ജൊനാതന്‍ കുക്
ഫലസ്തീന്‍കാരുടെ അവസ്ഥയെ കുറിച്ച് വാക്കുകളേക്കാള്‍ വ്യക്തമായി സംസാരിക്കാനു തകുന്ന മറ്റൊരു ചിത്രമായിരുന്നു അത്. കിരന്‍ മാനോര്‍ ആണ് ചിത്രം പകര്‍ത്തിയത്. നിലത്തു വീണു കിടക്കുന്ന അയ്മന്‍ ഔദ. അദ്ദേഹം ഇസ്രാഈലി പാര്‍ലമെന്റംഗമാണ്, അതുപോലെ പാര്‍ലമെന്റിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റിന്റെ തലവനും ഇസ്രാഈലിലെ ഉന്നത ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവുമാണ് അദ്ദേഹം.
റബ്ബര്‍ ബുള്ളറ്റ് കൊണ്ടാണ് ഇസ്രാഈലി പൊലീസ് അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയത്. മുഖത്തടക്കം വെടിയേറ്റിട്ടുണ്ട്. ഇസ്രാഈലിലെ ഫലസ്തീന്‍ ന്യൂനപക്ഷത്തില്‍ നിന്നു വരുന്ന സമാധാന കാംക്ഷികളായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഔദ. ജൂതന്‍മാരാകട്ടെ, ഫലസ്തീന്‍കാരാവട്ടെ, മുഴുവന്‍ ഇസ്രാഈല്‍ പൗരന്‍മാരും സമാധാനത്തിനും സാഹോദര്യത്തിലും കഴിയണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു എല്ലായ്‌പ്പോഴും അദ്ദേഹം ഉയര്‍ത്തിയ സന്ദേശം. ‘ആദ്യം വെടിവെക്കുക പിന്നെ ചോദ്യം ചോദിക്കുക’ എന്ന ഫലസ്തീന്‍കാരോടുള്ള ഇസ്രാഈല്‍ സുരക്ഷാ സൈന്യത്തിന്റെ സമീപനത്തില്‍ നിന്നും പക്ഷെ ഇതൊന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയില്ല.
രക്തത്തില്‍ കുളിച്ച് നിലത്ത് ഇഴയുന്നത് ബര്‍ണീ സാന്‍ഡേഴ്‌സോ അല്ലെങ്കില്‍ ജെറെമി കോര്‍ബെയ്‌നോ ആവുകയും, അവരെ അമേരിക്കന്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് പൊലീസ് നിര്‍വികാരമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന രംഗമൊന്ന് സങ്കല്‍പ്പിച്ച് നോക്കുക. ലോകം ഇളകി മറിയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ഈ സംഭവം നടക്കാനിടയായ സാഹചര്യം വളരെ പ്രധാനമാണ്. നെഗവില്‍ ഫലസ്തീന്‍ പൗരന്‍മാര്‍ താമസിക്കുന്ന ഉമ്മുല്‍ ഹിറാന്‍ ഗ്രാമത്തിലെ 150ഓളം വീടുകള്‍ തകര്‍ക്കാനെത്തിയ ഇസ്രാഈലിന്റെ ‘നശിപ്പിക്കല്‍’ സംഘത്തെ തടയുന്നതിനായി വ്യാഴാഴ്ച പ്രതിഷേധവുമായെത്തിയ 1000ഓളം താമസക്കാരുടെ കൂടെ ഔദയും ചേര്‍ന്നിരുന്നു. 1950കളില്‍ നഖബയുടെ സമയത്ത് തങ്ങളുടെ സ്വന്തം വീടും കൃഷിയിടങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഇസ്രാഈല്‍ അധികൃതര്‍ തന്നെയാണ് ഉമ്മുല്‍ ഹിറാനിലേക്ക് മാറി താമസിക്കാന്‍ അനുവാദം നല്‍കിയത്. ജൂത കിബുറ്റ്‌സുകള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ ഭൂമി തിരിച്ച് കൊടുക്കേണ്ടതുണ്ട് എന്നായിരുന്നു അന്ന് ഫലസ്തീന്‍കാരെ അവരുടെ ഭൂമിയില്‍ നിന്നു പുറത്താക്കുന്നതിന് ഇസ്രാഈല്‍ പറഞ്ഞ ന്യായം.
രണ്ട് ദശാബ്ദ കാലത്തോളം ഫലസ്തീന്‍കാരെ അടക്കി ഭരിച്ച ഇസ്രാഈലി പട്ടാള സര്‍ക്കാറിന്റെ ഭരണ കാലത്തായിരുന്നു ഇതെല്ലാം അരങ്ങേറിയത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് സംഭവിച്ച കാര്യങ്ങള്‍ അതേപടി ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത്തവണ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ വെച്ചാണെന്ന് മാത്രം.
ഉമ്മുല്‍ ഹിറാന്‍ ഗ്രാമം ഇന്ന് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഫലസ്തീന്‍ കുടുംബങ്ങളുടെ തകര്‍ക്കപ്പെട്ട വീടുകള്‍ക്ക് മുകളിലായിരിക്കും ഒരു പ്രത്യേക ജൂത സമുദായത്തിന് വേണ്ടിയുള്ള വീടുകള്‍ പണിതുയര്‍ത്തപ്പെടുക. അവിടെ താമസിച്ചിരുന്ന ഫലസ്തീന്‍ കുടുംബങ്ങളെ അനധികൃത താമസക്കാരെന്നും അതിക്രമിച്ച് കടന്നവരെന്നും മുദ്രകുത്താന്‍ ഇസ്രാഈല്‍ അധികൃതര്‍ക്ക് ഒരു പ്രയാസവുമില്ല. ആ കുടുംബങ്ങള്‍ ഒരിക്കല്‍ കൂടി വംശഹത്യക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഒരു യുദ്ധത്തിന്റെയോ അല്ലെങ്കില്‍ സംഘട്ടനത്തിന്റെയോ സമയത്തല്ല ഈ വംശഹത്യ നടക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മറിച്ച് തികച്ചും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്താണ് ഈ കൂട്ടക്കൊല അരങ്ങേറുന്നത്.
അവര്‍ ഒറ്റക്കല്ല. ആയിരക്കണക്കിന് മറ്റു കുടുംബങ്ങളും അവരുടെ ഗ്രാമങ്ങളും ഇതേ അവസ്ഥ തന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
1950കളിലെ അവസ്ഥയില്‍ നിന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ പട്ടാള ഭരണം തന്നെയാണ് ഇസ്രാഈല്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ ഒരു ജൂതരാഷ്ട്രം തന്നെയാണ്. ഫലസ്തീന്‍ ‘പൗരന്‍’മാരുടെ അവകാശങ്ങളേക്കാള്‍ എത്രയോ മേലെയാണ് ജൂത പൗരന്‍മാരുടെ അവകാശങ്ങള്‍. ഫലസ്തീന്‍കാര്‍ രണ്ടാം കിട പൗരന്‍മാരാണ്. ജൂതന്മാരല്ലാത്ത എല്ലാവരെയും ഒരു ഭീഷണിയായിട്ടാണ്, ഒരു ശത്രുവായിട്ടാണ് ഇസ്രാഈല്‍ കാണുന്നത്. ഇസ്രാഈല്‍ ഒരു സാധാരണ രാഷ്ട്രമല്ല. അതൊരു വംശാധിപത്യ രാഷ്ട്രമാണ്. ഒരു നൂറ്റാണ്ട് മുമ്പ് യൂറോപ്പിനെ കീറി മുറിച്ച വംശീയ ദേശീയ വാദത്തിന്റെ ഒരു പ്രത്യയശാസ്ത്ര വകഭേദമാണ് അത്.
ജൂത, ഫലസ്തീന്‍ പൗരന്‍മാര്‍ക്കിടയില്‍ സമാധാനവും സമത്വവും പുലരുന്നതിന് വേണ്ടി പ്രചാരണ പരിപാടികള്‍ നടത്തി വന്ന ഒരു നേതാവാണ് ഔദ. ഇന്ന്, അദ്ദേഹത്തിനുള്ള ഉത്തരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ ശരീരമാസകലം മുറിവേറ്റ്, ചോരയില്‍ കുളിച്ച്, തലകുനിച്ച്, നിലത്ത് കൂടി ഇഴയുന്ന പരുവത്തിലാക്കി മാറ്റുകയാണ് ഇസ്രാഈല്‍ സൈന്യം ചെയ്തത്. ഇസ്രാഈല്‍ എന്ന ജൂത രാഷ്ട്രത്തിന് അറിയാവുന്ന ഒരേയൊരു ഭാഷ ഇത് മാത്രമാണ്.
(കടപ്പാട്: Information Clearing House)