ല. ജില്ലാ കളക്ടര്‍മാര്‍ അതാത് ജില്ലകളിലെ എം. എല്‍.എമാരെക്കൂടി പങ്കെടുപ്പിച്ച് ഈ 26 നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലക്ക് മുന്നോട്ട് വച്ച നിര്‍ദ്ദേശവും മന്ത്രി കയ്യോടെ സ്വീകരിച്ചു. പക്ഷേ ഒരു ജില്ലയിലും എം.എല്‍.എമാരെ വിളിച്ച് ചേര്‍ത്തുള്ള ചര്‍ച്ചയോ അതനുസരിച്ചുള്ള നടപടിയോ നടന്നിട്ടില്ല.
കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാല് മാസം മുമ്പ് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്ന കാര്യമാണ് അതും. സര്‍ക്കാരിന്റെ അനാസ്ഥ എത്രത്തോളമെന്നാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് എന്തുമാത്രം കൃഷിനാശം ഇതിനകം ഉണ്ടായി എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ കണക്കെടുപ്പ് പോലും നടത്തിയിട്ടില്ല.
പാലക്കാട് തുടങ്ങി പലേടത്തും കുടിവെള്ളത്തിനായി ജനങ്ങള്‍ ഇപ്പോള്‍ തന്നെ പ്രക്ഷോഭത്തിലാണ്. കുടിവെള്ള വിതരണത്തിനായി സംസ്ഥാനത്തുടനീളം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. പകരം ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്കിലും നടത്തുകയാണെങ്കില്‍ അതീവ ശ്രദ്ധയോടെ വേണം നടപ്പിലാക്കേണ്ടത്. പാറമടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലമാണ് കുടിവെള്ളമെന്ന പേരില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു. അത് വലിയ ആപത്ത് ക്ഷണിച്ച് വരുത്തും. നിരന്തര പരിശോധനയും നിരീക്ഷണവും അതിന് ആവശ്യമാണ്.
പാലക്കാട് വറ്റിവരളുമ്പോഴും പറമ്പിക്കുളം ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം തമിഴ്‌നാടില്‍ നിന്ന് ചോദിച്ച് വാങ്ങാതെ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. വരള്‍ച്ച നേരിടുന്നതിന് ഹ്രസ്വ കാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ആവശ്യമാണ്. വര്‍ഷം 3000 മില്ലീമീറ്റര്‍ മഴയും 44 നദികളും 33 ഡാമുകളും 45 ലക്ഷം കിണറുകളുമുള്ള കൊച്ചു കേരളം വെള്ളത്തിന്റെ കാര്യത്തില്‍ മിച്ച സംസ്ഥാനമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ യഥാര്‍ത്ഥ സ്ഥിതി മറിച്ചാണ്. വെള്ളത്തിന്റെ ലഭ്യത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് കേരളത്തില്‍. ഗോദാവരി പോലുള്ള മഹാനദികളൊന്നും നമുക്കില്ല. ചെറിയ നീര്‍ച്ചാലുകളെന്ന് വേണം നമ്മുടെ നദികളെ വിളിക്കേണ്ടത്. മാത്രമല്ല വനനശീകരണവും നഗരവത്കരണവും കാരണം പെയ്യുന്ന മഴ ഭൂമിക്കുള്ളിലേക്ക് താഴാതെ കുത്തിയൊലിച്ച് 48 മണിക്കൂറിനുള്ളില്‍ കടലിലെത്തുന്നതാണ് പതിവ്. കേരളത്തിലുടനീളം വ്യാപിച്ചുകിടന്ന വയലുകള്‍ അപ്രത്യക്ഷമാവുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയും ചെയ്തതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. വരള്‍ച്ചയുടെ കാഠിന്യവും കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയും വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്നു. ഇത് നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് തത്കാലമുള്ള വേനല്‍ പ്രതിരോധ നടപടികള്‍ക്കൊപ്പം വേണ്ടത്. തടയണകളും തണ്ണീര്‍ത്തടങ്ങളും മഴക്കുഴികളും വ്യാപകമായി ഉണ്ടാക്കി പ്രകൃതി സമ്മാനിക്കുന്ന വെള്ളം പാഴാവാതെ സംരക്ഷിക്കണം. കുളങ്ങളുടെയും കാവുകളുടെയും പ്രൗഡി വീണ്ടെടുക്കണം. ഒപ്പം മുന്നിലെത്തി നില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേനലിലെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കണം. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും സര്‍ക്കാര്‍ ഉറക്കമുണരണം.

chandrika: